വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 70: യോനായും വലിയ മീനും

കഥ 70: യോനായും വലിയ മീനും

വെള്ളത്തില്‍ മുങ്ങിത്താഴുന്ന ഈ മനുഷ്യനെ നോക്കൂ. അവന്‍ ശരിക്കും കുഴപ്പത്തില്‍ അകപ്പെട്ടിരിക്കുകയാണ്‌, അല്ലേ? ആ വലിയ മീന്‍ ഇപ്പോള്‍ അവനെ വിഴുങ്ങാന്‍ പോകുകയാണ്‌! ഈ മനുഷ്യന്‍ ആരാണെന്ന് അറിയാമോ? അവന്‍റെ പേര്‌ യോനാ എന്നാണ്‌. അവന്‍ ഈ കുഴപ്പത്തില്‍ വന്നുപെട്ടത്‌ എങ്ങനെയാണെന്ന് അറിയേണ്ടേ?

യോനാ യഹോവയുടെ ഒരു പ്രവാചകനാണ്‌. പ്രവാചകനായ എലീശാ മരിച്ച് അധിക കാലം കഴിയുന്നതിനു മുമ്പ് യഹോവ യോനായോടു പറയുന്നു: ‘വലിയ പട്ടണമായ നീനെവേയിലേക്കു പോകുക. അവിടത്തെ ജനങ്ങളുടെ ദുഷ്ടത വലുതാണ്‌. അതേക്കുറിച്ച് നീ പോയി അവരോടു സംസാരിക്കണം.’

യോനായും വലിയ മീനും

പക്ഷേ അങ്ങോട്ടു പോകാന്‍ യോനായ്‌ക്ക് ഇഷ്ടമില്ല. അതുകൊണ്ട് അവന്‍ നീനെവേയുടെ എതിര്‍ ദിശയില്‍ പോകുന്ന ഒരു കപ്പലില്‍ കയറുന്നു. യോനായുടെ ഈ ഒളിച്ചോട്ടത്തില്‍ യഹോവ ഒട്ടും സന്തുഷ്ടനല്ല. അതുകൊണ്ട് അവന്‍ ഒരു വലിയ കൊടുങ്കാറ്റ്‌ അടിക്കാന്‍ ഇടയാക്കുന്നു. കൊടുങ്കാറ്റില്‍പ്പെട്ട് കപ്പല്‍ മുങ്ങിപ്പോകും എന്ന സ്ഥിതിയായി. കപ്പലിലുള്ളവര്‍ വല്ലാതെ പേടിക്കുന്നു. സഹായത്തിനായി അവര്‍ താന്താങ്ങളുടെ ദൈവങ്ങളോടു നിലവിളിക്കുന്നു.

അവസാനം യോനാ അവരോട്‌ ഇങ്ങനെ പറയുന്നു: ‘ഞാന്‍ ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവായ യഹോവയുടെ ആരാധകനാണ്‌. അവന്‍ എന്നോടു പറഞ്ഞ ഒരു കാര്യം ചെയ്യാതെ ഞാന്‍ ഒളിച്ചോടുകയാണ്‌.’ അപ്പോള്‍ കപ്പലിലുള്ളവര്‍ അവനോട്‌, ‘കൊടുങ്കാറ്റ്‌ നില്‍ക്കാന്‍ ഞങ്ങള്‍ എന്തു ചെയ്യണം’ എന്നു ചോദിക്കുന്നു.

‘എന്നെ കടലില്‍ എറിയുക. അതോടെ കടല്‍ ശാന്തമാകും,’ യോനാ പറയുന്നു. കപ്പലിലുള്ളവര്‍ക്ക് അങ്ങനെ ചെയ്യാന്‍ ആഗ്രഹമില്ല. പക്ഷേ കൊടുങ്കാറ്റ്‌ മുമ്പത്തെക്കാള്‍ ശക്തമാകുന്നതുകൊണ്ട് അവസാനം അവര്‍ യോനായെ കടലിലേക്ക് എറിയുന്നു. ഉടനെ കൊടുങ്കാറ്റ്‌ നില്‍ക്കുന്നു, കടല്‍ ശാന്തമാകുന്നു.

യോനാ വെള്ളത്തിലേക്കു താഴ്‌ന്നുപോകുമ്പോള്‍ ആ വലിയ മത്സ്യം അവനെ വിഴുങ്ങുന്നു. എന്നാല്‍ അവന്‍ മരിക്കുന്നില്ല. മൂന്നു രാത്രിയും മൂന്നു പകലും അവന്‍ മീനിന്‍റെ വയറ്റില്‍ കഴിയുന്നു. യഹോവയെ അനുസരിച്ച് നീനെവേയിലേക്കു പോകാതിരുന്നതില്‍ ഇപ്പോള്‍ യോനായ്‌ക്കു വലിയ വിഷമം തോന്നുന്നു. അതുകൊണ്ട് അവന്‍ എന്തു ചെയ്യുന്നുവെന്നോ?

സഹായത്തിനായി അവന്‍ യഹോവയോടു പ്രാര്‍ഥിക്കുന്നു. അപ്പോള്‍ മീന്‍ യോനായെ കരയിലേക്കു ഛര്‍ദിക്കാന്‍ യഹോവ ഇടയാക്കുന്നു. തുടര്‍ന്ന് യോനാ നീനെവേയിലേക്കു പോകുന്നു. യഹോവ പറയുന്നതെന്തും നാം അനുസരിക്കുന്നത്‌ എത്ര പ്രധാനമാണെന്ന് ഇതു നമ്മെ പഠിപ്പിക്കുന്നില്ലേ?

യോനാ 1 മുതല്‍ 4 വരെയുള്ള അധ്യായങ്ങള്‍.



ചോദ്യങ്ങള്‍

  • ആരാണ്‌ യോനാ, എന്തു ചെയ്യാനാണു യഹോവ അവനോടു പറഞ്ഞത്‌?
  • യഹോവ പറഞ്ഞതു ചെയ്യാന്‍ ഇഷ്ടമില്ലാതിരുന്നതുകൊണ്ട് യോനാ എന്തു ചെയ്യുന്നു?
  • കൊടുങ്കാറ്റു ശമിക്കാന്‍ എന്തു ചെയ്യണമെന്നാണു യോനാ കപ്പലിലുള്ളവരോടു പറഞ്ഞത്‌?
  • ചിത്രത്തില്‍ കാണാന്‍ കഴിയുന്നതുപോലെ, യോനാ വെള്ളത്തില്‍ താഴ്‌ന്നു പോകുമ്പോള്‍ എന്തു സംഭവിക്കുന്നു?
  • യോനാ വലിയ മീനിന്‍റെ വയറ്റില്‍ എത്ര നാള്‍ കഴിയുന്നു, അവിടെ അവന്‍ എന്തു ചെയ്യുന്നു?
  • വലിയ മീനിന്‍റെ ഉള്ളില്‍നിന്നു പുറത്തു വന്ന യോനാ എങ്ങോട്ടു പോകുന്നു, ഇതു നമ്മെ എന്തു പഠിപ്പിക്കുന്നു?

കൂടുതലായ ചോദ്യങ്ങള്‍

  • യോനാ 1:1-17 വായിക്കുക.

    നീനെവേ നിവാസികളോടു പ്രസംഗിക്കാനുള്ള നിയമനത്തെക്കുറിച്ച് യോനായുടെ വീക്ഷണം എന്തായിരുന്നു? (യോനാ 1:2, 3; സദൃ. 3:7; സഭാ. 8:12)

  • യോനാ 2:1, 2, 10 വായിക്കുക.

    യഹോവ നമ്മുടെ പ്രാര്‍ഥനകള്‍ക്ക് ഉത്തരം നല്‍കുമെന്ന് യോനായുടെ അനുഭവം ഉറപ്പു നല്‍കുന്നത്‌ എങ്ങനെ? (സങ്കീ. 22:24; 34:6; 1  യോഹ. 5:14)

  • യോനാ 3:1-10 വായിക്കുക.

    തന്‍റെ നിയമനം നിറവേറ്റുന്നതില്‍ യോനാ ആദ്യം പരാജയപ്പെട്ടെങ്കിലും യഹോവ തുടര്‍ന്നും അവനെ ഉപയോഗിച്ചു എന്ന വസ്‌തുതയില്‍നിന്ന് നമുക്ക് എന്തു പ്രോത്സാഹനമാണു ലഭിക്കുന്നത്‌? (സങ്കീ. 103:14; 1 പത്രൊ. 5:10)

    നമ്മുടെ പ്രദേശത്തുള്ള ആളുകളെക്കുറിച്ച് മുന്‍വിധി പുലര്‍ത്തുന്നതു സംബന്ധിച്ച് നീനെവേക്കാരോടുള്ള ബന്ധത്തില്‍ യോനായ്‌ക്ക് ഉണ്ടായ അനുഭവം നമ്മെ എന്താണു പഠിപ്പിക്കുന്നത്‌? (യോനാ 3:6-9; സഭാ. 11:6; പ്രവൃ. 13:48)