വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

കഥ 56: ശൗല്‍--ഇസ്രായേലിന്‍റെ ഒന്നാമത്തെ രാജാവ്

കഥ 56: ശൗല്‍--ഇസ്രായേലിന്‍റെ ഒന്നാമത്തെ രാജാവ്
ശമൂവേല്‍ ശൗലിനെ രാജാവായി അഭിഷേകം ചെയ്യുന്നു

ശമൂവേല്‍ ഈ മനുഷ്യന്‍റെ തലയില്‍ ഒഴിക്കുന്നത്‌ എന്താണ്‌? ഒരു പരിമള തൈലമാണ്‌ അത്‌. എന്തിനാണ്‌ ശമൂവേല്‍ അങ്ങനെ ചെയ്യുന്നത്‌? ഒരാളെ രാജാവായി തിരഞ്ഞെടുത്തു എന്നതിന്‍റെ അടയാളമായിരുന്നു അത്‌. ശൗലിന്‍റെ തലയില്‍ തൈലം ഒഴിക്കാന്‍ യഹോവയാണ്‌ ശമൂവേലിനോടു പറഞ്ഞത്‌.

രാജാവായിരിക്കാനുള്ള യോഗ്യത തനിക്കുണ്ടെന്ന് ശൗല്‍ വിചാരിച്ചില്ല. ‘ഞാന്‍ ഇസ്രായേലിലെ ഏറ്റവും ചെറിയ ഗോത്രമായ ബെന്യാമീന്‍ഗോത്രത്തില്‍പ്പെട്ടവനാണ്‌’ എന്ന് അവന്‍ ശമൂവേലിനോടു പറയുന്നു. ‘ഞാന്‍ രാജാവാകുമെന്ന് നീ പറയുന്നത്‌ എന്തുകൊണ്ടാണ്‌?’ താന്‍ വലിയ ആളാണെന്ന ഭാവം ശൗലിന്‌ ഇല്ലാത്തതുകൊണ്ട് യഹോവയ്‌ക്ക് അവനെ ഇഷ്ടമാണ്‌. അതുകൊണ്ടാണ്‌ അവന്‍ ശൗലിനെ രാജാവായി തിരഞ്ഞെടുക്കുന്നത്‌.

എന്നാല്‍ ശൗല്‍ പാവപ്പെട്ടവനോ പൊക്കം കുറഞ്ഞവനോ ഒന്നും അല്ല. അവന്‍റെ വീട്ടുകാര്‍ വലിയ പണക്കാരാണ്‌; അതുപോലെ അവന്‍ വളരെ സുന്ദരനും നല്ല പൊക്കമുള്ളവനും ആണ്‌. ഇസ്രായേലിലെ മറ്റാരെക്കാളും ഏകദേശം ഒരടി പൊക്കം കൂടുതല്‍ ഉണ്ട് അവന്‌! ശൗല്‍ നല്ല വേഗമുള്ള ഓട്ടക്കാരനും അതിശക്തനുമാണ്‌. രാജാവായിരിക്കാന്‍ യഹോവ ശൗലിനെ തിരഞ്ഞെടുത്തതില്‍ ജനം സന്തുഷ്ടരാണ്‌. ‘രാജാവു നീണാള്‍ വാഴട്ടെ!’ എന്ന് അവരെല്ലാം ആര്‍ത്തുവിളിക്കുന്നു.

എന്നാല്‍ ഇസ്രായേലിന്‍റെ ശത്രുക്കള്‍ ഇപ്പോഴും വളരെ ശക്തരാണ്‌. അവര്‍ ഇസ്രായേല്യരെ വല്ലാതെ ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ശൗല്‍ രാജാവായ ഉടന്‍തന്നെ അമ്മോന്യര്‍ അവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ വരുന്നു. എന്നാല്‍ ശൗല്‍ വലിയൊരു സൈന്യത്തെ സംഘടിപ്പിക്കുകയും അമ്മോന്യരുടെമേല്‍ വിജയം നേടുകയും ചെയ്യുന്നു. ഇതു കാണുമ്പോള്‍ ശൗലിനെ രാജാവായി കിട്ടിയതില്‍ ജനം സന്തോഷിക്കുന്നു.

തുടര്‍ന്നു വരുന്ന വര്‍ഷങ്ങളില്‍ ശൗല്‍ പല പ്രാവശ്യം ശത്രുക്കളുടെമേല്‍ വിജയം നേടുന്നു. ശൗലിന്‌ യോനാഥാന്‍ എന്നു പേരുള്ള ധൈര്യശാലിയായ ഒരു മകനുമുണ്ട്. അനേകം യുദ്ധങ്ങളില്‍ വിജയിക്കുന്നതിന്‌ യോനാഥാനും ഇസ്രായേലിനെ സഹായിക്കുന്നു. ഇസ്രായേല്യരുടെ മുഖ്യ ശത്രുക്കള്‍ ഇപ്പോഴും ഫെലിസ്‌ത്യര്‍ തന്നെയാണ്‌. ഒരിക്കല്‍ ആയിരക്കണക്കിനു ഫെലിസ്‌ത്യര്‍ ഇസ്രായേല്യര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ വരുന്നു.

താന്‍ വന്ന് യഹോവയ്‌ക്ക് ഒരു യാഗം അര്‍പ്പിച്ച ശേഷമേ യുദ്ധത്തിനു പോകാവൂ എന്ന് ശമൂവേല്‍ ശൗലിനോടു പറയുന്നു. എന്നാല്‍ ശമൂവേല്‍ വരാന്‍ താമസിക്കുന്നു. ശമൂവേല്‍ വരുന്നതിനു മുമ്പ് ഫെലിസ്‌ത്യര്‍ യുദ്ധം തുടങ്ങിയാലോ എന്നു പേടിച്ച് ശൗല്‍ തന്നെത്താന്‍ പോയി യാഗം അര്‍പ്പിക്കുന്നു. അവസാനം ശമൂവേല്‍ വരുമ്പോള്‍ ശൗല്‍ അനുസരണക്കേടാണ്‌ കാണിച്ചതെന്ന് ശമൂവേല്‍ അവനോടു പറയുന്നു. ‘ഇസ്രായേലിനു രാജാവായിരിക്കാന്‍ യഹോവ മറ്റൊരാളെ തിരഞ്ഞെടുക്കും,’ ശമൂവേല്‍ പറയുന്നു.

പിന്നീട്‌ ശൗല്‍ വീണ്ടും അനുസരണക്കേടു കാണിക്കുന്നു. അതുകൊണ്ട് ശമൂവേല്‍ അവനോട്‌ ഇങ്ങനെ പറയുന്നു: ‘ഏറ്റവും നല്ല ആടുകളെ യാഗമര്‍പ്പിക്കുന്നതിനെക്കാള്‍ യഹോവയെ അനുസരിക്കുന്നതാണ്‌ ഏറെ നല്ലത്‌. നീ യഹോവയെ അനുസരിക്കാതിരുന്നതിനാല്‍ യഹോവ നിന്നെ ഇസ്രായേലിന്‍റെ രാജാവായി വെച്ചുകൊണ്ടിരിക്കയില്ല.’

നമുക്ക് ഇതില്‍നിന്ന് ഒരു നല്ല പാഠം പഠിക്കാന്‍ കഴിയും. യഹോവയെ എല്ലായ്‌പോഴും അനുസരിക്കുന്നത്‌ എത്ര പ്രധാനമാണെന്ന് ഇതു നമുക്കു കാണിച്ചുതരുന്നു. കൂടാതെ, ശൗലിനെപ്പോലെയുള്ള ഒരു നല്ല മനുഷ്യന്‌ മാറ്റംവരാമെന്നും ദുഷ്ടനായിത്തീരാന്‍ കഴിയുമെന്നും അതു കാണിക്കുന്നു. നമ്മള്‍ ഒരിക്കലും ദുഷ്ടരായിത്തീരാന്‍ ആഗ്രഹിക്കുന്നില്ല, അല്ലേ?

1 ശമൂവേല്‍ 9 മുതല്‍ 11 വരെയുള്ള അധ്യായങ്ങള്‍; 13:5-14; 14:47-52; 15:1-35; 2 ശമൂവേല്‍ 1:23.ചോദ്യങ്ങള്‍

 • ചിത്രത്തില്‍ ശമൂവേല്‍ എന്താണു ചെയ്യുന്നത്‌, എന്തുകൊണ്ട്?
 • യഹോവ ശൗലിനെ ഇഷ്ടപ്പെടാന്‍ കാരണമെന്ത്, അവന്‍ എങ്ങനെയുള്ള ആളാണ്‌?
 • ശൗലിന്‍റെ പുത്രന്‍റെ പേരെന്ത്, അവന്‍ എന്തു ചെയ്യുന്നു?
 • ശമൂവേലിനുവേണ്ടി കാത്തിരിക്കുന്നതിനു പകരം ശൗല്‍ യാഗം അര്‍പ്പിക്കുന്നത്‌ എന്തുകൊണ്ട്?
 • ശൗലിനെ കുറിച്ചുള്ള വിവരണത്തില്‍നിന്ന് നമുക്ക് എന്തു പാഠങ്ങള്‍ പഠിക്കാനുണ്ട്?

കൂടുതലായ ചോദ്യങ്ങള്‍

 • 1 ശമൂവേല്‍ 9:15-21; 10:17-27 വായിക്കുക.

  ചില പുരുഷന്മാര്‍ ശൗലിനെക്കുറിച്ച് ആദരവില്ലാതെ സംസാരിച്ചപ്പോള്‍ എടുത്തുചാടി പ്രവര്‍ത്തിക്കുന്നതില്‍നിന്ന് എളിമ അവനെ തടഞ്ഞത്‌ എങ്ങനെ? (1 ശമൂ. 9:21; 10:21, 22, 27; സദൃ. 17:27)

 • 1 ശമൂവേല്‍ 13:5-14 വായിക്കുക.

  ഗില്‍ഗാലില്‍വെച്ച് ശൗല്‍ എന്തു പാപമാണു ചെയ്‌തത്‌? (1 ശമൂ. 10:8; 13:8, 9, 13)

 • 1 ശമൂവേല്‍ 15:1-35 വായിക്കുക.

  അമാലേക്യ രാജാവായ ആഗാഗിനോടുള്ള ബന്ധത്തില്‍ ശൗല്‍ ചെയ്‌ത ഗുരുതരമായ പാപം എന്ത്? (1 ശമൂ. 15:2, 3, 8, 9, 22)

  തന്‍റെ പ്രവൃത്തികളെ ന്യായീകരിക്കാനും കുറ്റം മറ്റുള്ളവരുടെമേല്‍ കെട്ടിവെക്കാനും ശൗല്‍ ശ്രമിച്ചത്‌ എങ്ങനെ? (1 ശമൂ. 15:24)

  നമുക്ക് ബുദ്ധിയുപദേശം കിട്ടുമ്പോള്‍ എന്തു മുന്നറിയിപ്പ് നാം മനസ്സില്‍പ്പിടിക്കണം? (1 ശമൂ. 15:19-21; സങ്കീ. 141:5; സദൃ. 9:8, 9; 11:2)