വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

കഥ 91: യേശു ഒരു മലയില്‍വെച്ച് പഠിപ്പിക്കുന്നു

കഥ 91: യേശു ഒരു മലയില്‍വെച്ച് പഠിപ്പിക്കുന്നു

യേശു ഇവിടെ ഇരിക്കുന്നതു കണ്ടോ. ഗലീലയിലുള്ള ഒരു മലയില്‍വെച്ച് അവന്‍ ഈ ആളുകളെയെല്ലാം പഠിപ്പിക്കുകയാണ്‌. അവനോട്‌ ഏറ്റവും അടുത്ത്‌ ഇരിക്കുന്നവര്‍ അവന്‍റെ ശിഷ്യന്മാരാണ്‌. അവരില്‍ 12 പേരെ അവന്‍ അപ്പൊസ്‌തലന്മാരായി തിരഞ്ഞെടുത്തിരിക്കുന്നു. അപ്പൊസ്‌തലന്മാര്‍ യേശുവിന്‍റെ പ്രത്യേക ശിഷ്യന്മാരാണ്‌. ആകട്ടെ അവരുടെ പേരുകള്‍ എന്താണെന്ന് അറിയാമോ?

യേശു പഠിപ്പിക്കുന്നു

ശിമോന്‍ പത്രൊസും അവന്‍റെ സഹോദരന്‍ അന്ത്രെയാസുമാണ് അവരില്‍ രണ്ടുപേര്‍. പിന്നെ യാക്കോബും യോഹന്നാനും ഉണ്ട്, അവരും സഹോദരന്മാരാണ്‌. മറ്റൊരു അപ്പൊസ്‌തലന്‍റെ പേരും യാക്കോബ്‌ എന്നാണ്‌, അതുപോലെതന്നെ ശിമോന്‍ എന്നു പേരുള്ള മറ്റൊരാളും ഉണ്ട്. രണ്ട് അപ്പൊസ്‌തലന്മാര്‍ക്ക് യൂദാ എന്നു പേരുണ്ട്. ഒന്ന് ഈസ്‌കര്യോത്താ യൂദാ ആണ്‌; മറ്റേ യൂദായ്‌ക്ക് തദ്ദായി എന്നും പേരുണ്ട്. പിന്നെ ഫിലിപ്പൊസ്‌, നഥനയേല്‍ (ബര്‍ത്തൊലൊമായി എന്നും വിളിക്കപ്പെടുന്നു), മത്തായി, തോമാസ്‌ എന്നിവരുമുണ്ട്.

ശമര്യയില്‍നിന്നു മടങ്ങിവന്നശേഷം യേശു ആദ്യമായി ‘സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു’ എന്നു പ്രസംഗിക്കാന്‍ തുടങ്ങി. ആ രാജ്യം എന്താണെന്ന് അറിയാമോ? അത്‌ ഒരു യഥാര്‍ഥ ഗവണ്‍മെന്‍റാണ്‌, ദൈവത്തിന്‍റെ ഗവണ്‍മെന്‍റ്. യേശുവാണ്‌ അതിന്‍റെ രാജാവ്‌. അവന്‍ സ്വര്‍ഗത്തില്‍നിന്നു ഭരിക്കുകയും ഭൂമിയില്‍ സമാധാനം കൊണ്ടുവരികയും ചെയ്യും. ദൈവത്തിന്‍റെ രാജ്യം മുഴു ഭൂമിയെയും സുന്ദരമായ ഒരു പറുദീസയാക്കി മാറ്റും.

യേശു ഇവിടെ ആളുകളെ രാജ്യത്തെക്കുറിച്ചു പഠിപ്പിക്കുകയാണ്‌. ‘നിങ്ങള്‍ ഇങ്ങനെ വേണം പ്രാര്‍ഥിക്കാന്‍,’ അവന്‍ പറയുന്നു. ‘സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകേണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.’ അനേകരും ഇതിനെ ‘കര്‍ത്താവിന്‍റെ പ്രാര്‍ഥന’ എന്നു വിളിക്കുന്നു. മറ്റുചിലര്‍ ഇതിനെ ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്നും. ആകട്ടെ ആ പ്രാര്‍ഥന മുഴുവനും ചൊല്ലാന്‍ കഴിയുമോ എന്നു നോക്കൂ.

ആളുകള്‍ അന്യോന്യം എങ്ങനെ പെരുമാറണമെന്നും യേശു അവരെ പഠിപ്പിക്കുന്നു. ‘മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത്‌ നിങ്ങള്‍ അവര്‍ക്കു ചെയ്യുക’ എന്ന് അവന്‍ പറയുന്നു. മറ്റുള്ളവര്‍ നമ്മോടു ദയയോടെ പെരുമാറുന്നതല്ലേ നമുക്ക് ഇഷ്ടം? അങ്ങനെയെങ്കില്‍ അവരോടും നമ്മള്‍ ദയയോടെ പെരുമാറണമെന്നാണ്‌ യേശു പറയുന്നത്‌. പറുദീസാ ഭൂമിയില്‍ എല്ലാവരും ഇങ്ങനെ ചെയ്യുമ്പോള്‍ അത്‌ എത്ര നന്നായിരിക്കും, അല്ലേ?

മത്തായി 5 മുതല്‍ 7 വരെയുള്ള അധ്യായങ്ങള്‍; 10:1-4.ചോദ്യങ്ങള്‍

 • യേശു എവിടെവെച്ചു പഠിപ്പിക്കുന്നതായിട്ടാണ്‌ ഈ ചിത്രത്തില്‍ നാം കാണുന്നത്‌, അവനോട്‌ ഏറ്റവും അടുത്തുചേര്‍ന്ന് ഇരിക്കുന്നവര്‍ ആരാണ്‌?
 • 12 അപ്പൊസ്‌തലന്മാരുടെ പേരുകള്‍ എന്തെല്ലാം?
 • യേശു പ്രസംഗിക്കുന്ന രാജ്യമെന്ത്?
 • എന്തിനുവേണ്ടി പ്രാര്‍ഥിക്കാനാണ്‌ യേശു ആളുകളെ പഠിപ്പിക്കുന്നത്‌?
 • ആളുകള്‍ പരസ്‌പരം എങ്ങനെ പെരുമാറണം എന്നതു സംബന്ധിച്ച് യേശു എന്തു പറയുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • മത്തായി 5:1-12 വായിക്കുക.

  നാം നമ്മുടെ ആത്മീയ ആവശ്യം സംബന്ധിച്ച് ബോധവാന്മാരാണെന്ന് ഏതു വിധങ്ങളില്‍ നമുക്കു പ്രകടമാക്കാന്‍ കഴിയും? (മത്താ. 5:3, NW; റോമ. 10:13-15; 1 തിമൊ. 4:13, 15, 16)

 • മത്തായി 5:21-26 വായിക്കുക.

  സഹോദരങ്ങളുമായുള്ള നമ്മുടെ ബന്ധം യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ ബാധിക്കുന്നു എന്ന സംഗതിക്ക് മത്തായി 5:23, 24 ഊന്നല്‍ നല്‍കുന്നത്‌ എങ്ങനെ? (മത്താ. 6:14, 15; സങ്കീ. 133:1; കൊലൊ. 3:13; 1 യോഹ. 4:20)

 • മത്തായി 6:1-8 വായിക്കുക.

  ക്രിസ്‌ത്യാനികള്‍ ഒഴിവാക്കേണ്ട സ്വയനീതിയുടെ ചില രൂപങ്ങള്‍ ഏതെല്ലാം? (ലൂക്കൊ. 18:11, 12; 1 കൊരി. 4:6, 7; 2 കൊരി. 9:7)

 • മത്തായി 6:25-34 വായിക്കുക.

  ഭൗതിക കരുതലുകള്‍ക്കായി നാം യഹോവയില്‍ ആശ്രയിക്കേണ്ടതിന്‍റെ ആവശ്യം സംബന്ധിച്ച് യേശു എന്തു പഠിപ്പിച്ചു? (പുറ. 16:4; സങ്കീ. 37:25; ഫിലി. 4:6)

 • മത്തായി 7:1-11 വായിക്കുക.

  മത്തായി 7:5-ലെ ശക്തമായ ദൃഷ്ടാന്തം നമ്മെ എന്താണു പഠിപ്പിക്കുന്നത്‌? (സദൃ. 26:12; റോമ. 2:1; 14:10; യാക്കോ. 4:11, 12)