കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 65: രാജ്യം വിഭജിക്കപ്പെടുന്നു

കഥ 65: രാജ്യം വിഭജിക്കപ്പെടുന്നു

ഈ മനുഷ്യന്‍ തന്‍റെ വസ്‌ത്രം കീറുന്നത്‌ എന്തുകൊണ്ടാണെന്ന് അറിയാമോ? അങ്ങനെ ചെയ്യാന്‍ യഹോവ അവനോടു കല്‍പ്പിച്ചതാണ്‌. അവന്‍ ദൈവത്തിന്‍റെ പ്രവാചകനായ അഹീയാവാണ്‌. ഒരു പ്രവാചകന്‍ എന്നു പറഞ്ഞാല്‍ ആരാണ്‌? സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ ദൈവം മുന്‍കൂട്ടി അറിയിക്കുന്ന വ്യക്തിയെയാണ്‌ പ്രവാചകന്‍ എന്നു വിളിക്കുന്നത്‌.

അഹീയാവും യൊരോബെയാമും

ഇവിടെ അഹീയാവുമായി സംസാരിച്ചുകൊണ്ടു നില്‍ക്കുന്ന ആളുടെ പേര്‌ യൊരോബെയാം എന്നാണ്‌. ശലോമോന്‍ തന്‍റെ നിര്‍മാണവേലയില്‍ ചിലതിന്‍റെ മേല്‍നോട്ടത്തിന്‌ ആക്കിവെച്ചിരുന്ന ഒരു മനുഷ്യനാണ്‌ യൊരോബെയാം. യൊരോബെയാമിനെ ഇവിടെ വഴിയില്‍വെച്ചു കാണുമ്പോള്‍ അഹീയാവ്‌ ഒരു അസാധാരണ സംഗതി ചെയ്യുന്നു. അവന്‍ തന്‍റെ പുതിയ അങ്കി ഊരി 12 കഷണങ്ങളായി കീറുന്നു. അവന്‍ യൊരോബെയാമിനോട്‌: ‘10 കഷണം നീ എടുത്തുകൊള്‍ക’ എന്നു പറയുന്നു. അഹീയാവ്‌ യൊരോബെയാമിനു 10 കഷണങ്ങള്‍ കൊടുക്കുന്നത്‌ എന്തുകൊണ്ടായിരിക്കും?

യഹോവ ശലോമോനില്‍നിന്നു രാജ്യം എടുത്തുകളയാന്‍ പോകുകയാണെന്ന് അഹീയാവു വിശദമാക്കുന്നു. യഹോവ യൊരോബെയാമിനു 10 ഗോത്രങ്ങള്‍ കൊടുക്കുമെന്ന് അവന്‍ പറയുന്നു. ഇതിന്‍റെ അര്‍ഥം ശലോമോന്‍റെ മകനായ രെഹബെയാം രണ്ടു ഗോത്രങ്ങളുടെമേല്‍ മാത്രമേ രാജാവായിരിക്കുകയുള്ളൂ എന്നാണ്‌.

അഹീയാവ്‌ യൊരോബെയാമിനോടു പറഞ്ഞതിനെക്കുറിച്ച് ശലോമോന്‍ കേള്‍ക്കുമ്പോള്‍ അവന്‍ വളരെ കോപിക്കുന്നു. അവന്‍ യൊരോബെയാമിനെ കൊല്ലാന്‍ ശ്രമിക്കുന്നു. എന്നാല്‍ യൊരോബെയാം ഈജിപ്‌തിലേക്ക് ഓടിപ്പോകുന്നു. കുറച്ചുനാള്‍ കഴിഞ്ഞ് ശലോമോന്‍ മരിക്കുന്നു. അവന്‍ 40 വര്‍ഷം രാജാവായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവന്‍റെ പുത്രനായ രെഹബെയാം രാജാവായി. ശലോമോന്‍ മരിച്ചെന്ന് യൊരോബെയാം ഈജിപ്‌തില്‍വെച്ചു കേള്‍ക്കുന്നു, അതുകൊണ്ട് അവന്‍ ഇസ്രായേലിലേക്കു തിരിച്ചുവരുന്നു.

രെഹബെയാം ഒരു നല്ല രാജാവല്ല. അവന്‍ തന്‍റെ അപ്പനായ ശലോമോനെക്കാള്‍ മോശമായിട്ടാണു ജനത്തോടു പെരുമാറിയത്‌. യൊരോബെയാമും ജനത്തിന്‍റെ ഇടയിലെ മറ്റു ചില പ്രധാന ആളുകളും രെഹബെയാം രാജാവിന്‍റെ അടുക്കല്‍ ചെന്ന് ജനത്തോട്‌ കുറേക്കൂടെ നന്നായി പെരുമാറണമെന്ന് അപേക്ഷിക്കുന്നു. എന്നാല്‍ രെഹബെയാം ശ്രദ്ധിക്കുന്നില്ല. മാത്രമല്ല അവന്‍ മുമ്പത്തെക്കാള്‍ ക്രൂരനായിത്തീരുകയും ചെയ്യുന്നു. അതുകൊണ്ട് ജനം യൊരോബെയാമിനെ 10 ഗോത്രങ്ങളുടെമേല്‍ രാജാവാക്കുന്നു; എന്നാല്‍ ബെന്യാമീന്‍, യെഹൂദാ എന്നീ രണ്ടു ഗോത്രങ്ങള്‍ രെഹബെയാമിനെ തങ്ങളുടെ രാജാവായി നിലനിറുത്തുന്നു.

ജനം യഹോവയുടെ ആലയത്തില്‍ ആരാധിക്കാനായി യെരൂശലേമിലേക്കു പോകുന്നത്‌ യൊരോബെയാമിന്‌ ഇഷ്ടമല്ല. അതുകൊണ്ട് അവന്‍ രണ്ടു സ്വര്‍ണ കാളക്കുട്ടികളെ ഉണ്ടാക്കുകയും 10 ഗോത്ര രാജ്യത്തിലെ ജനങ്ങളെക്കൊണ്ട് അവയെ ആരാധിപ്പിക്കുകയും ചെയ്യുന്നു. പെട്ടെന്നുതന്നെ ദേശം അക്രമവും കുറ്റകൃത്യവും കൊണ്ടു നിറയുന്നു.

രണ്ടുഗോത്ര രാജ്യത്തിലും കുഴപ്പങ്ങളുണ്ട്. രെഹബെയാം രാജാവായി അഞ്ചു വര്‍ഷം ആകുന്നതിനു മുമ്പ് ഈജിപ്‌തിലെ രാജാവ്‌ യെരൂശലേമിനെതിരെ യുദ്ധത്തിനു വരുന്നു. അവന്‍ യഹോവയുടെ ആലയത്തില്‍നിന്നു വിലപിടിപ്പുള്ള അനേകം സാധനങ്ങള്‍ എടുത്തുകൊണ്ടുപോകുന്നു. അതുകൊണ്ട് ആലയം പണിയപ്പെട്ടപ്പോഴത്തെ നിലയില്‍ കുറച്ചുകാലം മാത്രമേ തുടരുന്നുള്ളൂ.

1 രാജാക്കന്മാര്‍ 11:26-43; 12:1-33; 14:21-31.



ചോദ്യങ്ങള്‍

  • ചിത്രത്തില്‍ കാണുന്ന രണ്ടു പേരുടെ പേര്‌ എന്താണ്‌, അവര്‍ ആരെല്ലാമാണ്‌?
  • അഹീയാവ്‌ താന്‍ ധരിച്ചിരിക്കുന്ന അങ്കി എന്തു ചെയ്യുന്നു, ആ പ്രവൃത്തിയുടെ അര്‍ഥം എന്ത്?
  • യൊരോബെയാമിനെ എന്തു ചെയ്യാനാണു ശലോമോന്‍ ശ്രമിക്കുന്നത്‌?
  • ജനം യൊരോബെയാമിനെ പത്തു ഗോത്രങ്ങള്‍ക്കുമേല്‍ രാജാവാക്കുന്നത്‌ എന്തുകൊണ്ട്?
  • യൊരോബെയാം രണ്ടു സ്വര്‍ണ കാളക്കുട്ടികളെ ഉണ്ടാക്കുന്നത്‌ എന്തിന്‌, പെട്ടെന്നുതന്നെ രാജ്യത്ത്‌ എന്താണു സംഭവിക്കുന്നത്‌?
  • രണ്ടു ഗോത്ര രാജ്യത്തിനും യെരൂശലേമിലെ യഹോവയുടെ ആലയത്തിനും എന്തു സംഭവിക്കുന്നു?

കൂടുതലായ ചോദ്യങ്ങള്‍

  • 1 രാജാക്കന്മാര്‍ 11:26-43 വായിക്കുക.

    യൊരോബെയാം ഏതു തരക്കാരനാണ്‌, ദിവ്യനിയമങ്ങള്‍ അനുസരിക്കുമെങ്കില്‍ എന്തു ചെയ്യുമെന്നാണു യഹോവ അവനോടു വാഗ്‌ദാനം ചെയ്‌തത്‌? (1 രാജാ. 11:28, 38)

  • 1 രാജാക്കന്മാര്‍ 12:1-33 വായിക്കുക.

    യൊരോബെയാമിന്‍റെ മോശമായ മാതൃകയില്‍നിന്ന് അധികാരം ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ച് മാതാപിതാക്കള്‍ക്കും മൂപ്പന്മാര്‍ക്കും എന്താണു പഠിക്കാനുള്ളത്‌? (1  രാജാ. 12:13; സഭാ. 7:7, NW; 1 പത്രൊ. 5:2, 3)

    ജീവിതത്തില്‍ ഗൗരവമേറിയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ആശ്രയയോഗ്യമായ മാര്‍ഗനിര്‍ദേശത്തിനായി യുവജനങ്ങള്‍ ആരിലേക്കു തിരിയണം? (1 രാജാ. 12:6, 7; സദൃ. 1:8, 9; 2 തിമൊ. 3:16, 17; എബ്രാ. 13:7)

    കാളക്കുട്ടിയാരാധനയ്‌ക്കുള്ള രണ്ടു കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ യൊരോബെയാമിനെ പ്രേരിപ്പിച്ചത്‌ എന്ത്, ഇത്‌ യഹോവയിലുള്ള വിശ്വാസത്തിന്‍റെ വലിയ അഭാവം കാണിച്ചത്‌ എങ്ങനെ? (1 രാജാ. 11:37; 12:26-28)

    പത്തു ഗോത്ര രാജ്യത്തെ ജനങ്ങളെ സത്യാരാധനയ്‌ക്ക് എതിരെയുള്ള ഒരു മത്സരത്തിലേക്കു നയിച്ചത്‌ ആര്‌? (1 രാജാ. 12:32, 33)