വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 60: അബീഗയിലും ദാവീദും

കഥ 60: അബീഗയിലും ദാവീദും

ദാവീദിന്‍റെ അടുത്തേക്കു നടന്നു വരുന്ന ഈ സുന്ദരി ആരാണെന്ന് അറിയാമോ? അവളുടെ പേര്‌ അബീഗയില്‍ എന്നാണ്‌. അവള്‍ വിവേകമതിയാണ്‌; ഒരു ദോഷം പ്രവര്‍ത്തിക്കുന്നതില്‍നിന്ന് അവള്‍ ദാവീദിനെ തടയുന്നു. എന്നാല്‍ അത്‌ എന്തായിരുന്നുവെന്നു മനസ്സിലാക്കുന്നതിനുമുമ്പ്, ദാവീദ്‌ ഇതുവരെ എന്തു ചെയ്യുകയായിരുന്നു എന്നു നമുക്കു നോക്കാം.

ദാവീദ്‌ ശൗലിന്‍റെ അടുത്തുനിന്ന് ഓടിപ്പോയശേഷം ഒരു ഗുഹയില്‍ ഒളിച്ചു താമസിക്കുന്നു. അവന്‍റെ സഹോദരന്മാരും മറ്റു കുടുംബാംഗങ്ങളും അവിടെ അവനോടു ചേരുന്നു. മൊത്തം ഏതാണ്ട് 400 പേര്‍ അവന്‍റെ അടുക്കലേക്കു വരുന്നു; ദാവീദ്‌ അവരുടെ നേതാവായിത്തീരുന്നു. ദാവീദ്‌ പിന്നെ മോവാബിലെ രാജാവിന്‍റെ അടുക്കല്‍ ചെന്ന് ഇങ്ങനെ പറയുന്നു: ‘എനിക്ക് എന്തു സംഭവിക്കുമെന്ന് അറിയുന്നതുവരെ എന്‍റെ അപ്പനും അമ്മയും നിങ്ങളുടെ അടുക്കല്‍ പാര്‍ക്കാന്‍ അനുവദിക്കേണമേ.’ പിന്നീട്‌ ദാവീദും അവന്‍റെ ആളുകളും കുന്നുകളില്‍ ഒളിച്ചു പാര്‍ക്കാന്‍ തുടങ്ങുന്നു.

ഇതിനു ശേഷമാണ്‌ ദാവീദ്‌ അബീഗയിലിനെ കാണുന്നത്‌. അവളുടെ ഭര്‍ത്താവായ നാബാല്‍ ഒരു വലിയ പണക്കാരനാണ്‌. അവനു സ്വന്തമായി വളരെ ഭൂമിയും 3,000 ചെമ്മരിയാടുകളും 1,000 കോലാടുകളുമുണ്ട്. നാബാല്‍ ഒരു ദുഷ്ടനാണ്‌. പക്ഷേ അവന്‍റെ ഭാര്യ അബീഗയില്‍ അങ്ങനെയല്ല. അവള്‍ വളരെ സുന്ദരിയും ശരിയായി കാര്യങ്ങള്‍ ചെയ്യുന്നവളുമാണ്‌. ഒരിക്കല്‍ അവള്‍ തന്‍റെ കുടുംബത്തെ രക്ഷിക്കുക പോലും ചെയ്യുന്നു. അതെങ്ങനെയെന്നു നമുക്കു നോക്കാം.

ദാവീദും അവന്‍റെ ആളുകളും നാബാലിനോടു ദയ കാണിച്ചിരുന്നു. അവന്‍റെ ആടുകളെ ആപത്തുകളില്‍നിന്നു കാക്കുന്നതിന്‌ അവര്‍ സഹായിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരു ദിവസം, നാബാലിനോട്‌ ഒരു ഉപകാരം ചോദിക്കാനായി ദാവീദ്‌ തന്‍റെ ആളുകളില്‍ ചിലരെ അയയ്‌ക്കുന്നു. നാബാലും അവന്‍റെ സഹായികളും ആടുകളുടെ രോമം കത്രിച്ചുകൊണ്ടിരിക്കുമ്പോള്‍ ദാവീദിന്‍റെ ആളുകള്‍ അവന്‍റെ അടുക്കലേക്കു വരുന്നു. അത്‌ ഒരു വിരുന്നു ദിവസമാണ്‌; നാബാലിന്‍റെ വീട്ടില്‍ ധാരാളം നല്ല ഭക്ഷണസാധനങ്ങളുണ്ട്. അതുകൊണ്ട് ദാവീദിന്‍റെ ആളുകള്‍ ഇങ്ങനെ പറയുന്നു: ‘ഞങ്ങള്‍ നിന്നോടു ദയകാണിച്ചിട്ടുണ്ട്. നിന്‍റെ ആടുകളിലൊന്നിനെയും ഞങ്ങള്‍ മോഷ്ടിച്ചിട്ടില്ല, അവയെ സംരക്ഷിക്കാന്‍ ഞങ്ങള്‍ സഹായിച്ചിട്ടേയുള്ളൂ. ഇപ്പോള്‍ ദയവുചെയ്‌ത്‌ നീ ഞങ്ങള്‍ക്ക് അല്‍പ്പം ആഹാരം തരേണം.’

‘നിങ്ങളെപ്പോലുള്ളവര്‍ക്ക് ഞാന്‍ ആഹാരം തരികയില്ല’ എന്നു നാബാല്‍ പറയുന്നു. അവന്‍ അവരെ നിന്ദിക്കുകയും ദാവീദിനെ കുറിച്ചു മോശമായി സംസാരിക്കുകയും ചെയ്യുന്നു. പോയവര്‍ തിരിച്ചുവന്ന് നടന്നതെല്ലാം ദാവീദിനോടു പറയുമ്പോള്‍ അവനു ദേഷ്യം സഹിക്കാന്‍ കഴിയുന്നില്ല. ‘നിങ്ങളുടെ വാള്‍ എടുക്കുക!’ എന്ന് അവന്‍ തന്‍റെ ആളുകളോടു പറയുന്നു. നാബാലിനെയും അവന്‍റെ ആളുകളെയും കൊന്നുകളയാനായി അവര്‍ പുറപ്പെടുന്നു.

ദാവീദിന്‍റെ ആളുകളെ നാബാല്‍ നിന്ദിച്ച് അയയ്‌ക്കുന്നതു കേട്ട നാബാലിന്‍റെ ഒരു ദാസന്‍ ചെന്ന് സംഭവിച്ചതെല്ലാം അബീഗയിലിനെ അറിയിക്കുന്നു. ഉടന്‍തന്നെ അബീഗയില്‍ കുറെ ആഹാരം തയ്യാറാക്കുന്നു. അവള്‍ അത്‌ കഴുതകളുടെ പുറത്തു കയറ്റി യാത്ര തിരിക്കുന്നു. വഴിക്കുവെച്ച് ദാവീദിനെ കാണുമ്പോള്‍ അവള്‍ കഴുതപ്പുറത്തുനിന്നിറങ്ങി കുമ്പിട്ട് ഇങ്ങനെ പറയുന്നു: ‘യജമാനനേ, എന്‍റെ ഭര്‍ത്താവായ നാബാല്‍ പറഞ്ഞത്‌ അങ്ങു കാര്യമാക്കരുതേ. അയാള്‍ ഒരു വിഡ്‌ഢിയാണ്‌; വിഡ്‌ഢിത്തമാണു പ്രവര്‍ത്തിക്കുന്നതും. ഇതാ ഒരു സമ്മാനം. ദയവു ചെയ്‌ത്‌ ഇതു സ്വീകരിച്ച്, അടിയങ്ങളോടു ക്ഷമിക്കേണമേ.’

അബീഗയില്‍ കുറെ ഭക്ഷണസാധനങ്ങളുമായി ദാവീദിനെ കാണാന്‍ വരുന്നു

‘നീ ബുദ്ധിയുള്ള ഒരു സ്‌ത്രീയാണ്‌’ എന്ന് ദാവീദ്‌ പറയുന്നു. ‘നാബാലിനെ കൊന്ന് അവന്‍റെ ദുഷ്ടതയ്‌ക്കു പകരം ചോദിക്കുന്നതില്‍നിന്ന് നീ എന്നെ തടഞ്ഞിരിക്കുന്നു. ഇപ്പോള്‍ സമാധാനത്തോടെ വീട്ടിലേക്കു പോകുക.’ പിന്നീട്‌ നാബാല്‍ മരിക്കുമ്പോള്‍ അബീഗയില്‍ ദാവീദിന്‍റെ ഭാര്യമാരില്‍ ഒരുവളായിത്തീരുന്നു.

1 ശമൂവേല്‍ 22:1-4; 25:1-43.ചോദ്യങ്ങള്‍

 • ചിത്രത്തില്‍, ദാവീദിന്‍റെ അടുത്തേക്കു വരുന്ന സ്‌ത്രീയുടെ പേരെന്ത്, അവള്‍ ഏതു തരത്തിലുള്ളവളാണ്‌?
 • നാബാല്‍ ആരാണ്‌?
 • ഒരു ഉപകാരം ചോദിക്കാനായി ദാവീദ്‌ നാബാലിന്‍റെ അടുത്തേക്കു തന്‍റെ ആളുകളെ അയയ്‌ക്കാന്‍ കാരണമെന്ത്?
 • നാബാല്‍ ദാവീദിന്‍റെ ആളുകളോട്‌ എന്താണു പറയുന്നത്‌, ദാവീദ്‌ എങ്ങനെ പ്രതികരിക്കുന്നു?
 • താന്‍ വിവേകമതിയാണെന്ന് അബീഗയില്‍ പ്രകടമാക്കുന്നത്‌ എങ്ങനെ?

കൂടുതലായ ചോദ്യങ്ങള്‍

 • 1 ശമൂവേല്‍ 22:1-4 വായിക്കുക.

  ക്രിസ്‌തീയ സഹോദരവര്‍ഗത്തിനുള്ളില്‍ നാം പരസ്‌പരം പിന്തുണയ്‌ക്കേണ്ടത്‌ എങ്ങനെ എന്നതു സംബന്ധിച്ച് ദാവീദിന്‍റെ കുടുംബം ഒരു മികച്ച മാതൃകവെച്ചത്‌ എങ്ങനെ? (സദൃ. 17:17; 1 തെസ്സ. 5:14)

 • 1 ശമൂവേല്‍ 25:1-43 വായിക്കുക.

  നാബാലിനെ കുറിച്ചു വളരെ മോശമായി പറഞ്ഞിരിക്കുന്നത്‌ എന്തുകൊണ്ട്? (1 ശമൂ. 25:2-5, 10, 14, 21, 25)

  അബീഗയിലിന്‍റെ ദൃഷ്ടാന്തത്തില്‍നിന്ന് ഇന്നത്തെ ക്രിസ്‌തീയ ഭാര്യമാര്‍ക്ക് എന്താണു പഠിക്കാനുള്ളത്‌? (1 ശമൂ. 25:32, 33; സദൃ. 31:26; എഫെ. 5:24)

  ഏതു രണ്ടു തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നതില്‍നിന്നാണ്‌ അബീഗയില്‍ ദാവീദിനെ തടഞ്ഞത്‌? (1 ശമൂ. 25:31, 33; റോമ. 12:19; എഫെ. 4:26)

  അബീഗയിലിന്‍റെ വാക്കുകളോടുള്ള ദാവീദിന്‍റെ പ്രതികരണം, സ്‌ത്രീകളെ സംബന്ധിച്ച യഹോവയുടെ വീക്ഷണം ഉണ്ടായിരിക്കാന്‍ ഇന്നത്തെ പുരുഷന്മാരെ സഹായിക്കുന്നത്‌ എങ്ങനെ? (പ്രവൃ. 21:8, 9; റോമ. 2:11; 1 പത്രൊ. 3:7)

കൂടുതല്‍ അറിയാന്‍

അവരുടെ വിശ്വാസം അനുകരിക്കുക

അബീഗയിൽ വിവേകം കാണിച്ചു

അബീഗയിലിന്‍റെ സുഖകല്ലാത്ത ദാമ്പത്യത്തിൽനിന്ന് നമുക്കു പഠിക്കാൻ കഴിയുന്നത്‌ എന്താണ്‌?