വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 87: ബാലനായ യേശു ആലയത്തില്‍

കഥ 87: ബാലനായ യേശു ആലയത്തില്‍

ഒരു ബാലന്‍ പ്രായമേറിയ ഈ പുരുഷന്മാരോടു സംസാരിക്കുന്നതു കണ്ടോ? ഈ പുരുഷന്മാര്‍ യെരൂശലേം ദേവാലയത്തിലെ ഉപദേഷ്ടാക്കന്മാരാണ്‌. ബാലന്‍ യേശുവും. അവന്‍ കുറെയേറെ വളര്‍ന്നിരിക്കുന്നു, അല്ലേ? അവന്‌ ഇപ്പോള്‍ 12 വയസ്സുണ്ട്.

യേശുവിന്‌ ദൈവത്തെക്കുറിച്ചും ബൈബിളിനെക്കുറിച്ചും ധാരാളം കാര്യങ്ങള്‍ അറിയാം. അവന്‍റെ അറിവില്‍ ഉപദേഷ്ടാക്കന്മാര്‍ അത്ഭുതപ്പെടുന്നു. എന്നാല്‍ യോസേഫിനെയും മറിയയെയും ഇക്കൂട്ടത്തില്‍ കാണുന്നില്ലല്ലോ, അത്‌ എന്തുകൊണ്ടാണ്‌? അവര്‍ എവിടെപ്പോയി? നമുക്കു കണ്ടുപിടിക്കാം.

ബാലനായ യേശു ഉപദേഷ്ടാക്കന്മാരോടു സംസാരിക്കുന്നു

എല്ലാ വര്‍ഷവും യോസേഫ്‌ പെസഹാ എന്നു വിളിക്കപ്പെടുന്ന പ്രത്യേക ആഘോഷത്തിനായി തന്‍റെ കുടുംബത്തെ യെരൂശലേമില്‍ കൊണ്ടുവരാറുണ്ട്. നസറെത്തില്‍നിന്ന് യെരൂശലേമിലേക്കു വളരെ ദൂരമുണ്ട്. അന്നൊന്നും ആര്‍ക്കും കാറില്ല, ട്രെയിനുകളും ഇല്ല. മിക്കവരും നടക്കുകയാണു ചെയ്യുന്നത്‌, യെരൂശലേമില്‍ എത്തുന്നതിന്‌ അവര്‍ക്ക് ഏതാണ്ട് മൂന്നു ദിവസം വേണ്ടിവരുന്നു.

ഇപ്പോള്‍ യോസേഫിന്‌ ഒരു വലിയ കുടുംബമുണ്ട്. അതുകൊണ്ട് അവര്‍ക്ക് യേശുവിന്‍റെ ഇളയ സഹോദരന്മാരുടെയും സഹോദരിമാരുടെയും കാര്യം കൂടെ നോക്കേണ്ടതുണ്ട്. ഈ വര്‍ഷത്തെ പെസഹായില്‍ സംബന്ധിച്ച ശേഷം യോസേഫും മറിയയും ഇപ്പോള്‍ മക്കളോടൊത്ത്‌ നസറെത്തിലേക്കുള്ള നീണ്ട മടക്കയാത്രയിലാണ്‌. യേശു, കൂടെ യാത്ര ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഉണ്ടെന്ന് അവര്‍ വിചാരിക്കുന്നു. എന്നാല്‍ അന്നു വൈകുന്നേരം യാത്ര നിറുത്തുമ്പോള്‍ അവര്‍ക്ക് യേശുവിനെ കാണാനാകുന്നില്ല. അവര്‍ ബന്ധുക്കളുടെയും പരിചയക്കാരുടെയുമൊക്കെ ഇടയില്‍ അവനെ തിരയുന്നു, എന്നാല്‍ അവന്‍ അവരുടെ കൂടെയില്ല! അതുകൊണ്ട് അവനെ അന്വേഷിച്ച് അവര്‍ യെരൂശലേമിലേക്കു മടങ്ങുന്നു.

ഒടുവില്‍ അവര്‍ യേശുവിനെ കണ്ടെത്തുന്നു. അവന്‍ ഇവിടെ ഉപദേഷ്ടാക്കന്മാരുടെ അടുക്കലിരുന്ന് അവരുടെ ഉപദേശം കേള്‍ക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയുമാണ്‌. യേശുവിന്‍റെ അറിവില്‍ ആളുകളെല്ലാം അത്ഭുതപ്പെടുന്നു. എന്നാല്‍ മറിയ പറയുന്നു: ‘മകനേ, നീ ഞങ്ങളോട്‌ ഇങ്ങനെ ചെയ്‌തത്‌ എന്ത്? നിന്‍റെ അപ്പനും ഞാനും നിന്നെ കാണാതെ വളരെയധികം വിഷമിച്ചു.’

‘എന്നെ തിരഞ്ഞത്‌ എന്തിന്‌? ഞാന്‍ എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ ഇരിക്കേണ്ടതാണെന്നു നിങ്ങള്‍ക്ക് അറിയില്ലായിരുന്നോ?’ എന്ന് യേശു മറുപടി പറയുന്നു.

അതേ, ദൈവത്തെക്കുറിച്ചു പഠിക്കാന്‍ കഴിയുന്നിടത്ത്‌ ആയിരിക്കാന്‍ യേശു ഇഷ്ടപ്പെടുന്നു. നമുക്കും അങ്ങനെതന്നെ തോന്നേണ്ടതല്ലേ? നസറെത്തില്‍വെച്ച് യേശു എല്ലാ ആഴ്‌ചയിലും ദൈവത്തെ ആരാധിക്കാനായി യോഗങ്ങള്‍ക്കു പോയിരുന്നു. യോഗങ്ങളില്‍ എല്ലായ്‌പോഴും ശ്രദ്ധിച്ചിരിക്കുമായിരുന്നതുകൊണ്ട് ബൈബിളില്‍നിന്നു വളരെയേറെ കാര്യങ്ങള്‍ പഠിക്കാന്‍ അവനു കഴിഞ്ഞു. നമുക്കും യേശുവിനെപ്പോലെ ആയിരിക്കാം.

ലൂക്കൊസ്‌ 2:41-52; മത്തായി 13:53-56.ചോദ്യങ്ങള്‍

 • ഈ ചിത്രത്തില്‍ കാണുന്ന യേശുവിന്‌ എത്ര പ്രായമുണ്ട്, അവന്‍ എവിടെയാണ്‌?
 • എല്ലാ വര്‍ഷവും യോസേഫ്‌ തന്‍റെ കുടുംബത്തോടൊപ്പം എന്തു ചെയ്യുന്നു?
 • മടക്കയാത്രയില്‍ ഒരു ദിവസത്തെ വഴി പിന്നിട്ടശേഷം യോസേഫും മറിയയും യെരൂശലേമിലേക്കു മടങ്ങിപ്പോകുന്നത്‌ എന്തുകൊണ്ട്?
 • യോസേഫും മറിയയും യേശുവിനെ എവിടെ കണ്ടെത്തുന്നു, അവിടെയുള്ള ആളുകള്‍ അത്ഭുതപ്പെട്ടിരിക്കുന്നത്‌ എന്തുകൊണ്ട്?
 • യേശു തന്‍റെ അമ്മയായ മറിയയോട്‌ എന്താണു പറയുന്നത്‌?
 • ദൈവത്തെക്കുറിച്ചു പഠിക്കുന്ന കാര്യത്തില്‍ നമുക്ക് എങ്ങനെ യേശുവിനെപ്പോലെ ആയിരിക്കാന്‍ കഴിയും?

കൂടുതലായ ചോദ്യങ്ങള്‍

 • ലൂക്കൊസ്‌ 2:41-52 വായിക്കുക.

  വാര്‍ഷിക പെരുന്നാളുകളില്‍ പുരുഷന്മാര്‍ മാത്രം സംബന്ധിച്ചാല്‍ മതിയെന്നാണു ന്യായപ്രമാണം അനുശാസിച്ചിരുന്നതെങ്കിലും യോസേഫും മറിയയും ഇന്നത്തെ മാതാപിതാക്കള്‍ക്ക് എന്ത് ഉത്തമ മാതൃക വെച്ചു? (ലൂക്കൊ. 2:41; ആവ. 16:16; 31:12, 13; സദൃ. 22:6)

  മാതാപിതാക്കള്‍ക്ക് കീഴ്‌പെട്ടിരിക്കുന്ന കാര്യത്തില്‍ യേശു ഇന്നത്തെ കുട്ടികള്‍ക്ക് ഒരു നല്ല മാതൃക വെച്ചത്‌ എങ്ങനെ? (ലൂക്കൊ. 2:51; ആവ. 5:16; സദൃ. 23:22; കൊലൊ. 3:20)

 • മത്തായി 13:53-56 വായിക്കുക.

  ബൈബിളില്‍ പേര്‍ പരാമര്‍ശിച്ചിരിക്കുന്ന യേശുവിന്‍റെ നാല്‌ ജഡിക സഹോദരന്മാര്‍ ആരെല്ലാം, അവരില്‍ രണ്ടുപേര്‍ പിന്നീട്‌ ക്രിസ്‌തീയ സഭയില്‍ ഉപയോഗിക്കപ്പെട്ടത്‌ എങ്ങനെ? (മത്താ. 13:55; പ്രവൃ. 12:17; 15:6, 13; 21:18; ഗലാ. 1:19; യാക്കോ. 1:1; യൂദാ 1)