വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 93: യേശു അനേകര്‍ക്ക് ആഹാരം നല്‍കുന്നു

കഥ 93: യേശു അനേകര്‍ക്ക് ആഹാരം നല്‍കുന്നു

ഒരു ഭയങ്കര സംഭവം നടന്നിരിക്കുകയാണ്‌. യോഹന്നാന്‍ സ്‌നാപകന്‍ കൊല്ലപ്പെട്ടു. രാജാവിന്‍റെ ഭാര്യയായ ഹെരോദ്യക്ക് അവനെ ഒട്ടും ഇഷ്ടമില്ലായിരുന്നു. എങ്ങനെയും അവനെ കൊന്നുകളയണം, അതായിരുന്നു അവളുടെ ആഗ്രഹം. അവസാനം അവള്‍ ആ ആഗ്രഹം സാധിച്ചെടുക്കുന്നു, യോഹന്നാന്‍റെ തല വെട്ടാന്‍ രാജാവ്‌ കല്‍പ്പിക്കുന്നു.

യോഹന്നാന്‍ സ്‌നാപകന്‍റെ മരണത്തെക്കുറിച്ചു കേള്‍ക്കുമ്പോള്‍ യേശുവിനു വളരെ സങ്കടം തോന്നുന്നു. അല്‍പ്പനേരം തനിയെ ഇരിക്കണമെന്നു വിചാരിച്ച് ആരുമില്ലാത്ത ഒരു സ്ഥലത്തേക്ക് അവന്‍ പോകുന്നു. എന്നാല്‍ ആളുകള്‍ അവനെ വെറുതെ വിടുന്നില്ല, അവര്‍ അവന്‍റെ പിന്നാലെ ചെല്ലുന്നു. ജനക്കൂട്ടത്തെ കാണുമ്പോള്‍ യേശുവിന്‌ അവരോടു സഹതാപം തോന്നുന്നു. അതുകൊണ്ട് അവന്‍ അവരോടു ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കുകയും അവരുടെ ഇടയിലെ രോഗികളെ സുഖപ്പെടുത്തുകയും ചെയ്യുന്നു.

വൈകുന്നേരം ആയപ്പോള്‍ ശിഷ്യന്മാര്‍ അവന്‍റെ അടുക്കല്‍ വന്ന് ഇങ്ങനെ പറയുന്നു: ‘ഇപ്പോള്‍ത്തന്നെ വളരെ വൈകിയിരിക്കുന്നു; ഇതാണെങ്കില്‍ വളരെ ഒറ്റപ്പെട്ട ഒരു സ്ഥലവുമാണല്ലോ. ആളുകള്‍ അടുത്തുള്ള ഗ്രാമങ്ങളില്‍ പോയി ഭക്ഷണം വാങ്ങേണ്ടതിന്‌ അവരെ പറഞ്ഞയയ്‌ക്കേണം.’

യേശു ജനക്കൂട്ടത്തിന് ആഹാരം നല്‍കുന്നു

‘അവര്‍ പോകേണ്ട ആവശ്യമില്ല. നിങ്ങള്‍ അവര്‍ക്ക് എന്തെങ്കിലും ഭക്ഷിക്കാന്‍ കൊടുപ്പിന്‍’ എന്ന് യേശു ഉത്തരം പറയുന്നു. ഫിലിപ്പൊസിന്‍റെ നേര്‍ക്കു തിരിഞ്ഞ് യേശു ചോദിക്കുന്നു: ‘ഈ ആളുകള്‍ക്കെല്ലാം കൊടുക്കാന്‍ ആവശ്യമായ ഭക്ഷണം നമുക്ക് എവിടെനിന്നു വാങ്ങാന്‍ കഴിയും?’

‘ഓരോരുത്തര്‍ക്കും കുറേശ്ശെ ആഹാരം കൊടുക്കണമെങ്കില്‍പ്പോലും വളരെയധികം പണം വേണ്ടിവരും’ എന്നു ഫിലിപ്പൊസ്‌ ഉത്തരം പറയുന്നു. അന്ത്രെയാസ്‌ അപ്പോള്‍ പറയുന്നു: ‘ഈ ബാലന്‍റെ കയ്യില്‍ അഞ്ചപ്പവും രണ്ടു മീനുമുണ്ട്. എന്നാല്‍ ഇത്രയുമാളുകള്‍ക്ക് അതു മതിയാകില്ലല്ലോ.’

‘ജനത്തോട്‌ പുല്‍പ്പുറത്ത്‌ ഇരിക്കാന്‍ പറയുവിന്‍’ എന്ന് യേശു പറയുന്നു. അതിനുശേഷം അവന്‍ ഭക്ഷണത്തിനായി ദൈവത്തിനു നന്ദി നല്‍കിയശേഷം അതു നുറുക്കാന്‍ തുടങ്ങുന്നു. അടുത്തതായി ശിഷ്യന്മാര്‍ അപ്പവും മീനും സകല ആളുകള്‍ക്കും കൊടുക്കുന്നു. അവിടെ 5,000 പുരുഷന്മാരും വേറെ ആയിരക്കണക്കിനു സ്‌ത്രീകളും കുട്ടികളുമുണ്ട്. അവരെല്ലാം വയറു നിറയുവോളം ഭക്ഷിക്കുന്നു. ബാക്കി വരുന്നത്‌ ശിഷ്യന്മാര്‍ ശേഖരിക്കുമ്പോള്‍ അത്‌ 12 കൊട്ടകള്‍ നിറയെ ഉണ്ട്!

യേശു ഇപ്പോള്‍ ശിഷ്യന്മാരോട്‌ വള്ളത്തില്‍ കയറി ഗലീലാക്കടലിന്‍റെ മറുകരയിലേക്കു പോകാന്‍ പറയുന്നു. രാത്രിയില്‍ ഒരു കൊടുങ്കാറ്റ്‌ അടിക്കുന്നു; തിരമാലകള്‍ വള്ളത്തെ അങ്ങോട്ടുമിങ്ങോട്ടും ഉലയ്‌ക്കുകയാണ്‌. ശിഷ്യന്മാര്‍ വല്ലാതെ പേടിക്കുന്നു. അങ്ങനെയിരിക്കെ ആ പാതിരാത്രി സമയത്ത്‌ ആരോ തങ്ങളുടെ നേരെ വെള്ളത്തിന്‍റെ മുകളിലൂടെ നടന്നു വരുന്നത്‌ അവര്‍ കാണുന്നു. തങ്ങള്‍ കാണുന്നത്‌ എന്താണെന്നു മനസ്സിലാകാത്തതുകൊണ്ട് അവര്‍ പേടിച്ചു നിലവിളിക്കുന്നു.

‘പേടിക്കേണ്ട, ഇതു ഞാനാണ്‌!’ എന്ന് യേശു പറയുന്നു. എന്നിട്ടും അവര്‍ക്കു വിശ്വാസം വരുന്നില്ല. അതുകൊണ്ട് പത്രൊസ്‌ പറയുന്നു: ‘കര്‍ത്താവേ, ഇതു വാസ്‌തവത്തില്‍ നീ തന്നെയാണെങ്കില്‍ ഞാന്‍ വെള്ളത്തിന്മേല്‍ നടന്നു നിന്‍റെ അടുക്കല്‍ വരാന്‍ പറയേണം.’ ഉത്തരമായി യേശു, ‘വരിക!’ എന്നു പറയുന്നു. അപ്പോള്‍ പത്രൊസ്‌ വള്ളത്തില്‍ നിന്നിറങ്ങി വെള്ളത്തിന്‍റെ മുകളിലൂടെ നടക്കുന്നു! പക്ഷേ പെട്ടെന്ന്, അവനു പേടി തോന്നുകയും അവന്‍ മുങ്ങാന്‍ തുടങ്ങുകയും ചെയ്യുന്നു. എന്നാല്‍ യേശു അവനെ രക്ഷിക്കുന്നു.

പിന്നീട്‌ യേശു വീണ്ടും ആയിരങ്ങള്‍ക്ക് ആഹാരം നല്‍കുന്നു. ഈ പ്രാവശ്യം അവന്‍ ഏഴ്‌ അപ്പവും ചെറിയ കുറച്ചു മീനും ഉപയോഗിച്ചാണ്‌ അങ്ങനെ ചെയ്യുന്നത്‌. എല്ലാവര്‍ക്കും ഇത്തവണയും ഇഷ്ടംപോലെ ലഭിക്കുന്നു. യേശു ആളുകളെ പരിപാലിക്കുന്ന വിധം അത്ഭുതകരമല്ലേ? അവന്‍ ദൈവരാജ്യത്തിന്‍റെ രാജാവായി ഭൂമിമേല്‍ ഭരണം നടത്തുമ്പോള്‍ നമുക്കു യാതൊന്നിനെക്കുറിച്ചും ഓര്‍ത്തു വിഷമിക്കേണ്ടിവരില്ല!

മത്തായി 14:1-32; 15:29-38; യോഹന്നാന്‍ 6:1-21.ചോദ്യങ്ങള്‍

 • യോഹന്നാന്‍ സ്‌നാപകന്‌ ഭയങ്കരമായ എന്തു സംഗതി സംഭവിച്ചിരിക്കുന്നു, ഇത്‌ അറിയുമ്പോള്‍ യേശുവിന്‌ എന്തു തോന്നുന്നു?
 • യേശു തന്നെ അനുഗമിച്ച ജനക്കൂട്ടത്തിന്‌ ആഹാരം നല്‍കുന്നത്‌ എങ്ങനെ, എത്രമാത്രം ആഹാരം ബാക്കി വരുന്നു?
 • ശിഷ്യന്മാര്‍ രാത്രിയില്‍ ഭയപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌, പത്രൊസിന്‌ എന്തു സംഭവിക്കുന്നു?
 • യേശു ആയിരക്കണക്കിന്‌ ആളുകള്‍ക്ക് രണ്ടാമത്തെ തവണ ഭക്ഷണം നല്‍കുന്നത്‌ എങ്ങനെ?
 • യേശു ദൈവരാജ്യത്തിന്‍റെ രാജാവെന്ന നിലയില്‍ ഭൂമിയെ ഭരിക്കുമ്പോള്‍ അത്‌ വളരെ മഹത്തരമായിരിക്കുമെന്നു പറയാന്‍ കഴിയുന്നത്‌ എന്തുകൊണ്ട്?

കൂടുതലായ ചോദ്യങ്ങള്‍

 • മത്തായി 14:1-32 വായിക്കുക.

  മത്തായി 14:23-32-ലെ വിവരണം പത്രൊസിന്‍റെ വ്യക്തിത്വം സംബന്ധിച്ച് എന്ത് ഉള്‍ക്കാഴ്‌ച പ്രദാനം ചെയ്യുന്നു?

  പത്രൊസ്‌ പക്വത പ്രാപിക്കുകയും തന്‍റെ എടുത്തുചാട്ട സ്വഭാവം മാറ്റിയെടുക്കുകയും ചെയ്‌തു എന്ന് തിരുവെഴുത്തുകള്‍ സൂചിപ്പിക്കുന്നത്‌ എങ്ങനെ? (മത്താ. 14:27-30; യോഹ. 18:10; 21:7; പ്രവൃ. 2:14, 37-40; 1 പത്രൊ. 5:6, 10)

 • മത്തായി 15:29-38 വായിക്കുക.

  തന്‍റെ പിതാവില്‍നിന്നുള്ള ഭൗതിക കരുതലുകളോട്‌ യേശു ആദരവു പ്രകടമാക്കിയത്‌ എങ്ങനെ? (മത്താ. 15:37; യോഹ. 6:12; കൊലൊ. 3:15)

 • യോഹന്നാന്‍ 6:1-21 വായിക്കുക.

  ക്രിസ്‌ത്യാനികള്‍ക്ക് ഇന്ന് ഗവണ്‍മെന്‍റിനോടുള്ള ബന്ധത്തില്‍ യേശുവിന്‍റെ മാതൃക എങ്ങനെ പിന്‍പറ്റാന്‍ കഴിയും? (യോഹ. 6:15; മത്താ. 22:21; റോമ. 12:2; 13:1-4)