വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 59: ദാവീദ് ഓടിപ്പോകേണ്ടി വരുന്നതിന്‍റെ കാരണം

കഥ 59: ദാവീദ് ഓടിപ്പോകേണ്ടി വരുന്നതിന്‍റെ കാരണം

ദാവീദ് ഗൊല്യാത്തിനെ കൊന്നശേഷം ഇസ്രായേലിന്‍റെ സേനാധിപതിയായ അബ്‌നേര്‍ അവനെ ശൗലിന്‍റെ അടുക്കലേക്കു കൊണ്ടുവരുന്നു. ശൗലിനു ദാവീദിനെ വളരെയധികം ഇഷ്ടമാകുന്നു. അവന്‍ ദാവീദിനെ തന്‍റെ സൈന്യത്തിലെ ഒരു പ്രധാനിയാക്കുകയും രാജാവിന്‍റെ ഭവനത്തില്‍ പാര്‍പ്പിക്കുകയും ചെയ്യുന്നു.

പിന്നീട്‌, സൈന്യം ഫെലിസ്‌ത്യരുമായി യുദ്ധം ചെയ്‌തു തിരിച്ചുവരുമ്പോള്‍ സ്‌ത്രീകള്‍ ഇങ്ങനെ പാടുന്നു: ‘ശൗല്‍ ആയിരത്തെ കൊന്നു, ദാവീദോ പതിനായിരത്തെ.’ ഇത്‌ ശൗലിനെ അസൂയാലുവാക്കുന്നു, എന്തുകൊണ്ടെന്നാല്‍ ശൗലിനെക്കാളധികം ബഹുമാനം ദാവീദിനു കിട്ടുന്നു. എന്നാല്‍ ശൗലിന്‍റെ മകനായ യോനാഥാന്‍ അസൂയാലുവല്ല. അവന്‍ ദാവീദിനെ വളരെയധികം സ്‌നേഹിക്കുന്നു, ദാവീദ്‌ തിരിച്ചും. അതുകൊണ്ട് തങ്ങള്‍ എപ്പോഴും മിത്രങ്ങളായിരിക്കുമെന്ന് അവര്‍ പരസ്‌പരം വാഗ്‌ദാനം ചെയ്യുന്നു.

ശൗല്‍ രാജാവ് കുന്തം എറിയുന്നു

ദാവീദ്‌ വളരെ നല്ല ഒരു കിന്നരം വായനക്കാരനാണ്‌; അവന്‍ കിന്നരത്തില്‍ മീട്ടുന്ന സംഗീതം ശൗലിന്‌ ഇഷ്ടമാണ്‌. എന്നാല്‍ ഒരു ദിവസം ശൗല്‍ അസൂയ നിമിത്തം വളരെ മോശമായ ഒരു കാര്യം ചെയ്യുന്നു. ദാവീദ്‌ കിന്നരം വായിച്ചുകൊണ്ടിരിക്കുമ്പോള്‍, ‘ഞാന്‍ ദാവീദിനെ ചുവരോടു ചേര്‍ത്തു തറയ്‌ക്കും!’ എന്നു പറഞ്ഞുകൊണ്ട് ശൗല്‍ തന്‍റെ കുന്തമെടുത്ത്‌ എറിയുന്നു, എന്നാല്‍ ദാവീദ്‌ ഒഴിഞ്ഞുമാറി, കുന്തം അവന്‍റെ ദേഹത്തു തറച്ചില്ല. പിന്നീട്‌ ശൗല്‍ വീണ്ടും അവന്‍റെ നേര്‍ക്ക് കുന്തം എറിയുന്നെങ്കിലും അതു കൊള്ളാതെ പോകുന്നു. താന്‍ വളരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ദാവീദ്‌ ഇപ്പോള്‍ മനസ്സിലാക്കുന്നു.

ശൗല്‍ മുമ്പ് ഒരു വാഗ്‌ദാനം ചെയ്‌തിരുന്നല്ലോ, ഗൊല്യാത്തിനെ കൊല്ലുന്ന പുരുഷന്‌ തന്‍റെ മകളെ ഭാര്യയായി നല്‍കുമെന്ന്. അവസാനം, തന്‍റെ മകളായ മീഖളിനെ ഭാര്യയായി നല്‍കാമെന്ന് ശൗല്‍ ദാവീദിനോടു പറയുന്നു; പക്ഷേ, ആദ്യം അവന്‍ 100 ഫെലിസ്‌ത്യ ശത്രുക്കളെ വധിക്കണം. അതേക്കുറിച്ചു ചിന്തിക്കൂ! ഫെലിസ്‌ത്യര്‍ ദാവീദിനെ കൊല്ലുമെന്ന് ശൗല്‍ യഥാര്‍ഥത്തില്‍ പ്രത്യാശിക്കുന്നു. എന്നാല്‍ അങ്ങനെ സംഭവിക്കുന്നില്ല; അതുകൊണ്ട് ശൗല്‍ തന്‍റെ മകളെ ദാവീദിനു ഭാര്യയായി കൊടുക്കുന്നു.

ഒരിക്കല്‍ ശൗല്‍ യോനാഥാനോടും തന്‍റെ സകല ദാസന്മാരോടും താന്‍ ദാവീദിനെ കൊല്ലാന്‍ ആഗ്രഹിക്കുന്നെന്നു പറയുന്നു. എന്നാല്‍ യോനാഥാന്‍ അപ്പനോട്‌ ഇങ്ങനെ പറയുന്നു: ‘ദാവീദിനെ ഉപദ്രവിക്കരുതേ. അവന്‍ അങ്ങേക്കു യാതൊരു ദോഷവും ഒരിക്കലും ചെയ്‌തിട്ടില്ലല്ലോ. അവന്‍ ചെയ്‌തിട്ടുള്ളതൊക്കെയും അങ്ങേക്കു വളരെ സഹായമായിത്തീര്‍ന്നിട്ടേയുള്ളൂ. അവന്‍ തന്‍റെ ജീവന്‍ പണയപ്പെടുത്തിക്കൊണ്ടാണ്‌ ഗൊല്യാത്തിനെ കൊന്നത്‌; അത്‌ അങ്ങയെ വളരെ സന്തുഷ്ടനാക്കിയല്ലോ.’

ദാവീദ് ഒഴിഞ്ഞുമാറുന്നു

ശൗല്‍ തന്‍റെ മകന്‍ പറയുന്നതു കേള്‍ക്കുന്നു; ദാവീദിനെ ഉപദ്രവിക്കില്ലെന്ന് അവന്‍ വാക്കു കൊടുക്കുന്നു; ദാവീദിനെ തിരികെ കൊണ്ടുവരുന്നു. അവന്‍ മുമ്പത്തെപ്പോലെതന്നെ രാജധാനിയില്‍ ശൗലിനെ സേവിക്കുന്നു. എങ്കിലും ഒരു ദിവസം ദാവീദ്‌ സംഗീതോപകരണം വായിക്കുമ്പോള്‍ ശൗല്‍ ദാവീദിന്‍റെ നേര്‍ക്ക് വീണ്ടും കുന്തം എറിയുന്നു. ദാവീദ്‌ തെന്നിമാറുന്നു; കുന്തം ചുവരില്‍ ചെന്നു തറയ്‌ക്കുന്നു. ഇതു മൂന്നാം പ്രാവശ്യമാണ്‌! താന്‍ ഇപ്പോള്‍ ഓടിപ്പോകേണ്ടതാണെന്നു ദാവീദ്‌ മനസ്സിലാക്കുന്നു!

ആ രാത്രിയില്‍ ദാവീദ്‌ തന്‍റെ സ്വന്തം വീട്ടിലേക്കു പോകുന്നു. എന്നാല്‍ അവനെ കൊല്ലേണ്ടതിന്‌ ശൗല്‍ ചില ആളുകളെ അയയ്‌ക്കുന്നു. തന്‍റെ അപ്പന്‍ ചെയ്യാന്‍ ആലോചിക്കുന്ന സംഗതി മീഖള്‍ മനസ്സിലാക്കുന്നു. അതുകൊണ്ട് അവള്‍ തന്‍റെ ഭര്‍ത്താവിനോട്‌ ഇങ്ങനെ പറയുന്നു: ‘ഇന്നു രാത്രിയില്‍ അങ്ങ് ഓടി രക്ഷപ്പെടുന്നില്ലെങ്കില്‍ നാളെ അങ്ങു മരിക്കേണ്ടിവരും.’ ആ രാത്രിയില്‍ ഒരു ജനാലയില്‍ക്കൂടി രക്ഷപ്പെടാന്‍ മീഖള്‍ ദാവീദിനെ സഹായിക്കുന്നു. ശൗല്‍ തന്നെ കണ്ടെത്താതിരിക്കേണ്ടതിന്‌ ദാവീദിന്‌ ഏതാണ്ട് ഏഴു വര്‍ഷത്തോളം പല ഇടങ്ങളിലായി ഒളിച്ചു താമസിക്കേണ്ടതായി വരുന്നു.

1 ശമൂവേല്‍ 18:1-30; 19:1-18.ചോദ്യങ്ങള്‍

 • ശൗലിന്‌ ദാവീദിനോട്‌ അസൂയ തോന്നാന്‍ കാരണമെന്ത്, എന്നാല്‍ ശൗലിന്‍റെ പുത്രന്‍ യോനാഥാന്‍ വ്യത്യസ്‌തനായിരിക്കുന്നത്‌ എങ്ങനെ?
 • ഒരു ദിവസം ദാവീദ്‌ ശൗലിനുവേണ്ടി കിന്നരം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്തു സംഭവിക്കുന്നു?
 • ശൗലിന്‍റെ പുത്രിയായ മീഖളിനെ വിവാഹം കഴിക്കുന്നതിന്‌ ദാവീദ്‌ എന്തു ചെയ്യണമെന്നാണ്‌ ശൗല്‍ ആവശ്യപ്പെടുന്നത്‌, അവന്‍ അപ്രകാരം ആവശ്യപ്പെടുന്നത്‌ എന്തിന്‌?
 • ദാവീദ്‌ ശൗലിനുവേണ്ടി കിന്നരം വായിച്ചുകൊണ്ടിരിക്കുമ്പോള്‍, ചിത്രത്തില്‍ കാണുന്നതുപോലെ മൂന്നാം തവണയും എന്തു സംഭവിക്കുന്നു?
 • ദാവീദിന്‍റെ ജീവന്‍ രക്ഷിക്കാന്‍ മീഖള്‍ സഹായിക്കുന്നത്‌ എങ്ങനെ, പിന്നീട്‌ ഏഴു വര്‍ഷത്തേക്ക് ദാവീദ്‌ എന്തു ചെയ്യേണ്ടിവരുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • 1 ശമൂവേല്‍ 18:1-30 വായിക്കുക.

  യോനാഥാന്‌ ദാവീദിനോടുണ്ടായിരുന്ന അഭേദ്യമായ സ്‌നേഹം ‘വേറെ ആടുകളും’ ‘ചെറിയ ആട്ടിന്‍കൂട്ടവും’ തമ്മിലുള്ള പരസ്‌പരസ്‌നേഹത്തെ മുന്‍നിഴലാക്കുന്നത്‌ എങ്ങനെ? (1 ശമൂ. 18:1; യോഹ. 10:16; ലൂക്കൊ. 12:32; സെഖ. 8:23)

  യോനാഥാന്‍ ശൗലിന്‍റെ അനന്തരാവകാശി ആയിത്തീരേണ്ടിയിരുന്നവനാണ്‌ എന്നതിന്‍റെ വീക്ഷണത്തില്‍, 1 ശമൂവേല്‍ 18:4 തിരഞ്ഞെടുക്കപ്പെട്ട രാജാവിനോടുള്ള യോനാഥാന്‍റെ ശ്രദ്ധേയമായ കീഴ്‌പെടല്‍ പ്രകടമാക്കുന്നത്‌ എങ്ങനെ?

  അസൂയയ്‌ക്ക് ഗുരുതരമായ പാപത്തിലേക്കു നയിക്കാന്‍ കഴിയുമെന്ന് ശൗലിന്‍റെ ദൃഷ്ടാന്തം കാണിച്ചുതരുന്നത്‌ എങ്ങനെ, ഇത്‌ നമുക്ക് എന്തു മുന്നറിയിപ്പു നല്‍കുന്നു? (1 ശമൂ. 18:7-9, 25; യാക്കോ. 3:14-16)

 • 1 ശമൂവേല്‍ 19:1-17 വായിക്കുക.

  1 ശമൂവേല്‍ 19:4, 5 വാക്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകള്‍ പറഞ്ഞപ്പോള്‍ യോനാഥാന്‍ സ്വന്തം ജീവന്‍ അപകടത്തിലാക്കുകയായിരുന്നത്‌ എങ്ങനെ? (1 ശമൂ. 19:1, 6)