വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 101: യേശു കൊല്ലപ്പെടുന്നു

കഥ 101: യേശു കൊല്ലപ്പെടുന്നു

ഇവിടെ എന്താണു സംഭവിക്കുന്നത്‌ എന്നു കണ്ടോ? യേശു കൊല്ലപ്പെടുകയാണ്‌. അവര്‍ അവനെ ഒരു സ്‌തംഭത്തില്‍ തറച്ചിരിക്കുന്നു. അവന്‍റെ കൈകളിലും പാദങ്ങളിലും ആണികള്‍ അടിച്ചുകയറ്റിയിട്ടുണ്ട്. യേശുവിനോട്‌ എന്തിനാണ്‌ ഇത്രയും ഭയങ്കരമായ ഒരു കാര്യം ചെയ്യുന്നത്‌?

യേശു മരിക്കുന്നു

ചിലര്‍ യേശുവിനെ വെറുക്കുന്നു എന്നുള്ളതാണ്‌ അതിന്‍റെ കാരണം. അവര്‍ ആരാണെന്ന് അറിയാമോ? അവരില്‍ ഒരാള്‍ ദുഷ്ട ദൂതനായ പിശാചായ സാത്താനാണ്‌. യഹോവയോട്‌ അനുസരണക്കേടു കാണിക്കാന്‍ ആദാമിനെയും ഹവ്വായെയും പ്രേരിപ്പിച്ചത്‌ അവനാണ്‌. ഈ ഭയങ്കര കുറ്റകൃത്യം ചെയ്യാന്‍ യേശുവിന്‍റെ ശത്രുക്കളെ പ്രേരിപ്പിച്ചതും സാത്താനാണ്‌.

യേശുവിനെ ഇവിടെ സ്‌തംഭത്തില്‍ തറയ്‌ക്കുന്നതിനു മുമ്പുതന്നെ അവന്‍റെ ശത്രുക്കള്‍ അവനോടു ക്രൂരമായ പല കാര്യങ്ങളും ചെയ്യുന്നു. അവര്‍ ഗെത്ത്‌ശെമന തോട്ടത്തില്‍വന്ന് അവനെ പിടിച്ചുകൊണ്ടുപോയത്‌ എങ്ങനെയായിരുന്നെന്ന് ഓര്‍ക്കുന്നില്ലേ? ആ ശത്രുക്കള്‍ ആരായിരുന്നു? അതേ, അവര്‍ മതനേതാക്കന്മാരായിരുന്നു. അടുത്തതായി എന്തു സംഭവിക്കുന്നുവെന്നു നമുക്കു നോക്കാം.

മതനേതാക്കന്മാര്‍ യേശുവിനെ പിടികൂടുമ്പോള്‍ അവന്‍റെ അപ്പൊസ്‌തലന്മാര്‍ ഓടിപ്പോകുന്നു. അവര്‍ ശത്രുക്കളോടൊപ്പം യേശുവിനെ ഒറ്റയ്‌ക്കു വിട്ടിട്ടു പോകുന്നു, കാരണം അവര്‍ക്കു പേടിയാണ്‌. എന്നാല്‍ അപ്പൊസ്‌തലന്മാരായ പത്രൊസും യോഹന്നാനും ഏറെ ദൂരം പോകുന്നില്ല. യേശുവിന്‌ എന്തു സംഭവിക്കുന്നുവെന്നു കാണാന്‍ അവര്‍ പിന്നാലെ ചെല്ലുന്നു.

പുരോഹിതന്മാര്‍ ആദ്യം യേശുവിനെ, മുമ്പ് മഹാപുരോഹിതനായിരുന്ന വൃദ്ധനായ ഹന്നാവിന്‍റെ അടുക്കലേക്കാണു കൊണ്ടുപോകുന്നത്‌. ജനക്കൂട്ടം ഇവിടെ അധികസമയം തങ്ങുന്നില്ല. അവര്‍ അടുത്തതായി ഇപ്പോള്‍ മഹാപുരോഹിതനായിരിക്കുന്ന കയ്യാഫാവിന്‍റെ വീട്ടിലേക്കു യേശുവിനെ കൊണ്ടുപോകുന്നു. അനേകം മതനേതാക്കന്മാര്‍ അവിടെ കൂടിയിട്ടുണ്ട്.

ഇവിടെ കയ്യഫാവിന്‍റെ വീട്ടില്‍വെച്ച് അവര്‍ ഒരു വിസ്‌താരം നടത്തുന്നു. യേശുവിനെക്കുറിച്ചു കള്ളം പറയുന്നതിന്‌ ആളുകളെ കൊണ്ടുവരുന്നു. ‘യേശുവിനെ കൊല്ലണം’ എന്ന് മതനേതാക്കന്മാര്‍ എല്ലാവരും പറയുന്നു. പിന്നെ അവര്‍ അവന്‍റെ മുഖത്തു തുപ്പുകയും അവനെ കൈ ചുരുട്ടി ഇടിക്കുകയും ചെയ്യുന്നു.

ഇതെല്ലാം സംഭവിക്കുമ്പോള്‍ പത്രൊസ്‌ പുറത്ത്‌ മുറ്റത്ത്‌ ഇരിക്കുകയാണ്‌. അത്‌ തണുപ്പുള്ള ഒരു രാത്രിയാണ്‌, അതുകൊണ്ട് ആളുകള്‍ തീ കൂട്ടുന്നു. അവര്‍ അതിനു ചുറ്റും തീ കാഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു വേലക്കാരത്തി പത്രൊസിനെ നോക്കി, ‘ഈ മനുഷ്യനും യേശുവിന്‍റെ കൂടെ ഉണ്ടായിരുന്നു’ എന്നു പറയുന്നു.

‘ഇല്ല, ഞാന്‍ ഇല്ലായിരുന്നു!’ എന്നു പത്രൊസ്‌ ഉത്തരം പറയുന്നു.

പത്രൊസ്‌ യേശുവിന്‍റെ കൂടെ ഉണ്ടായിരുന്നെന്ന് ആളുകള്‍ മൂന്നു പ്രാവശ്യം അവനോടു പറയുന്നു. എന്നാല്‍ അതു ശരിയല്ല എന്ന് ഓരോ പ്രാവശ്യവും പത്രൊസ്‌ പറയുന്നു. പത്രൊസ്‌ മൂന്നാം പ്രാവശ്യം ഇതു പറയുമ്പോള്‍ യേശു തിരിഞ്ഞ് അവനെ നോക്കുന്നു. നുണ പറഞ്ഞതില്‍ പത്രൊസിന്‌ വളരെ വിഷമം തോന്നുന്നു, അവന്‍ മാറിപ്പോയിരുന്നു കരയുന്നു.

വെള്ളിയാഴ്‌ച രാവിലെ സൂര്യന്‍ ഉദിച്ചു തുടങ്ങുമ്പോള്‍ പുരോഹിതന്മാര്‍ യേശുവിനെ അവരുടെ വലിയ യോഗസ്ഥലമായ സന്‍ഹെദ്രിം ഹാളിലേക്കു കൊണ്ടുപോകുന്നു. യേശുവിനെ എന്തു ചെയ്യണം എന്നതിനെക്കുറിച്ച് അവര്‍ ഇവിടെവെച്ച് കൂടിയാലോചിക്കുന്നു. അവര്‍ അവനെ യെഹൂദ്യ ഡിസ്‌ട്രിക്‌റ്റിന്‍റെ ഭരണാധിപനായ പൊന്തിയൊസ്‌ പീലാത്തൊസിന്‍റെ അടുക്കല്‍ കൊണ്ടുപോകുന്നു.

‘ഇവന്‍ ഒരു ദുഷ്ടനാണ്‌. ഇവനെ കൊല്ലേണ്ടതാണ്‌’ എന്ന് പുരോഹിതന്മാര്‍ പീലാത്തൊസിനോടു പറയുന്നു. യേശുവിനോടു ചോദ്യങ്ങള്‍ ചോദിച്ചശേഷം പീലാത്തൊസ്‌ പറയുന്നു: ‘അവന്‍ എന്തെങ്കിലും തെറ്റു ചെയ്‌തിട്ടുള്ളതായി ഞാന്‍ കാണുന്നില്ല.’ തുടര്‍ന്ന് പീലാത്തൊസ്‌ യേശുവിനെ ഹെരോദാവ്‌ അന്തിപ്പാസിന്‍റെ അടുക്കലേക്ക് അയയ്‌ക്കുന്നു. ഗലീലയുടെ ഭരണാധിപനാണ്‌ ഹെരോദാവ്‌, എന്നാല്‍ അയാള്‍ യെരൂശലേമിലാണു പാര്‍ക്കുന്നത്‌. യേശു എന്തെങ്കിലും തെറ്റു ചെയ്‌തിട്ടുള്ളതായി ഹെരോദാവിനും കാണാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് അയാള്‍ അവനെ പീലാത്തൊസിന്‍റെ അടുക്കലേക്കുതന്നെ തിരിച്ചയയ്‌ക്കുന്നു.

പീലാത്തൊസ്‌ യേശുവിനെ വിട്ടയയ്‌ക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ യേശുവിന്‍റെ ശത്രുക്കള്‍ അവനു പകരം മറ്റൊരു തടവുകാരനെ വിട്ടുകിട്ടാന്‍ ആഗ്രഹിക്കുന്നു. ഈ മനുഷ്യന്‍ ബറബ്ബാസ്‌ എന്ന കള്ളനാണ്‌. പീലാത്തൊസ്‌ യേശുവിനെ വെളിയില്‍ കൊണ്ടുവരുമ്പോള്‍ ഏതാണ്ട് ഉച്ചയായിരിക്കുന്നു. അവന്‍ ജനങ്ങളോട്‌ ഇങ്ങനെ പറയുന്നു: ‘ഇതാ! നിങ്ങളുടെ രാജാവ്‌!’ എന്നാല്‍ മുഖ്യപുരോഹിതന്മാരോ ‘അവനെ കൊണ്ടുപോകുക! അവനെ കൊന്നുകളയുക! അവനെ കൊന്നുകളയുക!’ എന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്നു. അതുകൊണ്ട് പീലാത്തൊസ്‌ ബറബ്ബാസിനെ വിട്ടയയ്‌ക്കുന്നു, അവര്‍ യേശുവിനെ കൊല്ലാനായി കൊണ്ടുപോകുകയും ചെയ്യുന്നു.

വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞ് അവര്‍ യേശുവിനെ ഒരു സ്‌തംഭത്തില്‍ തറയ്‌ക്കുന്നു. ഈ ചിത്രത്തില്‍ കാണാന്‍ കഴിയില്ലെങ്കിലും യേശുവിന്‍റെ ഓരോ വശത്തുമായി രണ്ടു കുറ്റവാളികളെയും ഓരോ സ്‌തംഭത്തില്‍ തറച്ചിട്ടുണ്ട്. യേശു മരിക്കുന്നതിന്‌ അല്‍പ്പംമുമ്പ് ആ കുറ്റവാളികളില്‍ ഒരുവന്‍ അവനോട്‌ ‘നീ രാജാവായി തീരുമ്പോള്‍ എന്നെ ഓര്‍ക്കേണമേ’ എന്നു പറയുന്നു. യേശു ഉത്തരമായി: ‘നീ എന്നോടുകൂടെ പറുദീസയില്‍ ഉണ്ടായിരിക്കുമെന്ന് ഞാന്‍ നിന്നോടു വാഗ്‌ദാനം ചെയ്യുന്നു’ എന്നു പറയുന്നു.

അത്‌ അത്ഭുതകരമായ ഒരു വാഗ്‌ദാനമല്ലേ? യേശു ഏതു പറുദീസയെക്കുറിച്ചായിരിക്കും സംസാരിക്കുന്നത്‌? ദൈവം ആദ്യം ഉണ്ടാക്കിയ പറുദീസ എവിടെയായിരുന്നു? അതേ, അത്‌ ഈ ഭൂമിയിലായിരുന്നു. യേശു സ്വര്‍ഗത്തില്‍ രാജാവായി ഭരിക്കുമ്പോള്‍ അവന്‍ ഈ മനുഷ്യനെ ഭൂമിയിലെ പുതിയ പറുദീസ ആസ്വദിക്കാനായി വീണ്ടും ജീവിപ്പിക്കും. അതു നമുക്ക് സന്തോഷം തരുന്ന കാര്യമല്ലേ?

മത്തായി 26:57-75; 27:1-50; ലൂക്കൊസ്‌ 22:54-71; 23:1-49; യോഹന്നാന്‍ 18:12-40; 19:1-30.ചോദ്യങ്ങള്‍

 • യേശുവിന്‍റെ മരണത്തിനുള്ള മുഖ്യ ഉത്തരവാദി ആരാണ്‌?
 • മതനേതാക്കന്മാര്‍ യേശുവിനെ പിടിച്ചുകൊണ്ടു പോകുമ്പോള്‍ അപ്പൊസ്‌തലന്മാര്‍ എന്തു ചെയ്യുന്നു?
 • മഹാപുരോഹിതനായ കയ്യാഫാവിന്‍റെ വീട്ടില്‍വെച്ച് എന്തു നടക്കുന്നു?
 • പത്രൊസ്‌ മാറിപ്പോയിരുന്നു കരയുന്നത്‌ എന്തുകൊണ്ട്?
 • യേശുവിനെ പീലാത്തൊസിന്‍റെ അടുക്കലേക്കു തിരികെ കൊണ്ടുവരുമ്പോള്‍ മുഖ്യപുരോഹിതന്മാര്‍ എന്താണു വിളിച്ചുപറയുന്നത്‌?
 • വെള്ളിയാഴ്‌ച ഉച്ചതിരിയുമ്പോള്‍ യേശുവിന്‌ എന്തു സംഭവിക്കുന്നു, അവന്‍റെ അരികിലുള്ള ഒരു സ്‌തംഭത്തില്‍ കിടക്കുന്ന ദുഷ്‌പ്രവൃത്തിക്കാരനോട്‌ യേശു എന്തു വാഗ്‌ദാനം ചെയ്യുന്നു?
 • യേശു പറഞ്ഞ പറുദീസ എവിടെയായിരിക്കും സ്ഥിതിചെയ്യുക?

കൂടുതലായ ചോദ്യങ്ങള്‍

 • മത്തായി 26:57-75 വായിക്കുക.

  തങ്ങളുടെ ഹൃദയം ദുഷ്ടമാണെന്ന് യഹൂദന്മാരുടെ പരമോന്നത ന്യായാധിപ സംഘത്തിലെ അംഗങ്ങള്‍ പ്രകടമാക്കിയത്‌ എങ്ങനെ? (മത്താ. 26:59, 67, 68)

 • മത്തായി 27:1-50 വായിക്കുക.

  യൂദായ്‌ക്കു തോന്നിയ അനുതാപം യഥാര്‍ഥത്തിലുള്ളത്‌ അല്ലായിരുന്നുവെന്നു പറയാന്‍ കഴിയുന്നത്‌ എന്തുകൊണ്ട്? (മത്താ. 27:3, 4; മര്‍ക്കൊ. 3:29; 14:21; 2 കൊരി. 7:10, 11)

 • ലൂക്കൊസ്‌ 22:54-71 വായിക്കുക.

  യേശുവിനെ ഒറ്റിക്കൊടുക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്‌ത രാത്രിയില്‍ പത്രൊസ്‌ യേശുവിനെ തള്ളിപ്പറഞ്ഞതില്‍നിന്ന് നമുക്ക് എന്തു പാഠം പഠിക്കാന്‍ കഴിയും? (ലൂക്കൊ. 22:60-62; മത്താ. 26:31-35; 1 കൊരി. 10:12)

 • ലൂക്കൊസ്‌ 23:1-49 വായിക്കുക.

  ആളുകള്‍ തന്നോട്‌ അനീതി കാണിച്ചപ്പോള്‍ യേശു എങ്ങനെയാണു പ്രതികരിച്ചത്‌, നമുക്ക് ഇതില്‍നിന്ന് എന്തു പാഠം പഠിക്കാന്‍ കഴിയും? (ലൂക്കൊ. 23:33, 34; റോമ. 12:17-19; 1 പത്രൊ. 2:23)

 • യോഹന്നാന്‍ 18:12-40 വായിക്കുക.

  പത്രൊസ്‌ അല്‍പ്പനേരത്തേക്ക് മാനുഷഭയത്തിനു കീഴ്‌പെട്ടുപോയെങ്കിലും അവന്‍ അതിനെ തരണംചെയ്‌ത്‌ ഒരു മികച്ച അപ്പൊസ്‌തലനായിത്തീര്‍ന്നുവെന്ന വസ്‌തുത എന്തു പ്രകടമാക്കുന്നു? (യോഹ. 18:25-27; 1 കൊരി. 4:2; 1 പത്രൊ. 3:14, 15; 5:8, 9)

 • യോഹന്നാന്‍ 19:1-30 വായിക്കുക.

  യേശുവിന്‌ ഭൗതിക വസ്‌തുക്കള്‍ സംബന്ധിച്ച് സമനിലയോടുകൂടിയ എന്തു വീക്ഷണം ഉണ്ടായിരുന്നു? (യോഹ. 2:1, 2, 9, 10; 19:23, 24; മത്താ. 6:31, 32; 8:20)

  മരിക്കുന്നതിനു തൊട്ടുമുമ്പത്തെ യേശുവിന്‍റെ വാക്കുകള്‍, അവന്‍ യഹോവയുടെ പരമാധികാരം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വിജയിച്ചു എന്നു സൂചിപ്പിക്കുന്ന ഒരു പ്രഖ്യാപനം ആയിരുന്നത്‌ എങ്ങനെ? (യോഹ. 16:33; 19:30; 2 പത്രൊ. 3:14; 1 യോഹ. 5:4)