വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 83: യെരൂശലേമിന്‍റെ മതിലുകള്‍

കഥ 83: യെരൂശലേമിന്‍റെ മതിലുകള്‍
യെരൂശലേം മതില്‍ പുതുക്കിപ്പണിയുന്നവര്‍

ഇവിടെ നടക്കുന്ന പണി കണ്ടോ? ഇസ്രായേല്യര്‍ യെരൂശലേമിന്‍റെ മതിലുകള്‍ പണിയുന്നതില്‍ തിരക്കോടെ ഏര്‍പ്പെട്ടിരിക്കുകയാണ്‌. 152 വര്‍ഷം മുമ്പ് നെബൂഖദ്‌നേസര്‍ രാജാവ്‌ യെരൂശലേം നശിപ്പിച്ചപ്പോള്‍ അവന്‍ മതിലുകള്‍ ഇടിച്ചുകളയുകയും പട്ടണത്തിന്‍റെ വാതിലുകള്‍ കത്തിക്കുകയും ചെയ്‌തിരുന്നു. ബാബിലോണില്‍നിന്നു മടങ്ങിവന്ന ഉടനെ ഇസ്രായേല്യര്‍ മതിലുകള്‍ വീണ്ടും പണിതുയര്‍ത്തിയില്ല.

ചുറ്റും മതിലുകള്‍ ഇല്ലാതെ അവര്‍ ഇത്രയും വര്‍ഷം ജീവിച്ചതിനെക്കുറിച്ച് ഒന്ന് ഓര്‍ത്തുനോക്കൂ. എപ്പോള്‍ വേണമെങ്കിലും ആപത്ത്‌ വരാം എന്ന പേടിയായിരുന്നിരിക്കണം അവര്‍ക്ക് എപ്പോഴും. ശത്രുക്കള്‍ക്ക് എളുപ്പത്തില്‍ അവിടേക്കുവന്ന് അവരെ ആക്രമിക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നെഹെമ്യാവ്‌ എന്നു പേരുള്ള ഈ മനുഷ്യന്‍ മതിലുകള്‍ പുതുക്കിപ്പണിയാന്‍ അവരെ സഹായിക്കുകയാണ്‌. നെഹെമ്യാവ്‌ ആരാണെന്ന് അറിയാമോ?

മൊര്‍ദ്ദെഖായിയും എസ്ഥേറും ജീവിക്കുന്ന പട്ടണമായ ശൂശെനില്‍നിന്നുള്ള ഒരു ഇസ്രായേല്യനാണ്‌ നെഹെമ്യാവ്‌. അവനു രാജാവിന്‍റെ കൊട്ടാരത്തിലായിരുന്നു ജോലി. അതുകൊണ്ട് അവന്‍ മൊര്‍ദ്ദെഖായിയുടെയും എസ്ഥേര്‍ രാജ്ഞിയുടെയും ചങ്ങാതി ആയിരുന്നിരിക്കാം. എന്നാല്‍ അവന്‍ എസ്ഥേറിന്‍റെ ഭര്‍ത്താവായിരുന്ന അഹശ്വേരോശിനെ സേവിച്ചിരുന്നതായി ബൈബിള്‍ പറയുന്നില്ല. അടുത്ത രാജാവായ അര്‍ത്ഥഹ്‌ശഷ്ടാവിന്‍റെ ജോലിക്കാരനായിരുന്നു അവന്‍.

യഹോവയുടെ ആലയത്തിന്‍റെ അറ്റകുറ്റപ്പണിക്ക് ആവശ്യമായ പണം എസ്രായ്‌ക്കു നല്‍കിയ നല്ല രാജാവാണ്‌ അര്‍ത്ഥഹ്‌ശഷ്ടാവ്‌ എന്നോര്‍ക്കുക. പക്ഷേ എസ്രാ യെരൂശലേമിന്‍റെ തകര്‍ന്ന മതിലുകള്‍ പണിതില്ലായിരുന്നു. നെഹെമ്യാവ്‌ ഈ വേല ചെയ്യാനിടയായത്‌ എങ്ങനെയാണെന്നു നമുക്കു നോക്കാം.

ആലയത്തിന്‍റെ അറ്റകുറ്റപ്പണിക്ക് ആവശ്യമായ പണം നല്‍കി അര്‍ത്ഥഹ്‌ശഷ്ടാവ്‌ എസ്രായെ പറഞ്ഞയച്ച് 13 വര്‍ഷം കഴിഞ്ഞാണ്‌ ഇതു സംഭവിക്കുന്നത്‌. ഇപ്പോള്‍ നെഹെമ്യാവ്‌ അര്‍ത്ഥഹ്‌ശഷ്ടാവ്‌ രാജാവിന്‍റെ പ്രധാന പാനപാത്രവാഹകനാണ്‌. അതായത്‌ അവന്‍ രാജാവിനു വീഞ്ഞ് ഒഴിച്ചു കൊടുക്കുകയും അതില്‍ വിഷം കലര്‍ന്നിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമായിരുന്നു. അത്‌ വളരെ പ്രധാനപ്പെട്ട ഒരു ജോലിയാണ്‌.

ഒരിക്കല്‍ നെഹെമ്യാവിന്‍റെ സഹോദരനായ ഹനാനിയും ഇസ്രായേലില്‍നിന്നുള്ള മറ്റുചിലരും അവനെ സന്ദര്‍ശിക്കുന്നു. ഇസ്രായേല്യരുടെ പല പ്രശ്‌നങ്ങളെക്കുറിച്ചും അവര്‍ അവനോടു പറയുന്നു. യെരൂശലേമിന്‍റെ മതിലുകള്‍ ഇപ്പോഴും തകര്‍ന്നുതന്നെ കിടക്കുകയാണെന്ന കാര്യവും അവര്‍ അവനെ അറിയിക്കുന്നു. ഇതു കേള്‍ക്കുമ്പോള്‍ നെഹെമ്യാവിനു വളരെ സങ്കടമാകുന്നു. അവന്‍ അതു സംബന്ധിച്ച് യഹോവയോടു പ്രാര്‍ഥിക്കുന്നു.

ഒരു ദിവസം, നെഹെമ്യാവ്‌ സങ്കടപ്പെട്ടിരിക്കുന്നതു കണ്ട രാജാവ്‌ അവനോടു ചോദിക്കുന്നു: ‘നീ ഇത്ര ദുഃഖിച്ചിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?’ യെരൂശലേമിന്‍റെയും അതിന്‍റെ മതിലുകളുടെയും മോശമായ സ്ഥിതി ഓര്‍ത്തിട്ടാണെന്ന് അവന്‍ പറയുന്നു. ‘നിനക്ക് എന്താണു വേണ്ടത്‌?’ രാജാവു ചോദിക്കുന്നു.

നെഹെമ്യാവ് പണിക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നു

‘മതിലുകള്‍ പുതുക്കിപ്പണിയാന്‍ കഴിയേണ്ടതിന്‌ യെരൂശലേമിലേക്കു പോകാന്‍ എന്നെ അനുവദിച്ചാലും,’ അവന്‍ പറയുന്നു. അര്‍ത്ഥഹ്‌ശഷ്ടാവ്‌ രാജാവ്‌ വളരെ ദയാലുവാണ്‌. അവന്‍ നെഹെമ്യാവിനു പോകാന്‍ അനുവാദം നല്‍കുന്നു, മാത്രമല്ല ചില കെട്ടിടങ്ങള്‍ പണിയുന്നതിന്‌ ആവശ്യമായ തടി ലഭിക്കാന്‍ വേണ്ട ഏര്‍പ്പാടുകളും ചെയ്യുന്നു. യെരൂശലേമിലേക്കു വന്ന ഉടനെ നെഹെമ്യാവ്‌ തന്‍റെ വരവിന്‍റെ ഉദ്ദേശ്യം ജനത്തോടു പറയുന്നു. അപ്പോള്‍ അവര്‍ സന്തോഷത്തോടെ പറയുന്നു, ‘വരൂ, നമുക്കു പണി തുടങ്ങാം.’

മതിലിന്‍റെ പണി പുരോഗമിക്കുന്നതു കാണുമ്പോള്‍ ഇസ്രായേല്യരുടെ ശത്രുക്കള്‍ ഇങ്ങനെ പറയുന്നു: ‘നമുക്കു ചെന്ന് അവരെ കൊന്ന് പണി തടയാം.’ എന്നാല്‍ ഇതേപ്പറ്റി കേള്‍ക്കുന്ന നെഹെമ്യാവ്‌ പണിക്കാര്‍ക്ക് വാളും കുന്തവും നല്‍കുന്നു. അവന്‍ പറയുന്നു, ‘നിങ്ങള്‍ ശത്രുക്കളെ പേടിക്കാതിരിക്കുക. നിങ്ങളുടെ സഹോദരന്മാര്‍ക്കും മക്കള്‍ക്കും ഭാര്യമാര്‍ക്കും നിങ്ങളുടെ വീടുകള്‍ക്കും വേണ്ടി പൊരുതുക.’

ആളുകള്‍ക്കു നല്ല ധൈര്യമാണ്‌. രാത്രിയും പകലും ജോലി ചെയ്യുമ്പോഴെല്ലാം, ആവശ്യം വന്നാല്‍ ഉപയോഗിക്കാനായി അവര്‍ ആയുധങ്ങള്‍ കൂടെത്തന്നെ വെക്കുന്നു. അങ്ങനെ വെറും 52 ദിവസത്തിനുള്ളില്‍ മതിലിന്‍റെ പണി പൂര്‍ത്തിയാകുന്നു. ഇപ്പോള്‍ ആളുകള്‍ക്കു പേടികൂടാതെ പാര്‍ക്കാന്‍ കഴിയും. നെഹെമ്യാവും എസ്രായും ജനത്തെ ദൈവത്തിന്‍റെ ന്യായപ്രമാണ നിയമങ്ങള്‍ പഠിപ്പിക്കുന്നു. ജനം സന്തുഷ്ടരാകുന്നു.

എന്നാല്‍ ഇപ്പോഴും, ബാബിലോണിലേക്കു തടവുകാരായി പോകുന്നതിനു മുമ്പുള്ള അവസ്ഥയിലേക്കു കാര്യങ്ങള്‍ വന്നിട്ടില്ല. ഇപ്പോള്‍ ഇസ്രായേല്യരെ ഭരിക്കുന്നത്‌ പേര്‍ഷ്യന്‍ രാജാക്കന്മാരാണ്‌. ജനം അവരെ സേവിക്കേണ്ടതുണ്ട്. എന്നാല്‍ താന്‍ ഒരു പുതിയ രാജാവിനെ അയയ്‌ക്കുമെന്ന് യഹോവ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ആ രാജാവ്‌ ജനങ്ങള്‍ക്കു സമാധാനം വരുത്തും. ആരാണ്‌ ആ രാജാവ്‌? അവന്‍ ഭൂമിയില്‍ സമാധാനം കൊണ്ടുവരുന്നത്‌ എങ്ങനെയായിരിക്കും? ഇതിനെക്കുറിച്ച് കൂടുതലൊന്നും അറിയാതെ ഏകദേശം 450 വര്‍ഷം കടന്നുപോകുന്നു. അത്രയും വര്‍ഷം കഴിഞ്ഞപ്പോള്‍ വളരെ പ്രധാനപ്പെട്ട ഒരു സംഭവം നടക്കുന്നു, ഒരു ശിശു ജനിക്കുന്നു. വളരെ പ്രാധാന്യമുള്ള ആ ശിശുവിനെക്കുറിച്ച് നമുക്കു മറ്റൊരു കഥയില്‍ പഠിക്കാം.

നെഹെമ്യാവ്‌ 1 മുതല്‍ 6 വരെയുള്ള അധ്യായങ്ങള്‍.ചോദ്യങ്ങള്‍

 • ചുറ്റുമതിലില്ലാത്ത യെരൂശലേമില്‍ ജീവിക്കുന്നതു സംബന്ധിച്ച് ഇസ്രായേല്യര്‍ക്ക് എന്തു തോന്നി?
 • നെഹെമ്യാവ്‌ ആരാണ്‌?
 • നെഹെമ്യാവിന്‍റെ ജോലി എന്താണ്‌, അതു പ്രധാനപ്പെട്ട ഒന്നായിരിക്കുന്നത്‌ എന്തുകൊണ്ട്?
 • ഏതു വാര്‍ത്ത നെഹെമ്യാവിനെ ദുഃഖിതനാക്കുന്നു, അവന്‍ എന്താണു ചെയ്യുന്നത്‌?
 • അര്‍ത്ഥഹ്‌ശഷ്ടാവ്‌ രാജാവ്‌ നെഹെമ്യാവിനോടു ദയ കാട്ടുന്നത്‌ എങ്ങനെ?
 • ഇസ്രായേല്യരുടെ ശത്രുക്കള്‍ക്കു തടയാനാകാത്തവിധം നെഹെമ്യാവ്‌ ആലയനിര്‍മാണം ക്രമീകരിക്കുന്നത്‌ എങ്ങനെ?

കൂടുതലായ ചോദ്യങ്ങള്‍

 • നെഹെമ്യാവ്‌ 1:4-6; 2:1-20 വായിക്കുക.

  നെഹെമ്യാവ്‌ യഹോവയുടെ മാര്‍ഗനിര്‍ദേശം തേടുന്നത്‌ എങ്ങനെ? (നെഹെ. 2:4, 5; റോമ. 12:13; 1 പത്രൊ. 4:7)

 • നെഹെമ്യാവ്‌ 3:3-5 വായിക്കുക.

  തെക്കോവ്യരും അവരുടെ “ശ്രേഷ്‌ഠന്മാ”രും തമ്മിലുള്ള അന്തരത്തില്‍നിന്ന് മൂപ്പന്മാര്‍ക്കും ശുശ്രൂഷാദാസന്മാര്‍ക്കും എന്തു പഠിക്കാന്‍ കഴിയും? (നെഹെ. 3:5, 27; 2 തെസ്സ. 3:7-10; 1 പത്രൊ. 5:5)

 • നെഹെമ്യാവ്‌ 4:1-23 വായിക്കുക.

  കടുത്ത എതിര്‍പ്പുണ്ടായിരുന്നിട്ടും നിര്‍മാണവേല തുടരാന്‍ ഇസ്രായേല്യരെ പ്രചോദിപ്പിച്ചത്‌ എന്ത്? (നെഹെ. 4:6, 8, 9; സങ്കീ. 50:15; യെശ. 65:13, 14)

  ഇസ്രായേല്യര്‍ വെച്ച മാതൃക ഇന്നു നമുക്കു പ്രോത്സാഹനം പകരുന്നത്‌ എങ്ങനെ?

 • നെഹെമ്യാവ്‌ 6:15 വായിക്കുക.

  യെരൂശലേമിന്‍റെ മതിലുകളുടെ നിര്‍മാണം രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയായി എന്ന വസ്‌തുത, വിശ്വാസത്തിന്‍റെ ശക്തി സംബന്ധിച്ച് എന്തു പ്രകടമാക്കുന്നു? (സങ്കീ. 56:3, 4; മത്താ. 17:20, 21; 19:26)