ഇസ്രായേലിന്‍റെ തെക്കേ രണ്ടുഗോത്ര രാജ്യത്തിന്‍റെ രാജാവാകുമ്പോള്‍ യോശീയാവിന്‌ വെറും എട്ടു വയസ്സേ ഉള്ളൂ. അത്രയും ചെറുപ്പത്തിലേ രാജ്യം ഭരിക്കുക എന്നതു വലിയ ബുദ്ധിമുട്ടാണ്‌. അതുകൊണ്ട് തുടക്കത്തില്‍ ചില പ്രായമേറിയ ആളുകള്‍ രാജ്യഭരണത്തില്‍ അവനെ സഹായിക്കുന്നു.

യോശീയാ രാജാവും അവന്‍റെ ആളുകളും വിഗ്രഹങ്ങള്‍ അടിച്ചു തകര്‍ക്കുന്നു

താന്‍ രാജാവായി ഏഴു വര്‍ഷം കഴിഞ്ഞപ്പോള്‍ യോശീയാവ്‌ യഹോവയെ അന്വേഷിക്കാന്‍ തുടങ്ങി. അവന്‍ ദാവീദ്‌, യെഹോശാഫാത്ത്‌, ഹിസ്‌കീയാവ്‌ തുടങ്ങിയ നല്ല രാജാക്കന്മാരെ അനുകരിക്കുന്നു. പിന്നീട്‌, കൗമാരപ്രായത്തില്‍ ആയിരിക്കെത്തന്നെ അവന്‍ വളരെ ധൈര്യം ആവശ്യമുള്ള ഒരു കാര്യം ചെയ്യുന്നു.

കുറേക്കാലമായി മിക്ക ഇസ്രായേല്യരും വളരെ മോശമായ കാര്യങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. അവര്‍ വ്യാജദൈവങ്ങളെ ആരാധിക്കുന്നു, വിഗ്രഹങ്ങളുടെ മുമ്പാകെ കുമ്പിടുന്നു. അതുകൊണ്ട് യോശീയാവ്‌ രാജ്യത്തുനിന്നു വ്യാജാരാധന തുടച്ചു നീക്കുന്നതിനു നേതൃത്വം കൊടുക്കുന്നു. വളരെയധികം ആളുകള്‍ വ്യാജദൈവങ്ങളെ ആരാധിക്കുന്നതിനാല്‍ ഇതൊരു വലിയ സംരംഭം തന്നെയാണ്‌. യോശീയാവും അവന്‍റെ ആളുകളും വിഗ്രഹങ്ങള്‍ അടിച്ചു തകര്‍ക്കുന്നത്‌ ഈ ചിത്രത്തില്‍ കണ്ടോ?

പിന്നീട്‌ യഹോവയുടെ ആലയത്തിന്‍റെ കേടുപാടുകള്‍ പോക്കാന്‍ അവന്‍ മൂന്നു പുരുഷന്മാരെ ഏല്‍പ്പിക്കുന്നു. പണിക്കാര്‍ക്കു കൂലി കൊടുക്കാനുള്ള പണം ജനങ്ങളില്‍നിന്നു പിരിച്ചെടുത്ത്‌ അവര്‍ക്കു കൊടുക്കുന്നു. ആലയത്തിന്‍റെ പണി നടന്നുകൊണ്ടിരിക്കുമ്പോള്‍ മഹാപുരോഹിതനായ ഹില്‌ക്കീയാവ്‌ വളരെ പ്രധാനപ്പെട്ട ഒന്ന് അവിടെ കണ്ടെത്തുന്നു. വളരെക്കാലംമുമ്പ് യഹോവ മോശെയെക്കൊണ്ട് തന്‍റെ കല്‍പ്പനകളും നിയമങ്ങളും എഴുതിവെപ്പിച്ച ന്യായപ്രമാണ പുസ്‌തകമാണ്‌ അത്‌. അതു നഷ്ടപ്പെട്ടിട്ട് കുറെ വര്‍ഷങ്ങളായിരുന്നു.

ആ പുസ്‌തകം യോശീയാവിന്‍റെ അടുക്കലേക്കു കൊണ്ടുവരുമ്പോള്‍ അതു വായിച്ചു കേള്‍പ്പിക്കാന്‍ അവന്‍ ആവശ്യപ്പെടുന്നു. അതു കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ യഹോവയുടെ നിയമങ്ങള്‍ അനുസരിക്കുന്നില്ലെന്ന് യോശീയാവ്‌ മനസ്സിലാക്കുന്നു. അവന്‌ അതില്‍ വളരെ സങ്കടമുണ്ട്. ഈ ചിത്രത്തില്‍ കാണാന്‍ കഴിയുന്നതുപോലെ അവന്‍ തന്‍റെ വസ്‌ത്രം കീറുന്നത്‌ അതുകൊണ്ടാണ്‌. അവന്‍ പറയുന്നു: ‘നമ്മുടെ പിതാക്കന്മാര്‍ ഈ പുസ്‌തകത്തിലെ നിയമങ്ങള്‍ അനുസരിക്കാതിരുന്നതിനാല്‍ യഹോവ നമ്മോടു കോപിച്ചിരിക്കുന്നു.’

ശാഫാനും യോശീയാ രാജാവും

യഹോവ തങ്ങളോട്‌ എന്താണു ചെയ്യാന്‍ പോകുന്നതെന്നു ചോദിച്ചറിയാന്‍ യോശീയാവ്‌ മഹാപുരോഹിതനായ ഹില്‌ക്കീയാവിനോടു കല്‍പ്പിക്കുന്നു. ഹില്‌ക്കീയാവ്‌ പ്രവാചകിയായ ഹുല്‍ദായുടെ അടുത്തുചെന്ന് അവളോട്‌ അതേക്കുറിച്ചു ചോദിക്കുന്നു. യോശീയാവിനെ അറിയിക്കാന്‍ അവള്‍ യഹോവയില്‍നിന്നുള്ള ഈ സന്ദേശം നല്‍കുന്നു: ‘വ്യാജദൈവങ്ങളെ ആരാധിക്കുകയും ദേശം ദുഷ്ടതകൊണ്ടു നിറയ്‌ക്കുകയും ചെയ്‌തിരിക്കയാല്‍ യെരൂശലേമും അതിലുള്ള സകല ആളുകളും ശിക്ഷിക്കപ്പെടും. എന്നാല്‍ യോശീയാവേ, നീ നല്ലതു ചെയ്‌തിരിക്കയാല്‍ ഈ ശിക്ഷ നിന്‍റെ മരണശേഷമേ വരികയുള്ളൂ.’

2 ദിനവൃത്താന്തം 34:1-28.ചോദ്യങ്ങള്‍

 • യോശീയാവ്‌ രാജാവാകുമ്പോള്‍ അവന്‌ എത്ര വയസ്സുണ്ട്, ഏഴു വര്‍ഷം ഭരിച്ചു കഴിഞ്ഞ് അവന്‍ എന്തു ചെയ്യാന്‍ തുടങ്ങുന്നു?
 • ആദ്യത്തെ ചിത്രത്തില്‍ യോശീയാവ്‌ എന്തു ചെയ്യുന്നതായാണു കാണുന്നത്‌?
 • ആലയത്തിന്‍റെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കെ, മഹാപുരോഹിതന്‌ എന്താണു ലഭിക്കുന്നത്‌?
 • യോശീയാവ്‌ വസ്‌ത്രം കീറാന്‍ കാരണമെന്ത്?
 • ഹുല്‍ദാ പ്രവാചകി യഹോവയില്‍നിന്നുള്ള എന്തു സന്ദേശമാണ്‌ യോശീയാവിനു നല്‍കിയത്‌?

കൂടുതലായ ചോദ്യങ്ങള്‍

 • 2 ദിനവൃത്താന്തം 34:1-28 വായിക്കുക.

  കഷ്ടപ്പാടു നിറഞ്ഞ ബാല്യത്തിലൂടെ കടന്നുപോകേണ്ടിവരുന്നവര്‍ക്ക് യോശീയാവ്‌ എന്തു മാതൃകയാണു നല്‍കുന്നത്‌? (2 ദിന. 33:21-25; 34:1, 2; സങ്കീ. 27:10)

  യോശീയാവിന്‍റെ വാഴ്‌ചയുടെ 8, 12, 18 വര്‍ഷങ്ങളില്‍ സത്യാരാധനയുടെ ഉന്നമനത്തിനായി അവന്‍ എന്തു നിര്‍ണായക പടികളാണു സ്വീകരിച്ചത്‌? (2 ദിന. 34:3, 8)

  നമ്മുടെ ആരാധനാ സ്ഥലങ്ങള്‍ നല്ല നിലയില്‍ സൂക്ഷിക്കുന്നതു സംബന്ധിച്ച് ഹിസ്‌കീയാരാജാവും മഹാപുരോഹിതനായ ഹില്‌കീയാവും എന്തു പാഠമാണു നല്‍കുന്നത്‌? (2 ദിന. 34:9-13; സദൃ. 11:14; 1 കൊരി. 10:31)