വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 89: യേശു ആലയം ശുദ്ധിയാക്കുന്നു

കഥ 89: യേശു ആലയം ശുദ്ധിയാക്കുന്നു

യേശുവിനെ നോക്കൂ. അവന്‍റെ മുഖത്ത്‌ എന്തൊരു ദേഷ്യമാണെന്നു കണ്ടോ? അവന്‌ ഇത്ര ദേഷ്യം വരാനുള്ള കാരണം എന്തായിരിക്കും? യെരൂശലേം ദേവാലയത്തിലെ ഈ മനുഷ്യര്‍ വലിയ അത്യാഗ്രഹികള്‍ ആണെന്നുള്ളതാണ്‌ അതിന്‍റെ കാരണം. ദൈവത്തെ ആരാധിക്കാനായി ഇവിടെ വന്നിരിക്കുന്നവരെ വഞ്ചിച്ച് അവര്‍ ധാരാളം പണം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്‌.

ആ കാളക്കിടാക്കളെയും ചെമ്മരിയാടുകളെയും പ്രാവുകളെയും ഒക്കെ കണ്ടോ? ഈ ആളുകള്‍ ഈ മൃഗങ്ങളെയും പക്ഷികളെയും ആലയത്തിനുള്ളില്‍വെച്ചുതന്നെ വില്‍ക്കുകയാണ്‌. എന്തുകൊണ്ടാണെന്നോ? കാരണം ഇസ്രായേല്യര്‍ക്ക് ദൈവത്തിനു യാഗം അര്‍പ്പിക്കുന്നതിന്‌ മൃഗങ്ങളെയും പക്ഷികളെയും ആവശ്യമുണ്ട്.

യേശു മേശകള്‍ മറിച്ചിട്ട് നാണയങ്ങള്‍ ചിതറിച്ചുകളയുന്നു

ഒരു ഇസ്രായേല്യന്‍ തെറ്റു ചെയ്‌താല്‍ അവന്‍ ദൈവത്തിന്‌ ഒരു യാഗം അര്‍പ്പിക്കേണം എന്നായിരുന്നു ദൈവത്തിന്‍റെ നിയമം. ഇസ്രായേല്യര്‍ യാഗങ്ങള്‍ അര്‍പ്പിക്കേണ്ടിയിരുന്ന മറ്റ്‌ അവസരങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ദൈവത്തിന്‌ യാഗം കഴിക്കാനുള്ള മൃഗങ്ങളെയും പക്ഷികളെയും അവര്‍ക്ക് എങ്ങനെ കിട്ടുമായിരുന്നു?

ചിലര്‍ക്ക് പക്ഷികളും മൃഗങ്ങളും സ്വന്തമായി ഉണ്ടായിരുന്നു. അതുകൊണ്ട് അവര്‍ക്ക് അവ അര്‍പ്പിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇസ്രായേല്യരില്‍ പലര്‍ക്കും സ്വന്തമായി മൃഗങ്ങളോ പക്ഷികളോ ഇല്ലായിരുന്നു. മറ്റു ചിലരാണെങ്കില്‍ യെരൂശലേമില്‍നിന്നു വളരെ അകലെയാണു താമസിച്ചിരുന്നത്‌, അതുകൊണ്ട് തങ്ങളുടെ മൃഗങ്ങളില്‍ ഒന്നിനെ ആലയത്തിലേക്കു കൊണ്ടുവരാന്‍ അവര്‍ക്കു കഴിയുമായിരുന്നില്ല. അതുകൊണ്ട് ആളുകള്‍ തങ്ങള്‍ക്ക് ആവശ്യമുള്ള മൃഗങ്ങളെയോ പക്ഷികളെയോ ഇവിടെ വന്നു വിലയ്‌ക്കു വാങ്ങിയിരുന്നു. എന്നാല്‍ ഈ മനുഷ്യര്‍ ആളുകളില്‍നിന്ന് അന്യായമായ വിലയാണു വാങ്ങിയിരുന്നത്‌. തന്നെയുമല്ല അവര്‍ ഇവിടെ ദൈവത്തിന്‍റെ ആലയത്തില്‍ വില്‍പ്പന നടത്താനും പാടില്ലായിരുന്നു.

യേശുവിനു ദേഷ്യം വരാനുള്ള കാരണം ഇതാണ്‌. അതുകൊണ്ട് അവന്‍ പണവുമായി ഇരിക്കുന്ന ആളുകളുടെ മേശകള്‍ മറിച്ചിട്ട് അവരുടെ നാണയങ്ങള്‍ ചിതറിച്ചുകളയുന്നു. കൂടാതെ അവന്‍ കയറുകൊണ്ട് ഒരു ചാട്ട ഉണ്ടാക്കി മൃഗങ്ങളെയെല്ലാം ആലയത്തില്‍നിന്ന് ഓടിച്ചുകളയുന്നു. പ്രാവുകളെ വില്‍ക്കുന്നവരോട്‌ അവന്‍ ഇങ്ങനെ കല്‍പ്പിക്കുന്നു: ‘ഇവയെ ഇവിടെനിന്നു കൊണ്ടുപോകുവിന്‍! എന്‍റെ പിതാവിന്‍റെ ഭവനത്തെ പണം വാരിക്കൂട്ടാനുള്ള സ്ഥലമാക്കിത്തീര്‍ക്കരുത്‌.’

യേശുവിന്‍റെ അനുഗാമികളില്‍ ചിലര്‍ ഇവിടെ യെരൂശലേമിലെ ഈ ആലയത്തില്‍ അവനോടൊപ്പമുണ്ട്. അവര്‍ യേശുവിന്‍റെ ഈ പ്രവൃത്തി കണ്ട് ആശ്ചര്യപ്പെടുന്നു. അപ്പോള്‍ അവര്‍ ‘ദൈവഭവനത്തോടുള്ള സ്‌നേഹം അവന്‍റെയുള്ളില്‍ തീപോലെ കത്തും’ എന്ന് ബൈബിളില്‍ ദൈവപുത്രനെക്കുറിച്ചു പറഞ്ഞിരിക്കുന്ന ഭാഗം ഓര്‍മിക്കുന്നു.

പെസഹായില്‍ സംബന്ധിക്കാനായി യേശു ഇവിടെ യെരൂശലേമില്‍ ആയിരിക്കെ അനേകം അത്ഭുതങ്ങള്‍ ചെയ്യുന്നു. പിന്നീട്‌ അവന്‍ യെഹൂദ്യ വിട്ട് ഗലീലയിലേക്കുള്ള മടക്കയാത്ര ആരംഭിക്കുന്നു. അവന്‍ ശമര്യ വഴിയാണ്‌ പോകുന്നത്‌. അവിടെ എന്തു സംഭവിക്കുന്നുവെന്ന് നമുക്കു നോക്കാം.

യോഹന്നാന്‍ 2:13-25; 4:3, 4.ചോദ്യങ്ങള്‍

  • മൃഗങ്ങളെയും പക്ഷികളെയും ആലയത്തില്‍വെച്ചു വില്‍ക്കുന്നത്‌ എന്തുകൊണ്ട്?
  • യേശുവിനു ദേഷ്യം വരുന്നത്‌ എന്തുകൊണ്ട്?
  • നിങ്ങള്‍ക്ക് ചിത്രത്തില്‍ കാണാന്‍ കഴിയുന്നതുപോലെ, യേശു എന്തു ചെയ്യുന്നു, പ്രാവുകളെ വില്‍ക്കുന്നവരോട്‌ അവന്‍ എന്താണു കല്‍പ്പിക്കുന്നത്‌?
  • യേശുവിന്‍റെ പ്രവൃത്തി കാണുമ്പോള്‍ അവന്‍റെ അനുഗാമികള്‍ എന്ത് ഓര്‍മിക്കുന്നു?
  • ഗലീലയ്‌ക്കു മടങ്ങിപ്പോകുന്ന വഴിക്ക് യേശു ഏതു സ്ഥലത്തുകൂടെയാണ്‌ സഞ്ചരിക്കുന്നത്‌?

കൂടുതലായ ചോദ്യം

  • യോഹന്നാന്‍ 2:13-25 വായിക്കുക.

    ആലയത്തിലെ പണമിടപാടുകാരോടുള്ള യേശുവിന്‍റെ കഠിന കോപം പരിഗണിക്കുമ്പോള്‍, രാജ്യഹാളിലെ വ്യാപാര ഇടപാടുകള്‍ സംബന്ധിച്ച ഉചിതമായ വീക്ഷണം എന്താണ്‌? (യോഹ. 2:15, 16; 1 കൊരി. 10:24, 31-33)