വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

കഥ 86: ഒരു നക്ഷത്രം വഴികാണിച്ചു കൊടുക്കുന്നു

കഥ 86: ഒരു നക്ഷത്രം വഴികാണിച്ചു കൊടുക്കുന്നു
ജ്യോതിഷക്കാര്‍

ഈ ആളുകളിലൊരാള്‍ ചൂണ്ടിക്കാണിക്കുന്ന നല്ല ശോഭയുള്ള ആ നക്ഷത്രം കണ്ടോ? അവര്‍ യെരൂശലേമില്‍നിന്നു യാത്ര തിരിച്ചപ്പോള്‍ ആ നക്ഷത്രം പ്രത്യക്ഷപ്പെട്ടു. അവര്‍ കിഴക്കുനിന്നുള്ളവരാണ്‌. നക്ഷത്രങ്ങളെക്കുറിച്ചു പഠനം നടത്തുന്നവരാണവര്‍. ഈ പുതിയ നക്ഷത്രം പ്രധാനപ്പെട്ട ഒരു വ്യക്തിയുടെ അടുത്തേക്കുള്ള വഴി തങ്ങള്‍ക്കു കാണിച്ചുതരികയാണെന്ന് അവര്‍ വിശ്വസിക്കുന്നു.

യെരൂശലേമില്‍ എത്തിയപ്പോള്‍ ആ മനുഷ്യര്‍ ‘യഹൂദന്മാരുടെ രാജാവാകാനിരിക്കുന്ന കുട്ടി എവിടെ?’ എന്നു ചോദിച്ചു. ‘യഹൂദന്മാര്‍’ എന്നത്‌ ഇസ്രായേല്യരുടെ മറ്റൊരു പേരാണ്‌. ‘ഞങ്ങള്‍ അവന്‍റെ നക്ഷത്രം ആദ്യം കിഴക്കുവെച്ചു കാണുകയുണ്ടായി. ഞങ്ങള്‍ അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്‌’ എന്ന് അവര്‍ പറഞ്ഞു.

യെരൂശലേമിലെ രാജാവായ ഹെരോദാവ്‌ ഇതു കേട്ടപ്പോള്‍ ആകെ അസ്വസ്ഥനായി. തന്‍റെ സ്ഥാനത്ത്‌ മറ്റൊരു രാജാവു വരുന്നത്‌ അവന്‌ ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് ഹെരോദാവ്‌ മഹാപുരോഹിതന്മാരെ വിളിച്ച് അവരോട്‌ ‘വാഗ്‌ദത്ത രാജാവ്‌ എവിടെയാണു ജനിക്കുക?’ എന്നു ചോദിച്ചു. ‘ബേത്ത്‌ലേഹെമില്‍ ജനിക്കും എന്നാണു ബൈബിള്‍ പറയുന്നത്‌’ എന്ന് അവര്‍ മറുപടി പറഞ്ഞു.

അതുകൊണ്ട് ഹെരോദാവ്‌ കിഴക്കുനിന്നുള്ള പുരുഷന്മാരെ വിളിച്ച് അവരോട്‌ ‘നിങ്ങള്‍ ചെന്ന് കുട്ടി എവിടെയുണ്ടെന്ന് അന്വേഷിപ്പിന്‍. നിങ്ങള്‍ അവനെ കണ്ടെത്തിക്കഴിയുമ്പോള്‍ എന്നെ അറിയിക്കണം. എനിക്കും ചെന്ന് അവനെ ആരാധിക്കാനാണ്‌’ എന്നു പറഞ്ഞു. എന്നാല്‍ ഹെരോദാവ്‌ ആ കുട്ടിയെ അന്വേഷിക്കുന്നത്‌ വാസ്‌തവത്തില്‍ അവനെ കൊല്ലാന്‍ വേണ്ടിയാണ്‌!

അപ്പോള്‍ നക്ഷത്രം ആ മനുഷ്യര്‍ക്കു മുമ്പായി ബേത്ത്‌ലേഹെമിലേക്കു നീങ്ങുന്നു. കുട്ടി ഉള്ള വീട്‌ അവര്‍ക്കു കാണിച്ചു കൊടുക്കാന്‍ പാകത്തിന്‌ അതു വന്നു നില്‍ക്കുന്നു. ആ പുരുഷന്മാര്‍ അവിടെ ചെല്ലുമ്പോള്‍ മറിയയെയും യേശുവിനെയും കാണുന്നു. അവര്‍ അവനു സമ്മാനങ്ങള്‍ കൊടുക്കുന്നു. എന്നാല്‍ ഹെരോദാവിന്‍റെ അടുത്തേക്കു മടങ്ങിപ്പോകരുതെന്ന് യഹോവ പിന്നീട്‌ ഒരു സ്വപ്‌നത്തില്‍ ആ മനുഷ്യര്‍ക്കു താക്കീതു നല്‍കുന്നു. അതുകൊണ്ട് അവര്‍ മറ്റൊരു വഴിയായി അവരുടെ സ്വന്തം ദേശത്തേക്കു മടങ്ങുന്നു.

കിഴക്കുനിന്നുള്ള പുരുഷന്മാര്‍ സ്വന്തം ദേശത്തേക്കു മടങ്ങിപ്പോയി എന്ന് ഹെരോദാവ്‌ മനസ്സിലാക്കുമ്പോള്‍ അവനു വളരെയധികം കോപം ഉണ്ടാകുന്നു. അതുകൊണ്ട് അവന്‍ ബേത്ത്‌ലേഹെമിലെ രണ്ടു വയസ്സും അതില്‍ താഴെയുമുള്ള എല്ലാ ആണ്‍കുഞ്ഞുങ്ങളെയും കൊന്നുകളയണമെന്ന കല്‍പ്പന നല്‍കുന്നു. എന്നാല്‍ യഹോവ യോസേഫിന്‌ ഒരു സ്വപ്‌നത്തില്‍ അതു സംബന്ധിച്ച് മുന്നറിയിപ്പു നല്‍കുന്നു. അങ്ങനെ യോസേഫ്‌ തന്‍റെ കുടുംബത്തെയുംകൊണ്ട് ഈജിപ്‌തിലേക്കു രക്ഷപ്പെടുന്നു. പിന്നീട്‌, ഹെരോദാവു മരിച്ചുപോയെന്ന് അറിയുമ്പോള്‍ അവന്‍ മറിയയെയും യേശുവിനെയും കൂട്ടിക്കൊണ്ട് നസറെത്തിലേക്കു തിരിച്ചുപോകുന്നു. ഇവിടെയാണ്‌ യേശു വളരുന്നത്‌.

ആ പുതിയ നക്ഷത്രം പ്രകാശിക്കാന്‍ ഇടയാക്കിയത്‌ ആരായിരിക്കും? നക്ഷത്രം കണ്ടു കഴിഞ്ഞ് ആ പുരുഷന്മാര്‍ ആദ്യം പോയത്‌ യെരൂശലേമിലേക്കാണ്‌ എന്ന കാര്യം ഓര്‍ക്കുക. ദൈവത്തിന്‍റെ പുത്രനെ കൊല്ലാന്‍ പിശാചായ സാത്താന്‍ ആഗ്രഹിച്ചു. യെരൂശലേമിലെ ഹെരോദാ രാജാവ്‌ അവനെ കൊല്ലാന്‍ ശ്രമിക്കുമെന്ന് അവന്‌ അറിയാമായിരുന്നു. അതുകൊണ്ട് ആ നക്ഷത്രം പ്രകാശിക്കാന്‍ ഇടയാക്കിയത്‌ സാത്താന്‍ ആയിരിക്കണം.

മത്തായി 2:1-23; മീഖാ 5:2.ചോദ്യങ്ങള്‍

  • ചിത്രത്തില്‍ കാണുന്ന ഈ മനുഷ്യര്‍ ആരാണ്‌, അവരില്‍ ഒരാള്‍ ശോഭയുള്ള ഒരു നക്ഷത്രം ചൂണ്ടിക്കാണിക്കുന്നത്‌ എന്തുകൊണ്ടാണ്‌?
  • ഹെരോദാ രാജാവ്‌ ആകെ അസ്വസ്ഥനാകുന്നത്‌ എന്തുകൊണ്ട്, അവന്‍ എന്തു ചെയ്യുന്നു?
  • ശോഭയുള്ള നക്ഷത്രം ആ മനുഷ്യരെ എവിടേക്കാണു നയിക്കുന്നത്‌, എന്നാല്‍ അവര്‍ മറ്റൊരു വഴിയായി സ്വന്ത ദേശത്തേക്കു മടങ്ങിപ്പോകുന്നത്‌ എന്തുകൊണ്ട്?
  • ഹെരോദാവ്‌ എന്തു കല്‍പ്പന പുറപ്പെടുവിക്കുന്നു, എന്തുകൊണ്ട്?
  • യഹോവ യോസേഫിനോട്‌ എന്തു ചെയ്യാനാണു പറയുന്നത്‌?
  • ആ പുതിയ നക്ഷത്രം പ്രകാശിക്കാന്‍ ഇടയാക്കിയത്‌ ആരാണ്‌, എന്തുകൊണ്ട്?

കൂടുതലായ ചോദ്യം

  • മത്തായി 2:1-23 വായിക്കുക.

    വിദ്വാന്മാര്‍ സന്ദര്‍ശിക്കുമ്പോള്‍ യേശുവിന്‌ എത്ര പ്രായമുണ്ടായിരുന്നു, അവന്‍ അപ്പോള്‍ എവിടെയാണു പാര്‍ത്തിരുന്നത്‌? (മത്താ. 2:1, 11, 16)