വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 67: യെഹോശാഫാത്ത് യഹോവയില്‍ ആശ്രയിക്കുന്നു

കഥ 67: യെഹോശാഫാത്ത് യഹോവയില്‍ ആശ്രയിക്കുന്നു

ഈ പുരുഷന്മാര്‍ ആരാണെന്നും അവര്‍ എന്താണു ചെയ്യുന്നതെന്നും അറിയാമോ? അവര്‍ യുദ്ധത്തിനു പുറപ്പെടുകയാണ്‌, മുമ്പിലുള്ള പുരുഷന്മാര്‍ പാട്ടുപാടുകയാണ്‌. എന്നാല്‍ ‘ആ പാട്ടുകാര്‍ക്ക് യുദ്ധം ചെയ്യാന്‍ വാളും കുന്തവുമൊന്നും ഇല്ലാത്തത്‌ എന്തുകൊണ്ടാണ്‌?’ എന്നു നാം ചിന്തിച്ചേക്കാം. നമുക്കു നോക്കാം.

ഇസ്രായേല്യര്‍ യുദ്ധത്തിനു പുറപ്പെടുന്നു

യെഹോശാഫാത്ത്‌ ഇസ്രായേലിലെ രണ്ടുഗോത്ര രാജ്യത്തിന്‍റെ രാജാവാണ്‌. വടക്കേ 10 ഗോത്ര രാജ്യത്തിലെ ആഹാബ്‌ രാജാവിന്‍റെയും ഈസേബെലിന്‍റെയും അതേ കാലത്തുതന്നെയാണ്‌ അവന്‍ ജീവിക്കുന്നത്‌. എന്നാല്‍ യെഹോശാഫാത്ത്‌ ഒരു നല്ല രാജാവാണ്‌, അവന്‍റെ പിതാവായ ആസായും നല്ല രാജാവായിരുന്നു. അതുകൊണ്ട് രണ്ടുഗോത്ര രാജ്യത്തിലെ ജനങ്ങള്‍ അനേക വര്‍ഷം സുഖമായി ജീവിക്കുന്നു.

എന്നാല്‍ ഇപ്പോള്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന ഒരു കാര്യം സംഭവിക്കുന്നു. ചിലയാളുകള്‍ വന്ന് യെഹോശാഫാത്തിനെ ഈ വാര്‍ത്ത അറിയിക്കുന്നു: ‘മോവാബ്‌, അമ്മോന്‍, സെയീര്‍ പര്‍വതം എന്നിവിടങ്ങളില്‍നിന്നുള്ള ഒരു വലിയ സൈന്യം അങ്ങയെ ആക്രമിക്കാനായി വരുന്നു.’ യഹോവയുടെ സഹായം തേടാനായി അനേകം ഇസ്രായേല്യര്‍ യെരൂശലേമില്‍ കൂടിവരുന്നു. അവര്‍ ആലയത്തിലേക്കു ചെല്ലുന്നു; അവിടെവെച്ച് യെഹോശാഫാത്ത്‌ ഇങ്ങനെ പ്രാര്‍ഥിക്കുന്നു: ‘ഞങ്ങളുടെ ദൈവമായ യഹോവേ, എന്തുചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഈ വലിയ സേനയ്‌ക്കു മുമ്പില്‍ ഞങ്ങള്‍ നിസ്സഹായരാണ്‌, സഹായത്തിനായി ഞങ്ങള്‍ നിന്നിലേക്കു നോക്കുന്നു.’

യഹോവ ആ പ്രാര്‍ഥന കേള്‍ക്കുന്നു, അവന്‍ തന്‍റെ ദാസന്മാരില്‍ ഒരുവനെക്കൊണ്ട് ജനത്തോട്‌ ഇങ്ങനെ പറയിക്കുന്നു: ‘യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്‍റേതാണ്‌. നിങ്ങള്‍ യുദ്ധം ചെയ്യേണ്ടിവരികയില്ല. യഹോവ നിങ്ങളെ രക്ഷിക്കുന്നത്‌ എങ്ങനെയെന്ന് കണ്ടുകൊള്‍വിന്‍.’

അതുകൊണ്ട് അടുത്ത ദിവസം രാവിലെ യെഹോശാഫാത്ത്‌ ജനത്തോട്‌: ‘യഹോവ നമ്മെ സഹായിക്കുമെന്നു നിങ്ങള്‍ വിശ്വസിപ്പിന്‍!’ എന്നു പറയുന്നു. പിന്നെ അവന്‍ പടയാളികളുടെ മുമ്പിലായി ഗായകരെ നിറുത്തുന്നു; അവര്‍ മാര്‍ച്ചുചെയ്യുമ്പോള്‍ യഹോവയ്‌ക്കു സ്‌തുതികള്‍ പാടുന്നു. അവര്‍ യുദ്ധഭൂമിയോട്‌ അടുക്കുമ്പോള്‍ എന്തു സംഭവിക്കുന്നെന്നോ? ശത്രുഭടന്മാര്‍ തമ്മില്‍ത്തമ്മില്‍ പോരാടാന്‍ യഹോവ ഇടയാക്കുന്നു. ഇസ്രായേല്യര്‍ എത്തിച്ചേരുമ്പോള്‍ അവരെല്ലാം മരിച്ചുകിടക്കുന്നതാണു കാണുന്നത്‌!

യെഹോശാഫാത്ത്‌ സഹായത്തിനായി യഹോവയിലേക്കു നോക്കിയത്‌ ബുദ്ധിപൂര്‍വമായ സംഗതിയായിരുന്നില്ലേ? സഹായത്തിനായി യഹോവയിലേക്കു നോക്കിക്കൊണ്ട് നമുക്കും ബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ കഴിയും.

1  രാജാക്കന്മാര്‍ 22:41-53; 2 ദിനവൃത്താന്തം 20:1-30.


ചോദ്യങ്ങള്‍

 • യെഹോശാഫാത്ത്‌ ആരാണ്‌, ഏതു കാലത്താണ്‌ അവന്‍ ജീവിച്ചിരുന്നത്‌?
 • ഇസ്രായേല്യര്‍ ഭയപ്പെടാന്‍ കാരണമെന്ത്, അവരില്‍ പലരും എന്തു ചെയ്യുന്നു?
 • യെഹോശാഫാത്തിന്‍റെ പ്രാര്‍ഥനയ്‌ക്ക് യഹോവ എന്ത് ഉത്തരമാണു നല്‍കുന്നത്‌?
 • യുദ്ധത്തിനു മുമ്പ് എന്തു സംഭവിക്കാന്‍ യഹോവ ഇടയാക്കുന്നു?
 • യെഹോശാഫാത്തില്‍നിന്ന് നമുക്ക് എന്തു പാഠമാണു പഠിക്കാനുള്ളത്‌?

കൂടുതലായ ചോദ്യങ്ങള്‍

 • 2 ദിനവൃത്താന്തം 20:1-30 വായിക്കുക.

  വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യങ്ങളില്‍ ദൈവദാസര്‍ ചെയ്യേണ്ടത്‌ എന്തെന്ന് യെഹോശാഫാത്ത്‌ പ്രകടിപ്പിച്ചത്‌ എങ്ങനെ? (2 ദിന. 20:12; സങ്കീ. 25:15; 62:1)

  തന്‍റെ ജനത്തോടു സംസാരിക്കുന്നതിന്‌ യഹോവ എല്ലാക്കാലത്തും ഒരു സരണി ഉപയോഗിച്ചിട്ടുണ്ട്. ഇക്കാലത്ത്‌ യഹോവ ഉപയോഗിക്കുന്ന സരണി ഏത്‌? (2 ദിന. 20:14, 15; മത്താ. 24:45-47; യോഹ. 15:15)

  ദൈവം, ‘സര്‍വശക്തനായ ദൈവത്തിന്‍റെ മഹാദിവസത്തിലെ യുദ്ധം’ തുടങ്ങുമ്പോള്‍ നമ്മുടെ അവസ്ഥ യെഹോശാഫാത്തിന്‍റേതിനു സമാനമായിരിക്കുന്നത്‌ എങ്ങനെയായിരിക്കും? (2 ദിന. 20:15, 17; 32:8; വെളി. 16:14, 16)

  ലേവ്യരെ അനുകരിച്ചുകൊണ്ട്, ഇന്ന് പയനിയര്‍മാരും മിഷനറിമാരും ലോകവ്യാപക പ്രസംഗവേലയ്‌ക്ക് ഏതു തരം സംഭാവനയാണു നല്‍കുന്നത്‌? (2 ദിന. 20:19; റോമ. 10:13-15; 2 തിമൊ. 4:2)