വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

കഥ 69: ഒരു പെണ്‍കുട്ടി ഒരു ശക്തനെ സഹായിക്കുന്നു

കഥ 69: ഒരു പെണ്‍കുട്ടി ഒരു ശക്തനെ സഹായിക്കുന്നു

ഈ കൊച്ചു പെണ്‍കുട്ടി എന്തായിരിക്കും പറയുന്നത്‌? യഹോവയുടെ പ്രവാചകനായ എലീശായെക്കുറിച്ചും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ യഹോവ അവനെ സഹായിക്കുന്നതിനെക്കുറിച്ചും ആണ്‌ അവള്‍ ആ സ്‌ത്രീയോടു പറയുന്നത്‌. ആ സ്‌ത്രീ ഒരു ഇസ്രായേല്യ അല്ല, അതുകൊണ്ട് അവള്‍ക്ക് യഹോവയെക്കുറിച്ച് അറിയില്ല. അങ്ങനെയെങ്കില്‍ ഈ പെണ്‍കുട്ടി എങ്ങനെ ആ സ്‌ത്രീയുടെ വീട്ടില്‍ എത്തി? നമുക്കു നോക്കാം.

അവള്‍ ഒരു അരാമ്യ സ്‌ത്രീയാണ്‌. അവളുടെ ഭര്‍ത്താവായ നയമാന്‍ അരാമിലെ സേനാനായകനാണ്‌. അരാമ്യര്‍ ഈ കൊച്ചു പെണ്‍കുട്ടിയെ ഇസ്രായേലില്‍നിന്നു പിടിച്ചുകൊണ്ടു പോന്നതാണ്‌. എന്നിട്ട് അവളെ നയമാന്‍റെ ഭാര്യക്ക് ദാസിയായി കൊടുത്തു.

നയമാന്‍റെ ഭാര്യയും ദാസിപ്പെണ്‍കുട്ടിയും

നയമാന്‌ കുഷ്‌ഠം എന്ന ഒരു രോഗം ഉണ്ട്. ശരീരത്തിലെ മാംസം അടര്‍ന്നു പോകാന്‍ പോലും ഈ രോഗം ഇടയാക്കും. ഇപ്പോള്‍ ആ പെണ്‍കുട്ടി നയമാന്‍റെ ഭാര്യയോട്‌ പറയുന്നത്‌ ഇതാണ്‌: ‘യജമാനന്‍ ഇസ്രായേലില്‍ യഹോവയുടെ പ്രവാചകന്‍റെ അടുത്ത്‌ പോയിരുന്നെങ്കില്‍ അവന്‍ യജമാനനെ സുഖപ്പെടുത്തുമായിരുന്നു.’ പിന്നീട്‌ നയമാന്‍ ഈ കാര്യം അറിയുന്നു.

രോഗം മാറിക്കിട്ടാന്‍ നയമാന്‌ വളരെ ആഗ്രഹമുണ്ട്. അതുകൊണ്ട് അവന്‍ ഇസ്രായേലിലേക്കു പോകാന്‍ തീരുമാനിക്കുന്നു. അവിടെയെത്തുമ്പോള്‍ അവന്‍ എലീശായുടെ വീട്ടില്‍ ചെല്ലുന്നു. നയമാനോട്‌ യോര്‍ദ്ദാന്‍ നദിയില്‍ പോയി ഏഴു പ്രാവശ്യം മുങ്ങാന്‍ തന്‍റെ യജമാനന്‍ പറഞ്ഞതായി എലീശായുടെ ദാസന്‍ പുറത്തുവന്നു പറയുന്നു. ഇതു കേള്‍ക്കുമ്പോള്‍ നയമാന്‌ ദേഷ്യം വരുന്നു. അവന്‍ പറയുന്നു: ‘എന്‍റെ ദേശത്തുള്ള നദികള്‍ ഇസ്രായേലിലെ ഏതു നദിയെക്കാളും മെച്ചമാണ്‌!’ എന്നിട്ട് നയമാന്‍ മടങ്ങുന്നു.

എന്നാല്‍ അവന്‍റെ ദാസന്മാരിലൊരാള്‍ പറയുന്നു: ‘യജമാനനേ, കുറേക്കൂടെ ബുദ്ധിമുട്ടുള്ള എന്തെങ്കിലും എലീശാ പറഞ്ഞിരുന്നെങ്കില്‍ അങ്ങു ചെയ്യുമായിരുന്നില്ലേ? പിന്നെ ഇപ്പോള്‍ അവന്‍ പറഞ്ഞതുപോലെ കുളിക്കാന്‍ പാടില്ലയോ?’ നയമാന്‍ ആ ദാസന്‍റെ വാക്കുകള്‍ക്കു ചെവികൊടുക്കുന്നു. അവന്‍ യോര്‍ദ്ദാന്‍ നദിയില്‍ ഏഴു പ്രാവശ്യം മുങ്ങുന്നു. എന്തൊരത്ഭുതം, അവന്‍റെ ത്വക്ക് ഉറപ്പുള്ളതും ആരോഗ്യമുള്ളതുമായിത്തീരുന്നു!

നയമാന്‍ വളരെ സന്തോഷിക്കുന്നു. അവന്‍ എലീശായുടെ അടുക്കല്‍ മടങ്ങിച്ചെന്ന് പറയുന്നു: ‘ഇസ്രായേലിന്‍റെ ദൈവമാണ്‌ മുഴുഭൂമിയിലും വെച്ച് ഏക സത്യദൈവം എന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ട് ദയവായി, എന്‍റെ ഈ സമ്മാനം സ്വീകരിച്ചാലും.’ പക്ഷേ എലീശാ പറയുന്നു: ‘ഇല്ല, ഞാന്‍ സ്വീകരിക്കുകയില്ല.’ നയമാനെ സുഖപ്പെടുത്തിയത്‌ യഹോവയാണ്‌. അതുകൊണ്ട് താന്‍ സമ്മാനം സ്വീകരിക്കുന്നതു ശരിയല്ലെന്ന് എലീശായ്‌ക്ക് അറിയാം. എന്നാല്‍ എലീശായുടെ ദാസനായ ഗേഹസിക്ക് ആ സമ്മാനം കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.

അതുകൊണ്ട് നയമാന്‍ തിരിച്ചു പോകുമ്പോള്‍ ഗേഹസി പിന്നാലെ ഓടിച്ചെല്ലുന്നു. ‘ഇപ്പോള്‍ വന്ന ചില സ്‌നേഹിതര്‍ക്കു കൊടുക്കാനായി നീ കൊണ്ടുവന്ന സമ്മാനങ്ങളില്‍ ചിലത്‌ തരാമോ എന്ന് എലീശാ ചോദിച്ചു’ എന്ന് അവന്‍ നയമാനോടു പറയുന്നു. ഇത്‌ ഒരു നുണയാണ്‌. പക്ഷേ, നയമാന്‍ അത്‌ അറിയുന്നില്ല. അവന്‍ സമ്മാനങ്ങളില്‍ ചിലത്‌ ഗേഹസിക്കു നല്‍കുന്നു.

ഗേഹസി ചെയ്‌തത്‌ എന്താണെന്ന് എലീശായ്‌ക്ക് അറിയാം, കാരണം യഹോവ അത്‌ അവനെ അറിയിച്ചിരിക്കുന്നു. അതുകൊണ്ട് അവന്‍ തിരികെ വീട്ടിലേക്കു വരുമ്പോള്‍ എലീശാ പറയുന്നു: ‘നീ ഈ മോശമായ കാര്യം ചെയ്‌തതിനാല്‍ നയമാന്‍റെ കുഷ്‌ഠം നിന്‍റെമേല്‍ വരും.’ അപ്പോള്‍ത്തന്നെ അതു സംഭവിക്കുന്നു!

ഇതില്‍നിന്നു നമുക്ക് എന്താണു പഠിക്കാനുള്ളത്‌? ഒന്നാമത്‌, നാം ആ കൊച്ചു പെണ്‍കുട്ടിയെപ്പോലെ ആയിരിക്കണം, അതായത്‌ യഹോവയെക്കുറിച്ചു മറ്റുള്ളവരോടു പറയണം. അതുകൊണ്ട് വളരെയധികം ഗുണം ഉണ്ടാകും. രണ്ടാമത്‌, നയമാന്‍ ആദ്യം ചെയ്‌തതുപോലെ നാം അഹങ്കരിക്കരുത്‌, ദൈവദാസന്മാരെ അനുസരിക്കണം. മൂന്നാമതായി, ഗേഹസിയെപ്പോലെ നാം നുണ പറയരുത്‌. ബൈബിള്‍ വായിക്കുമ്പോള്‍ നമുക്ക് എത്ര കാര്യങ്ങളാണല്ലേ പഠിക്കാന്‍ കഴിയുന്നത്‌?

2 രാജാക്കന്മാര്‍ 5:1-27.ചോദ്യങ്ങള്‍

 • ചിത്രത്തില്‍, ആ കൊച്ചു പെണ്‍കുട്ടി സ്‌ത്രീയോട്‌ എന്തു പറയുന്നതായാണു കാണുന്നത്‌?
 • ചിത്രത്തില്‍ കാണുന്ന സ്‌ത്രീ ആരാണ്‌, പെണ്‍കുട്ടി ആ വീട്ടില്‍ എന്തു ചെയ്യുകയാണ്‌?
 • നയമാനോട്‌ എന്തു പറയാനാണ്‌ എലീശാ തന്‍റെ ദാസനോടു നിര്‍ദേശിക്കുന്നത്‌, നയമാന്‍ കുപിതനാകാന്‍ കാരണമെന്ത്?
 • നയമാന്‍ തന്‍റെ ദാസര്‍ക്കു ചെവികൊടുക്കുമ്പോള്‍ എന്തു സംഭവിക്കുന്നു?
 • എലീശാ നയമാന്‍റെ സമ്മാനങ്ങള്‍ നിരസിക്കുന്നത്‌ എന്തുകൊണ്ട്, എന്നാല്‍ ഗേഹസി എന്താണു ചെയ്യുന്നത്‌?
 • ഗേഹസിക്ക് എന്തു സംഭവിക്കുന്നു, ഇതില്‍നിന്ന് നമുക്ക് എന്തു പഠിക്കാന്‍ കഴിയും?

കൂടുതലായ ചോദ്യങ്ങള്‍

 • 2 രാജാക്കന്മാര്‍ 5:1-27 വായിക്കുക.

  ആ ഇസ്രായേല്യ ബാലികയുടെ മാതൃക ഇന്നത്തെ കുട്ടികള്‍ക്കു പ്രോത്സാഹനമായിരിക്കുന്നത്‌ എങ്ങനെ? (2 രാജാ. 5:3; സങ്കീ. 8:2; 148:12, 13)

  തിരുവെഴുത്തു ബുദ്ധിയുപദേശം കിട്ടുമ്പോള്‍ നാം നയമാന്‍റെ ദൃഷ്ടാന്തം മനസ്സില്‍പ്പിടിക്കുന്നതു നല്ലതായിരിക്കുന്നത്‌ എന്തുകൊണ്ട്? (2 രാജാ. 5:15; എബ്രാ. 12:5, 6; യാക്കോ. 4:6)

  എലീശായുടെയും ഗേഹസിയുടെയും മാതൃകകള്‍ വിപരീത താരതമ്യം ചെയ്യുന്നതിലൂടെ നമുക്ക് എന്തു പാഠങ്ങള്‍ പഠിക്കാന്‍ കഴിയും? (2 രാജാ. 5:9, 10, 14-16, 20; മത്താ. 10:8; പ്രവൃ. 5:1-5; 2 കൊരി. 2:17)