വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

കഥ 61: ദാവീദിനെ രാജാവാക്കുന്നു

കഥ 61: ദാവീദിനെ രാജാവാക്കുന്നു

ശൗല്‍ ദാവീദിനെ പിടിക്കാന്‍ വീണ്ടും ശ്രമിക്കുന്നു. അവന്‍ തന്‍റെ ഏറ്റവും നല്ല 3,000 പടയാളികളെയും കൂട്ടിക്കൊണ്ട് അവനെ അന്വേഷിച്ചു പോകുന്നു. ദാവീദ്‌ ഇത്‌ അറിയുമ്പോള്‍, ശൗലും അവന്‍റെ ആളുകളും രാത്രിയില്‍ എവിടെയാണ്‌ പാളയമടിച്ചിരിക്കുന്നതെന്നു കണ്ടുപിടിക്കാനായി ചാരന്മാരെ അയയ്‌ക്കുന്നു. പിന്നെ ദാവീദ്‌ തന്‍റെ ആളുകളില്‍ രണ്ടുപേരോട്‌: ‘നിങ്ങളില്‍ ആര്‍ എന്നോടുകൂടെ ശൗലിന്‍റെ പാളയത്തിലേക്കു പോരും?’ എന്നു ചോദിക്കുന്നു.

ദാവീദ് ശൗല്‍ രാജാവിനോട് വിളിച്ചുപറയുന്നു

‘ഞാന്‍ പോരാം’ അബീശായി ഉത്തരം പറയുന്നു. അബീശായി ദാവീദിന്‍റെ പെങ്ങളായ സെരൂയയുടെ മകനാണ്‌. ശൗലും അവനോടു കൂടെയുള്ളവരും ഉറങ്ങിക്കിടക്കുമ്പോള്‍ ദാവീദും അബീശായിയും ശബ്ദം ഉണ്ടാക്കാതെ പാളയത്തിലേക്കു നുഴഞ്ഞുകയറുന്നു. ശൗലിന്‍റെ തലയ്‌ക്കല്‍ വെച്ചിരുന്ന അവന്‍റെ കുന്തവും വെള്ളം വെച്ചിരിക്കുന്ന പാത്രവും എടുക്കുന്നു. എല്ലാവരും നല്ല ഉറക്കമാണ്‌, അവര്‍ വന്നത്‌ ഒരാളും അറിയുന്നില്ല.

ഇപ്പോള്‍ ദാവീദിനെയും അബീശായിയെയും കണ്ടോ? അവര്‍ പാളയത്തില്‍നിന്ന് ഒരു കുഴപ്പവും കൂടാതെ രക്ഷപ്പെട്ടു. ഇപ്പോള്‍ അവര്‍ ഒരു കുന്നിന്‍മുകളില്‍ എത്തിയിരിക്കുകയാണ്‌. അവിടെനിന്നുകൊണ്ട് ദാവീദ്‌ താഴോട്ടുനോക്കി ഇസ്രായേലിന്‍റെ സേനാനായകനോട്‌ ഇങ്ങനെ വിളിച്ചു പറയുന്നു: ‘അബ്‌നേരേ, നീ നിന്‍റെ യജമാനനായ രാജാവിനെ സംരക്ഷിക്കാത്തതെന്ത്? നോക്കൂ! അദ്ദേഹത്തിന്‍റെ കുന്തവും വെള്ളം വെച്ചിരുന്ന പാത്രവും എവിടെ?’

ശൗല്‍ ഉണരുന്നു. അവന്‍ ദാവീദിന്‍റെ ശബ്ദം തിരിച്ചറിഞ്ഞ്, ‘നീ ദാവീദാണോ?’ എന്നു ചോദിക്കുന്നു. ശൗലും അബ്‌നേരും അവിടെ താഴെ നില്‍ക്കുന്നതു കണ്ടോ?

‘അതേ, എന്‍റെ യജമാനനായ രാജാവേ,’ ദാവീദ്‌ ശൗലിനോട്‌ ഉത്തരം പറയുന്നു. ദാവീദ്‌ ചോദിക്കുന്നു: ‘അങ്ങ് എന്നെ പിടിക്കാന്‍ ശ്രമിക്കുന്നതെന്തിന്‌? ഞാന്‍ എന്തു തെറ്റാണു ചെയ്‌തിട്ടുള്ളത്‌? രാജാവേ, ഇതാ അങ്ങയുടെ കുന്തം. അങ്ങയുടെ ആളുകളില്‍ ഒരാള്‍ ഇവിടെ വന്ന് അത്‌ എടുക്കട്ടെ.’

ശൗല്‍ രാജാവും അബ്നേരും

‘ഞാന്‍ തെറ്റു ചെയ്‌തിരിക്കുന്നു. ഞാന്‍ വലിയ വിഡ്‌ഢിത്തമാണു പ്രവര്‍ത്തിച്ചിരിക്കുന്നത്‌’ എന്നു ശൗല്‍ സമ്മതിക്കുന്നു. അപ്പോള്‍ ദാവീദ്‌ തന്‍റെ വഴിക്കു പോകുന്നു; ശൗല്‍ വീട്ടിലേക്കു മടങ്ങിപ്പോകുകയും ചെയ്യുന്നു. എന്നാല്‍ ദാവീദ്‌ സ്വയം ഇങ്ങനെ പറയുന്നു: ‘അടുത്തുതന്നെ ശൗല്‍ എന്നെ പിടിച്ചു കൊല്ലും. ഫെലിസ്‌ത്യദേശത്തേക്ക് ഓടിപ്പോകുന്നതാണ്‌ എനിക്കു നല്ലത്‌.’ അതുതന്നെയാണ്‌ അവന്‍ ചെയ്യുന്നതും. ഫെലിസ്‌ത്യരെ കബളിപ്പിക്കാനും താനിപ്പോള്‍ അവരുടെ പക്ഷത്താണെന്ന് അവരെ വിശ്വസിപ്പിക്കാനും ദാവീദിനു കഴിയുന്നു.

കുറച്ചുനാള്‍ കഴിഞ്ഞ് ഫെലിസ്‌ത്യര്‍ ഇസ്രായേലിനെതിരെ യുദ്ധം ചെയ്യാന്‍ പോകുന്നു. ആ യുദ്ധത്തില്‍ ശൗലും യോനാഥാനും കൊല്ലപ്പെടുന്നു. ഇത്‌ ദാവീദിനെ വളരെ ദുഃഖിതനാക്കുന്നു. അവന്‍ മനോഹരമായ ഒരു പാട്ട് എഴുതി, ഇങ്ങനെ പാടുന്നു: ‘യോനാഥാനേ, എന്‍റെ സഹോദരാ, നിന്നെച്ചൊല്ലി ഞാന്‍ ദുഃഖിക്കുന്നു; നീ എനിക്ക് എത്ര പ്രിയങ്കരന്‍ ആയിരുന്നു!’

ഇതിനുശേഷം ദാവീദ്‌ ഇസ്രായേലിലെ ഹെബ്രോന്‍ നഗരത്തിലേക്കു തിരിച്ചുപോകുന്നു. ശൗലിന്‍റെ മകനായ ഈശ്‌-ബോശെത്തിനെ രാജാവാക്കാന്‍ ആഗ്രഹിക്കുന്നവരും ദാവീദ്‌ രാജാവാകണമെന്ന് ആഗ്രഹിക്കുന്നവരും തമ്മില്‍ ഒരു യുദ്ധം നടക്കുന്നു. എന്നാല്‍ അവസാനം ദാവീദിന്‍റെ ആളുകള്‍തന്നെ ജയിക്കുന്നു. രാജാവാകുമ്പോള്‍ ദാവീദിനു 30 വയസ്സുണ്ട്. ഏഴരവര്‍ഷം അവന്‍ ഹെബ്രോനില്‍ ഭരിക്കുന്നു. അവിടെവെച്ച് അവനു ജനിച്ച പുത്രന്മാരില്‍ ചിലരുടെ പേരുകള്‍ അമ്‌നോന്‍, അബ്‌ശാലോം, അദോനീയാവ്‌ എന്നിവയാണ്‌.

ഒരിക്കല്‍ ദാവീദും അവന്‍റെ ആളുകളും യെരൂശലേം എന്നു വിളിക്കപ്പെടുന്ന മനോഹരമായ ഒരു പട്ടണം പിടിച്ചടക്കാന്‍ പോകുന്നു. ദാവീദിന്‍റെ സഹോദരിയായ സെരൂയയുടെ മറ്റൊരു മകനായ യോവാബാണ്‌ ആ യുദ്ധത്തില്‍ ഇസ്രായേല്യരെ നയിക്കുന്നത്‌. അതിനുള്ള സമ്മാനമെന്ന നിലയില്‍ ദാവീദ്‌ യോവാബിനെ തന്‍റെ സൈന്യത്തിന്‍റെ തലവനാക്കുന്നു. ഇപ്പോള്‍ ദാവീദ്‌ യെരൂശലേമില്‍ ഭരണം തുടങ്ങുന്നു.

1 ശമൂവേല്‍ 26:1-25; 27:1-7; 31:1-6; 2 ശമൂവേല്‍ 1:26; 3:1-21; 5:1-10; 1 ദിനവൃത്താന്തം 11:1-9.ചോദ്യങ്ങള്‍

 • ശൗല്‍ കൂടാരത്തില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ദാവീദും അബീശായിയും എന്തു ചെയ്‌തു?
 • ദാവീദ്‌ ശൗലിനോട്‌ ഏതു ചോദ്യങ്ങളാണു ചോദിക്കുന്നത്‌?
 • ശൗലിന്‍റെ അടുത്തുനിന്ന് ദാവീദ്‌ എങ്ങോട്ടാണു പോകുന്നത്‌?
 • ദാവീദ്‌ വളരെ ദുഃഖിതനായിത്തീരുകയും മനോഹരമായ ഒരു പാട്ട് എഴുതുകയും ചെയ്‌തത്‌ എന്തുകൊണ്ട്?
 • ഹെബ്രോനില്‍ രാജാവാകുമ്പോള്‍ ദാവീദിന്‌ എത്ര വയസ്സുണ്ട്, അവന്‍റെ ചില പുത്രന്മാരുടെ പേരു പറയാമോ?
 • പിന്നീട്‌ ദാവീദ്‌ എവിടെ ഭരണം ആരംഭിക്കുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • 1 ശമൂവേല്‍ 26:1-25 വായിക്കുക.

  1 ശമൂവേല്‍ 26:11-ല്‍ രേഖപ്പെടുത്തിയിരിക്കുന്ന ദാവീദിന്‍റെ വാക്കുകള്‍ ദിവ്യാധിപത്യ ക്രമത്തോടുള്ള ഏതു മനോഭാവം വെളിപ്പെടുത്തുന്നു? (സങ്കീ. 37:7; റോമ. 13:2)

  നാം സ്‌നേഹദയ പ്രകടമാക്കാന്‍ കഠിനശ്രമം ചെയ്‌തിട്ടും വിലമതിപ്പില്ലാത്ത പ്രതികരണമാണു ലഭിക്കുന്നതെങ്കില്‍ ഉചിതമായ മനോഭാവം നിലനിറുത്താന്‍ 1 ശമൂവേല്‍ 26:23-ലെ ദാവീദിന്‍റെ വാക്കുകള്‍ നമ്മെ എങ്ങനെ സഹായിക്കും? (1 രാജാ. 8:32; സങ്കീ. 18:20)

 • 2 ശമൂവേല്‍ 1:26 വായിക്കുക.

  ദാവീദിനും യോനാഥാനും പരസ്‌പരം ഉണ്ടായിരുന്നതു പോലുള്ള “ഉറ്റ സ്‌നേഹം” ഇന്നു ക്രിസ്‌ത്യാനികള്‍ക്കു വളര്‍ത്തിയെടുക്കാന്‍ കഴിയുന്നത്‌ എങ്ങനെ? (1 പത്രൊ. 4:8; കൊലൊ. 3:14; 1 യോഹ. 4:12)

 • 2 ശമൂവേല്‍ 5:1-10 വായിക്കുക.

  ദാവീദ്‌ എത്ര വര്‍ഷം രാജാവായി ഭരിക്കുന്നു, ഈ കാലയളവിനെ എങ്ങനെ വിഭജിക്കാം? (2 ശമൂ. 5:4, 5)

  ദാവീദ്‌ പ്രബലനായിത്തീര്‍ന്നതിന്‍റെ കാരണം എന്തായിരുന്നു, ഇന്ന് നമുക്ക് അതൊരു മുന്നറിയിപ്പായി വര്‍ത്തിക്കുന്നത്‌ എങ്ങനെ? (2 ശമൂ. 5:10; 1 ശമൂ. 16:13; 1 കൊരി. 1:31; ഫിലി. 4:13)