മേദ്യരും പേര്‍ഷ്യക്കാരും ചേര്‍ന്ന് ബാബിലോണ്‍ പിടിച്ചടക്കിയിട്ട് ഏകദേശം രണ്ടു വര്‍ഷം കടന്നുപോയിരിക്കുന്നു. ഇപ്പോള്‍ സംഭവിക്കുന്നത്‌ എന്താണെന്നു നോക്കൂ! ഇസ്രായേല്യര്‍ ബാബിലോണില്‍നിന്നു മടങ്ങിപ്പോകുകയാണ്‌. അവര്‍ സ്വതന്ത്രരായത്‌ എങ്ങനെയാണ്‌? ആരാണ്‌ അവരെ വിട്ടയച്ചത്‌?

പേര്‍ഷ്യന്‍ രാജാവായ കോരെശാണ്‌ അതു ചെയ്‌തത്‌. കോരെശ്‌ ജനിക്കുന്നതിനു വളരെക്കാലം മുമ്പുതന്നെ യഹോവ തന്‍റെ പ്രവാചകനെക്കൊണ്ട് അവനെ കുറിച്ച് ഇങ്ങനെ എഴുതിച്ചിരുന്നു: ‘നീ എന്തു ചെയ്യാനാണോ ഞാന്‍ ആഗ്രഹിക്കുന്നത്‌ അതുതന്നേ നീ ചെയ്യും. നിനക്കു നഗരം പിടിച്ചടക്കാന്‍ കഴിയേണ്ടതിന്‌ വാതിലുകള്‍ തുറന്നു കിടക്കും.’ പറഞ്ഞിരുന്നതുപോലെതന്നെ ബാബിലോണ്‍ പിടിച്ചടക്കുന്നതില്‍ കോരെശ്‌ നേതൃത്വം നല്‍കുന്നു. തുറന്നുകിടന്നിരുന്ന വാതിലിലൂടെ മേദ്യരും പേര്‍ഷ്യക്കാരും രാത്രിയില്‍ നഗരത്തില്‍ പ്രവേശിച്ചു.

യെരൂശലേമും അതിലെ ആലയവും വീണ്ടും പണിയുന്നതിനുള്ള കല്‍പ്പനയും കോരേശ്‌ നല്‍കുമെന്ന് യഹോവയുടെ പ്രവാചകനായ യെശയ്യാവു പറഞ്ഞിരുന്നു. കോരെശ്‌ ആ കല്‍പ്പന നല്‍കിയോ? ഉവ്വ്, അവന്‍ അതും ചെയ്‌തു. അവന്‍ ഇസ്രായേല്യരോട്‌ ഇങ്ങനെ പറയുന്നു: ‘യെരൂശലേമിലേക്കു പോയി നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയം പണിയുക.’ അതിനു വേണ്ടിയാണ്‌ ഈ ഇസ്രായേല്യര്‍ ഇപ്പോള്‍ പോകുന്നത്‌.

ബാബിലോണില്‍നിന്നു മടങ്ങിപ്പോകുന്ന ഇസ്രായേല്യര്‍

എന്നാല്‍ ബാബിലോണിലുള്ള മുഴുവന്‍ ഇസ്രായേല്യര്‍ക്കും യെരൂശലേമിലേക്കുള്ള ഈ നീണ്ട യാത്ര ചെയ്യാന്‍ സാധിക്കുന്നില്ല. വളരെ പ്രായംചെന്നവര്‍ക്കും രോഗികള്‍ക്കും ഏകദേശം 800 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ യാത്ര ബുദ്ധിമുട്ടാണ്‌. ചില ആളുകള്‍ പോകാതിരിക്കുന്നതിനു വേറെയും കാരണങ്ങളുണ്ട്. പോകാതിരിക്കുന്നവരോട്‌ കോരെശ്‌ പറയുന്നു: ‘യെരൂശലേമും അതിലെ ആലയവും പണിയാന്‍ മടങ്ങിപ്പോകുന്നവര്‍ക്ക് വെള്ളിയും സ്വര്‍ണവും മറ്റു സമ്മാനങ്ങളും നല്‍കുക.’

അങ്ങനെ, യെരൂശലേമിലേക്കു യാത്ര ചെയ്യുന്നവര്‍ക്കു ധാരാളം സമ്മാനങ്ങള്‍ ലഭിക്കുന്നു. മാത്രമല്ല, നെബൂഖദ്‌നേസര്‍ രാജാവ്‌ യെരൂശലേം നശിപ്പിച്ചപ്പോള്‍ യഹോവയുടെ ആലയത്തില്‍നിന്ന് അവന്‍ എടുത്തുകൊണ്ടുപോയ പാനപാത്രങ്ങളും മറ്റു പാത്രങ്ങളുമൊക്കെ കോരെശ്‌ തിരികെ നല്‍കുന്നു. യെരൂശലേമിലേക്കു കൊണ്ടുപോകാന്‍ അവരുടെ കൈവശം ഇപ്പോള്‍ ധാരാളം സാധനങ്ങള്‍ ഉണ്ട്.

ഏകദേശം നാലു മാസത്തെ യാത്രയ്‌ക്കുശേഷം ഇസ്രായേല്യര്‍ കൃത്യസമയത്തുതന്നെ യെരൂശലേമില്‍ എത്തുന്നു. യെരൂശലേം നശിപ്പിക്കപ്പെടുകയും അവിടെ ആള്‍ത്താമസം ഇല്ലാതാകുകയും ചെയ്‌തിട്ട് കൃത്യം എഴുപതുവര്‍ഷം ആയിരുന്നു. എന്നാല്‍ സ്വന്തദേശത്ത്‌ എത്തിയെങ്കിലും അവിടെയും ഇസ്രായേല്യര്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. അതാണ്‌ അടുത്തതായി നാം കാണാന്‍ പോകുന്നത്‌.

യെശയ്യാവു 44:28; 45:1-4; എസ്രാ 1:1-11.ചോദ്യങ്ങള്‍

 • ഇസ്രായേല്യര്‍ എന്തു ചെയ്യുന്നതായാണു ചിത്രത്തില്‍ കാണുന്നത്‌?
 • യെശയ്യാവിലൂടെയുള്ള യഹോവയുടെ പ്രവചനം കോരെശ്‌ നിവര്‍ത്തിക്കുന്നത്‌ എങ്ങനെ?
 • യെരൂശലേമിലേക്കു മടങ്ങിപ്പോകാന്‍ കഴിയാത്ത യഹൂദന്മാരോട്‌ കോരെശ്‌ എന്താണു പറഞ്ഞത്‌?
 • യെരൂശലേമിലേക്കു തിരികെ കൊണ്ടുപോകാന്‍ കോരെശ്‌ ജനത്തിന്‌ എന്താണു നല്‍കിയത്‌?
 • എത്ര നാളത്തെ യാത്ര കഴിഞ്ഞാണ്‌ ഇസ്രായേല്യര്‍ തിരികെ യെരൂശലേമില്‍ എത്തുന്നത്‌?
 • ദേശത്ത്‌ ജനവാസമില്ലാതെ എത്ര നാള്‍ കടന്നുപോയി?

കൂടുതലായ ചോദ്യങ്ങള്‍

 • യെശയ്യാവു 44:28; 45:1-4 വായിക്കുക.

  കോരെശിനെക്കുറിച്ചുള്ള പ്രവചനത്തിന്‍റെ നിവൃത്തി സംബന്ധിച്ച ഉറപ്പ് യഹോവ ഊന്നിപ്പറഞ്ഞത്‌ എങ്ങനെ? (യെശ. 55:10, 11; റോമ. 4:17)

  കോരെശിനെ സംബന്ധിച്ച യെശയ്യാവിന്‍റെ പ്രവചനം, ഭാവി പ്രവചിക്കാനുള്ള യഹോവയുടെ കഴിവു സംബന്ധിച്ച് എന്തു കാണിക്കുന്നു? (യെശ. 42:9; 45:21; 46:10, 11; 2 പത്രൊ. 1:20)

 • എസ്രാ 1:1-11 വായിക്കുക.

  യെരൂശലേമിലേക്കു മടങ്ങാന്‍ കഴിയാതിരുന്നവരുടെ മാതൃക അനുകരിച്ചുകൊണ്ട് ഇന്ന് മുഴുസമയ സേവനത്തില്‍ പ്രവേശിക്കാന്‍ കഴിയുന്നവരെ സഹായിക്കാന്‍ നമുക്ക് എങ്ങനെ കഴിയും? (എസ്രാ 1:4, 6; റോമ. 12:13; കൊലൊ. 4:12)