വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 88: യോഹന്നാന്‍ യേശുവിനെ സ്നാനപ്പെടുത്തുന്നു

കഥ 88: യോഹന്നാന്‍ യേശുവിനെ സ്നാനപ്പെടുത്തുന്നു

ഒരു പ്രാവ്‌ ഈ മനുഷ്യന്‍റെ തലയിലേക്ക് ഇറങ്ങിവരുന്നതു കണ്ടോ? ഈ മനുഷ്യന്‍ യേശുവാണ്‌. അവന്‌ ഇപ്പോള്‍ ഏകദേശം 30 വയസ്സുണ്ട്. അവന്‍റെ കൂടെയുള്ള മനുഷ്യന്‍ യോഹന്നാനാണ്‌. അവനെക്കുറിച്ച് മുമ്പ് നമ്മള്‍ ഈ പുസ്‌തകത്തില്‍ വായിച്ചിട്ടുണ്ട്. മറിയ തന്‍റെ ബന്ധുവായ എലീശബെത്തിനെ കാണാന്‍ ചെന്നപ്പോള്‍ എലീശബെത്തിന്‍റെ വയറ്റില്‍ കിടന്നിരുന്ന കുഞ്ഞ് സന്തോഷംകൊണ്ടു തുള്ളിച്ചാടിയത്‌ ഓര്‍ക്കുന്നുണ്ടോ? ആ കുഞ്ഞ് യോഹന്നാന്‍ ആയിരുന്നു. എന്നാല്‍ യോഹന്നാനും യേശുവും ഇപ്പോള്‍ എന്താണു ചെയ്യുന്നത്‌?

യേശു സ്നാനമേല്‍ക്കുന്നു

യോഹന്നാന്‍ യേശുവിനെ ഇപ്പോള്‍ യോര്‍ദ്ദാന്‍ നദിയിലെ വെള്ളത്തില്‍ മുക്കിയതേയുള്ളൂ. ഇങ്ങനെയാണ്‌ ഒരു വ്യക്തി സ്‌നാപനമേല്‍ക്കുന്നത്‌. ആദ്യം അയാളെ വെള്ളത്തില്‍ മുക്കുന്നു, പിന്നെ ഉയര്‍ത്തുന്നു. യോഹന്നാന്‍ ഇങ്ങനെ ആളുകളെ സ്‌നാനപ്പെടുത്തുന്നതുകൊണ്ട് ആളുകള്‍ അവനെ യോഹന്നാന്‍ സ്‌നാപകന്‍ എന്നു വിളിക്കുന്നു. എന്നാല്‍ യോഹന്നാന്‍ യേശുവിനെ സ്‌നാനപ്പെടുത്തിയത്‌ എന്തുകൊണ്ടാണ്‌?

യേശു വന്നു പറഞ്ഞിട്ടാണ്‌ യോഹന്നാന്‍ അതു ചെയ്‌തത്‌. തെറ്റുകള്‍ ചെയ്‌തു പോയതില്‍ ഖേദമുണ്ടെന്നു പ്രകടമാക്കാന്‍ ആഗ്രഹിക്കുന്ന ആളുകളെയാണു യോഹന്നാന്‍ സ്‌നാനപ്പെടുത്തുന്നത്‌. എന്നാല്‍ യേശുവിന്‌ അങ്ങനെ ഖേദം തോന്നേണ്ട കാര്യമുണ്ടായിരുന്നോ? അവന്‍ എപ്പോഴെങ്കിലും എന്തെങ്കിലും തെറ്റു ചെയ്‌തിരുന്നോ? ഇല്ല, കാരണം യേശു സ്വര്‍ഗത്തില്‍നിന്നുള്ള ദൈവത്തിന്‍റെ സ്വന്തം പുത്രനായിരുന്നു. അതുകൊണ്ട് തന്നെ സ്‌നാനപ്പെടുത്താന്‍ അവന്‍ യോഹന്നാനോട്‌ ആവശ്യപ്പെട്ടതിന്‍റെ കാരണം മറ്റൊന്നായിരുന്നു. അത്‌ എന്തായിരുന്നുവെന്ന് നമുക്കു നോക്കാം.

യേശു ഇവിടെ യോഹന്നാന്‍റെ അടുക്കല്‍ വരുന്നതിനു മുമ്പ് ഒരു തച്ചന്‍ ആയിരുന്നു. തടികൊണ്ട് മേശയും കസേരയും ബെഞ്ചും ഒക്കെ ഉണ്ടാക്കുന്ന ആളാണ്‌ തച്ചന്‍. മറിയയുടെ ഭര്‍ത്താവായ യോസേഫ്‌ ഒരു തച്ചന്‍ ആയിരുന്നു. അവന്‍ യേശുവിനെയും ആ ജോലി പഠിപ്പിച്ചു. എന്നാല്‍ ഒരു തച്ചന്‍ ആയിരിക്കാനല്ല യഹോവ തന്‍റെ പുത്രനെ ഭൂമിയിലേക്ക് അയച്ചത്‌. പകരം ഒരു പ്രത്യേക വേലയ്‌ക്കായിട്ടാണ്‌. യേശു ആ വേല ചെയ്‌തു തുടങ്ങാനുള്ള സമയം ഇപ്പോള്‍ വന്നിരിക്കുകയാണ്‌. അതുകൊണ്ട് തന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യാന്‍ താന്‍ വന്നിരിക്കുന്നുവെന്നു പ്രകടമാക്കാനാണ്‌, യേശു യോഹന്നാനോടു തന്നെ സ്‌നാനപ്പെടുത്താന്‍ പറയുന്നത്‌. ദൈവം ഇതില്‍ സന്തുഷ്ടനാണോ?

അതേ. എന്തെന്നാല്‍ യേശു സ്‌നാപനമേറ്റ ഉടനെ സ്വര്‍ഗത്തില്‍നിന്ന് ഒരു ശബ്ദം ഇങ്ങനെ പറയുന്നു: “ഇവന്‍ എെന്‍റ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.” കൂടാതെ സ്വര്‍ഗം തുറന്ന് ഈ പ്രാവ്‌ യേശുവിന്‍റെമേല്‍ ഇറങ്ങിവരുന്നതായി കാണുന്നു. എന്നാല്‍ അത്‌ ശരിക്കുമുള്ള ഒരു പ്രാവല്ല, കേട്ടോ. അത്‌ ഒരു പ്രാവിനെപ്പോലെ ഇരിക്കുന്നുവെന്നേ ഉള്ളൂ. അത്‌ ദൈവത്തിന്‍റെ പരിശുദ്ധാത്മാവാണ്‌.

ഇപ്പോള്‍ യേശുവിന്‌ അനേകം കാര്യങ്ങള്‍ ചിന്തിക്കാനുണ്ട്. അതുകൊണ്ട് അവന്‍ 40 ദിവസത്തേക്ക്, തനിച്ച് ആയിരിക്കാന്‍ കഴിയുന്ന ഒരു സ്ഥലത്തേക്കു പോകുന്നു. അവിടെവെച്ച് സാത്താന്‍ അവനെ പരീക്ഷിക്കാന്‍ വരുന്നു. യേശുവിനെക്കൊണ്ട് ദൈവനിയമങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിപ്പിക്കാന്‍ സാത്താന്‍ മൂന്നു പ്രാവശ്യം ശ്രമിക്കുന്നു. എന്നാല്‍ യേശു അതു ചെയ്യുകയില്ല.

അതിനുശേഷം യേശു മടങ്ങിപ്പോകുകയും ചില പുരുഷന്മാരെ കണ്ടുമുട്ടുകയും ചെയ്യുന്നു. അവര്‍ അവന്‍റെ ആദ്യ അനുഗാമികള്‍ അഥവാ ശിഷ്യന്മാര്‍ ആയിത്തീരുന്നു. അവരില്‍ ചിലരുടെ പേരുകള്‍ അന്ത്രെയാസ്‌, പത്രൊസ്‌ (ശിമോന്‍ എന്നും പേരുണ്ട്), ഫിലിപ്പോസ്‌, നഥനയേല്‍ (ബര്‍ത്തൊലൊമായി എന്നും പേരുണ്ട്) എന്നിവയാണ്‌. യേശുവും ഈ പുതിയ ശിഷ്യന്മാരും ഗലീല എന്ന ഡിസ്‌ട്രിക്‌റ്റിലേക്കു പുറപ്പെടുന്നു. ഗലീലയില്‍ അവര്‍ നഥനയേലിന്‍റെ സ്വദേശമായ കാനായില്‍ തങ്ങുന്നു. അവിടെവെച്ച് യേശു ഒരു വലിയ കല്യാണസദ്യക്കു പോകുകയും തന്‍റെ ഒന്നാമത്തെ അത്ഭുതം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ആ അത്ഭുതം എന്താണെന്ന് അറിയാമോ? അവന്‍ വെള്ളം വീഞ്ഞാക്കി മാറ്റുന്നു.

മത്തായി 3:13-17; 4:1-11; 13:55; മര്‍ക്കൊസ്‌ 6:3; യോഹന്നാന്‍ 1:29-51; 2:1-12.ചോദ്യങ്ങള്‍

 • ചിത്രത്തില്‍ കാണുന്ന ഈ രണ്ടു മനുഷ്യര്‍ ആരാണ്‌?
 • ഒരു വ്യക്തി സ്‌നാപനമേല്‍ക്കുന്നത്‌ എങ്ങനെ?
 • യോഹന്നാന്‍ സാധാരണഗതിയില്‍ ആരെയാണു സ്‌നാനപ്പെടുത്തുന്നത്‌?
 • ഏതു പ്രത്യേക കാരണത്താലാണ്‌ യേശു തന്നെ സ്‌നാനപ്പെടുത്താന്‍ യോഹന്നാനോട്‌ ആവശ്യപ്പെടുന്നത്‌?
 • യേശു സ്‌നാപനമേറ്റതില്‍ താന്‍ സന്തുഷ്ടനാണെന്നു ദൈവം പ്രകടമാക്കുന്നത്‌ എങ്ങനെ?
 • യേശു 40 ദിവസത്തേക്ക് ഏകാന്തമായ ഒരു സ്ഥലത്തേക്കു പോകുമ്പോള്‍ എന്തു സംഭവിക്കുന്നു?
 • യേശുവിന്‍റെ ആദ്യ അനുഗാമികളില്‍ അഥവാ ശിഷ്യന്മാരില്‍ ചിലര്‍ ആരെല്ലാം, അവന്‍റെ ഒന്നാമത്തെ അത്ഭുതം ഏത്‌?

കൂടുതലായ ചോദ്യങ്ങള്‍

 • മത്തായി 3:13-17 വായിക്കുക.

  തന്‍റെ ശിഷ്യരുടെ സ്‌നാപനത്തിനായി യേശു എന്തു മാതൃക വെച്ചു? (സങ്കീ. 40:7, 8; മത്താ. 28:19, 20; ലൂക്കൊ. 3:21, 22)

 • മത്തായി 4:1-11 വായിക്കുക.

  യേശു തിരുവെഴുത്തുകള്‍ സമര്‍ഥമായി ഉപയോഗിച്ചത്‌ ബൈബിള്‍ ക്രമമായി പഠിക്കാന്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്നത്‌ എങ്ങനെ? (മത്താ. 4:5-7; 2 പത്രൊ. 3:17, 18; 1 യോഹ. 4:1)

 • യോഹന്നാന്‍ 1:29-51 വായിക്കുക.

  ആരിലേക്കാണ്‌ യോഹന്നാന്‍ സ്‌നാപകന്‍ തന്‍റെ ശിഷ്യന്മാരെ നയിച്ചത്‌, ഇന്ന് നമുക്ക് അവനെ എങ്ങനെ അനുകരിക്കാന്‍ കഴിയും? (യോഹ. 1:29, 35, 36; 3:30; മത്താ. 23:10)

 • യോഹന്നാന്‍ 2:1-12 വായിക്കുക.

  യഹോവ തന്‍റെ ദാസരില്‍നിന്ന് ഒരു നന്മയും പിടിച്ചുവെക്കുന്നില്ലെന്ന് യേശുവിന്‍റെ ഒന്നാമത്തെ അത്ഭുതം പ്രകടമാക്കിയത്‌ എങ്ങനെ? (യോഹ. 2:9, 10; സങ്കീ. 84:11; യാക്കോ. 1:17)