വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 63: ജ്ഞാനിയായ ശലോമോന്‍ രാജാവ്

കഥ 63: ജ്ഞാനിയായ ശലോമോന്‍ രാജാവ്

ശലോമോന്‍ രാജാവാകുമ്പോള്‍ അവന്‍ ചെറുപ്പമാണ്‌. അവന്‍ യഹോവയെ സ്‌നേഹിക്കുന്നു. അവന്‍റെ അപ്പനായ ദാവീദ്‌ നല്‍കിയിരുന്ന ഉപദേശം അനുസരിച്ചാണ്‌ അവന്‍ പ്രവര്‍ത്തിക്കുന്നത്‌. യഹോവയ്‌ക്ക് ശലോമോനെ വളരെ ഇഷ്ടമാണ്‌; അതുകൊണ്ട് ഒരു രാത്രിയില്‍ അവന്‍ സ്വപ്‌നത്തില്‍ അവനോട്‌ ഇങ്ങനെ ചോദിക്കുന്നു: ‘ശലോമോനേ, ഞാന്‍ നിനക്ക് എന്താണു തരേണ്ടത്‌?’

അതിനു ശലോമോന്‍ ഇങ്ങനെ ഉത്തരം നല്‍കുന്നു: ‘എന്‍റെ ദൈവമായ യഹോവേ, ഞാന്‍ തീരെ ചെറുപ്പമാണ്‌, എങ്ങനെ ഭരിക്കണമെന്ന് എനിക്ക് അറിയില്ല. അതുകൊണ്ട് നിന്‍റെ ജനത്തെ ശരിയായ വിധത്തില്‍ ഭരിക്കുന്നതിന്‌ ആവശ്യമായ ജ്ഞാനം എനിക്കു തരേണമേ.’

ശലോമോന്‍ ചോദിച്ച കാര്യം യഹോവയെ സന്തുഷ്ടനാക്കി. അതുകൊണ്ട് അവന്‍ പറയുന്നു: ‘ഒരുപാടു കാലം ജീവിച്ചിരിക്കാനോ വളരെ സമ്പത്ത്‌ തരാനോ ഒന്നും ചോദിക്കാതെ നീ ജ്ഞാനത്തിനുവേണ്ടി അപേക്ഷിച്ചിരിക്കയാല്‍ ഞാന്‍ നിന്നെ ഇതുവരെ ജീവിച്ചിരുന്നിട്ടുള്ള ഏതൊരുവനെക്കാളും ജ്ഞാനിയാക്കും, എന്നാല്‍ നീ അപേക്ഷിച്ചിട്ടില്ലാത്ത സമ്പത്തും മഹത്ത്വവും കൂടെ ഞാന്‍ നിനക്കു തരും.’

കുറച്ചുനാള്‍ കഴിഞ്ഞ് രണ്ടു സ്‌ത്രീകള്‍ ഒരു വലിയ പ്രശ്‌നവുമായി ശലോമോന്‍റെ അടുക്കല്‍ വരുന്നു. ‘ഈ സ്‌ത്രീയും ഞാനും ഒരേ വീട്ടിലാണു താമസിക്കുന്നത്‌. ഞാന്‍ ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു; രണ്ടു ദിവസം കഴിഞ്ഞ് അവളും ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു. ഒരു ദിവസം രാത്രി അവളുടെ കുട്ടി മരിച്ചുപോയി. എന്നാല്‍ ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അവള്‍ മരിച്ചകുട്ടിയെ എന്‍റെ അടുക്കല്‍ കിടത്തിയിട്ട് എന്‍റെ കുഞ്ഞിനെ എടുത്തുകൊണ്ടുപോയി. ഞാന്‍ ഉണര്‍ന്ന് ആ മരിച്ചകുട്ടിയെ നോക്കിയപ്പോള്‍ അത്‌ എന്‍റേതല്ലെന്ന് എനിക്കു മനസ്സിലായി’ എന്ന് അവരിലൊരുവള്‍ വിവരിക്കുന്നു.

അപ്പോള്‍ മറ്റേ സ്‌ത്രീ പറയുന്നു: ‘അല്ല! ജീവനുള്ള കുട്ടി എന്‍റേതാണ്‌; മരിച്ച കുട്ടി അവളുടേതും!’ ആദ്യത്തെ സ്‌ത്രീ ഇങ്ങനെ ഉത്തരം പറയുന്നു: ‘അല്ല! മരിച്ച കുട്ടി നിന്‍റേതാണ്‌; ജീവനുള്ള കുട്ടിയാണ്‌ എന്‍റേത്‌!’ ഈ വിധത്തില്‍ ആ സ്‌ത്രീകള്‍ തര്‍ക്കിക്കുന്നു. ശലോമോന്‍ ഇപ്പോള്‍ എന്തു ചെയ്യും?

അവന്‍ ഒരു വാള്‍ കൊണ്ടുവരാന്‍ കല്‍പ്പിക്കുന്നു. അതു കൊണ്ടുവന്നു കഴിയുമ്പോള്‍ അവന്‍ പറയുന്നു: ‘ജീവനുള്ള കുട്ടിയെ വെട്ടി പകുതി വീതം ഓരോ സ്‌ത്രീക്കും കൊടുക്കുക.’

‘അയ്യോ കുഞ്ഞിനെ കൊല്ലരുതേ!’ കുട്ടിയുടെ യഥാര്‍ഥ അമ്മ നിലവിളിക്കുന്നു. ‘അതിനെ അവള്‍ക്കു കൊടുത്തുകൊള്ളൂ!’ അവള്‍ പറയുന്നു. മറ്റേ സ്‌ത്രീയാകട്ടെ ഇങ്ങനെ പറയുന്നു: ‘വേണ്ട, അതിനെ ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും തരേണ്ട. അതിനെ രണ്ടായി വെട്ടിമുറിക്കുക.’

ശലോമോന്‍ രാജാവ് കുഴപ്പംപിടിച്ച ഒരു പ്രശ്നം പരിഹരിക്കുന്നു

അപ്പോള്‍ ശലോമോന്‍ പറയുന്നു: ‘കുട്ടിയെ കൊല്ലരുത്‌! അതിനെ ആദ്യത്തെ സ്‌ത്രീക്കു കൊടുക്കുക. അവളാണ്‌ കുട്ടിയുടെ അമ്മ.’ ശലോമോന്‌ അത്‌ എങ്ങനെ അറിയാം? യഥാര്‍ഥ അമ്മ തന്‍റെ കുഞ്ഞിനെ വളരെയധികം സ്‌നേഹിക്കുന്നു, അതുകൊണ്ടാണ്‌ അതിനെ കൊല്ലാന്‍ പോകുകയാണെന്നു കണ്ടപ്പോള്‍ അങ്ങനെ ചെയ്യാതിരിക്കാനായി കുഞ്ഞിനെ മറ്റേ സ്‌ത്രീക്കു കൊടുക്കാന്‍ അവള്‍ സമ്മതിച്ചത്‌ എന്ന് ശലോമോന്‍ മനസ്സിലാക്കുന്നു. ശലോമോന്‍ ഈ പ്രശ്‌നം പരിഹരിച്ച വിധത്തെക്കുറിച്ച് ജനം കേള്‍ക്കുമ്പോള്‍ ഇത്ര ജ്ഞാനിയായ ഒരു രാജാവിനെ കിട്ടിയതില്‍ അവര്‍ സന്തോഷിക്കുന്നു.

ശലോമോന്‍റെ ഭരണകാലത്ത്‌ ദൈവം ജനത്തെ അനുഗ്രഹിക്കുന്നു. ദേശത്ത്‌ ഗോതമ്പും ബാര്‍ലിയും മുന്തിരിപ്പഴവും അത്തിപ്പഴവുമൊക്കെ ഇഷ്ടംപോലെ വളരാന്‍ അവന്‍ ഇടയാക്കുന്നു. ജനങ്ങള്‍ക്കു ധരിക്കാന്‍ നല്ല വസ്‌ത്രവും പാര്‍ക്കാന്‍ നല്ല വീടുകളും ഉണ്ട്. എല്ലാവര്‍ക്കും എല്ലാ നല്ല സാധനങ്ങളും വേണ്ടതിലധികമുണ്ട്.

1 രാജാക്കന്മാര്‍ 3:3-28; 4:29-34.ചോദ്യങ്ങള്‍

 • യഹോവ ശലോമോനോട്‌ എന്താണു ചോദിച്ചത്‌, അവന്‍ എന്ത് ഉത്തരം നല്‍കി?
 • ശലോമോന്‍ ചോദിച്ച കാര്യം യഹോവയെ സന്തുഷ്ടനാക്കിയതിനാല്‍ ശലോമോന്‌ എന്തു നല്‍കുമെന്ന് അവന്‍ വാഗ്‌ദാനം ചെയ്‌തു?
 • രണ്ടു സ്‌ത്രീകള്‍ കുഴപ്പംപിടിച്ച എന്തു പ്രശ്‌നമാണു ശലോമോന്‍റെ മുമ്പാകെ കൊണ്ടുവന്നത്‌?
 • ചിത്രത്തില്‍ കാണാന്‍ കഴിയുന്നതുപോലെ, ശലോമോന്‍ പ്രശ്‌നം പരിഹരിച്ചത്‌ എങ്ങനെ?
 • ശലോമോന്‍റെ ഭരണം എങ്ങനെയുള്ളതാണ്‌, എന്തുകൊണ്ട്?

കൂടുതലായ ചോദ്യങ്ങള്‍

 • 1 രാജാക്കന്മാര്‍ 3:3-28 വായിക്കുക.

  1 രാജാക്കന്മാര്‍ 3:7-ലെ ശലോമോന്‍റെ ഹൃദയംഗമമായ വാക്കുകളില്‍നിന്ന്, ഇന്നു ദൈവസംഘടനയില്‍ ഉത്തരവാദിത്വങ്ങള്‍ ഭരമേല്‍പ്പിക്കപ്പെട്ടിട്ടുള്ളവര്‍ക്ക് എന്തു പഠിക്കാനാകും? (സങ്കീ. 119:105; സദൃ. 3:5, 6)

  എന്തു കാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണം എന്ന സംഗതിയില്‍ ശലോമോന്‍റെ പ്രാര്‍ഥന നല്ല മാതൃകയായിരിക്കുന്നത്‌ എങ്ങനെ? (1 രാജാ. 3:9, 11; സദൃ. 30:8, 9; 1 യോഹ. 5:14)

  രണ്ടു സ്‌ത്രീകള്‍ ഉള്‍പ്പെട്ട തര്‍ക്കം ശലോമോന്‍ പരിഹരിച്ച വിധം, വലിയ ശലോമോനായ യേശുക്രിസ്‌തുവിന്‍റെ ഭാവി ഭരണം സംബന്ധിച്ച് നമുക്ക് എന്ത് ഉറപ്പാണു നല്‍കുന്നത്‌? (1 രാജാ. 3:28; യെശ. 9:6, 7; 11:2-4)

 • 1 രാജാക്കന്മാര്‍ 4:29-34 വായിക്കുക.

  അനുസരണമുള്ള ഹൃദയം നല്‍കാനുള്ള ശലോമോന്‍റെ അപേക്ഷയ്‌ക്ക് യഹോവ ഉത്തരമരുളുന്നത്‌ എങ്ങനെ? (1 രാജാ. 4:29, NW)

  ശലോമോന്‍റെ ജ്ഞാനം കേള്‍ക്കുന്നതിന്‌ ആളുകള്‍ ചെയ്‌ത ശ്രമം കണക്കിലെടുക്കുമ്പോള്‍ ദൈവവചനം പഠിക്കുന്നതു സംബന്ധിച്ച് നമ്മുടെ മനോഭാവം എന്തായിരിക്കണം? (1 രാജാ. 4:29, 34; യോഹ. 17:3; 2 തിമൊ. 3:16)