വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 78: ചുവരിലെ കയ്യെഴുത്ത്

കഥ 78: ചുവരിലെ കയ്യെഴുത്ത്
ഒരു കൈപ്പത്തി ചുവരില്‍ എഴുതുന്നു

ഇവിടെ എന്താണു സംഭവിക്കുന്നത്‌? വലിയൊരു വിരുന്നു നടക്കുകയാണ്‌. ബാബിലോണ്‍ രാജാവ്‌ ആയിരം വിശിഷ്ടാതിഥികളെ ക്ഷണിച്ചിരിക്കുന്നു. യെരൂശലേമിലെ യഹോവയുടെ ആലയത്തില്‍നിന്നെടുത്ത സ്വര്‍ണക്കപ്പുകളും വെള്ളിക്കപ്പുകളും പാത്രങ്ങളും അവര്‍ ഉപയോഗിക്കുകയാണ്‌. പെട്ടെന്ന് ഒരു മനുഷ്യന്‍റെ കൈപ്പത്തിയിലെ വിരലുകള്‍ വായുവില്‍ പ്രത്യക്ഷപ്പെടുകയും ഭിത്തിയില്‍ എഴുതിത്തുടങ്ങുകയും ചെയ്യുന്നു. എല്ലാവരും പരിഭ്രാന്തരാകുന്നു.

ബേല്‍ശസ്സരും അതിഥികളും

നെബൂഖദ്‌നേസരിന്‍റെ പൗത്രനായ ബേല്‍ശസ്സരാണ്‌ ഇപ്പോള്‍ രാജാവ്‌. അവന്‍ വിദ്വാന്മാരെ കൊണ്ടുവരാന്‍ വിളിച്ചു പറയുന്നു: ‘ഈ എഴുത്തു വായിച്ച് അതിന്‍റെ അര്‍ഥം എന്നോടു പറയാന്‍ കഴിയുന്ന ഏവനും അനേകം സമ്മാനങ്ങള്‍ നല്‍കുകയും അവനെ രാജ്യത്തിലെ മൂന്നാമത്തെ പ്രധാനപ്പെട്ട ഭരണാധിപനാക്കുകയും ചെയ്യും’ എന്ന് രാജാവു പറയുന്നു. എന്നാല്‍ വിദ്വാന്മാരില്‍ ആര്‍ക്കുംതന്നെ ചുവരിലെ ആ എഴുത്തു വായിക്കുന്നതിനോ അതിന്‍റെ അര്‍ഥം പറയുന്നതിനോ കഴിയുന്നില്ല.

ശബ്ദംകേട്ട് രാജമാതാവ്‌ ആ വലിയ ഭക്ഷണമുറിയിലേക്കു വരുന്നു. ‘ഭയപ്പെടേണ്ട,’ അവള്‍ രാജാവിനോടു പറയുന്നു. ‘വിശുദ്ധദൈവങ്ങളെ അറിയാവുന്ന ഒരു മനുഷ്യന്‍ നിന്‍റെ രാജ്യത്തുണ്ട്. നിന്‍റെ വല്യപ്പന്‍ നെബൂഖദ്‌നേസര്‍ രാജാവായിരുന്നപ്പോള്‍ അദ്ദേഹം അവനെ കൊട്ടാരത്തിലെ സകല പണ്ഡിതന്മാരുടെയും തലവന്‍ ആക്കിയിരുന്നു. അവന്‍റെ പേര്‍ ദാനീയേല്‍ എന്നാണ്‌. അവനെ ആളയച്ചു വരുത്തുക; ഇതിന്‍റെയെല്ലാം അര്‍ഥം എന്താണെന്ന് അവന്‍ പറഞ്ഞു തരും.’

ഉടന്‍തന്നെ ദാനീയേലിനെ കൊട്ടാരത്തിലേക്കു വരുത്തുന്നു. തനിക്ക് സമ്മാനമൊന്നും വേണ്ടന്നു പറഞ്ഞിട്ട് അവന്‍, യഹോവ ഒരിക്കല്‍ ബേല്‍ശസ്സരിന്‍റെ വല്യപ്പനായ നെബൂഖദ്‌നേസരിനെ സിംഹാസനത്തില്‍നിന്ന് നീക്കിക്കളയാനുണ്ടായ കാരണത്തെക്കുറിച്ചു പറഞ്ഞുതുടങ്ങുന്നു. ‘അദ്ദേഹം വളരെ അഹങ്കാരിയായിരുന്നു,’ ദാനീയേല്‍ പറയുന്നു. ‘അതിന്‌ യഹോവ അദ്ദേഹത്തെ ശിക്ഷിച്ചു.’

‘അദ്ദേഹത്തിനു സംഭവിച്ചതിനെക്കുറിച്ചെല്ലാം അങ്ങേക്കറിയാം, എന്നിട്ടും അങ്ങ് നെബൂഖദ്‌നേസര്‍ ചെയ്‌തതുപോലെ അഹങ്കരിക്കുകയാണ്‌. അങ്ങ് യഹോവയുടെ ആലയത്തില്‍നിന്ന് കപ്പുകളും പാത്രങ്ങളും കൊണ്ടുവന്ന് അവയില്‍നിന്നു കുടിച്ചു. മരംകൊണ്ടും കല്ലുകൊണ്ടും ഉണ്ടാക്കിയ ദൈവങ്ങളെ സ്‌തുതിച്ചു; നമ്മുടെ മഹാസ്രഷ്ടാവിനെ അങ്ങ് മഹത്ത്വപ്പെടുത്തിയിട്ടില്ല. അതുകൊണ്ടാണ്‌ ദൈവം ഈ വാക്കുകള്‍ എഴുതാന്‍ കൈപ്പത്തി അയച്ചത്‌’ എന്നു ദാനീയേല്‍ ബേല്‍ശസ്സരിനോടു പറയുന്നു.

‘എഴുതപ്പെട്ടത്‌ ഇതാണ്‌’ ദാനീയേല്‍ പറയുന്നു: ‘മെനേ, മെനേ, തെക്കേല്‍, ഊഫര്‍സീന്‍’

‘മെനേ എന്നതിന്‍റെ അര്‍ഥം ദൈവം അങ്ങയുടെ രാജത്വത്തിന്‍റെ നാളുകള്‍ എണ്ണി അതിന്‌ അവസാനം വരുത്തിയിരിക്കുന്നു എന്നാണ്‌. തെക്കേല്‍ എന്നതിന്‍റെ അര്‍ഥം അങ്ങയെ തുലാസില്‍ തൂക്കി, കുറവുള്ളവനെന്നു കണ്ടിരിക്കുന്നു എന്നും ഊഫര്‍സീന്‍ എന്നതിന്‍റെ അര്‍ഥം അങ്ങയുടെ രാജ്യം മേദ്യര്‍ക്കും പേര്‍ഷ്യക്കാര്‍ക്കും കൊടുത്തിരിക്കുന്നു എന്നും ആണ്‌.’

ദാനീയേല്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ മേദ്യരും പേര്‍ഷ്യക്കാരും ബാബിലോണിനെ ആക്രമിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. അവര്‍ നഗരം പിടിച്ചെടുക്കുകയും ബേല്‍ശസ്സരിനെ കൊല്ലുകയും ചെയ്യുന്നു. ചുവരിലെ കയ്യെഴുത്ത്‌ ആ രാത്രിയില്‍ത്തന്നെ സത്യമായിത്തീരുന്നു! എന്നാല്‍ ഇപ്പോള്‍ ഇസ്രായേല്യര്‍ക്ക് എന്തു സംഭവിക്കും? നമ്മള്‍ അതു കാണാന്‍ പോകുകയാണ്‌, എന്നാല്‍ ആദ്യം ദാനീയേലിന്‌ എന്തു സംഭവിക്കുന്നെന്നു നോക്കാം.

ദാനീയേല്‍ 5:1-31.ചോദ്യങ്ങള്‍

 • ബാബിലോണ്‍ രാജാവ്‌ വലിയൊരു വിരുന്നു നടത്തുകയും യെരൂശലേമിലെ യഹോവയുടെ ആലയത്തില്‍ നിന്നെടുത്ത കപ്പുകളും പാത്രങ്ങളും ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ എന്തു സംഭവിക്കുന്നു?
 • ബേല്‍ശസ്സര്‍ തന്‍റെ വിദ്വാന്മാരോട്‌ എന്താണു പറയുന്നത്‌, എന്നാല്‍ അവര്‍ക്ക് എന്തു കാര്യമാണു സാധിക്കാതെ പോകുന്നത്‌?
 • രാജമാതാവ്‌ രാജാവിനോട്‌ എന്തു ചെയ്യാനാണു പറയുന്നത്‌?
 • ദാനീയേല്‍ രാജാവിനോട്‌ പറയുന്നപ്രകാരം ചുവരിലെഴുതാന്‍ ദൈവം കൈപ്പത്തി അയച്ചത്‌ എന്തുകൊണ്ട്?
 • ചുവരിലെ വാക്കുകളുടെ അര്‍ഥം ദാനീയേല്‍ വിശദീകരിക്കുന്നത്‌ എങ്ങനെ?
 • ദാനീയേല്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ എന്തു സംഭവിക്കുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • ദാനീയേല്‍ 5:1-31 വായിക്കുക.

  ദൈവിക ഭയവും ഭിത്തിയില്‍ കയ്യെഴുത്ത്‌ കണ്ടപ്പോള്‍ ബേല്‍ശസ്സരിന്‌ ഉണ്ടായ ഭയവും തമ്മിലുള്ള വ്യത്യാസം എന്താണെന്നു പറയുക. (ദാനീ. 5:6, 7; സങ്കീ. 19:9, NW; റോമ. 8:35-39)

  ബേല്‍ശസ്സരിനോടും അവന്‍റെ മഹത്തുക്കളോടും സംസാരിച്ചപ്പോള്‍ ദാനീയേല്‍ വളരെ ധൈര്യം പ്രകടിപ്പിച്ചത്‌ എങ്ങനെ? (ദാനീ. 5:17, 18, 22, 26-28; പ്രവൃ. 4:29, 30ബി)

  ദാനീയേല്‍ 5-ാം അധ്യായം യഹോവയുടെ സാര്‍വത്രിക പരമാധികാരത്തിന്‌ അടിവരയിടുന്നത്‌ എങ്ങനെ? (ദാനീ. 4:17, 25; 5:21)