വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 82: മൊര്‍ദ്ദെഖായിയും എസ്ഥേറും

കഥ 82: മൊര്‍ദ്ദെഖായിയും എസ്ഥേറും

എസ്രാ യെരൂശലേമിലേക്കു മടങ്ങുന്നതിനു കുറച്ചു വര്‍ഷം മുമ്പുള്ള ചരിത്രമാണ്‌ ഇത്‌. പേര്‍ഷ്യന്‍രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഇസ്രായേല്യരാണ്‌ മൊര്‍ദ്ദെഖായിയും എസ്ഥേറും. എസ്ഥേര്‍ രാജ്ഞിയാണ്‌, അവളുടെ പിതാവിന്‍റെ സഹോദര പുത്രനായ മൊര്‍ദ്ദെഖായി രാജാവു കഴിഞ്ഞാല്‍ ദേശത്ത്‌ ഏറ്റവുമധികം അധികാരമുള്ള ആളാണ്‌. അവര്‍ എങ്ങനെയാണ്‌ ഈ നിലയില്‍ എത്തിയതെന്നു നമുക്കു നോക്കാം.

എസ്ഥേര്‍ കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ അവളുടെ മാതാപിതാക്കള്‍ മരിച്ചുപോയി. മൊര്‍ദ്ദെഖായിയാണ്‌ പിന്നീട്‌ അവളെ വളര്‍ത്തിയത്‌. പേര്‍ഷ്യന്‍ രാജാവായ അഹശ്വേരോശിന്‌ ശൂശന്‍ പട്ടണത്തില്‍ ഒരു കൊട്ടാരമുണ്ടായിരുന്നു. അവിടത്തെ ഒരു ജോലിക്കാരനായിരുന്നു മൊര്‍ദ്ദെഖായി. ഒരിക്കല്‍, രാജ്ഞിയായിരുന്ന വസ്ഥി രാജാവിനെ അനുസരിക്കുന്നില്ല. അതുകൊണ്ട് രാജാവ്‌ പുതിയൊരു രാജ്ഞിയെ തിരഞ്ഞെടുക്കുന്നു. അത്‌ ആരായിരുന്നെന്നോ? സുന്ദരിയായ എസ്ഥേര്‍.

ഹാമാന് മൊര്‍ദ്ദെഖായിയോടു ദേഷ്യം തോന്നുന്നു

ഇവിടെ കാണുന്ന ഈ മനുഷ്യന്‍റെ മുമ്പില്‍ ആളുകള്‍ കുമ്പിടുന്നതു കണ്ടോ? അഹങ്കാരിയായ ആ മനുഷ്യന്‍ ഹാമാനാണ്‌. അവന്‍ പേര്‍ഷ്യയിലെ വലിയ ഒരു ആളാണ്‌. അവിടെയിരിക്കുന്ന മൊര്‍ദ്ദെഖായിയും തന്നെ കുമ്പിടാന്‍ അവന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ മൊര്‍ദ്ദെഖായി അങ്ങനെ ചെയ്യുന്നില്ല. ഹാമാനെപ്പോലുള്ള ഒരു ദുഷ്ടനെ കുമ്പിടുന്നത്‌ ശരിയാണെന്ന് അവന്‍ വിചാരിക്കുന്നില്ല. ഇത്‌ ഹാമാനെ വളരെ ദേഷ്യം പിടിപ്പിക്കുന്നു. അതുകൊണ്ട് അവന്‍ എന്തു ചെയ്യുന്നുവെന്നോ?

ഹാമാന്‍ രാജാവിനോട്‌ ഇസ്രായേല്യരെപ്പറ്റി ധാരാളം നുണകള്‍ പറയുന്നു: ‘അങ്ങയുടെ നിയമങ്ങള്‍ അനുസരിക്കാത്ത ദുഷ്ട മനുഷ്യരാണ്‌ അവര്‍. അവരെ കൊല്ലുകതന്നെ വേണം.’ തന്‍റെ ഭാര്യയായ എസ്ഥേര്‍ ഒരു ഇസ്രായേല്യ ആണെന്ന കാര്യം രാജാവിന്‌ അറിയില്ല. അതുകൊണ്ട് അവന്‍ ഹാമാനു ചെവികൊടുക്കുകയും ഒരു പ്രത്യേക ദിവസം ഇസ്രായേല്യരെയെല്ലാം കൊല്ലേണമെന്ന കല്‍പ്പന പുറപ്പെടുവിക്കുകയും ചെയ്‌തു.

ഈ കല്‍പ്പനയെ കുറിച്ചു കേള്‍ക്കുമ്പോള്‍ മൊര്‍ദ്ദെഖായി വളരെ വിഷമിക്കുന്നു. അവന്‍ എസ്ഥേറിന്‌ ഒരു സന്ദേശം അയയ്‌ക്കുന്നു: ‘നീ രാജാവിനോടു സംസാരിക്കണം, നമ്മെ രക്ഷിക്കാന്‍ അദ്ദേഹത്തോടു യാചിക്കണം.’ രാജാവു വിളിക്കാതെ അവന്‍റെ മുമ്പില്‍ ചെല്ലുന്നത്‌ പേര്‍ഷ്യയിലെ നിയമത്തിന്‌ എതിരാണ്‌. എന്നാല്‍ ക്ഷണം കിട്ടാതെതന്നെ എസ്ഥേര്‍ ചെല്ലുന്നു. എസ്ഥേറിനെ കാണുമ്പോള്‍ രാജാവ്‌ തന്‍റെ സ്വര്‍ണ ചെങ്കോല്‍ അവള്‍ക്കുനേരെ നീട്ടുന്നു. അവളെ കൊല്ലേണ്ടതില്ല എന്നാണ്‌ അതിന്‍റെ അര്‍ഥം. എസ്ഥേര്‍ രാജാവിനെയും ഹാമാനെയും ഒരു വിരുന്നിനു ക്ഷണിക്കുന്നു. അവിടെവെച്ച്, ആഗ്രഹിക്കുന്ന എന്തും ചോദിച്ചുകൊള്ളാന്‍ രാജാവ്‌ അവളോടു പറയുന്നു. അടുത്ത ദിവസം രാജാവും ഹാമാനും മറ്റൊരു വിരുന്നിനു വരികയാണെങ്കില്‍ അപ്പോള്‍ ചോദിച്ചുകൊള്ളാം എന്ന് അവള്‍ പറയുന്നു.

അടുത്ത വിരുന്നു ദിവസം എസ്ഥേര്‍ രാജാവിനോട്‌ പറയുന്നു: ‘ഞാനും എന്‍റെ ജനവും കൊല്ലപ്പെടാന്‍ പോകുകയാണ്‌.’ അതുകേട്ട് രാജാവ്‌ കോപിക്കുന്നു. ‘അങ്ങനെ ചെയ്യാന്‍ ധൈര്യമുള്ളവന്‍ ആര്‌?’ അവന്‍ ചോദിക്കുന്നു.

‘ആ ശത്രു, ദുഷ്ടനായ ഈ ഹാമാനാണ്‌!’ എസ്ഥേര്‍ പറയുന്നു.

എസ്ഥേര്‍ രാജ്ഞി ഹാമാനെ കുറ്റപ്പെടുത്തുന്നു

രാജാവ്‌ കോപംകൊണ്ടു വിറയ്‌ക്കുന്നു. ഹാമാനെ കൊല്ലാന്‍ അവന്‍ കല്‍പ്പിക്കുന്നു. പിന്നീട്‌ രാജാവ്‌ മൊര്‍ദ്ദെഖായിയെ രാജ്യത്തിലെ രണ്ടാമത്തെ വലിയ ആളാക്കുന്നു. ഇസ്രായേല്യരെയെല്ലാം കൊന്നുകളയാന്‍ നിശ്ചയിച്ചിരുന്ന ദിവസം സ്വന്തജീവന്‍ രക്ഷിക്കാന്‍ അവര്‍ക്കു പോരാടാവുന്നതാണ്‌ എന്ന പുതിയൊരു നിയമം കൊണ്ടുവരുന്നതില്‍ മൊര്‍ദ്ദെഖായി വിജയിക്കുന്നു. അവന്‍ ഇപ്പോള്‍ ഇത്ര വലിയ ആളായതുകൊണ്ട് പലരും ഇസ്രായേല്യരെ സഹായിക്കുന്നു. അങ്ങനെ അവര്‍ ശത്രുക്കളുടെ കൈയില്‍നിന്നു രക്ഷപ്പെടുന്നു.

എസ്ഥേര്‍ എന്ന ബൈബിള്‍ പുസ്‌തകം.ചോദ്യങ്ങള്‍

 • മൊര്‍ദ്ദെഖായിയും എസ്ഥേറും ആരാണ്‌?
 • അഹശ്വേരോശ്‌ രാജാവ്‌ ഒരു പുതിയ ഭാര്യയെ ആഗ്രഹിക്കുന്നത്‌ എന്തുകൊണ്ട്, അവന്‍ ആരെയാണു തിരഞ്ഞെടുക്കുന്നത്‌?
 • ആരാണു ഹാമാന്‍, അവനെ വളരെയധികം കോപിഷ്‌ഠനാക്കുന്നത്‌ എന്ത്?
 • എന്തു നിയമമാണു നിര്‍മിക്കപ്പെടുന്നത്‌, മൊര്‍ദ്ദെഖായിയില്‍നിന്നുള്ള സന്ദേശം കിട്ടിയതിനുശേഷം എസ്ഥേര്‍ എന്തു ചെയ്യുന്നു?
 • ഹാമാന്‌ എന്തു സംഭവിക്കുന്നു, മൊര്‍ദ്ദെഖായിക്ക് എന്തു സംഭവിക്കുന്നു?
 • ഇസ്രായേല്യര്‍ ശത്രുക്കളില്‍നിന്നു രക്ഷപ്പെടുന്നത്‌ എങ്ങനെ?

കൂടുതലായ ചോദ്യങ്ങള്‍

 • എസ്ഥേര്‍ 2:12-18 വായിക്കുക.

  “സൌമ്യതയും സാവധാനതയുമുള്ള മനസ്സു” നട്ടുവളര്‍ത്തുന്നതിന്‍റെ മൂല്യം എസ്ഥേര്‍ പ്രകടിപ്പിച്ചത്‌ എങ്ങനെ? (എസ്ഥേ. 2:15; 1 പത്രൊ. 3:1-5)

 • എസ്ഥേര്‍ 4:1-17 വായിക്കുക.

  സത്യാരാധനയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ എസ്ഥേറിന്‌ ഒരവസരം കിട്ടിയതുപോലെ, യഹോവയോടുള്ള ഭക്തിയും വിശ്വസ്‌തതയും പ്രകടിപ്പിക്കാന്‍ ഇന്ന് നമുക്ക് എന്ത് അവസരമാണു ലഭിച്ചിരിക്കുന്നത്‌? (എസ്ഥേ. 4:13, 14; മത്താ. 5:14-16; 24:14)

 • എസ്ഥേര്‍ 7:1-6 വായിക്കുക.

  പീഡനത്തെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം എന്ന് അറിയാമായിരുന്നിട്ടും ദൈവജനത്തില്‍പ്പെട്ട പലരും ഇന്ന് എസ്ഥേറിനെപ്പോലെ പ്രവര്‍ത്തിച്ചിരിക്കുന്നത്‌ എങ്ങനെ? (എസ്ഥേ. 7:4; മത്താ. 10:16-22; 1 പത്രൊ. 2:12)