വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 81: ദൈവത്തിന്‍റെ സഹായത്തില്‍ ആശ്രയിക്കുന്നു

കഥ 81: ദൈവത്തിന്‍റെ സഹായത്തില്‍ ആശ്രയിക്കുന്നു

ആയിരക്കണക്കിന്‌ ആളുകള്‍ ബാബിലോണില്‍നിന്നു യെരൂശലേമിലേക്കുള്ള ദീര്‍ഘയാത്ര നടത്തുന്നു. പക്ഷേ അവിടെ എത്തിച്ചേരുമ്പോള്‍ സകലതും തകര്‍ന്നു കിടക്കുന്നതാണ്‌ അവര്‍ കാണുന്നത്‌. മനുഷ്യവാസമില്ല. എല്ലാം വീണ്ടും പണിയേണ്ട അവസ്ഥ.

അവര്‍ ആദ്യം പണിയുന്ന വസ്‌തുക്കളിലൊന്ന് ഒരു യാഗപീഠമാണ്‌. യഹോവയ്‌ക്കു മൃഗയാഗങ്ങള്‍ അര്‍പ്പിക്കുന്നതിനു വേണ്ടിയാണ്‌ ഇത്‌. കുറച്ചു മാസങ്ങള്‍ക്കു ശേഷം ഇസ്രായേല്യര്‍ ആലയത്തിന്‍റെ പണി തുടങ്ങുന്നു. എന്നാല്‍ അയല്‍രാജ്യങ്ങളിലുള്ള അവരുടെ ശത്രുക്കള്‍ക്ക് അത്‌ അത്ര രസിക്കുന്നില്ല. അതുകൊണ്ട് ഇസ്രായേല്യരെ ഭീഷണിപ്പെടുത്തി പണി നിറുത്തിക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഒടുവില്‍, പേര്‍ഷ്യയിലെ പുതിയ രാജാവിനെ സ്വാധീനിച്ച് അവര്‍ കാര്യം സാധിക്കുന്നു. ആലയത്തിന്‍റെ പണി നിറുത്തിവെക്കാന്‍ രാജാവു കല്‍പ്പിക്കുന്നു.

വര്‍ഷങ്ങള്‍ കടന്നുപോകുന്നു. ഇസ്രായേല്യര്‍ ബാബിലോണില്‍നിന്നു തിരികെ വന്നിട്ട് 17 വര്‍ഷമായി. ജനങ്ങളോട്‌ ആലയത്തിന്‍റെ പണി വീണ്ടും തുടങ്ങാന്‍ പറയുന്നതിനായി യഹോവ പ്രവാചകന്മാരായ ഹഗ്ഗായിയെയും സെഖര്യാവിനെയും അയയ്‌ക്കുന്നു. യഹോവ തങ്ങളെ സഹായിക്കുമെന്നു ജനം വിശ്വസിക്കുന്നു, അതുകൊണ്ട് അവര്‍ പ്രവാചകന്മാരെ അനുസരിക്കുന്നു. ആലയത്തിന്‍റെ പണി നിയമംമൂലം തടഞ്ഞിരിക്കുകയാണെങ്കിലും അവര്‍ അതു വീണ്ടും തുടങ്ങുന്നു.

ഒരു പേര്‍ഷ്യന്‍ ഉദ്യോഗസ്ഥനായ തത്‌നായി വന്ന് ഇസ്രായേല്യരോട്‌ ആലയം പണിയാന്‍ അവര്‍ക്ക് ആരാണ്‌ അധികാരം നല്‍കിയതെന്നു ചോദിക്കുന്നു. തങ്ങള്‍ ബാബിലോണില്‍ ആയിരുന്നപ്പോള്‍ രാജാവായ കോരെശ്‌, ‘യെരൂശലേമിലേക്കുപോയി നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയം പണിയുക,’ എന്നു കല്‍പ്പിച്ചിരുന്നു എന്ന് ഇസ്രായേല്യര്‍ അവനോടു പറയുന്നു.

മരിച്ചുപോയ കോരെശ്‌ അങ്ങനെ കല്‍പ്പിച്ചിരുന്നോ എന്ന് തത്‌നായി ബാബിലോണിലേക്ക് എഴുതി ചോദിക്കുന്നു. ഉടന്‍ പുതിയ പേര്‍ഷ്യന്‍ രാജാവില്‍നിന്നുള്ള മറുപടി വരുന്നു. കോരെശ്‌ അങ്ങനെ പറഞ്ഞിരുന്നതായി അതില്‍ എഴുതിയിരുന്നു. പുതിയ രാജാവ്‌ ഇങ്ങനെ എഴുതുന്നു: ‘ഇസ്രായേല്യര്‍ അവരുടെ ദൈവമായ യഹോവയ്‌ക്ക് ആലയം പണിതുകൊള്ളട്ടെ. അവരെ സഹായിക്കാന്‍ ഞാന്‍ നിങ്ങളോടു കല്‍പ്പിക്കുന്നു.’ ഏകദേശം നാലു വര്‍ഷത്തിനുള്ളില്‍ ആലയനിര്‍മാണം പൂര്‍ത്തിയാകുന്നു, ഇസ്രായേല്യര്‍ വളരെ സന്തോഷിക്കുന്നു.

വളരെ വര്‍ഷങ്ങള്‍ കടന്നുപോകുന്നു. ആലയത്തിന്‍റെ പണി പൂര്‍ത്തിയായിട്ട് ഇപ്പോള്‍ ഏതാണ്ട് 48 വര്‍ഷം കഴിഞ്ഞിരിക്കുന്നു. യെരൂശലേമിലെ ആളുകള്‍ പാവപ്പെട്ടവരാണ്‌, പട്ടണവും ദൈവത്തിന്‍റെ ആലയവും കാണാന്‍ അത്ര ഭംഗിയൊന്നും ഇല്ല. എസ്രാ എന്നു പേരുള്ള ഒരു ഇസ്രായേല്യന്‍ ബാബിലോണില്‍വെച്ച്, ദൈവത്തിന്‍റെ ആലയം മോടിപിടിപ്പിക്കേണ്ടതുണ്ടെന്നു മനസ്സിലാക്കുന്നു. അവന്‍ എന്താണു ചെയ്യുന്നതെന്നോ?

എസ്രാ പേര്‍ഷ്യന്‍ രാജാവായ അര്‍ത്ഥഹ്‌ശഷ്ടാവിനെ പോയി കാണുന്നു, ആ നല്ല രാജാവ്‌ ധാരാളം സമ്മാനങ്ങളുമായി അവനെ യെരൂശലേമിലേക്ക് അയയ്‌ക്കുന്നു. ആ സാധനങ്ങളൊക്കെ യെരൂശലേമിലേക്കു കൊണ്ടുപോകാന്‍ തന്നെ സഹായിക്കാമോ എന്ന് ബാബിലോണിലുള്ള ഇസ്രായേല്യരോട്‌ അവന്‍ ചോദിക്കുന്നു. ഏകദേശം 6,000 ആളുകള്‍ അവനോടൊപ്പം പോകാന്‍ തയ്യാറാകുന്നു. അവര്‍ക്കു ധാരാളം വെള്ളിയും സ്വര്‍ണവും മറ്റു വിലപിടിച്ച വസ്‌തുക്കളും കൊണ്ടുപോകാനുണ്ട്.

പോകുന്ന വഴിക്ക് ധാരാളം ദുഷ്ടമനുഷ്യരുണ്ട്. അവര്‍ വെള്ളിയും സ്വര്‍ണവും തട്ടിയെടുത്ത്‌ തങ്ങളെ കൊന്നുകളയുമോ എന്ന് എസ്രായ്‌ക്ക് പേടിയുണ്ട്. അതുകൊണ്ട്, ഈ ചിത്രത്തില്‍ കാണാവുന്നതുപോലെ, എസ്രാ ജനത്തെ ഒരുമിച്ചു വിളിച്ചുകൂട്ടുന്നു. യെരൂശലേമിലേക്കുള്ള നീണ്ട മടക്കയാത്രയില്‍ തങ്ങളെ കാത്തുകൊള്ളേണമേ എന്ന് അവര്‍ യഹോവയോടു പ്രാര്‍ഥിക്കുന്നു.

എസ്രായും ജനങ്ങളും പ്രാര്‍ഥിക്കുന്നു

യഹോവ അവരുടെ പ്രാര്‍ഥന കേള്‍ക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്നു. നാലു മാസം യാത്രചെയ്‌ത്‌ അവര്‍ സുരക്ഷിതരായി യെരൂശലേമില്‍ എത്തിച്ചേരുന്നു. സഹായത്തിനായി തന്നിലേക്കു നോക്കുന്നവരെ സംരക്ഷിക്കാന്‍ യഹോവയ്‌ക്കു കഴിയും എന്ന് ഇതു കാണിക്കുന്നില്ലേ?

എസ്രാ 2 മുതല്‍ 8 വരെയുള്ള അധ്യായങ്ങള്‍.ചോദ്യങ്ങള്‍

 • എത്ര ആളുകളാണ്‌ ബാബിലോണില്‍നിന്നു യെരൂശലേമിലേക്കുള്ള ദീര്‍ഘയാത്ര ചെയ്യുന്നത്‌, എന്നാല്‍ അവിടെ എത്തുമ്പോള്‍ അവര്‍ എന്താണു കാണുന്നത്‌?
 • യെരൂശലേമില്‍ എത്തിയതിനു ശേഷം ഇസ്രായേല്യര്‍ എന്തു പണിയാന്‍ തുടങ്ങുന്നു, എന്നാല്‍ അവരുടെ ശത്രുക്കള്‍ എന്താണു ചെയ്യുന്നത്‌?
 • ഹഗ്ഗായിയും സെഖര്യാവും ആരാണ്‌, അവര്‍ ആളുകളോട്‌ എന്താണു പറയുന്നത്‌?
 • തത്‌നായി ബാബിലോണിലേക്കു കത്തയയ്‌ക്കുന്നത്‌ എന്തിന്‌, അവന്‌ എന്ത് ഉത്തരമാണു ലഭിക്കുന്നത്‌?
 • ദൈവത്തിന്‍റെ ആലയം മോടിപിടിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചു കേള്‍ക്കുമ്പോള്‍ എസ്രാ എന്തു ചെയ്യുന്നു?
 • എസ്രാ എന്തിനുവേണ്ടി പ്രാര്‍ഥിക്കുന്നതാണു ചിത്രത്തില്‍ കാണുന്നത്‌, അവന്‍റെ പ്രാര്‍ഥനയ്‌ക്ക് ഉത്തരം കിട്ടിയത്‌ എങ്ങനെ, ഇതു നമ്മെ എന്തു പഠിപ്പിക്കുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • എസ്രാ 3:1-13 വായിക്കുക.

  ദൈവജനത്തിന്‍റെ സഭയില്ലാത്ത ഒരു പ്രദേശത്ത്‌ ആയിത്തീരുന്നെങ്കില്‍ നാം എന്തു ചെയ്യുന്നതില്‍ തുടരണം? (എസ്രാ 3:3, 6; പ്രവൃ. 17:16, 17; എബ്രാ. 13:15)

 • എസ്രാ 4:1-7 വായിക്കുക.

  മിശ്രവിശ്വാസം സംബന്ധിച്ച് സെരുബ്ബാബേല്‍ യഹോവയുടെ ജനത്തിന്‌ എന്തു മാതൃകയാണു വെച്ചത്‌? (പുറ. 34:12; 1 കൊരി. 15:33; 2 കൊരി. 6:14-17)

 • എസ്രാ 5:1-5, 17; 6:1-22 വായിക്കുക.

  ആലയത്തിന്‍റെ പണി നിറുത്തിക്കാന്‍ എതിരാളികള്‍ക്കു കഴിയാതിരുന്നത്‌ എന്തുകൊണ്ട്? (എസ്രാ 5:5; യെശ. 54:17)

  യഹൂദരുടെയിടയിലെ പ്രായമേറിയ പുരുഷന്മാരുടെ പ്രവൃത്തി, എതിരാളികളില്‍നിന്നുള്ള പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ യഹോവയുടെ മാര്‍ഗനിര്‍ദേശം തേടാന്‍ ക്രിസ്‌തീയ മൂപ്പന്മാരെ പ്രോത്സാഹിപ്പിക്കുന്നത്‌ എങ്ങനെ? (എസ്രാ 6:14; സങ്കീ. 32:8; റോമ. 8:31; യാക്കോ. 1:5)

 • എസ്രാ 8:21-23, 28-36 വായിക്കുക.

  നാം എന്തെങ്കിലും ചെയ്യാന്‍ തുടങ്ങുന്നതിനുമുമ്പ് എസ്രായുടെ ഏതു മാതൃക അനുകരിക്കുന്നതു നന്നായിരിക്കും? (എസ്രാ 8:23; സങ്കീ. 127:1; സദൃ. 10:22; യാക്കോ. 4:13-15)