വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 58: ദാവീദും ഗൊല്യാത്തും

കഥ 58: ദാവീദും ഗൊല്യാത്തും

ഫെലിസ്ത്യര്‍ വീണ്ടും ഇസ്രായേലിനെതിരെ യുദ്ധത്തിനു വരുന്നു. ദാവീദിന്‍റെ മൂത്ത മൂന്നു സഹോദരന്മാര്‍ ഇപ്പോള്‍ ശൗലിന്‍റെ സൈന്യത്തിലുണ്ട്. അതുകൊണ്ട് ഒരു ദിവസം യിശ്ശായി ദാവീദിനോട്‌ ഇങ്ങനെ പറയുന്നു: ‘നീ കുറെ ധാന്യവും അപ്പവും എടുത്ത്‌ നിന്‍റെ സഹോദരന്മാര്‍ക്കു കൊണ്ടുപോയി കൊടുക്കുക. അവര്‍ക്കു സുഖംതന്നെയാണോ എന്നു പോയി അന്വേഷിക്കുക.’

ഗൊല്യാത്ത്

സൈനിക പാളയത്തില്‍ എത്തുന്ന ദാവീദ്‌ തന്‍റെ സഹോദരന്മാരെ അന്വേഷിച്ച് യുദ്ധനിരയിലേക്ക് ഓടുന്നു. ഫെലിസ്‌ത്യ മല്ലനായ ഗൊല്യാത്ത്‌ ഇസ്രായേലിനെ പരിഹസിക്കാനായി വരുന്നു. അവന്‍ 40 ദിവസമായി രാവിലെയും വൈകുന്നേരവും ഇതു തന്നെ ചെയ്‌തുവരികയാണ്‌. അവന്‍ ഇങ്ങനെ വിളിച്ചുപറയുന്നു: ‘എന്നോട്‌ പൊരുതാന്‍ നിങ്ങളുടെ ആളുകളിലൊരുവനെ തിരഞ്ഞെടുത്തുകൊള്‍വിന്‍. അവന്‍ ജയിച്ച് എന്നെ കൊന്നാല്‍ ഞങ്ങള്‍ നിങ്ങളുടെ അടിമകളാകാം. എന്നാല്‍ ഞാന്‍ ജയിച്ച് അവനെ കൊന്നാല്‍ നിങ്ങള്‍ ഞങ്ങളുടെ അടിമകളായിരിക്കണം. എന്നോട്‌ പൊരുതാന്‍ കെല്‍പ്പുള്ള ആരെയെങ്കിലും തിരഞ്ഞെടുക്കാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു.’

ദാവീദ്‌ പടയാളികളില്‍ ചിലരോടു ചോദിക്കുന്നു: ‘ഈ ഫെലിസ്‌ത്യനെ കൊന്ന് ഇസ്രായേലിനെ ഈ നാണക്കേടില്‍നിന്നു രക്ഷിക്കുന്നവന്‌ എന്തു ലഭിക്കും?’

‘ശൗല്‍ ആ മനുഷ്യന്‌ വളരെയേറെ സമ്പത്ത്‌ നല്‍കും’ എന്ന് ഒരു പടയാളി പറയുന്നു. ‘അവന്‍ തന്‍റെ മകളെ അവനു ഭാര്യയായും കൊടുക്കും.’

എന്നാല്‍ ഗൊല്യാത്തിന്‍റെ വലുപ്പം കാരണം ഇസ്രായേല്യര്‍ ആരും അവന്‍റെ നേരെ ചെല്ലാന്‍ ധൈര്യപ്പെടുന്നില്ല. അവന്‌ 9 അടിയിലധികം (ഏകദേശം 3 മീറ്റര്‍) ഉയരമുണ്ട്; അവന്‍റെ പരിച ചുമക്കാനായി മറ്റൊരു പടയാളിയും കൂടെയുണ്ട്.

ദാവീദ്‌ ഗൊല്യാത്തിനോടു പൊരുതാന്‍ ആഗ്രഹിക്കുന്നെന്ന് ചില പടയാളികള്‍ ശൗല്‍രാജാവിന്‍റെ അടുത്തു ചെന്നു പറയുന്നു. എന്നാല്‍ ശൗല്‍ ദാവീദിനോടു പറയുന്നു: ‘നിനക്ക് ഈ ഫെലിസ്‌ത്യനോടു പോരാടാന്‍ കഴികയില്ല. നീ വെറുമൊരു ബാലനാണ്‌; അവനാണെങ്കില്‍ തഴക്കംവന്ന ഒരു പടയാളിയാണ്‌.’ ദാവീദ്‌ ഇങ്ങനെ ഉത്തരം പറയുന്നു: ‘അപ്പന്‍റെ ആടുകളെ പിടിച്ചുകൊണ്ടുപോയ ഒരു കരടിയെയും ഒരു സിംഹത്തെയും അടിയന്‍ കൊന്നിട്ടുണ്ട്. ഈ ഫെലിസ്‌ത്യന്‍ അവയില്‍ ഒന്നിനെപ്പോലെ ആകും. യഹോവ എന്നെ സഹായിക്കും.’ അപ്പോള്‍ ശൗല്‍ പറയുന്നു: ‘പോകൂ; യഹോവ നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ.’

ദാവീദ്‌ ഒരു തോട്ടിലേക്കു പോയി മിനുസമുള്ള അഞ്ചു കല്ലുകള്‍ പെറുക്കിയെടുത്ത്‌ തന്‍റെ സഞ്ചിയില്‍ ഇടുന്നു. എന്നിട്ട് അവന്‍ തന്‍റെ കവിണയുമെടുത്ത്‌ ഈ മല്ലനെ നേരിടാന്‍ പോകുന്നു. അവനെ കാണുമ്പോള്‍ ഗൊല്യാത്തിനു വിശ്വസിക്കാന്‍ കഴിയുന്നില്ല. ദാവീദിനെ കൊല്ലാന്‍ വളരെ എളുപ്പമായിരിക്കുമെന്ന് അവന്‍ വിചാരിക്കുന്നു.

ദാവീദ് ഒരു കല്ലെടുത്ത് കവിണയില്‍വെച്ച് എറിയുന്നു

‘എന്‍റെ അടുക്കലേക്കു വാ; ഞാന്‍ നിന്‍റെ ശരീരം പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും തിന്നാന്‍ കൊടുക്കും’ എന്ന് ഗൊല്യാത്ത്‌ പറയുന്നു. എന്നാല്‍ ദാവീദ്‌ ഇങ്ങനെ പറയുന്നു: ‘നീ വാളും കുന്തവും വേലുമായി എന്‍റെ നേരെ വരുന്നു; ഞാനോ യഹോവയുടെ നാമത്തില്‍ നിന്‍റെ അടുക്കല്‍ വരുന്നു. യഹോവ ഇന്നു നിന്നെ എന്‍റെ കയ്യില്‍ ഏല്‍പ്പിക്കും; ഞാന്‍ നിന്നെ കൊന്നുകളയും.’

ഇത്രയും പറഞ്ഞുകൊണ്ട് ദാവീദ്‌ ഗൊല്യാത്തിന്‍റെ നേര്‍ക്ക് ഓടുന്നു. അവന്‍ തന്‍റെ സഞ്ചിയില്‍നിന്ന് ഒരു കല്ലെടുത്ത്‌ കവിണയില്‍ വെച്ച് തന്‍റെ സകല ശക്തിയുമുപയോഗിച്ച് എറിയുന്നു. ആ കല്ല് പാഞ്ഞുചെന്ന് ഗൊല്യാത്തിന്‍റെ തലയില്‍ തുളച്ചു കയറുന്നു; അവന്‍ മരിച്ചുവീഴുന്നു! തങ്ങളുടെ വീരയോദ്ധാവ്‌ മരിച്ചെന്നു കാണുമ്പോള്‍ ഫെലിസ്‌ത്യര്‍ എല്ലാവരും തിരിഞ്ഞ് ഓടുന്നു. ഇസ്രായേല്യര്‍ അവരുടെ പിന്നാലെ ഓടി യുദ്ധത്തില്‍ ജയിക്കുന്നു.

1 ശമൂവേല്‍ 17:1-54.ചോദ്യങ്ങള്‍

 • ഇസ്രായേല്യ സേനയോട്‌ ഗൊല്യാത്ത്‌ എന്തു വെല്ലുവിളിയാണു നടത്തിയത്‌?
 • ഗൊല്യാത്തിന്‌ എന്തുമാത്രം വലുപ്പമുണ്ടായിരുന്നു, അവനെ കൊല്ലുന്നയാള്‍ക്ക് ശൗല്‍ രാജാവ്‌ എന്തു പ്രതിഫലമാണു വാഗ്‌ദാനം ചെയ്യുന്നത്‌?
 • ദാവീദ്‌ വെറുമൊരു ബാലനായതിനാല്‍ അവനു ഗൊല്യാത്തിനോടു പോരാടാന്‍ കഴിയില്ലെന്ന് ശൗല്‍ പറഞ്ഞപ്പോള്‍ ദാവീദിന്‍റെ മറുപടി എന്തായിരുന്നു?
 • ഗൊല്യാത്തിനോടു മറുപടി പറയവേ, ദാവീദ്‌ യഹോവയിലുള്ള ആശ്രയം പ്രകടമാക്കുന്നത്‌ എങ്ങനെ?
 • ചിത്രത്തില്‍ കാണാന്‍ കഴിയുന്നതുപോലെ, ഗൊല്യാത്തിനെ കൊല്ലാന്‍ ദാവീദ്‌ എന്താണ്‌ ഉപയോഗിക്കുന്നത്‌, അതിനുശേഷം ഫെലിസ്‌ത്യര്‍ക്ക് എന്തു സംഭവിക്കുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • 1 ശമൂവേല്‍ 17:1-54 വായിക്കുക.

  ദാവീദ്‌ നിര്‍ഭയനായിരുന്നതിന്‍റെ രഹസ്യമെന്ത്, നമുക്ക് എങ്ങനെ അവന്‍റെ ധീരത അനുകരിക്കാന്‍ കഴിയും? (1 ശമൂ. 17:37, 45; എഫെ. 6:10, 11)

  കളികളിലോ വിനോദങ്ങളിലോ ഏര്‍പ്പെടുമ്പോള്‍ ക്രിസ്‌ത്യാനികള്‍ ഗൊല്യാത്തിന്‍റേതിനു സമാനമായ മത്സരാത്മാവ്‌ ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്? (1 ശമൂ. 17:8; ഗലാ. 5:26; 1 തിമൊ. 4:8)

  ദാവീദിനു ദൈവത്തിന്‍റെ പിന്തുണയില്‍ വിശ്വാസമുണ്ടായിരുന്നെന്ന് അവന്‍റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്‌ എങ്ങനെ? (1 ശമൂ. 17:45-47; 2 ദിന. 20:15)

  കേവലം രണ്ടു ശത്രുസൈന്യങ്ങള്‍ തമ്മിലുള്ള പോരാട്ടം എന്നതിലുപരി ഇത്‌ യഥാര്‍ഥത്തില്‍ സത്യദൈവമായ യഹോവയും വ്യാജദൈവങ്ങളും തമ്മിലുള്ള ഒരു യുദ്ധമായിരുന്നെന്ന് ബൈബിള്‍ വിവരണം പ്രകടമാക്കുന്നത്‌ എങ്ങനെ? (1 ശമൂ. 17:43, 46, 47)

  അഭിഷിക്ത ശേഷിപ്പ്, യഹോവയില്‍ ആശ്രയിക്കുന്നതു സംബന്ധിച്ച ദാവീദിന്‍റെ ദൃഷ്ടാന്തം അനുകരിക്കുന്നത്‌ ഏതു വിധത്തില്‍? (1 ശമൂ. 17:37; യിരെ. 1:17-19; വെളി. 12:17)