കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 62: ദാവീദിന്‍റെ വീട്ടില്‍ കുഴപ്പം

കഥ 62: ദാവീദിന്‍റെ വീട്ടില്‍ കുഴപ്പം

ദാവീദ് യെരൂശലേമില്‍ ഭരണം തുടങ്ങിക്കഴിഞ്ഞ് യഹോവ അവനു ശത്രുക്കളുടെമേല്‍ ഒട്ടനവധി വിജയങ്ങള്‍ നല്‍കുന്നു. കനാന്‍ദേശം ഇസ്രായേല്യര്‍ക്കു നല്‍കാമെന്നു യഹോവ വാഗ്‌ദാനം ചെയ്‌തിരുന്നു. ആ വാഗ്‌ദാനം യഹോവ നിറവേറ്റി. ഇപ്പോള്‍, വാഗ്‌ദത്തദേശം മുഴുവനും അവരുടേതാണ്‌.

ദാവീദ്‌ ഒരു നല്ല രാജാവാണ്‌. അവന്‍ യഹോവയെ സ്‌നേഹിക്കുന്നു. അതുകൊണ്ട് യെരൂശലേം പിടിച്ചടക്കിയശേഷം അവന്‍ ചെയ്യുന്ന ആദ്യ കാര്യങ്ങളില്‍ ഒന്ന് യഹോവയുടെ നിയമപെട്ടകം അവിടേക്കു കൊണ്ടുവരിക എന്നതാണ്‌. അതു വെക്കുന്നതിനായി ഒരു ആലയം പണിയാന്‍ അവന്‍ ആഗ്രഹിക്കുന്നു.

ദാവീദിനു കുറേക്കൂടെ പ്രായം ചെല്ലുമ്പോള്‍ അവന്‍ വലിയൊരു തെറ്റു ചെയ്യുന്നു. മറ്റൊരുവന്‍റെ എന്തെങ്കിലും എടുക്കുന്നതു തെറ്റാണെന്ന് അവനറിയാം. എന്നാല്‍ ഒരിക്കല്‍ സന്ധ്യാസമയത്ത്‌ അവന്‍ തന്‍റെ കൊട്ടാരത്തിന്‍റെ മുകളില്‍ നിന്നു താഴേക്കു നോക്കുമ്പോള്‍ വളരെ സുന്ദരിയായ ഒരു സ്‌ത്രീയെ കാണുന്നു. അവളുടെ പേര്‌ ബത്ത്‌-ശേബ എന്നാണ്‌. അവളുടെ ഭര്‍ത്താവ്‌ അവന്‍റെ പടയാളികളില്‍ ഒരാളായ ഊരിയാവാണ്‌.

ദാവീദ്‌ ബത്ത്‌-ശേബയെ സ്വന്തമാക്കാന്‍ വളരെയധികം ആഗ്രഹിക്കുന്നതുകൊണ്ട് അവന്‍ അവളെ തന്‍റെ കൊട്ടാരത്തിലേക്കു വരുത്തുന്നു. അവളുടെ ഭര്‍ത്താവ്‌ അകലെ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌. ദാവീദ്‌ അവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു, പിന്നീട്‌ തനിക്ക് ഒരു കുഞ്ഞ് ജനിക്കാന്‍ പോകുകയാണ്‌ എന്ന് അവള്‍ മനസ്സിലാക്കുന്നു. ഇത്‌ അറിയുമ്പോള്‍ ദാവീദ്‌ വലിയ വിഷമത്തിലാകുന്നു. അതുകൊണ്ട് ഊരിയാവ്‌ കൊല്ലപ്പെടത്തക്കവണ്ണം അവനെ യുദ്ധക്കളത്തില്‍ ഏറ്റവും മുന്നില്‍ത്തന്നെ നിറുത്തണമെന്നു പറഞ്ഞുകൊണ്ട് സേനാനായകനായ യോവാബിനു ദാവീദ്‌ ഒരു കത്തയയ്‌ക്കുന്നു. ഊരിയാവു മരിച്ചു കഴിഞ്ഞ് ദാവീദ്‌ ബത്ത്‌-ശേബയെ വിവാഹം കഴിക്കുന്നു.

ദാവീദിനോട്‌ യഹോവയ്‌ക്കു വളരെ കോപം ഉണ്ടായി. അതുകൊണ്ട് അവന്‍ ചെയ്‌ത പാപങ്ങളെക്കുറിച്ച് അവനോടു പറയാന്‍ യഹോവ തന്‍റെ ദാസനായ നാഥാനെ അവന്‍റെ അടുത്തേക്ക് അയയ്‌ക്കുന്നു. ഈ ചിത്രത്തില്‍ നാഥാന്‍ ദാവീദിനോടു സംസാരിക്കുന്നതു കണ്ടോ? താന്‍ തെറ്റു ചെയ്‌തുപോയതില്‍ ദാവീദ്‌ വളരെയധികം സങ്കടപ്പെടുന്നു, അതുകൊണ്ട് യഹോവ അവനെ കൊല്ലുന്നില്ല. എങ്കിലും യഹോവ ഇങ്ങനെ പറയുന്നു: ‘നീ ഈ വഷളത്തം ചെയ്‌തതു നിമിത്തം നിന്‍റെ വീട്ടില്‍ ഒട്ടേറെ കുഴപ്പങ്ങളുണ്ടാകും.’ ശരിയാണ്‌, ദാവീദിന്‍റെ വീട്ടില്‍ വലിയ കുഴപ്പംതന്നെ ഉണ്ടാകുന്നു!

നാഥാന്‍ ദാവീദിനെ ഉപദേശിക്കുന്നു

ഒന്നാമതായി, ബത്ത്‌-ശേബയ്‌ക്കു ജനിച്ച കുട്ടി മരിക്കുന്നു. പിന്നെ ദാവീദിന്‍റെ മൂത്ത മകനായ അമ്‌നോന്‍ തന്‍റെ സഹോദരിയായ താമാറിനെ ഒറ്റയ്‌ക്കു തന്‍റെ അടുക്കലേക്കു വരുത്തി ബലം പ്രയോഗിച്ച് അവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു. ദാവീദിന്‍റെ മകനായ അബ്‌ശാലോം ഇതിനെക്കുറിച്ചു കേള്‍ക്കുമ്പോള്‍ അവനു ദേഷ്യം സഹിക്കാനാകുന്നില്ല, അവന്‍ പോയി അമ്‌നോനെ കൊല്ലുന്നു. പിന്നീട്‌ അബ്‌ശാലോം ജനത്തില്‍ അനേകരുടെയും പ്രീതി സമ്പാദിച്ച് തന്നെത്താന്‍ രാജാവാകുന്നു. ദാവീദ്‌ അബ്‌ശാലോമിനെതിരെ യുദ്ധം ചെയ്‌തു ജയിക്കുന്നെങ്കിലും അതില്‍ അബ്‌ശാലോം കൊല്ലപ്പെടുന്നു. അതേ, ദാവീദിന്‌ വളരെയധികം കുഴപ്പങ്ങള്‍ ഉണ്ടായി.

ഇതിനിടയില്‍ ബത്ത്‌-ശേബ ശലോമോന്‍ എന്നു പേരോടുകൂടിയ ഒരു മകനെ പ്രസവിക്കുന്നു. ദാവീദിന്‌ വയസ്സുചെന്ന് രോഗം പിടിപെടുമ്പോള്‍ അവന്‍റെ പുത്രനായ അദോനിയാവ്‌ രാജാവാകാന്‍ ശ്രമിക്കുന്നു. അപ്പോള്‍ അടുത്ത രാജാവ്‌ ശലോമോനായിരിക്കും എന്നു കാണിക്കാന്‍ വേണ്ടി ദാവീദ്‌ സാദോക്ക് പുരോഹിതനെക്കൊണ്ട് ശലോമോന്‍റെ തലയില്‍ തൈലം ഒഴിപ്പിക്കുന്നു. ഏറെ താമസിയാതെ ദാവീദ്‌ 70-ാമത്തെ വയസ്സില്‍ മരിക്കുന്നു. അവന്‍ 40 വര്‍ഷം ഭരിച്ചു, എന്നാല്‍ ഇപ്പോള്‍ ശലോമോനാണ്‌ ഇസ്രായേലിലെ രാജാവ്‌.

2 ശമൂവേല്‍ 11:1-27; 12:1-18; 1 രാജാക്കന്മാര്‍ 1:1-48.



ചോദ്യങ്ങള്‍

  • യഹോവയുടെ സഹായത്തോടെ, അവസാനം കനാന്‍ദേശത്തിന്‌ എന്തു സംഭവിക്കുന്നു?
  • ഒരു ദിവസം വൈകുന്നേരം ദാവീദ്‌ കൊട്ടാരത്തിന്‍റെ മട്ടുപ്പാവില്‍ ആയിരിക്കുമ്പോള്‍ എന്തു സംഭവിക്കുന്നു?
  • യഹോവ ദാവീദിനോടു വളരെയധികം കോപിക്കാന്‍ കാരണമെന്ത്?
  • ചിത്രത്തില്‍ കാണുന്നതു പോലെ, പാപങ്ങളെക്കുറിച്ചു ബോധവാനാക്കാന്‍ യഹോവ ആരെയാണു ദാവീദിന്‍റെ അടുത്തേക്ക് അയയ്‌ക്കുന്നത്‌, ദാവീദിന്‌ എന്തു സംഭവിക്കുമെന്നാണ്‌ ആ മനുഷ്യന്‍ പറയുന്നത്‌?
  • ദാവീദ്‌ എന്തു കുഴപ്പമാണു നേരിടുന്നത്‌?
  • ദാവീദിനുശേഷം ഇസ്രായേലില്‍ രാജാവാകുന്നത്‌ ആര്‌?

കൂടുതലായ ചോദ്യങ്ങള്‍

  • 2 ശമൂവേല്‍ 11:1-27 വായിക്കുക.

    യഹോവയുടെ സേവനത്തില്‍ തിരക്കുള്ളവരായിരിക്കുന്നത്‌ നമുക്ക് സംരക്ഷണമായിരിക്കുന്നത്‌ എങ്ങനെ?

    ദാവീദ്‌ പാപത്തിലേക്കു വഴുതിവീണത്‌ എങ്ങനെ, യഹോവയുടെ ഇന്നത്തെ ദാസര്‍ക്ക് ഇത്‌ എന്തു മുന്നറിയിപ്പാണു നല്‍കുന്നത്‌? (2 ശമൂ. 11:2; മത്താ. 5:27-29; 1 കൊരി. 10:12; യാക്കോ. 1:14, 15)

  • 2 ശമൂവേല്‍ 12:1-18 വായിക്കുക.

    ദാവീദിനെ നാഥാന്‍ ഗുണദോഷിച്ച വിധത്തില്‍നിന്ന് ഇന്ന് മാതാപിതാക്കള്‍ക്കും മൂപ്പന്മാര്‍ക്കും എന്തു പാഠം പഠിക്കാന്‍ കഴിയും? (2 ശമൂ. 12:1-4; സദൃ. 12:18; മത്താ. 13:34)

    യഹോവ ദാവീദിനോടു കരുണാപൂര്‍വം പെരുമാറിയത്‌ എന്തുകൊണ്ട്? (2 ശമൂ. 12:13; സങ്കീ. 32:5; 2 കൊരി. 7:9, 10)