നോക്കൂ! ദാനീയേല്‍ വലിയ കുഴപ്പത്തില്‍ അകപ്പെട്ടിരിക്കുകയാണല്ലോ. എന്നാല്‍ സിംഹങ്ങള്‍ അവനെ ഉപദ്രവിക്കുന്നില്ല! കാരണമെന്താണെന്ന് അറിയാമോ? ദാനീയേലിനെ ഈ സിംഹക്കൂട്ടില്‍ പിടിച്ചിട്ടതാരാണ്‌? നമുക്കു കണ്ടുപിടിക്കാം.

ഇപ്പോള്‍ ദാര്യാവേശ്‌ ആണ്‌ ബാബിലോണിലെ രാജാവ്‌. വളരെ ദയാലുവും ബുദ്ധിമാനുമായ ദാനീയേലിനെ രാജാവിനു വളരെ ഇഷ്ടമാണ്‌. ദാര്യാവേശ്‌ ദാനീയേലിനെ തന്‍റെ രാജ്യത്തെ ഒരു പ്രധാന ഭരണാധികാരിയായി തിരഞ്ഞെടുക്കുന്നു. രാജ്യത്തിലെ മറ്റു പുരുഷന്മാര്‍ക്ക് ദാനീയേലിനോട്‌ അസൂയ തോന്നാന്‍ ഇത്‌ ഇടയാക്കുന്നു. അതുകൊണ്ട് അവര്‍ എന്താണു ചെയ്യുന്നതെന്നോ?

ദാര്യാവേശ്

അവര്‍ ദാര്യാവേശിന്‍റെ അടുക്കല്‍ ചെന്ന് ഇങ്ങനെ പറയുന്നു: ‘രാജാവേ, 30 ദിവസത്തേക്ക് തിരുമേനിയോടല്ലാതെ യാതൊരു ദൈവത്തോടോ മനുഷ്യനോടോ ആരും പ്രാര്‍ഥിക്കരുതെന്നു കല്‍പ്പിക്കുന്ന ഒരു നിയമം ഉണ്ടാക്കുന്നതു നല്ലതായിരിക്കുമെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും തോന്നുന്നു. ആരെങ്കിലും ആ കല്‍പ്പന അനുസരിക്കാതിരുന്നാല്‍ അവരെ സിംഹക്കുഴിയില്‍ എറിയണം.’ ഇങ്ങനെയൊരു നിയമമുണ്ടാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നതിന്‍റെ കാരണം ദാര്യാവേശിന്‌ അറിയില്ല. എന്നാല്‍ അതൊരു നല്ല കാര്യമാണെന്ന് അവനു തോന്നുന്നു; അതുകൊണ്ട് അവന്‍ ഈ നിയമം എഴുതിവെക്കാന്‍ കല്‍പ്പിക്കുന്നു. ഇനി അതു മാറ്റാന്‍ സാധ്യമല്ല.

ദാനീയേല്‍ ആ നിയമത്തെക്കുറിച്ചു കേള്‍ക്കുന്നെങ്കിലും വീട്ടില്‍ച്ചെന്ന് പതിവുപോലെ പ്രാര്‍ഥിക്കുന്നു. അവന്‍ യഹോവയോടു പ്രാര്‍ഥിക്കുന്നതു നിറുത്തിക്കളയുകയില്ലെന്ന് ആ ദുഷ്ടമനുഷ്യര്‍ക്ക് അറിയാമായിരുന്നു. അവര്‍ക്കിപ്പോള്‍ വലിയ സന്തോഷമായി, തങ്ങളുടെ ആഗ്രഹം പോലെതന്നെ എത്രയും വേഗം ദാനീയേലിനെക്കൊണ്ടുള്ള ശല്യം തീര്‍ന്നുകിട്ടുമെന്ന് അവര്‍ വിചാരിക്കുന്നു.

ഈ മനുഷ്യര്‍ ആ നിയമമുണ്ടാക്കാന്‍ ആഗ്രഹിച്ചതിന്‍റെ കാരണം മനസ്സിലാക്കുമ്പോള്‍ ദാര്യാവേശ്‌ രാജാവിനു വളരെ ദുഃഖം തോന്നുന്നു. എന്നാല്‍ നിയമം ഉണ്ടാക്കിപ്പോയി, അതു മാറ്റാന്‍ കഴിയില്ല; അതുകൊണ്ട് മനസ്സില്ലാമനസ്സോടെ ആണെങ്കിലും ദാനീയേലിനെ സിംഹക്കുഴിയില്‍ എറിയാന്‍ രാജാവു കല്‍പ്പിക്കുന്നു. എങ്കിലും രാജാവ്‌ ദാനീയേലിനോട്‌: ‘നീ സേവിക്കുന്ന നിന്‍റെ ദൈവം നിന്നെ രക്ഷിക്കുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു’ എന്നു പറയുന്നു.

ദാര്യാവേശ്‌ ആകെ അസ്വസ്ഥനാണ്‌, അവനു രാത്രി മുഴുവന്‍ ഉറങ്ങാന്‍ കഴിയുന്നില്ല. അടുത്ത ദിവസം നേരം വെളുക്കുമ്പോള്‍ത്തന്നെ അവന്‍ സിംഹക്കുഴിയുടെ അടുത്തേക്ക് ഓടിച്ചെല്ലുന്നു. ഈ ചിത്രത്തില്‍ അവനെ കണ്ടോ? അവന്‍ ഇങ്ങനെ വിളിച്ചുപറയുന്നു: ‘ജീവനുള്ള ദൈവത്തിന്‍റെ ദാസനായ ദാനീയേലേ! നീ സേവിക്കുന്ന ദൈവത്തിന്‌ നിന്നെ സിംഹങ്ങളില്‍നിന്നു രക്ഷിക്കാന്‍ കഴിഞ്ഞോ?’

ദാനീയേല്‍ സിംഹക്കുഴിയില്‍

‘ദൈവം തന്‍റെ ദൂതനെ അയച്ച് സിംഹങ്ങളുടെ വായ്‌ അടച്ചു, അതുകൊണ്ട് അവ എന്നെ ഉപദ്രവിച്ചില്ല’ എന്നു ദാനീയേല്‍ ഉത്തരം പറയുന്നു.

രാജാവിനു വളരെ സന്തോഷമായി. ദാനീയേലിനെ കുഴിയില്‍നിന്നു കയറ്റാന്‍ അവന്‍ കല്‍പ്പിക്കുന്നു. ദാനീയേലിനെ നശിപ്പിക്കാന്‍ ശ്രമിച്ച ദുഷ്ടന്മാരെ സിംഹങ്ങളുടെ മുമ്പിലേക്ക് എറിഞ്ഞുകൊടുക്കാനും അവന്‍ തന്‍റെ ആളുകളോടു പറയുന്നു. അവര്‍ കുഴിയുടെ അടിയില്‍ എത്തുന്നതിനുമുമ്പുതന്നെ സിംഹങ്ങള്‍ അവരെ പിടികൂടുകയും അവരുടെ എല്ലൊടിക്കുകയും ചെയ്യുന്നു.

പിന്നെ ദാര്യാവേശ്‌ രാജാവ്‌ തന്‍റെ രാജ്യത്തുള്ള സകല ജനങ്ങള്‍ക്കും ഇങ്ങനെ എഴുതുന്നു: ‘എല്ലാവരും ദാനീയേലിന്‍റെ ദൈവത്തെ ബഹുമാനിക്കേണ്ടതാണെന്നു ഞാന്‍ കല്‍പ്പിക്കുന്നു. അവന്‍ മഹാ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവനാണ്‌. ദാനീയേലിനെ സിംഹങ്ങളുടെ വായില്‍നിന്ന് അവന്‍ രക്ഷിച്ചു.’

ദാനീയേല്‍ 6:1-28.ചോദ്യങ്ങള്‍

 • ദാര്യാവേശ്‌ ആരാണ്‌, അവന്‍ ദാനീയേലിനെ എങ്ങനെ വീക്ഷിക്കുന്നു?
 • അസൂയാലുക്കളായ ചിലര്‍ ദാര്യാവേശിനെക്കൊണ്ട് എന്തു ചെയ്യിക്കുന്നു?
 • പുതിയ നിയമത്തെക്കുറിച്ച് അറിയുമ്പോള്‍ ദാനീയേല്‍ എന്തു ചെയ്യുന്നു?
 • ഉറങ്ങാന്‍ കഴിയാത്തവണ്ണം ദാര്യാവേശ്‌ പരവശനാകുന്നത്‌ എന്തുകൊണ്ട്, അടുത്ത ദിവസം രാവിലെ അവന്‍ എന്തു ചെയ്യുന്നു?
 • ദാനീയേല്‍ ദാര്യാവേശിനോടു മറുപടി പറയുന്നത്‌ എങ്ങനെ?
 • ദാനീയേലിനെ കൊല്ലാന്‍ ശ്രമിച്ച ദുഷ്ട മനുഷ്യര്‍ക്ക് എന്തു സംഭവിക്കുന്നു, തന്‍റെ സാമ്രാജ്യത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ദാര്യാവേശ്‌ എന്താണ്‌ എഴുതുന്നത്‌?

കൂടുതലായ ചോദ്യങ്ങള്‍

 • ദാനീയേല്‍ 6:1-28 വായിക്കുക.

  ദാനീയേലിനെതിരായ ഗൂഢാലോചന, ആധുനിക നാളുകളില്‍ യഹോവയുടെ സാക്ഷികളുടെ വേലയെ അടിച്ചമര്‍ത്താനുള്ള എതിരാളികളുടെ ശ്രമങ്ങള്‍ നമ്മെ അനുസ്‌മരിപ്പിക്കുന്നത്‌ എങ്ങനെ? (ദാനീ. 6:7; സങ്കീ. 94:20, NW; യെശ. 10:1; റോമ. 8:31)

  “ശ്രേഷ്‌ഠാധികാരങ്ങള്‍ക്കു” കീഴടങ്ങിയിരിക്കുന്ന കാര്യത്തില്‍, ഇന്നത്തെ ദൈവദാസര്‍ക്ക് ദാനീയേലിനെ അനുകരിക്കാന്‍ കഴിയുന്നത്‌ എങ്ങനെ? (ദാനീ. 6:5, 10; റോമ. 13:1; പ്രവൃ. 5:29)

  യഹോവയെ “ഇടവിടാതെ” സേവിക്കുന്ന സംഗതിയില്‍ നമുക്ക് ദാനീയേലിനെ അനുകരിക്കാനാകുന്നത്‌ ഏതു വിധത്തില്‍? (ദാനീ. 6:16, 20; ഫിലി. 3:16; വെളി. 7:15)