വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 66: ഈസേബെല്‍--ഒരു ദുഷ്ടരാജ്ഞി

കഥ 66: ഈസേബെല്‍--ഒരു ദുഷ്ടരാജ്ഞി

യൊരോബെയാം രാജാവിന്‍റെ മരണശേഷം ഇസ്രായേലിന്‍റെ വടക്കേ പത്തുഗോത്ര രാജ്യം ഭരിക്കുന്ന എല്ലാ രാജാക്കന്മാരും ദുഷ്ടന്മാരാണ്‌. അവരില്‍ ഏറ്റവും ദുഷ്ടന്‍ ആഹാബ്‌ രാജാവാണ്‌. അത്‌ എന്തുകൊണ്ടാണെന്ന് അറിയാമോ? പ്രധാന കാരണം അവന്‍റെ ഭാര്യയായ ഈസേബെല്‍ എന്ന ദുഷ്ടരാജ്ഞിയാണ്‌.

ഈസേബെല്‍ ഒരു ഇസ്രായേല്യയല്ല. അവള്‍ സീദോനിലെ രാജാവിന്‍റെ മകളാണ്‌. അവള്‍ വ്യാജദൈവമായ ബാലിനെയാണ്‌ ആരാധിക്കുന്നത്‌; ആഹാബും അനേകം ഇസ്രായേല്യരും ബാലിനെ ആരാധിക്കാന്‍ അവള്‍ ഇടയാക്കുകയും ചെയ്യുന്നു. ഈസേബെല്‍ യഹോവയെ വെറുക്കുകയും അവന്‍റെ പ്രവാചകന്മാരില്‍ കുറെ പേരെ കൊല്ലുകയും ചെയ്യുന്നു. കൊല്ലപ്പെടാതിരിക്കാന്‍ മറ്റു ചിലര്‍ ഗുഹകളില്‍ ഒളിച്ചു താമസിക്കേണ്ടിവരുന്നു. ഈസേബെലിന്‌ എന്തെങ്കിലും വേണമെന്നുണ്ടെങ്കില്‍ അതിനു വേണ്ടി ഒരാളെ കൊല്ലാന്‍ പോലും അവള്‍ക്കു മടിയില്ല.

ഒരിക്കല്‍ ആഹാബ്‌ രാജാവ്‌ വളരെ സങ്കടപ്പെട്ടിരിക്കുന്നതു കണ്ട ഈസേബെല്‍, ‘എന്തിനാണ്‌ ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്നത്‌?’ എന്നു ചോദിക്കുന്നു.

‘നാബോത്താണ്‌ അതിനു കാരണക്കാരന്‍’ എന്ന് ആഹാബ്‌ ഉത്തരം പറയുന്നു. ‘ഞാന്‍ അവന്‍റെ മുന്തിരിത്തോട്ടം വാങ്ങാന്‍ ആഗ്രഹിച്ചു. എന്നാല്‍ അവന്‍ അത്‌ എനിക്കു തരികയില്ലെന്നു പറഞ്ഞു’.

‘വിഷമിക്കേണ്ട, ഞാന്‍ അതു വാങ്ങിത്തരാം,’ ഈസേബെല്‍ പറയുന്നു.

ഈസേബെല്‍ നാബോത്ത്‌ പാര്‍ക്കുന്ന പട്ടണത്തിലെ ചില പ്രധാനികള്‍ക്ക് കത്തുകള്‍ അയയ്‌ക്കുന്നു. ‘നാബോത്ത്‌ ദൈവത്തെയും രാജാവിനെയും ശപിച്ചിരിക്കുന്നു എന്നു സാക്ഷ്യം പറയാന്‍ നീചന്മാരായ ചിലയാളുകളെ ഏര്‍പ്പാടു ചെയ്യുക. പിന്നെ അവനെ പട്ടണത്തിനു വെളിയില്‍ കൊണ്ടുപോയി കല്ലെറിഞ്ഞുകൊല്ലുക’ എന്ന് അവള്‍ അവര്‍ക്ക് എഴുതുന്നു.

നാബോത്ത്‌ മരിച്ചെന്നു കേള്‍ക്കുന്ന ഉടന്‍തന്നെ ഈസേബെല്‍ ആഹാബിനോട്‌: ‘ഇപ്പോള്‍, പോയി അവന്‍റെ മുന്തിരിത്തോട്ടം എടുത്തുകൊള്‍ക’ എന്നു പറയുന്നു. എത്ര ഭയങ്കരം അല്ലേ? അത്തരമൊരു കാര്യം ചെയ്‌തതിന്‌ ഈസേബെലിന്‌ നല്ല ശിക്ഷ കിട്ടേണ്ടതല്ലേ?

ഈസേബെല്‍ രാജ്ഞി

അതുകൊണ്ട് കുറച്ചുനാള്‍ കഴിഞ്ഞ് യഹോവ അവളെ ശിക്ഷിക്കാനായി യേഹൂ എന്ന മനുഷ്യനെ അയയ്‌ക്കുന്നു. യേഹൂ വരുന്നുണ്ടെന്നു കേള്‍ക്കുമ്പോള്‍ ഈസേബെല്‍ കണ്ണില്‍ മഷിയെഴുതി സുന്ദരിയായിരിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ യേഹൂ വന്ന് ഈസേബെല്‍ ജനാലയ്‌ക്കല്‍ ഇരിക്കുന്നതു കാണുമ്പോള്‍ കൊട്ടാരത്തിലുള്ള ആളുകളോട്‌ ഇങ്ങനെ വിളിച്ചുപറയുന്നു: ‘അവളെ താഴോട്ട് തള്ളിയിടുവിന്‍!’ ഈ ചിത്രത്തില്‍ കാണാന്‍ കഴിയുന്നതുപോലെ ആ പുരുഷന്മാര്‍ അവനെ അനുസരിക്കുന്നു. അവര്‍ അവളെ തള്ളിയിടുന്നു. അങ്ങനെ, ദുഷ്ടരാജ്ഞിയായ ഈസേബെല്‍ മരിക്കുന്നു.

1 രാജാക്കന്മാര്‍ 16:29-33; 18:1-4; 21:1-16; 2 രാജാക്കന്മാര്‍ 9:30-37.



ചോദ്യങ്ങള്‍

 • ആരാണ്‌ ഈസേബെല്‍?
 • ഒരു ദിവസം ആഹാബ്‌ രാജാവ്‌ സങ്കടപ്പെട്ടിരുന്നതിന്‍റെ കാരണമെന്ത്?
 • തന്‍റെ ഭര്‍ത്താവായ ആഹാബിന്‌ നാബോത്തിന്‍റെ മുന്തിരിത്തോട്ടം ലഭിക്കത്തക്കവണ്ണം ഈസേബെല്‍ എന്താണു ചെയ്യുന്നത്‌?
 • ഈസേബെലിനെ ശിക്ഷിക്കാന്‍ യഹോവ ആരെയാണ്‌ അയയ്‌ക്കുന്നത്‌?
 • ചിത്രത്തില്‍ കാണാന്‍ കഴിയുന്നതുപോലെ യേഹൂ ഈസേബെലിന്‍റെ കൊട്ടാരത്തില്‍ എത്തുമ്പോള്‍ എന്തു സംഭവിക്കുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • 1 രാജാക്കന്മാര്‍ 16:29-33; 18:3, 4 വായിക്കുക.

  ആഹാബ്‌ രാജാവിന്‍റെ കാലത്ത്‌ ഇസ്രായേലില്‍ അവസ്ഥ എത്രത്തോളം വഷളാകുന്നു? (1 രാജാക്കന്മാര്‍ 14:9)

 • 1 രാജാക്കന്മാര്‍ 21:1-16 വായിക്കുക.

  നാബോത്ത്‌ ധൈര്യവും യഹോവയോടുള്ള വിശ്വസ്‌തതയും കാണിച്ചത്‌ എങ്ങനെ? (1 രാജാ. 21:1-3; ലേവ്യ. 25:23-28)

  ഇച്ഛാഭംഗത്തെ അഥവാ നമ്മുടെ ഏതെങ്കിലും ആഗ്രഹം നടക്കാതെവരുന്ന ഒരു സാഹചര്യത്തെ തരണംചെയ്യുന്നതു സംബന്ധിച്ച് ആഹാബിന്‍റെ ദൃഷ്ടാന്തം നമ്മെ എന്തു പഠിപ്പിക്കുന്നു? (1 രാജാ. 21:4; റോമ. 5:3-5)

 • 2 രാജാക്കന്മാര്‍ 9:30-37 വായിക്കുക.

  യഹോവയുടെ ഇഷ്ടം ചെയ്യുന്നതു സംബന്ധിച്ച യേഹൂവിന്‍റെ തീക്ഷ്ണതയില്‍നിന്ന് നമുക്ക് എന്തു പഠിക്കാന്‍ കഴിയും? (2 രാജാ. 9:4-10; 2 കൊരി. 9:1, 2; 2 തിമൊ. 4:2)