വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 84: ഒരു ദൂതന്‍ മറിയയെ സന്ദര്‍ശിക്കുന്നു

കഥ 84: ഒരു ദൂതന്‍ മറിയയെ സന്ദര്‍ശിക്കുന്നു

ഈ സുന്ദരിയായ സ്‌ത്രീയുടെ പേര്‌ മറിയ എന്നാണ്‌. അവള്‍ നസറെത്ത്‌ എന്ന പട്ടണത്തില്‍ താമസിക്കുന്ന ഒരു ഇസ്രയേല്യയാണ്‌. മറിയ വളരെ നല്ല ഒരു സ്‌ത്രീയാണെന്ന് ദൈവത്തിന്‌ അറിയാം. അതുകൊണ്ടാണ്‌ അവളോടു സംസാരിക്കാനായി അവന്‍ തന്‍റെ ദൂതനായ ഗബ്രീയേലിനെ അയച്ചിരിക്കുന്നത്‌. മറിയയോട്‌ എന്തു പറയാനായിരിക്കും ഗബ്രീയേല്‍ വന്നിരിക്കുന്നത്‌? നമുക്കു നോക്കാം.

‘കൃപ ലഭിച്ചവളേ, നിനക്കു വന്ദനം; യഹോവ നിന്നോടുകൂടെ ഉണ്ട്’ എന്ന് ഗബ്രീയേല്‍ അവളോടു പറയുന്നു. മറിയ ഈ ആളെ മുമ്പൊരിക്കലും കണ്ടിട്ടില്ല. അവന്‍ പറയുന്നതിന്‍റെ അര്‍ഥം അവള്‍ക്കു മനസ്സിലാകുന്നുമില്ല, അതുകൊണ്ട് അവള്‍ക്ക് ആകെ പേടി തോന്നുന്നു. എങ്കിലും ഗബ്രീയേല്‍ ദൂതന്‍ ഉടന്‍തന്നെ അവളെ ആശ്വസിപ്പിക്കുന്നു.

മറിയ

അവന്‍ പറയുന്നു: ‘മറിയയേ, പേടിക്കേണ്ട. യഹോവ നിന്നില്‍ വളരെ സന്തുഷ്ടനാണ്‌. അതുകൊണ്ട് അവന്‍ നിനക്കുവേണ്ടി ഒരു അത്ഭുതകാര്യം ചെയ്യാന്‍ പോകുന്നു. നിനക്ക് പെട്ടെന്നുതന്നെ ഒരു കുഞ്ഞ് ജനിക്കും. നീ അവന്‌ യേശു എന്നു പേരിടേണം.’

ഗബ്രീയേല്‍ തുടര്‍ന്ന് ഇങ്ങനെ വിശദീകരിക്കുന്നു: ‘ഈ കുട്ടി മഹാനാകും. അത്യുന്നതനായ ദൈവത്തിന്‍റെ പുത്രന്‍ എന്ന് അവന്‍ വിളിക്കപ്പെടും. യഹോവ അവനെ ദാവീദിനെപ്പോലെ ഒരു രാജാവാക്കും. എന്നാല്‍ യേശു എന്നെന്നേക്കും രാജാവായിരിക്കും. അവന്‍റെ രാജ്യത്തിന്‌ ഒരിക്കലും അവസാനം ഉണ്ടാകയില്ല!’

‘ഇതെല്ലാം എങ്ങനെ സംഭവിക്കും?’ മറിയ ചോദിക്കുന്നു. ‘ഞാന്‍ വിവാഹം കഴിച്ചിട്ടില്ല. ഒരു പുരുഷനോടൊത്തു ജീവിച്ചിട്ടുമില്ല. പിന്നെ എനിക്ക് എങ്ങനെയാണ്‌ ഒരു കുട്ടി ജനിക്കുക?’

ഗബ്രീയേല്‍ ഇങ്ങനെ മറുപടി പറയുന്നു: ‘ദൈവത്തിന്‍റെ ശക്തി നിന്‍റെമേല്‍ വരും. അതുകൊണ്ട് ആ കുട്ടി ദൈവത്തിന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടും.’ തുടര്‍ന്ന് അവന്‍ മറിയയോട്‌: ‘നിന്‍റെ ബന്ധുവായ എലീശബെത്തിനെ ഓര്‍ക്കുക. അവള്‍ക്കു വളരെ പ്രായമായതിനാല്‍ മക്കള്‍ ജനിക്കുകയില്ലെന്ന് ആളുകള്‍ പറഞ്ഞിരുന്നല്ലോ. പക്ഷേ അവള്‍ക്കു പെട്ടെന്നുതന്നെ ഒരു മകന്‍ ജനിക്കാന്‍ പോകുകയാണ്‌. അതുകൊണ്ട് ദൈവത്തിനു ചെയ്യാന്‍ കഴിയാത്തതായി യാതൊന്നുമില്ല എന്നു നീ മനസ്സിലാക്കണം.’

ഉടന്‍തന്നെ മറിയ പറയുന്നു: ‘ഞാന്‍ യഹോവയുടെ ദാസി! നീ പറഞ്ഞതുപോലെതന്നെ എനിക്കു ഭവിക്കട്ടെ.’ തുടര്‍ന്ന് ദൂതന്‍ അവിടെനിന്നു പോകുന്നു.

മറിയ എലീശബെത്തിന്‍റെ വീട്ടിലേക്കു ധൃതിപ്പെട്ടു ചെല്ലുന്നു. മറിയയുടെ ശബ്ദം എലീശബെത്ത്‌ കേള്‍ക്കുമ്പോള്‍ അവളുടെ വയറ്റില്‍ കിടക്കുന്ന കുഞ്ഞ് സന്തോഷംകൊണ്ടു തുള്ളിച്ചാടുന്നു. എലീശബെത്ത്‌ ദൈവാത്മാവ്‌ നിറഞ്ഞവളായി മറിയയോട്‌ ഇങ്ങനെ പറയുന്നു: ‘സ്‌ത്രീകളില്‍വെച്ച് നീ പ്രത്യേകം അനുഗ്രഹിക്കപ്പെട്ടവള്‍ ആകുന്നു.’ മറിയ മൂന്നു മാസത്തോളം എലീശബെത്തിന്‍റെ കൂടെ പാര്‍ക്കുന്നു. പിന്നെ അവള്‍ നസറെത്തിലേക്കു മടങ്ങിപ്പോകുന്നു.

മറിയയും യോസേഫ്‌ എന്ന ആളും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്കുകയാണ്‌. എന്നാല്‍ മറിയയ്‌ക്ക് ഒരു കുഞ്ഞു ജനിക്കാന്‍ പോകുകയാണെന്ന് അറിയുമ്പോള്‍ യോസേഫ്‌ അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ല. അപ്പോള്‍ ദൈവദൂതന്‍ അവനോടു പറയുന്നു: ‘മറിയയെ നിന്‍റെ ഭാര്യയായി സ്വീകരിക്കാന്‍ മടിക്കേണ്ട. എന്തെന്നാല്‍ ദൈവമാണ്‌ അവള്‍ക്ക് ഒരു പുത്രനെ നല്‍കിയിരിക്കുന്നത്‌.’ അതുകൊണ്ട് മറിയയും യോസേഫും വിവാഹിതരാകുന്നു. യേശുവിന്‍റെ ജനനത്തിനായി അവര്‍ കാത്തിരിക്കുന്നു.

ലൂക്കൊസ്‌ 1:26-56; മത്തായി 1:18-25.ചോദ്യങ്ങള്‍

 • ഈ ചിത്രത്തില്‍ കാണുന്ന സ്‌ത്രീ ആരാണ്‌?
 • ഗബ്രീയേല്‍ മറിയയോട്‌ എന്താണു പറയുന്നത്‌?
 • ഒരു പുരുഷനോടൊപ്പം ജീവിച്ചിട്ടില്ലെങ്കിലും മറിയയ്‌ക്ക് ഒരു കുട്ടി ജനിക്കും എന്ന് ഗബ്രീയേല്‍ അവളോടു വിശദീകരിക്കുന്നത്‌ എങ്ങനെ?
 • മറിയ തന്‍റെ ബന്ധുവായ എലീശബെത്തിനെ സന്ദര്‍ശിക്കുമ്പോള്‍ എന്തു സംഭവിക്കുന്നു?
 • മറിയയ്‌ക്ക് ഒരു കുഞ്ഞുണ്ടാകാന്‍ പോകുകയാണെന്നു മനസ്സിലാക്കുമ്പോള്‍ യോസേഫ്‌ എന്തു വിചാരിക്കുന്നു, എന്നാല്‍ അവന്‍ മനസ്സു മാറ്റുന്നത്‌ എന്തുകൊണ്ട്?

കൂടുതലായ ചോദ്യങ്ങള്‍

 • ലൂക്കൊസ്‌ 1:26-56 വായിക്കുക.

  ദൈവപുത്രന്‍റെ ജീവന്‍ ആത്മമണ്ഡലത്തില്‍നിന്നു മാറ്റപ്പെട്ടപ്പോള്‍ മറിയയുടെ അണ്ഡത്തില്‍ ഉണ്ടായിരുന്ന ഏതൊരു ആദാമ്യ അപൂര്‍ണതയെയും സംബന്ധിച്ച് ലൂക്കൊസ്‌ 1:35 എന്തു സൂചിപ്പിക്കുന്നു? (ഹഗ്ഗാ. 2:11-13; യോഹ. 6:69; എബ്രാ. 7:26; 10:5)

  ജനനത്തിനു മുമ്പുതന്നെ യേശുവിനു ബഹുമതി ലഭിച്ചത്‌ എങ്ങനെ? (ലൂക്കൊ. 1:41-43)

  ഇന്ന് പ്രത്യേക സേവന പദവികള്‍ ലഭിക്കുന്ന ക്രിസ്‌ത്യാനികള്‍ക്കുവേണ്ടി മറിയ എന്ത് ഉത്തമ മാതൃക പ്രദാനം ചെയ്‌തു? (ലൂക്കൊ. 1:38, 46-49; 17:10; സദൃ. 11:2)

 • മത്തായി 1:18-25 വായിക്കുക.

  യേശുവിന്‌ ഇമ്മാനൂവേല്‍ എന്ന വ്യക്തിപരമായ നാമം നല്‍കപ്പെട്ടില്ലെങ്കിലും ഒരു മനുഷ്യന്‍ എന്ന നിലയില്‍ അവന്‍ നിര്‍വഹിച്ച ധര്‍മം ആ പേരിന്‍റെ അര്‍ഥത്തിനു ചേര്‍ച്ചയില്‍ ആയിരിക്കുന്നത്‌ എങ്ങനെ? (മത്താ. 1:22, 23; യോഹ. 14:8-10; എബ്രാ. 1:1-3)