വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

കഥ 64: ശലോമോന്‍ ആലയം പണിയുന്നു

കഥ 64: ശലോമോന്‍ ആലയം പണിയുന്നു

തന്‍റെ ആലയം പണിയുന്നതിനു വേണ്ട വിവരങ്ങള്‍ യഹോവതന്നെ ദാവീദിനു നല്‍കുന്നു. ദാവീദ്‌ മരിക്കുന്നതിനു മുമ്പ് ആ വിവരങ്ങള്‍ ശലോമോനു കൊടുക്കുന്നു. രാജാവായി നാലാം വര്‍ഷം ശലോമോന്‍ ആലയം പണിയാന്‍ തുടങ്ങുന്നു; അതു പൂര്‍ത്തിയാക്കുന്നതിന്‌ ഏഴര വര്‍ഷം വേണ്ടിവരുന്നു. പതിനായിരക്കണക്കിന്‌ ആളുകള്‍ ആലയത്തിന്‍റെ പണിയില്‍ പങ്കെടുക്കുന്നു. അതിന്‌ ധാരാളം പണം ചെലവാകുന്നു, കാരണം വളരെയധികം സ്വര്‍ണവും വെള്ളിയും ഉപയോഗിച്ചാണ്‌ ആലയം പണിയുന്നത്‌.

സമാഗമന കൂടാരത്തിന്‌ ഉണ്ടായിരുന്നതുപോലെ തന്നെ ഈ ആലയത്തിനും രണ്ടു പ്രധാന മുറികളുണ്ട്. എന്നാല്‍ ഈ മുറികള്‍ സമാഗമന കൂടാരത്തിലെ മുറികളുടെ ഇരട്ടി വലുപ്പമുള്ളവയാണ്‌. ശലോമോന്‍ നിയമപെട്ടകം ആലയത്തിന്‍റെ അകത്തെ മുറിയില്‍ വെച്ചു; സമാഗമന കൂടാരത്തില്‍ ഉണ്ടായിരുന്ന മറ്റു സാധനങ്ങള്‍ മറ്റേ മുറിയിലും.

ആലയത്തിന്‍റെ പണി തീരുമ്പോള്‍ ഒരു വലിയ ആഘോഷം നടക്കുന്നു. ഈ ചിത്രത്തില്‍ കാണാന്‍ കഴിയുന്നതുപോലെ ശലോമോന്‍ ആലയത്തിന്‍റെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ഥിക്കുന്നു. ‘മുഴുസ്വര്‍ഗത്തിനുപോലും നിന്നെ ഉള്‍ക്കൊള്ളാന്‍ സാധിക്കയില്ലല്ലോ, ആ സ്ഥിതിക്ക് ഈ ആലയത്തിന്‌ എത്രയോ അസാധ്യം. എങ്കിലും എന്‍റെ ദൈവമേ, നിന്‍റെ ജനം ഈ സ്ഥലത്തേക്കു തിരിഞ്ഞു പ്രാര്‍ഥിക്കുമ്പോള്‍ ദയവായി അവരുടെ പ്രാര്‍ഥന കേള്‍ക്കേണമേ’ എന്ന് ശലോമോന്‍ യഹോവയോടു പറയുന്നു.

ശലോമോന്‍ രാജാവ് പ്രാര്‍ഥിക്കുന്നു

ശലോമോന്‍ പ്രാര്‍ഥിച്ചുകഴിയുമ്പോള്‍ സ്വര്‍ഗത്തില്‍നിന്നു തീ ഇറങ്ങി അര്‍പ്പിക്കപ്പെട്ടിരിക്കുന്ന മൃഗയാഗങ്ങളെ ദഹിപ്പിക്കുന്നു. യഹോവയില്‍നിന്നുള്ള വലിയൊരു വെളിച്ചം ആലയത്തില്‍ നിറയുന്നു. യഹോവ ശ്രദ്ധിക്കുന്നുണ്ടെന്നും അവന്‍ ആലയത്തിലും ശലോമോന്‍റെ പ്രാര്‍ഥനയിലും സന്തുഷ്ടനാണെന്നും ഇതു കാണിക്കുന്നു. ആരാധനയ്‌ക്കായി ജനങ്ങള്‍ ഇപ്പോള്‍ സമാഗമന കൂടാരത്തിനു പകരം ആലയത്തില്‍ കൂടിവരാന്‍ തുടങ്ങുന്നു.

കുറേക്കാലം ശലോമോന്‍ ജ്ഞാനപൂര്‍വം ഭരണം നടത്തുന്നു, ജനം സന്തുഷ്ടരുമാണ്‌. എന്നാല്‍ ശലോമോന്‍ മറ്റു രാജ്യങ്ങളില്‍നിന്ന് യഹോവയെ ആരാധിക്കാത്ത അനേകം സ്‌ത്രീകളെ വിവാഹം ചെയ്യുന്നു. അവരിലൊരാള്‍ ഒരു വിഗ്രഹത്തെ ആരാധിക്കുന്നത്‌ ചിത്രത്തില്‍ കണ്ടോ? അവസാനം ശലോമോനും മറ്റു ദൈവങ്ങളുടെ ആരാധനയിലേക്കു തിരിയാന്‍ അവന്‍റെ ഭാര്യമാര്‍ ഇടയാക്കുന്നു. ശലോമോന്‍ ഇതു ചെയ്യുമ്പോള്‍ എന്തു സംഭവിക്കുന്നെന്നോ? അവന്‍ ജനത്തോടു ദയയില്ലാതെ പെരുമാറാന്‍ തുടങ്ങുന്നു; അവന്‍ ക്രൂരനായിത്തീരുന്നു. ജനം മേലാല്‍ സന്തുഷ്ടരല്ല.

ശലോമോന്‍ രാജാവ് ഒരു വിഗ്രഹത്തെ ആരാധിക്കുന്നു

യഹോവ ശലോമോനോടു കോപിക്കുന്നതിന്‌ ഇത്‌ ഇടയാക്കിത്തീര്‍ക്കുന്നു; അവന്‍ ഇങ്ങനെ പറയുന്നു: ‘ഞാന്‍ രാജ്യം നിന്നില്‍നിന്ന് എടുത്ത്‌ മറ്റൊരു മനുഷ്യനു കൊടുക്കും. നീ ജീവിച്ചിരിക്കുമ്പോള്‍ അതു ചെയ്യാതെ നിന്‍റെ പുത്രന്‍റെ ഭരണകാലത്ത്‌ ഞാന്‍ അതു ചെയ്യും. എന്നാല്‍ ഞാന്‍ നിന്‍റെ പുത്രനില്‍നിന്ന് രാജ്യത്തിലെ സകല ആളുകളെയും എടുത്തുകളകയില്ല.’ ഇത്‌ എങ്ങനെ സംഭവിക്കുന്നെന്നു നമുക്കു കാണാം.

1 ദിനവൃത്താന്തം 28:9-21; 29:1-9; 1 രാജാക്കന്മാര്‍ 5:1-18; 2 ദിനവൃത്താന്തം 6:12-42; 7:1-5; 1 രാജാക്കന്മാര്‍ 11:9-13.ചോദ്യങ്ങള്‍

 • യഹോവയുടെ ആലയം പണിയാന്‍ ശലോമോന്‌ എത്ര കാലം വേണ്ടിവരുന്നു, അതിനു വളരെയധികം പണം ആവശ്യമായി വരുന്നത്‌ എന്തുകൊണ്ട്?
 • ആലയത്തിന്‌ എത്ര പ്രധാന മുറികള്‍ ഉണ്ട്, അകത്തെ മുറിയില്‍ എന്താണു വെച്ചത്‌?
 • ആലയത്തിന്‍റെ പണി തീര്‍ന്നശേഷം ശലോമോന്‍ എന്താണു പ്രാര്‍ഥിക്കുന്നത്‌?
 • ശലോമോന്‍റെ പ്രാര്‍ഥനയില്‍ താന്‍ സന്തുഷ്ടനാണെന്ന് യഹോവ പ്രകടമാക്കുന്നത്‌ എങ്ങനെ?
 • ശലോമോന്‍റെ ഭാര്യമാര്‍ അവനെക്കൊണ്ട് എന്താണു ചെയ്യിക്കുന്നത്‌, അവന്‌ എന്തു സംഭവിക്കുന്നു?
 • യഹോവ ശലോമോനോടു കോപിക്കാന്‍ കാരണമെന്ത്, യഹോവ അവനോട്‌ എന്താണു പറയുന്നത്‌?

കൂടുതലായ ചോദ്യങ്ങള്‍

 • 1 ദിനവൃത്താന്തം 28:9, 10 വായിക്കുക.

  1 ദിനവൃത്താന്തം 28:9, 10-ലെ ദാവീദിന്‍റെ വാക്കുകളുടെ വീക്ഷണത്തില്‍, അനുദിന ജീവിതത്തില്‍ നാം എന്തു ചെയ്യാന്‍ പരിശ്രമിക്കണം? (സങ്കീ. 19:14; ഫിലി. 4:8, 9)

 • 2 ദിനവൃത്താന്തം 6:12-21, 32-42 വായിക്കുക.

  മനുഷ്യനിര്‍മിതമായ യാതൊരു കെട്ടിടത്തിനും അത്യുന്നതനായ ദൈവത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ല എന്ന് ശലോമോന്‍ പ്രകടമാക്കിയത്‌ എങ്ങനെ? (2 ദിന. 6:18; പ്രവൃ. 17:24, 25)

  2 ദിനവൃത്താന്തം 6:32, 33-ലെ ശലോമോന്‍റെ വാക്കുകള്‍ യഹോവയെക്കുറിച്ച് എന്തു വെളിപ്പെടുത്തുന്നു? (പ്രവൃ. 10:34, 35; ഗലാ. 2:6)

 • 2 ദിനവൃത്താന്തം 7:1-5 വായിക്കുക.

  യഹോവയുടെ തേജസ്സ് കണ്ടപ്പോള്‍, ഇസ്രായേല്യര്‍ യഹോവയ്‌ക്കു സ്‌തുതി കരേറ്റാന്‍ പ്രേരിതരായതുപോലെ, ഇന്ന് തന്‍റെ ജനത്തിന്മേലുള്ള യഹോവയുടെ അനുഗ്രഹത്തെക്കുറിച്ചു വിചിന്തനം ചെയ്യുന്നത്‌ നമ്മെ എങ്ങനെ ബാധിക്കണം? (2 ദിന. 7:3; സങ്കീ. 22:22; 34:1; 96:2)

 • 1 രാജാക്കന്മാര്‍ 11:9-13 വായിക്കുക.

  അന്ത്യത്തോളം വിശ്വസ്‌തരായി തുടരേണ്ടതിന്‍റെ പ്രാധാന്യം ശലോമോന്‍റെ ജീവിതഗതി കാണിച്ചു തരുന്നത്‌ എങ്ങനെ? (1 രാജാ. 11:4, 9; മത്താ. 10:22; വെളി. 2:10)