വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 57: ദൈവം ദാവീദിനെ തിരഞ്ഞെടുക്കുന്നു

കഥ 57: ദൈവം ദാവീദിനെ തിരഞ്ഞെടുക്കുന്നു
ദാവീദ് ഒരു ആട്ടിന്‍കുട്ടിയെ രക്ഷിക്കുന്നു

ഇവിടെ സംഭവിച്ചത്‌ എന്താണെന്നു മനസ്സിലായോ? ഈ ബാലന്‍ ആ ആട്ടിന്‍കുട്ടിയെ കരടിയില്‍നിന്നു രക്ഷിച്ചു. കരടി വന്ന് ആട്ടിന്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയി തിന്നാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ ബാലന്‍ അതിന്‍റെ പുറകേ ഓടിച്ചെന്ന് ആട്ടിന്‍കുട്ടിയെ കരടിയുടെ വായില്‍നിന്നു രക്ഷിച്ചു. കരടി എഴുന്നേറ്റപ്പോള്‍ അവന്‍ അതിനെ അടിച്ചുകൊന്നു! മറ്റൊരിക്കല്‍ അവന്‍ സിംഹത്തിന്‍റെ വായില്‍നിന്ന് ഒരു ആട്ടിന്‍കുട്ടിയെ രക്ഷിച്ചു. എന്തൊരു ധൈര്യം, അല്ലേ? ആരായിരിക്കും ഈ ബാലന്‍?

ഇതു ദാവീദാണ്‌. അവന്‍ ബേത്‌ലഹേം പട്ടണത്തിലാണു താമസിക്കുന്നത്‌. രൂത്തിനെയും ബോവാസിനെയും ഓര്‍ക്കുന്നില്ലേ, അവരുടെ മകനായ ഓബേദ്‌ ആണ്‌ അവന്‍റെ വല്യപ്പന്‍. ദാവീദിന്‍റെ അപ്പന്‍റെ പേര്‌ യിശ്ശായി എന്നാണ്‌. ദാവീദാണ്‌ അപ്പന്‍റെ ആടുകളെ മേയ്‌ക്കുന്നത്‌. യഹോവ ശൗലിനെ രാജാവായി തിരഞ്ഞെടുത്ത്‌ 10 വര്‍ഷം കഴിഞ്ഞാണ്‌ ദാവീദു ജനിക്കുന്നത്‌.

യഹോവ ശമൂവേലിനോട്‌ ഇങ്ങനെ അരുളിച്ചെയ്യുന്ന സമയം വരുന്നു: ‘വിശിഷ്ട തൈലത്തില്‍ കുറെ എടുത്തുകൊണ്ട് നീ ബേത്‌ലഹേമില്‍ യിശ്ശായിയുടെ വീട്ടിലേക്കു ചെല്ലുക. ഞാന്‍ അവന്‍റെ പുത്രന്മാരില്‍ ഒരുവനെ രാജാവായിരിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നു.’ ശമൂവേല്‍ യിശ്ശായിയുടെ മൂത്തമകനായ എലീയാബിനെ കാണുമ്പോള്‍ തന്നോടുതന്നെ പറയുന്നു: ‘യഹോവയാല്‍ തിരഞ്ഞെടുക്കപ്പെട്ടവന്‍ ഇവന്‍ തന്നെ.’ എന്നാല്‍ യഹോവ അവനോടു പറയുന്നു: ‘അവന്‍റെ പൊക്കവും സൗന്ദര്യവും നീ നോക്കരുത്‌. ഞാന്‍ അവനെ രാജാവായിരിക്കാന്‍ തിരഞ്ഞെടുത്തിട്ടില്ല.’

അതുകൊണ്ട് യിശ്ശായി തന്‍റെ മകനായ അബീനാദാബിനെ ശമൂവേലിന്‍റെ മുമ്പില്‍ വരുത്തുന്നു. ‘ഇല്ല, യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല’ എന്നു ശമൂവേല്‍ പറയുന്നു. യിശ്ശായി അടുത്തതായി തന്‍റെ മറ്റൊരു മകനായ ശമ്മായെ കൊണ്ടുവരുന്നു. ‘ഇല്ല, യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല.’ യിശ്ശായി തന്‍റെ ആണ്‍മക്കളില്‍ ഏഴു പേരെ ശമൂവേലിന്‍റെ അടുക്കല്‍ കൊണ്ടുവരുന്നു, പക്ഷേ യഹോവ ഇവരില്‍ ആരെയും തിരഞ്ഞെടുക്കുന്നില്ല. ‘ഇത്രയും പുത്രന്മാരേ നിനക്കുള്ളോ?’ ശമൂവേല്‍ ചോദിക്കുന്നു.

‘ഇനി, ഏറ്റവും ഇളയ മകനുംകൂടെ ഉണ്ട്’ എന്നു യിശ്ശായി പറയുന്നു. ‘പക്ഷേ അവന്‍ പുറത്ത്‌ ആടുകളെ മേയ്‌ക്കുകയാണ്‌.’ ദാവീദിനെ വിളിച്ചുവരുത്തുമ്പോള്‍ അവന്‍ സുന്ദരനാണെന്നു ശമൂവേലിനു കാണാന്‍ കഴിയുന്നു. ‘ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നവന്‍ ഇവന്‍ തന്നേ. അവന്‍റെമേല്‍ തൈലം ഒഴിക്കുക’ എന്ന് യഹോവ അരുളിച്ചെയ്യുന്നു. അതാണ്‌ ശമൂവേല്‍ ചെയ്യുന്നത്‌. ഒരിക്കല്‍ ദാവീദ്‌ ഇസ്രായേലിന്‍റെ രാജാവായിത്തീരും.

1 ശമൂവേല്‍ 17:34, 35; 16:1-13.ചോദ്യങ്ങള്‍

 • ചിത്രത്തില്‍ കാണുന്ന ബാലന്‍റെ പേരെന്ത്, അവന്‍ ധീരനാണെന്ന് നമുക്ക് എങ്ങനെ അറിയാം?
 • ദാവീദ്‌ താമസിക്കുന്നത്‌ എവിടെ, അവന്‍റെ അപ്പന്‍റെയും വല്ല്യപ്പന്‍റെയും പേരെന്ത്?
 • ബേത്ത്‌ലേഹെമിലുള്ള യിശ്ശായിയുടെ വീട്ടിലേക്കു പോകാന്‍ യഹോവ ശമൂവേലിനോടു പറഞ്ഞത്‌ എന്തിന്‌?
 • യിശ്ശായി തന്‍റെ ഏഴു പുത്രന്മാരെ ശമൂവേലിന്‍റെ അടുത്തു കൊണ്ടുവരുമ്പോള്‍ എന്താണു സംഭവിക്കുന്നത്‌?
 • ദാവീദ്‌ വരുമ്പോള്‍ യഹോവ ശമൂവേലിനോട്‌ എന്താണു പറയുന്നത്‌?

കൂടുതലായ ചോദ്യങ്ങള്‍

 • 1 ശമൂവേല്‍ 17:34, 35 വായിക്കുക.

  ഈ സംഭവങ്ങളെല്ലാം ദാവീദിന്‍റെ ധൈര്യവും യഹോവയിലുള്ള അവന്‍റെ ആശ്രയവും എടുത്തുകാട്ടുന്നത്‌ എങ്ങനെ? (1 ശമൂ. 17:37)

 • 1 ശമൂവേല്‍ 16:1-14 വായിക്കുക.

  1 ശമൂവേല്‍ 16:7-ല്‍ രേഖപ്പെടുത്തിയിരിക്കുന്ന യഹോവയുടെ വാക്കുകള്‍, പക്ഷപാതരഹിതര്‍ ആയിരിക്കാനും പുറമേ കാണുന്നതിന്‍റെ അടിസ്ഥാനത്തില്‍ മുന്‍വിധികള്‍ വെച്ചുപുലര്‍ത്താതിരിക്കാനും നമ്മെ സഹായിക്കുന്നത്‌ എങ്ങനെ? (പ്രവൃ. 10:34, 35; 1 തിമൊ. 2:4)

  യഹോവ തന്‍റെ പരിശുദ്ധാത്മാവിനെ ഒരു വ്യക്തിയില്‍നിന്നു നീക്കം ചെയ്യുമ്പോള്‍ ആ സ്ഥാനത്ത്‌ ഒരു ദുരാത്മാവോ തെറ്റു ചെയ്യാനുള്ള ആന്തരിക പ്രേരണയോ വന്നുചേരാം എന്ന് ശൗലിന്‍റെ ദൃഷ്ടാന്തം പ്രകടമാക്കുന്നത്‌ എങ്ങനെ? (1 ശമൂ. 16:14; മത്താ. 12:43-45; ഗലാ. 5:16)