വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

കഥ 68: വീണ്ടും ജീവിക്കുന്ന രണ്ടു ബാലന്മാര്‍

കഥ 68: വീണ്ടും ജീവിക്കുന്ന രണ്ടു ബാലന്മാര്‍

നിങ്ങള്‍ മരിച്ചുപോയെന്നിരിക്കട്ടെ, ആരെങ്കിലും നിങ്ങളെ ജീവനിലേക്കു തിരിച്ചു കൊണ്ടുവന്നാല്‍ അതു നിങ്ങളുടെ അമ്മയ്‌ക്ക് എത്ര സന്തോഷം പകരും അല്ലേ? എന്നാല്‍ മരിച്ചുപോയ ഒരാള്‍ക്ക് വീണ്ടും ജീവനിലേക്കു വരാന്‍ കഴിയുമോ? മുമ്പ് എപ്പോഴെങ്കിലും അങ്ങനെ സംഭവിച്ചിട്ടുണ്ടോ?

ഈ ചിത്രത്തിലെ പുരുഷനെയും സ്‌ത്രീയെയും കുട്ടിയെയും നോക്കൂ. ആ പുരുഷന്‍ പ്രവാചകനായ ഏലീയാവ്‌ ആണ്‌. സ്‌ത്രീ സാരെഫാത്ത്‌ പട്ടണത്തില്‍നിന്നുള്ളവളാണ്‌, ഭര്‍ത്താവു മരിച്ചുപോയ ആ സ്‌ത്രീയുടെ മകനാണ്‌ ആ കുട്ടി. ഒരിക്കല്‍ ആ കുട്ടിക്ക് രോഗം പിടിപെടുന്നു. രോഗം കൂടി അവന്‍ മരിക്കുന്നു. അപ്പോള്‍ ഏലീയാവ്‌ സ്‌ത്രീയോടു പറയുന്നു: ‘ബാലനെ എന്‍റെ കൈയില്‍ തരിക.’

ഏലീയാവ് ഉയിര്‍പ്പിക്കപ്പെട്ട ബാലനോടും അവന്‍റെ അമ്മയോടും ഒപ്പം

ഏലീയാവ്‌ കുട്ടിയെ വീടിന്‍റെ മുകളിലത്തെ നിലയിലേക്കു കൊണ്ടുപോയി കട്ടിലില്‍ കിടത്തുന്നു. എന്നിട്ട് അവന്‍ പ്രാര്‍ഥിക്കുന്നു: ‘യഹോവേ, ബാലനെ വീണ്ടും ജീവിപ്പിക്കേണമേ.’ അപ്പോള്‍ കുട്ടി ശ്വസിച്ചുതുടങ്ങുന്നു! ഏലീയാവ്‌ ബാലനെ താഴെ കൊണ്ടുപോയി സ്‌ത്രീയെ ഏല്‍പ്പിച്ചിട്ട് പറയുന്നു: ‘ഇതാ, നിന്‍റെ മകന്‍ ജീവിച്ചിരിക്കുന്നു!’ ആ അമ്മ ഇത്ര സന്തുഷ്ടയായിരിക്കുന്നതിന്‍റെ കാരണം അതാണ്‌.

യഹോവയുടെ മറ്റൊരു പ്രധാനപ്പെട്ട പ്രവാചകനാണ്‌ എലീശാ. അവന്‍ ഏലീയാവിന്‍റെ സഹായിയാണ്‌. എന്നാല്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ യഹോവ പിന്നീട്‌ എലീശായെയും ഉപയോഗിക്കുന്നു. ഒരു ദിവസം എലീശാ ശൂനേം പട്ടണത്തിലേക്കു പോകുന്നു. അവിടെ ഒരു സ്‌ത്രീ അവനോടു വളരെ ദയ കാണിക്കുന്നു. പിന്നീട്‌ അവള്‍ക്ക് ഒരു മകന്‍ ജനിക്കുന്നു.

കുട്ടി കുറച്ചു വലുതായി കഴിഞ്ഞ്, ഒരു ദിവസം രാവിലെ അവന്‍ വയലില്‍ വേല ചെയ്യുന്ന പിതാവിനെ സഹായിക്കാന്‍ പോകുന്നു. പെട്ടെന്ന് ‘എന്‍റെ തല വേദനിക്കുന്നേ!’ എന്ന് അവന്‍ നിലവിളിക്കുന്നു. കുട്ടിയെ വീട്ടിലേക്കു കൊണ്ടുവരുന്നു, അവന്‍ മരിക്കുന്നു. അവന്‍റെ അമ്മയ്‌ക്ക് എത്ര സങ്കടമാകുന്നുവെന്നോ! അവള്‍ നേരേ പോയി എലീശായെ വിളിച്ചുകൊണ്ടു വരുന്നു.

എലീശാ വന്ന് കുട്ടി മരിച്ചുകിടക്കുന്ന മുറിയിലേക്കു പോകുന്നു. അവന്‍ യഹോവയോടു പ്രാര്‍ഥിച്ചിട്ട് കുട്ടിയുടെമേല്‍ കിടക്കുന്നു. പെട്ടെന്ന് കുട്ടിയുടെ ശരീരം ചൂടാകുകയും അവന്‍ ഏഴു പ്രാവശ്യം തുമ്മുകയും ചെയ്യുന്നു. ബാലന്‍റെ അമ്മ അകത്തേക്കു വരുമ്പോള്‍ അവന്‍ ജീവനോടെയിരിക്കുന്നതു കാണുന്നു. അവളുടെ സന്തോഷത്തിന്‌ അതിരില്ല!

ധാരാളം ആളുകള്‍ മരിച്ചുപോയിട്ടുണ്ട്. അത്‌ അവരുടെ ബന്ധുക്കളെയും കൂട്ടുകാരെയുമെല്ലാം ദുഃഖത്തിലാഴ്‌ത്തിയിരിക്കുന്നു. നമുക്ക് മരിച്ചവരെ ഉയിര്‍പ്പിക്കാനുള്ള കഴിവില്ല. എന്നാല്‍ യഹോവയ്‌ക്ക് അതിനു കഴിയും. മരിച്ചു പോയിട്ടുള്ള ലക്ഷക്കണക്കിന്‌ ആളുകളെ അവന്‍ ജീവനിലേക്കു തിരികെ കൊണ്ടുവരുന്നത്‌ എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് നമ്മള്‍ പിന്നീട്‌ പഠിക്കും.

1 രാജാക്കന്മാര്‍ 17:8-24; 2 രാജാക്കന്മാര്‍ 4:8-37.


ചോദ്യങ്ങള്‍

 • ചിത്രത്തില്‍ കാണുന്ന മൂന്നു പേര്‍ ആരെല്ലാം, ആ കൊച്ചുകുട്ടിക്ക് എന്തു സംഭവിക്കുന്നു?
 • കുട്ടിക്കുവേണ്ടി ഏലീയാവ്‌ എന്താണു പ്രാര്‍ഥിക്കുന്നത്‌, തുടര്‍ന്ന് എന്തു സംഭവിക്കുന്നു?
 • ഏലീയാവിന്‍റെ സഹായിയുടെ പേരെന്ത്?
 • ശൂനേംകാരത്തിയുടെ വീട്ടിലേക്ക് എലീശായെ വിളിച്ചുകൊണ്ടുവരുന്നത്‌ എന്തിന്‌?
 • എലീശാ എന്തു ചെയ്യുന്നു, മരിച്ച കുട്ടിക്ക് എന്തു സംഭവിക്കുന്നു?
 • ഏലീയാവിലൂടെയും എലീശായിലൂടെയും പ്രകടിപ്പിച്ചതുപോലെ യഹോവയ്‌ക്ക് എന്തിനുള്ള ശക്തിയുണ്ട്?

കൂടുതലായ ചോദ്യങ്ങള്‍

 • 1 രാജാക്കന്മാര്‍ 17:8-24 വായിക്കുക.

  ഏലീയാവിന്‍റെ അനുസരണവും വിശ്വാസവും പരിശോധിക്കപ്പെട്ടത്‌ എങ്ങനെ? (1 രാജാ. 17:9; 19:1-4, 10)

  സാരെഫാത്തിലെ വിധവയുടെ വിശ്വാസം അതിശയകരമായിരിക്കുന്നത്‌ എന്തുകൊണ്ട്? (1 രാജാ. 17:12-16; ലൂക്കൊ. 4:25, 26)

  സാരെഫാത്തിലെ വിധവയുടെ അനുഭവം, മത്തായി 10:41, 42-ല്‍ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്‍റെ വാക്കുകളുടെ സത്യത തെളിയിക്കുന്നത്‌ എങ്ങനെ? (1 രാജാ. 17:10-12, 17, 23, 24)

 • 2 രാജാക്കന്മാര്‍ 4:8-37 വായിക്കുക.

  ശൂനേംകാരത്തി അതിഥിസത്‌കാരം സംബന്ധിച്ച് നമ്മെ പഠിപ്പിക്കുന്നതെന്ത്? (2 രാജാ. 4:8; ലൂക്കൊ. 6:38; റോമ. 12:13; 1 യോഹ. 3:17)

  ഇന്ന് ദൈവദാസരോടു നമുക്കു ദയാപ്രവൃത്തികള്‍ കാണിക്കാവുന്നത്‌ എങ്ങനെ? (പ്രവൃ. 20:35; 28:1, 2; ഗലാ. 6:9, 10; എബ്രാ. 6:10)