വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 77: അവര്‍ കുമ്പിടുകയില്ല

കഥ 77: അവര്‍ കുമ്പിടുകയില്ല

ഈ മൂന്നു ചെറുപ്പക്കാരെക്കുറിച്ചു പഠിച്ചത്‌ ഓര്‍ക്കുന്നില്ലേ? അതേ, അവര്‍ ദാനീയേലിന്‍റെ കൂട്ടുകാരാണ്‌; തങ്ങള്‍ക്കു നല്ലതല്ലെന്നു തോന്നിയ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാതിരുന്നവര്‍. ബാബിലോണ്യര്‍ അവരെ ശദ്രക്‌, മേശക്‌, അബേദ്‌നെഗോ എന്നിങ്ങനെ വിളിച്ചു. എന്നാല്‍ ഇപ്പോള്‍ മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ ഇവര്‍ ഈ വലിയ പ്രതിമയുടെ മുമ്പില്‍ കുമ്പിടാത്തത്‌ എന്തുകൊണ്ടാണ്‌? നമുക്കു കണ്ടുപിടിക്കാം.

യഹോവതന്നെ എഴുതിയ പത്തു കല്‍പ്പനകള്‍ എന്നു വിളിക്കപ്പെടുന്ന നിയമങ്ങളെ കുറിച്ചു നമ്മള്‍ വായിച്ചത്‌ ഓര്‍മയുണ്ടോ? അതില്‍ ഒന്നാമത്തേത്‌ ഇതാണ്‌: ‘എന്നെ അല്ലാതെ മറ്റൊരു ദൈവത്തെയും ആരാധിക്കരുത്‌.’ ഇവിടെ ഈ ചെറുപ്പക്കാര്‍ ആ നിയമം അനുസരിക്കുകയാണ്‌, അത്‌ അത്ര എളുപ്പമല്ലെങ്കിലും.

ബാബിലോണ്‍ രാജാവായ നെബൂഖദ്‌നേസര്‍ താന്‍ പണികഴിപ്പിച്ച ഈ പ്രതിമയുടെ മുമ്പാകെ കുമ്പിടുന്നതിന്‌ അനേകം പ്രധാനികളെ വിളിച്ചു വരുത്തിയിരിക്കുകയാണ്‌. സകല ജനത്തോടും അവന്‍ ഇങ്ങനെ പറഞ്ഞുകഴിഞ്ഞതേയുള്ളൂ: ‘കാഹളങ്ങളുടെയും കിന്നരങ്ങളുടെയും മറ്റു സംഗീതോപകരണങ്ങളുടെയും ശബ്ദം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഈ സ്വര്‍ണപ്രതിമയെ കുമ്പിട്ട് ആരാധിക്കണം. ആരെങ്കിലും കുമ്പിട്ട് ആരാധിക്കാതിരുന്നാല്‍ അവനെ ഉടനെതന്നെ എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളയും.’

ശദ്രക്കും മേശക്കും അബേദ്‌നെഗോവും കുമ്പിട്ടിട്ടില്ലെന്നു കേള്‍ക്കുമ്പോള്‍ നെബൂഖദ്‌നേസര്‍ വളരെ കോപിക്കുന്നു. അവന്‍ അവരെ തന്‍റെ അടുക്കല്‍ വരുത്തുന്നു. അവര്‍ക്കു കുമ്പിടാന്‍ മറ്റൊരു അവസരംകൂടെ അവന്‍ നല്‍കുന്നു. എന്നാല്‍ ആ ചെറുപ്പക്കാര്‍ സഹായത്തിനായി യഹോവയിലേക്കു നോക്കുന്നു. ‘ഞങ്ങള്‍ സേവിക്കുന്ന ദൈവത്തിനു ഞങ്ങളെ രക്ഷിക്കാന്‍ കഴിയും. എന്നാല്‍ അവന്‍ ഞങ്ങളെ രക്ഷിക്കുന്നില്ലെങ്കില്‍ത്തന്നെയും ഞങ്ങള്‍ അങ്ങയുടെ സ്വര്‍ണപ്രതിമയുടെ മുമ്പില്‍ കുമ്പിടുകയില്ല’ എന്ന് അവര്‍ നെബൂഖദ്‌നേസരിനോടു പറയുന്നു.

ശദ്രക്, മേശക്, അബേദ്നെഗോ

ഇതു കേള്‍ക്കുമ്പോള്‍ നെബൂഖദ്‌നേസരിന്‌ ദേഷ്യം അടക്കാനാകുന്നില്ല. അടുത്ത്‌ ഒരു തീച്ചൂളയുണ്ട്; അവന്‍ ഇങ്ങനെ കല്‍പ്പിക്കുന്നു: ‘ചൂള മുമ്പത്തെക്കാള്‍ ഏഴുമടങ്ങ് ചൂടുപിടിപ്പിക്കുക!’ പിന്നെ തന്‍റെ സൈന്യത്തിലെ ഏറ്റവും ശക്തന്മാരായ ചില ആളുകളോട്‌ ശദ്രക്കിനെയും മേശക്കിനെയും അബേദ്‌നെഗോവിനെയും പിടിച്ചുകെട്ടി ചൂളയിലേക്ക് എറിയാന്‍ കല്‍പ്പിക്കുന്നു. അത്യധികം ചൂടാണ്‌ ആ തീച്ചൂളയ്‌ക്ക്. ശദ്രക്കിനെയും മേശക്കിനെയും അബേദ്‌നെഗോവിനെയും അതിലേക്ക് എറിയാനായി അതിന്‍റെ അടുത്തേക്കു പോകുന്ന ആ ആളുകള്‍തന്നെ തീയുടെ ചൂടുകൊണ്ടു മരിച്ചു വീഴുന്നു. എന്നാല്‍ അവര്‍ ചൂളയിലേക്കെറിഞ്ഞ ആ മൂന്നു ചെറുപ്പക്കാരുടെ കാര്യമോ?

ചൂളയിലേക്കു നോക്കുന്ന രാജാവ്‌ ശരിക്കും പേടിച്ചു പോകുന്നു. ‘നമ്മള്‍ മൂന്നുപേരെയല്ലേ ബന്ധിച്ച് എരിയുന്ന ഈ ചൂളയിലേക്ക് എറിഞ്ഞത്‌?’ എന്ന് അവന്‍ ചോദിക്കുന്നു.

‘അതേ,’ അവന്‍റെ ദാസന്മാര്‍ ഉത്തരം പറയുന്നു.

‘എന്നാല്‍ ഇപ്പോള്‍ നാലുപുരുഷന്മാര്‍ തീയിലൂടെ നടക്കുന്നതു ഞാന്‍ കാണുന്നു’ എന്ന് അവന്‍ പറയുന്നു. ‘അവരെ കെട്ടിയിട്ടില്ല; തീ അവര്‍ക്കു ദോഷം ചെയ്യുന്നതുമില്ല. നാലാമത്തവനെ കാണാന്‍ ഒരു ദൈവത്തെപ്പോലെ ഉണ്ട്.’ രാജാവ്‌ ചൂളയുടെ വാതിലിനോട്‌ കുറച്ചുകൂടെ അടുത്തു ചെന്ന് ഇങ്ങനെ വിളിച്ചു പറയുന്നു: ‘ശദ്രക്‌! മേശക്‌! അബേദ്‌നെഗോ! അത്യുന്നതനായ ദൈവത്തിന്‍റെ ദാസന്മാരേ, പുറത്തുവരൂ!’

അവര്‍ പുറത്തുവരുമ്പോള്‍ അവര്‍ക്കു യാതൊരു ദോഷവും പറ്റിയിട്ടില്ലെന്ന് എല്ലാവരും കാണുന്നു. അപ്പോള്‍ രാജാവു പറയുന്നു: ‘ശദ്രക്കിന്‍റെയും മേശക്കിന്‍റെയും അബേദ്‌നെഗോവിന്‍റെയും ദൈവം സ്‌തുതിക്കപ്പെടട്ടെ! അവര്‍ തങ്ങളുടെ സ്വന്തം ദൈവത്തെയല്ലാതെ മറ്റൊരു ദൈവത്തെയും കുമ്പിട്ട് ആരാധിക്കുകയില്ലാത്തതുകൊണ്ട് ദൈവം തന്‍റെ ദൂതനെ അയച്ച് അവരെ രക്ഷിച്ചിരിക്കുന്നു.’

യഹോവയോട്‌ എങ്ങനെ വിശ്വസ്‌തരായിരിക്കാം എന്നു നമുക്കു കാണിച്ചു തരുന്ന നല്ലൊരു ദൃഷ്ടാന്തമല്ലേ ഇത്‌?

പുറപ്പാടു 20:3; ദാനീയേല്‍ 3:1-30.ചോദ്യങ്ങള്‍

 • ബാബിലോണ്‍ രാജാവായ നെബൂഖദ്‌നേസര്‍ ജനങ്ങളോട്‌ എന്താണു കല്‍പ്പിച്ചത്‌?
 • ദാനീയേലിന്‍റെ മൂന്നു കൂട്ടുകാര്‍ സ്വര്‍ണപ്രതിമയെ കുമ്പിടാത്തത്‌ എന്തുകൊണ്ട്?
 • നെബൂഖദ്‌നേസര്‍, ആ മൂന്ന് എബ്രായ ചെറുപ്പക്കാര്‍ക്ക് കുമ്പിടാന്‍ ഒരവസരംകൂടെ നല്‍കിയപ്പോള്‍ അവര്‍ തങ്ങള്‍ സഹായത്തിനായി യഹോവയിലേക്കു നോക്കുന്നുവെന്നു പ്രകടിപ്പിച്ചത്‌ എങ്ങനെ?
 • ശദ്രക്കിനെയും മേശക്കിനെയും അബേദ്‌നെഗോവിനെയും എന്തു ചെയ്യാന്‍ നെബൂഖദ്‌നേസര്‍ തന്‍റെ ആളുകളോടു കല്‍പ്പിക്കുന്നു?
 • ചൂളയിലേക്കു നോക്കുമ്പോള്‍ നെബൂഖദ്‌നേസര്‍ എന്താണു കാണുന്നത്‌?
 • രാജാവ്‌ ശദ്രക്കിന്‍റെയും മേശക്കിന്‍റെയും അബേദ്‌നെഗോവിന്‍റെയും ദൈവത്തെ സ്‌തുതിക്കുന്നത്‌ എന്തുകൊണ്ട്, അവര്‍ നമുക്ക് എന്തു മാതൃകവെക്കുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • ദാനീയേല്‍ 3:1-30 വായിക്കുക.

  ദൃഢവിശ്വസ്‌തത പരിശോധിക്കപ്പെടുമ്പോള്‍, എല്ലാ ദൈവദാസരും മൂന്ന് എബ്രായ ചെറുപ്പക്കാര്‍ പ്രകടിപ്പിച്ച ഏതു മനോഭാവം പ്രകടിപ്പിക്കണം? (ദാനീ. 3:17, 18; മത്താ. 10:28; റോമ. 14:7, 8)

  യഹോവയാം ദൈവം നെബൂഖദ്‌നേസരിനെ ഏതു പ്രധാനപ്പെട്ട പാഠം പഠിപ്പിച്ചു? (ദാനീ. 3:28, 29; 4:34, 35)