മാളികമുറിയില്‍നിന്ന് ഇറങ്ങി യേശുവും അപ്പൊസ്‌തലന്മാരും ഗെത്ത്‌ശെമന തോട്ടത്തിലേക്കു പോകുന്നു. അവര്‍ ഇവിടെ മുമ്പ് പല പ്രാവശ്യം വന്നിട്ടുണ്ട്. യേശു ഇപ്പോള്‍ അവരോട്‌ ഉണര്‍ന്നിരിക്കാനും പ്രാര്‍ഥിക്കാനും പറയുന്നു. എന്നിട്ട് അവന്‍ അല്‍പ്പം അകലെ പോയി കവിണ്ണുവീണു പ്രാര്‍ഥിക്കുന്നു.

പിന്നീട്‌ യേശു തന്‍റെ അപ്പൊസ്‌തലന്മാര്‍ ഇരിക്കുന്നിടത്തേക്കു തിരിച്ചു വരുന്നു. അപ്പോള്‍ അവര്‍ എന്തു ചെയ്യുന്നതാണ്‌ അവന്‍ കാണുന്നത്‌? അവര്‍ ഉറക്കമാണ്‌! ഉണര്‍ന്നിരിക്കണമെന്ന് യേശു മൂന്നു പ്രാവശ്യം അവരോടു പറയുന്നു, പക്ഷേ ഓരോ പ്രാവശ്യം മടങ്ങിവരുമ്പോഴും അവര്‍ ഉറങ്ങുന്നതായി അവന്‍ കാണുന്നു. ‘ഇങ്ങനെയുള്ള ഒരു സമയത്ത്‌ നിങ്ങള്‍ക്ക് എങ്ങനെ ഉറങ്ങാന്‍ കഴിയും?’ എന്ന് അവസാനത്തെ പ്രാവശ്യം തിരിച്ചുവരുമ്പോള്‍ യേശു ചോദിക്കുന്നു. ‘ഞാന്‍ എന്‍റെ ശത്രുക്കളുടെ കയ്യില്‍ ഏല്‍പ്പിക്കപ്പെടാനുള്ള സമയം വന്നിരിക്കുന്നു.’

ഇതു പറഞ്ഞു തീര്‍ന്നില്ല, അതിനു മുമ്പേ വലിയൊരു ജനക്കൂട്ടത്തിന്‍റെ ശബ്ദം കേള്‍ക്കാനാകുന്നു. നോക്കൂ! ആളുകള്‍ വാളുകളും വടികളുമായി വരികയാണ്‌! അവര്‍ വെളിച്ചത്തിനായി പന്തങ്ങളും പിടിച്ചിട്ടുണ്ട്. അവര്‍ അടുത്തുവരുമ്പോള്‍ ആരോ ഒരാള്‍ ജനക്കൂട്ടത്തിന്‍റെ ഇടയില്‍നിന്ന് യേശുവിന്‍റെ അടുക്കലേക്കു വരുന്നു. ഇവിടെ കാണാന്‍ കഴിയുന്നതുപോലെ അവന്‍ വന്ന് യേശുവിനെ ചുംബിക്കുന്നു. ആ മനുഷ്യന്‍ യൂദാ ഈസ്‌കര്യോത്താ ആണ്‌! അവന്‍ യേശുവിനെ ചുംബിക്കുന്നത്‌ എന്തിനാണ്‌?

യൂദാ യേശുവിനെ ഒറ്റിക്കൊടുക്കുന്നു

യേശു ചോദിക്കുന്നു: ‘യൂദായേ, നീ ചുംബനംകൊണ്ട് എന്നെ ഒറ്റിക്കൊടുക്കുകയാണോ?’ അതേ, ആ ചുംബനം ഒരു അടയാളമാണ്‌. ഇതാണ്‌ തങ്ങള്‍ അന്വേഷിക്കുന്ന മനുഷ്യനായ യേശു എന്ന് യൂദായുടെ കൂടെയുള്ള ആളുകളെ അറിയിക്കാനാണ്‌ അത്‌. അതുകൊണ്ട് യേശുവിന്‍റെ ശത്രുക്കള്‍ അവനെ പിടികൂടാനായി മുമ്പോട്ടു വരുന്നു. എന്നാല്‍ യേശുവിനെ അങ്ങനെയങ്ങു വിട്ടുകൊടുക്കാന്‍ പത്രൊസ്‌ തയ്യാറല്ല. അവന്‍ തന്‍റെ വാള്‍ ഊരി അടുത്തു നില്‍ക്കുന്ന മനുഷ്യനെ വെട്ടുന്നു. ആ വാള്‍ ആ മനുഷ്യന്‍റെ തലയില്‍ കൊള്ളുന്നില്ല, പക്ഷേ അയാളുടെ വലത്തെ ചെവി വെട്ടിവീഴ്‌ത്തുന്നു. എന്നാല്‍ യേശു ആ മനുഷ്യന്‍റെ ചെവി തൊട്ട് അയാളെ സുഖപ്പെടുത്തുന്നു.

യേശു പത്രൊസിനോട്‌ പറയുന്നു: ‘നിന്‍റെ വാള്‍ അതിന്‍റെ സ്ഥലത്ത്‌ തിരിച്ചുവെക്കുക. എനിക്കു വേണമെങ്കില്‍ എന്‍റെ പിതാവിനോട്‌ എന്നെ രക്ഷിക്കുന്നതിന്‌ ആയിരക്കണക്കിനു ദൂതന്മാരെ അയയ്‌ക്കാന്‍ അപേക്ഷിക്കാന്‍ കഴിയുമെന്നു നീ വിചാരിക്കുന്നില്ലേ?’ അതേ, അവന്‌ അതു ചെയ്യാന്‍ കഴിയും! എങ്കിലും യേശു ദൂതന്മാരെ അയയ്‌ക്കാന്‍ ദൈവത്തോട്‌ അപേക്ഷിക്കുന്നില്ല, എന്തുകൊണ്ടെന്നാല്‍ തന്നെ ശത്രുക്കള്‍ പിടിക്കാനുള്ള സമയം വന്നിരിക്കുന്നെന്ന് അവനറിയാം. അതുകൊണ്ട് തന്നെ പിടിച്ചുകൊണ്ടുപോകാന്‍ അവന്‍ അവരെ അനുവദിക്കുന്നു. യേശുവിന്‌ ഇപ്പോള്‍ എന്തു സംഭവിക്കുന്നെന്ന് നമുക്കു നോക്കാം.

മത്തായി 26:36-56; ലൂക്കൊസ്‌ 22:39-53; യോഹന്നാന്‍ 18:1-12.ചോദ്യങ്ങള്‍

 • യേശുവും അപ്പൊസ്‌തലന്മാരും മാളികമുറിയില്‍നിന്ന് ഇറങ്ങി എവിടേക്കാണു പോകുന്നത്‌, യേശു അവരോട്‌ എന്തു ചെയ്യാന്‍ പറയുന്നു?
 • അപ്പൊസ്‌തലന്മാര്‍ ഇരിക്കുന്നിടത്തേക്കു തിരിച്ചുവരുമ്പോള്‍ യേശു എന്താണു കാണുന്നത്‌, ഇത്‌ എത്ര തവണ സംഭവിക്കുന്നു?
 • ആരാണ്‌ തോട്ടത്തിലേക്കു വരുന്നത്‌, യൂദാ ഈസ്‌കര്യോത്താ എന്തു ചെയ്യുന്നതായാണു ചിത്രത്തില്‍ കാണുന്നത്‌?
 • യൂദാ യേശുവിനെ ചുംബിക്കുന്നത്‌ എന്തിനാണ്‌, പത്രൊസ്‌ എന്തു ചെയ്യുന്നു?
 • പത്രൊസിനോട്‌ യേശു എന്തു പറയുന്നു, എന്നാല്‍ ദൂതന്മാരെ അയയ്‌ക്കാന്‍ യേശു ദൈവത്തോട്‌ അപേക്ഷിക്കാത്തത്‌ എന്തുകൊണ്ടാണ്‌?

കൂടുതലായ ചോദ്യങ്ങള്‍

 • മത്തായി 26:36-56 വായിക്കുക.

  യേശു ശിഷ്യന്മാര്‍ക്കു ബുദ്ധിയുപദേശം നല്‍കിയ വിധം ഇന്നു ക്രിസ്‌തീയ മൂപ്പന്മാര്‍ക്ക് ഒരു നല്ല മാതൃക ആയിരിക്കുന്നത്‌ എങ്ങനെ? (മത്താ. 20:25-28; 26:40, 41; ഗലാ. 5:17; എഫെ. 4:29, 31, 32)

  സഹമനുഷ്യനെതിരെ ഒരുവന്‍ ജഡിക ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനെ യേശു എങ്ങനെ വീക്ഷിച്ചു? (മത്താ. 26:52; ലൂക്കൊ. 6:27, 28; യോഹ. 18:36)

 • ലൂക്കൊസ്‌ 22:39-53 വായിക്കുക.

  ഗെത്ത്‌ശെമന തോട്ടത്തില്‍വെച്ച് യേശുവിനെ ശക്തിപ്പെടുത്താന്‍ ഒരു ദൂതന്‍ പ്രത്യക്ഷപ്പെട്ടത്‌ യേശുവിന്‍റെ വിശ്വാസത്തിന്‌ ഇളക്കം തട്ടിയെന്ന് സൂചിപ്പിച്ചോ? വിശദീകരിക്കുക. (ലൂക്കൊ. 22:41-43; യെശ. 49:8; മത്താ. 4:10, 11; എബ്രാ. 5:7)

 • യോഹന്നാന്‍ 18:1-12 വായിക്കുക.

  യേശു എങ്ങനെയാണ്‌ തന്‍റെ ശിഷ്യന്മാരെ എതിരാളികളില്‍നിന്നു സംരക്ഷിച്ചത്‌, ഈ മാതൃകയില്‍നിന്ന് നമുക്ക് എന്തു പഠിക്കാന്‍ കഴിയും? (യോഹ. 10:11, 12; 18:1, 6-9; എബ്രാ. 13:6; യാക്കോ. 2:25)