വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 92: യേശു മരിച്ചവരെ ഉയിര്‍പ്പിക്കുന്നു

കഥ 92: യേശു മരിച്ചവരെ ഉയിര്‍പ്പിക്കുന്നു

ഇവിടെ കാണുന്ന ഈ പെണ്‍കുട്ടിക്ക് 12 വയസ്സുണ്ട്. യേശു അവളുടെ കൈയില്‍ പിടിച്ചിരിക്കുന്നു, അവളുടെ അപ്പനും അമ്മയും അടുത്തുതന്നെ നില്‍പ്പുണ്ട്. അവര്‍ ഇത്രയധികം സന്തോഷമുള്ളവര്‍ ആയിരിക്കുന്നത്‌ എന്തുകൊണ്ടാണെന്ന് അറിയാമോ? നമുക്കു കണ്ടുപിടിക്കാം.

യേശു യായീറൊസിന്‍റെ മകളെ ഉയിര്‍പ്പിക്കുന്നു

ആ പെണ്‍കുട്ടിയുടെ അപ്പന്‍ യായീറൊസ്‌ എന്നു പേരുള്ള ഒരു പ്രധാന മനുഷ്യനാണ്‌. ഒരു ദിവസം അയാളുടെ മകള്‍ രോഗം പിടിപെട്ട് കിടപ്പിലാകുന്നു. അവളുടെ അസുഖം ഒട്ടും കുറയുന്നില്ല, അത്‌ ഒന്നിനൊന്നു വഷളാകുകയാണ്‌. യായീറൊസിനും ഭാര്യക്കും വളരെ മനഃപ്രയാസമാകുന്നു. കാരണം അവരുടെ കുട്ടി മരിച്ചുപോകുമെന്ന നിലയിലായിരിക്കുകയാണ്‌. അവര്‍ക്ക് ആ ഒരു മകള്‍ മാത്രമേയുള്ളൂ. അതുകൊണ്ട് യായീറൊസ്‌ യേശുവിനെ അന്വേഷിച്ചു പോകുന്നു. യേശു ചെയ്യുന്ന അത്ഭുതങ്ങളെക്കുറിച്ച് അയാള്‍ കേട്ടിട്ടുണ്ട്.

യായീറൊസ്‌ യേശുവിനെ കണ്ടെത്തുമ്പോള്‍ ഒരു വലിയ ജനക്കൂട്ടം അവനു ചുറ്റുമുണ്ട്. എങ്കിലും അയാള്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ കടന്നുചെന്ന് യേശുവിന്‍റെ കാല്‍ക്കല്‍ വീഴുന്നു. ‘എന്‍റെ മകള്‍ തീരെ സുഖമില്ലാതെ കിടപ്പിലാണ്‌’ എന്ന് അയാള്‍ പറയുന്നു. ‘ദയവായി, അങ്ങു വന്ന് അവളെ സുഖപ്പെടുത്തേണമേ,’ അയാള്‍ യാചിക്കുന്നു. വരാമെന്ന് യേശു പറയുന്നു.

അവര്‍ നടന്നുപോകുമ്പോള്‍ യേശുവിന്‍റെ അടുത്തെത്താനായി ആള്‍ക്കൂട്ടം തിക്കിക്കൊണ്ടിരിക്കുന്നു. പെട്ടെന്ന് യേശു നില്‍ക്കുന്നു. ‘ആരാണ്‌ എന്നെ തൊട്ടത്‌?’ എന്ന് അവന്‍ ചോദിക്കുന്നു. തന്നില്‍നിന്നു ശക്തി പുറപ്പെട്ടതായി യേശുവിന്‌ അനുഭവപ്പെട്ടു. അതുകൊണ്ട് ആരോ തന്നെ തൊട്ടിട്ടുണ്ട് എന്ന് അവനു മനസ്സിലാകുന്നു. എന്നാല്‍ ആരാണ്‌? 12 വര്‍ഷമായി തീരെ സുഖമില്ലാതിരുന്ന ഒരു സ്‌ത്രീയാണ്‌ അത്‌. അവള്‍ വന്ന് യേശുവിന്‍റെ വസ്‌ത്രത്തില്‍ തൊട്ടു, അവളുടെ രോഗം മാറുകയും ചെയ്‌തു!

ഇതു കേള്‍ക്കുമ്പോള്‍ യായീറൊസിന്‌ ആശ്വാസം തോന്നുന്നു, കാരണം യേശുവിന്‌ ഒരാളെ എത്ര എളുപ്പത്തില്‍ സുഖപ്പെടുത്താന്‍ കഴിയുമെന്ന് അവന്‍ കാണുന്നു. എന്നാല്‍ അപ്പോള്‍ ഒരാള്‍ വന്നു യായീറൊസിനോടു പറയുന്നു: ‘യേശുവിനെ ഇനി ബുദ്ധിമുട്ടിക്കേണ്ടാ. നിന്‍റെ മകള്‍ മരിച്ചുപോയി.’ യേശു ഇത്‌ കേള്‍ക്കുമ്പോള്‍ യായീറൊസിനോട്‌ ‘വിഷമിക്കേണ്ട, അവള്‍ രക്ഷപ്പെടും’ എന്നു പറയുന്നു.

ഒടുവില്‍ അവര്‍ യായീറൊസിന്‍റെ വീട്ടില്‍ എത്തുന്നു. ആളുകളെല്ലാം വളരെ സങ്കടപ്പെട്ടു കരയുകയാണ്‌. എന്നാല്‍ യേശു ഇങ്ങനെ പറയുന്നു: ‘കരയേണ്ട, കുട്ടി മരിച്ചിട്ടില്ല. അവള്‍ ഉറങ്ങുകയാണ്‌.’ എന്നാല്‍ അവള്‍ മരിച്ചുപോയെന്ന് അറിയാവുന്നതുകൊണ്ട് അവര്‍ യേശുവിനെ കളിയാക്കി ചിരിക്കുന്നു.

യേശു അപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മയപ്പന്മാരെയും തന്‍റെ അപ്പൊസ്‌തലന്മാരില്‍ മൂന്നു പേരെയും കൂട്ടിക്കൊണ്ട് കുട്ടി കിടക്കുന്ന മുറിയിലേക്കു ചെല്ലുന്നു. യേശു അവളുടെ കൈക്കു പിടിച്ച് ‘എഴുന്നേല്‍ക്ക!’ എന്നു പറയുന്നു. അപ്പോള്‍ ഇവിടെ കാണുന്നതുപോലെ അവള്‍ ജീവനിലേക്കു വരുന്നു. അവള്‍ എഴുന്നേറ്റു നടക്കുന്നു! അതുകൊണ്ടാണ്‌ അവളുടെ അമ്മയും അപ്പനും വളരെയേറെ സന്തോഷമുള്ളവരായിരിക്കുന്നത്‌.

യേശു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ച ആദ്യത്തെ ആളല്ല ഇത്‌. ബൈബിള്‍ പറയുന്നതനുസരിച്ച്, അവന്‍ ആദ്യം ഉയിര്‍പ്പിച്ചത്‌ നയിന്‍ പട്ടണത്തില്‍ പാര്‍ക്കുന്ന ഒരു വിധവയുടെ മകനെയാണ്‌. പിന്നീട്‌, യേശു മറിയയുടെയും മാര്‍ത്തയുടെയും സഹോദരനായ ലാസറിനെയും മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു. യേശു ദൈവരാജ്യത്തിന്‍റെ രാജാവായി ഭൂമിമേല്‍ ഭരണം നടത്തുമ്പോള്‍ മരിച്ചുപോയ അനേകമനേകം ആളുകളെ ജീവനിലേക്കു തിരികെ കൊണ്ടുവരും. അത്‌ നമുക്കു സന്തോഷം തരുന്ന കാര്യമല്ലേ?

ലൂക്കൊസ്‌ 8:40-56; 7:11-17; യോഹന്നാന്‍ 11:17-44.ചോദ്യങ്ങള്‍

 • ഈ ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടിയുടെ പിതാവ്‌ ആരാണ്‌, അദ്ദേഹവും ഭാര്യയും വളരെ മനഃപ്രയാസത്തിലായത്‌ എന്തുകൊണ്ട്?
 • യേശുവിനെ കണ്ടെത്തുമ്പോള്‍ യായീറൊസ്‌ എന്തു ചെയ്യുന്നു?
 • യേശു യായീറൊസിന്‍റെ വീട്ടിലേക്കു പോകുമ്പോള്‍ എന്തു സംഭവിക്കുന്നു, യായീറൊസിന്‌ വഴിക്കുവെച്ച് എന്തു സന്ദേശമാണു ലഭിക്കുന്നത്‌?
 • യായീറൊസിന്‍റെ വീട്ടില്‍ കൂടിയിരിക്കുന്ന ആളുകള്‍ യേശുവിനെ കളിയാക്കി ചിരിക്കുന്നത്‌ എന്തുകൊണ്ട്?
 • മൂന്ന് അപ്പൊസ്‌തലന്മാരെയും പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും കുട്ടി കിടക്കുന്ന മുറിയിലേക്കു കൊണ്ടുപോയിട്ട് യേശു എന്തു ചെയ്യുന്നു?
 • മരിച്ചവരില്‍നിന്ന് യേശു മറ്റാരെയും ഉയിര്‍പ്പിച്ചിട്ടുണ്ട്, ഇത്‌ എന്തു കാണിക്കുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • ലൂക്കൊസ്‌ 8:40-56 വായിക്കുക.

  രക്തസ്രാവമുണ്ടായിരുന്ന സ്‌ത്രീയോട്‌ യേശു മനസ്സലിവും ന്യായയുക്തതയും പ്രകടമാക്കിയത്‌ എങ്ങനെ, ഇന്നത്തെ ക്രിസ്‌തീയ മൂപ്പന്മാര്‍ക്ക് ഇതില്‍നിന്ന് എന്തു പഠിക്കാന്‍ കഴിയും? (ലൂക്കൊ. 8:43, 44, 47, 48; ലേവ്യ. 15:25-27; മത്താ. 9:12, 13; കൊലൊ. 3:12-14)

 • ലൂക്കൊസ്‌ 7:11-17 വായിക്കുക.

  പ്രിയപ്പെട്ടവരെ മരണത്തില്‍ നഷ്ടമായിരിക്കുന്നവര്‍ക്ക് നയിനിലെ വിധവയോടുള്ള യേശുവിന്‍റെ പ്രതികരണത്തില്‍നിന്ന് വലിയ ആശ്വാസം കണ്ടെത്താന്‍ കഴിയുന്നത്‌ എന്തുകൊണ്ട്? (ലൂക്കൊ. 7:13; 2 കൊരി. 1:3, 4; എബ്രാ. 4:15)

 • യോഹന്നാന്‍ 11:17-44 വായിക്കുക.

  പ്രിയപ്പെട്ട ഒരാളുടെ മരണത്തില്‍ ദുഃഖിക്കുന്നതു സ്വാഭാവികമാണെന്ന് യേശു പ്രകടമാക്കിയത്‌ എങ്ങനെ? (യോഹ. 11:33-36, 38; 2 ശമൂ. 18:33; 19:1-4)