വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 76: യെരൂശലേം നശിപ്പിക്കപ്പെടുന്നു

കഥ 76: യെരൂശലേം നശിപ്പിക്കപ്പെടുന്നു

നെബൂഖദ്‌നേസര്‍ രാജാവ്‌ ഏറ്റവും പഠിപ്പുള്ള ഇസ്രായേല്യരെയെല്ലാം ബാബിലോണിലേക്കു കൊണ്ടുപോയിട്ട് 10 വര്‍ഷത്തില്‍ അധികമായി. ഇപ്പോള്‍ എന്താണു സംഭവിക്കുന്നതെന്നു നോക്കൂ. യെരൂശലേം കത്തിനശിക്കുകയാണ്‌! കൊല്ലപ്പെടാതിരുന്ന ഇസ്രായേല്യരെയെല്ലാം ബാബിലോണിയര്‍ തടവുകാരായി തങ്ങളുടെ നാട്ടിലേക്കു പിടിച്ചുകൊണ്ടു പോകുന്നു.

ആളുകള്‍ തങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്ന മോശമായ കാര്യങ്ങള്‍ക്കു മാറ്റം വരുത്തിയില്ലെങ്കില്‍ സംഭവിക്കുമെന്ന് യഹോവയുടെ പ്രവാചകന്മാര്‍ മുന്നറിയിപ്പു കൊടുത്തത്‌ ഈ നാശത്തെ കുറിച്ചായിരുന്നു. എന്നാല്‍ ഇസ്രായേല്യര്‍ പ്രവാചകന്മാര്‍ക്കു ചെവികൊടുത്തില്ല. അവര്‍ യഹോവയ്‌ക്കു പകരം വ്യാജദൈവങ്ങളെ ആരാധിക്കുന്നതില്‍ തുടര്‍ന്നു. അതുകൊണ്ട് ഈ ശിക്ഷ അവര്‍ക്കു കിട്ടേണ്ടതുതന്നെയാണ്‌. ഇസ്രായേല്യര്‍ ചെയ്‌തുകൂട്ടിയ മോശമായ കാര്യങ്ങളെക്കുറിച്ച് ദൈവത്തിന്‍റെ പ്രവാചകനായ യെഹെസ്‌കേല്‍ നമ്മോടു പറഞ്ഞിരിക്കുന്നതുകൊണ്ട് നമുക്ക് അത്‌ അറിയാം.

യെഹെസ്‌കേല്‍ ആരാണെന്ന് അറിയാമോ? യെരൂശലേമിന്‍റെ ഈ വലിയ നാശത്തിനു 10 വര്‍ഷം മുമ്പ് നെബൂഖദ്‌നേസര്‍ രാജാവ്‌ ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോയ ചെറുപ്പക്കാരില്‍ ഒരാളായിരുന്നു അവന്‍. ദാനീയേലിനെയും അവന്‍റെ കൂട്ടുകാരായ ശദ്രക്‌, മേശക്‌, അബേദ്‌നെഗോ എന്നിവരെയും ബാബിലോണിലേക്കു പിടിച്ചുകൊണ്ടു പോയതും അതേ സമയത്തു തന്നെയായിരുന്നു.

യെഹെസ്‌കേല്‍ ബാബിലോണില്‍ ആയിരിക്കുമ്പോള്‍ത്തന്നെ യെരൂശലേമിലെ ആലയത്തില്‍ നടക്കുന്ന മോശമായ കാര്യങ്ങള്‍ യഹോവ അവനു കാണിച്ചുകൊടുക്കുന്നു. ഒരു അത്ഭുതത്തിലൂടെയാണ്‌ യഹോവ ഇതു ചെയ്യുന്നത്‌. യെഹെസ്‌കേല്‍ ശരിക്കും ബാബിലോണില്‍ ആണെങ്കിലും ആലയത്തില്‍ നടക്കുന്നതെല്ലാം അവനു കാണാന്‍ കഴിയുന്നു. എത്ര ഞെട്ടിക്കുന്ന കാര്യങ്ങളാണ്‌ അവന്‍ കാണുന്നത്‌!

‘ആലയത്തില്‍ ആളുകള്‍ ചെയ്‌തുകൊണ്ടിരിക്കുന്ന മോശമായ കാര്യങ്ങള്‍ നോക്കൂ,’ യഹോവ യെഹെസ്‌കേലിനോടു പറയുന്നു. ‘ഭിത്തികള്‍ കണ്ടോ, മുഴുവനും പാമ്പുകളുടെയും മറ്റു മൃഗങ്ങളുടെയും ചിത്രങ്ങളാണ്‌. ഇസ്രായേല്യര്‍ എന്താണു ചെയ്യുന്നതെന്നു നോക്കൂ, അവര്‍ അവയെ ആരാധിക്കുകയാണ്‌!’ യെഹെസ്‌കേലിന്‌ ഇതെല്ലാം കാണാന്‍ കഴിയുന്നുണ്ട്, കാണുന്ന കാര്യങ്ങളെല്ലാം അവന്‍ എഴുതിവെക്കുകയും ചെയ്യുന്നു.

യെരൂശലേമില്‍നിന്ന് ആളുകളെ തടവുകാരായി പിടിച്ചുകൊണ്ടുപോകുന്നു

‘ഇസ്രായേലിലെ നേതാക്കന്മാര്‍ രഹസ്യത്തില്‍ ചെയ്യുന്നതെന്തെന്നു നീ കണ്ടോ?’ യഹോവ യെഹെസ്‌കേലിനോടു ചോദിക്കുന്നു. ഉവ്വ്, അവന്‌ അതും കാണാന്‍ കഴിയുന്നുണ്ട്. അവിടെ 70 പുരുഷന്മാരുണ്ട്. അവരെല്ലാം വ്യാജദൈവങ്ങളെ ആരാധിക്കുകയാണ്‌. അവര്‍ ഇങ്ങനെ പറയുന്നു, ‘നാം ചെയ്യുന്നത്‌ യഹോവ കാണുന്നില്ല. അവന്‍ ദേശംവിട്ടു പോയിരിക്കുന്നു.’

പിന്നീട്‌ യഹോവ ആലയത്തിന്‍റെ വടക്കേ വാതില്‍ക്കലുള്ള ചില സ്‌ത്രീകളെ യെഹെസ്‌കേലിനു കാണിച്ചു കൊടുക്കുന്നു. അവര്‍ അവിടെ വ്യാജദൈവമായ തമ്മൂസിനെ ആരാധിച്ചുകൊണ്ടിരിക്കുകയാണ്‌. ഇനി, യഹോവയുടെ ആലയത്തിലേക്കു കയറിവരുന്നിടത്തുള്ള ആ പുരുഷന്മാരെ നോക്കൂ! അവര്‍ ഏകദേശം 25 പേരുണ്ട്. യെഹെസ്‌കേല്‍ അവരെ കാണുന്നു. അവര്‍ കിഴക്കോട്ടു തിരിഞ്ഞ് കുമ്പിട്ട് സൂര്യനെ ആരാധിക്കുകയാണ്‌!

‘ഈ ജനത്തിന്‌ എന്നോട്‌ തെല്ലും ബഹുമാനമില്ല,’ യഹോവ പറയുന്നു. ‘അവര്‍ മോശമായ കാര്യങ്ങള്‍ ചെയ്യുന്നു എന്നു മാത്രമല്ല, എന്‍റെ ആലയത്തില്‍വെച്ചുതന്നെ അവ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു!’ അതുകൊണ്ട് യഹോവ സത്യം ചെയ്യുന്നു: ‘എന്‍റെ ഭയങ്കര കോപം അവര്‍ അനുഭവിക്കേണ്ടി വരും. അവര്‍ നശിപ്പിക്കപ്പെടുമ്പോള്‍ എനിക്കു സങ്കടം തോന്നുകയില്ല.’

യഹോവ യെഹെസ്‌കേലിന്‌ ഈ കാര്യങ്ങള്‍ കാണിച്ചു കൊടുത്ത്‌ ഏകദേശം മൂന്നു വര്‍ഷം കഴിയുമ്പോള്‍ ഇസ്രായേല്യര്‍ നെബൂഖദ്‌നേസരിനെതിരെ മത്സരിക്കുന്നു. അതുകൊണ്ട് അവന്‍ അവര്‍ക്കെതിരെ യുദ്ധത്തിനു ചെല്ലുന്നു. ഒന്നര വര്‍ഷത്തിനുശേഷം ബാബിലോണ്യര്‍ യെരൂശലേമിന്‍റെ മതിലുകള്‍ തകര്‍ക്കുകയും നഗരം ചുട്ട് ചാമ്പലാക്കുകയും ചെയ്‌തു. മിക്കവരെയുംതന്നെ അവര്‍ കൊല്ലുന്നു, അല്ലെങ്കില്‍ ബാബിലോണിലേക്ക് അടിമകളായി കൊണ്ടുപോകുന്നു.

ഇസ്രായേല്യരുടെമേല്‍ ഭയങ്കരമായ ഈ നാശം വരാന്‍ യഹോവ അനുവദിച്ചത്‌ എന്തുകൊണ്ടാണ്‌? എന്തുകൊണ്ടെന്നാല്‍ അവര്‍ അവനു ചെവികൊടുക്കുകയോ അവന്‍റെ കല്‍പ്പനകള്‍ അനുസരിക്കുകയോ ചെയ്‌തില്ല. നമ്മള്‍ എല്ലായ്‌പോഴും ദൈവം പറയുന്ന കാര്യങ്ങള്‍ ചെയ്യേണ്ടത്‌ എത്ര പ്രധാനമാണെന്ന് ഇതു കാണിച്ചുതരുന്നില്ലേ?

ആദ്യം കുറച്ച് ആളുകളെ ഇസ്രായേലില്‍ത്തന്നെ കഴിയാന്‍ നെബൂഖദ്‌നേസര്‍ രാജാവ്‌ അനുവദിക്കുന്നു. ഇവരുടെ മേല്‍നോട്ടത്തിനായി ഗെദല്യാവ്‌ എന്നു പേരുള്ള ഒരു യഹൂദനെയും അവന്‍ ആക്കിവെച്ചു. എന്നാല്‍ ചില ഇസ്രായേല്യര്‍ ഗെദല്യാവിനെ കൊല്ലുന്നു. ഇതു കാരണം ബാബിലോണ്യര്‍ വന്ന് തങ്ങളെയെല്ലാം നശിപ്പിച്ചുകളയുമെന്നു ഭയന്ന് അവിടെയുണ്ടായിരുന്ന ജനം ഈജിപ്‌തിലേക്ക് ഓടിപ്പോകുന്നു. തങ്ങള്‍ക്കൊപ്പം വരാന്‍ അവര്‍ യിരെമ്യാവിനെയും നിര്‍ബന്ധിക്കുന്നു.

അങ്ങനെ ഇസ്രായേല്‍ ദേശത്ത്‌ ബാക്കി ഒരാള്‍ പോലും ഇല്ലാതാകുന്നു. 70 വര്‍ഷത്തേക്ക് ആരും അവിടെ വസിക്കുന്നില്ല. എന്നാല്‍ 70 വര്‍ഷത്തിനുശേഷം തന്‍റെ ജനത്തെ തിരികെ വരുത്തുമെന്ന് യഹോവ വാഗ്‌ദാനം ചെയ്യുന്നു. എന്നാല്‍ അതിനിടയ്‌ക്ക്, ബാബിലോണില്‍ തടവുകാരായിരിക്കുന്ന ദൈവജനത്തിന്‌ എന്താണു സംഭവിക്കുന്നത്‌? നമുക്കു നോക്കാം.

2 രാജാക്കന്മാര്‍ 25:1-26; യിരെമ്യാവു 29:10; യെഹെസ്‌കേല്‍ 1:1-3; 8:1-18.ചോദ്യങ്ങള്‍

 • യെരൂശലേമിനും ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ഇസ്രായേല്യര്‍ക്കും എന്താണു സംഭവിക്കുന്നത്‌?
 • ആരാണ്‌ യെഹെസ്‌കേല്‍, ഞെട്ടിക്കുന്ന എന്തു സംഗതികളാണ്‌ യഹോവ അവനു കാണിച്ചുകൊടുക്കുന്നത്‌?
 • ഇസ്രായേല്യര്‍ക്ക് യഹോവയോടു തീരെ ബഹുമാനമില്ലാത്തതുകൊണ്ട് താന്‍ എന്തു ചെയ്യുമെന്നാണ്‌ അവന്‍ സത്യം ചെയ്യുന്നത്‌?
 • ഇസ്രായേല്യര്‍ തനിക്കെതിരെ മത്സരിക്കുമ്പോള്‍ നെബൂഖദ്‌നേസര്‍ രാജാവ്‌ എന്തു ചെയ്യുന്നു?
 • ഇസ്രായേല്യരുടെമേല്‍ ഭയങ്കരമായ ഈ നാശം വരാന്‍ യഹോവ അനുവദിച്ചത്‌ എന്തുകൊണ്ട്?
 • ഇസ്രായേല്‍ ദേശത്ത്‌ ആള്‍ത്താമസമില്ലാതാകുന്നത്‌ എങ്ങനെ, എത്ര കാലത്തേക്ക്?

കൂടുതലായ ചോദ്യങ്ങള്‍

 • 2 രാജാക്കന്മാര്‍ 25:1-26 വായിക്കുക.

  സിദെക്കീയാവ്‌ ആരാണ്‌, അവന്‌ എന്തു സംഭവിച്ചു, ഇത്‌ ബൈബിള്‍ പ്രവചനം നിവര്‍ത്തിച്ചത്‌ എങ്ങനെ? (2 രാജാ. 25:5-7; യെഹെ. 12:13-15)

  ഇസ്രായേലിന്‍റെ ഭാഗത്തെ സകല അവിശ്വസ്‌തതയ്‌ക്കും യഹോവ ആരെയാണ്‌ ഉത്തരവാദിയായി കണക്കാക്കുന്നത്‌? (2 രാജാ. 25:9, 11, 12, 18, 19; 2 ദിന. 36:14, 17)

 • യെഹെസ്‌കേല്‍ 8:1-18 വായിക്കുക.

  ക്രൈസ്‌തവലോകം, വിശ്വാസത്യാഗികളായ ഇസ്രായേല്യ സൂര്യാരാധകരെ അനുകരിച്ചിരിക്കുന്നത്‌ എങ്ങനെ? (യെഹെ. 8:16; യെശ. 5:20, 21; യോഹ. 3:19-21; 2 തിമൊ. 4:3, 4)