കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 54: ഏറ്റവും ശക്തനായ മനുഷ്യന്‍

കഥ 54: ഏറ്റവും ശക്തനായ മനുഷ്യന്‍

ഇതുവരെ ജീവിച്ചിരുന്നിട്ടുള്ളതില്‍വെച്ച് ഏറ്റവും ശക്തനായ മനുഷ്യന്‍ ആരാണെന്ന് അറിയാമോ? അത്‌ ശിംശോന്‍ എന്നു പേരുള്ള ഒരു ന്യായാധിപനാണ്‌. യഹോവയാണ്‌ ശിംശോനു ശക്തി കൊടുക്കുന്നത്‌. യഹോവ, ശിംശോന്‍ ജനിക്കുന്നതിനു മുമ്പുതന്നെ അവന്‍റെ അമ്മയോടു പറയുന്നു: ‘താമസിയാതെ നിനക്ക് ഒരു മകന്‍ ജനിക്കും. ഇസ്രായേല്യരെ ഫെലിസ്‌ത്യരില്‍നിന്നു രക്ഷിക്കുന്നതില്‍ അവന്‍ നേതൃത്വം എടുക്കും.’

ശിംശോന്‍ ഒരു സിംഹവുമായി മല്ലിടുന്നു

കനാന്‍ദേശത്തു താമസിക്കുന്ന ദുഷ്ട മനുഷ്യരാണ്‌ ഫെലിസ്‌ത്യര്‍. അവരുടെ കൂട്ടത്തില്‍ ധാരാളം യോദ്ധാക്കളും ഉണ്ട്. അവര്‍ ഇസ്രായേല്യരെ വല്ലാതെ ഉപദ്രവിക്കുന്നു. ഒരിക്കല്‍ ശിംശോന്‍ ഫെലിസ്‌ത്യരുടെ താമസസ്ഥലത്തേക്കു പോകുമ്പോള്‍ ഒരു വലിയ സിംഹം അലറിക്കൊണ്ട് അവന്‍റെ നേരേ കുതിച്ചുചാടുന്നു. എന്നാല്‍ ഒരു ആയുധം പോലുമില്ലാതെ ശിംശോന്‍ സിംഹത്തെ കൊല്ലുന്നു. കൂടാതെ അവന്‍ നൂറുകണക്കിനു ദുഷ്ട ഫെലിസ്‌ത്യരെയും കൊല്ലുന്നു.

പിന്നീട്‌ ശിംശോന്‍, ദലീല എന്നു പേരുള്ള ഒരു ഫെലിസ്‌ത്യ യുവതിയുമായി സ്‌നേഹത്തിലാകുന്നു. അവന്‍റെ ശക്തിയുടെ രഹസ്യം പറഞ്ഞുകൊടുത്താല്‍ തങ്ങള്‍ ഓരോരുത്തരും 1,100 വെള്ളി നാണയങ്ങള്‍ വീതം അവള്‍ക്കു നല്‍കാമെന്ന് ഫെലിസ്‌ത്യ നേതാക്കന്മാര്‍ അവള്‍ക്കു വാക്കു കൊടുക്കുന്നു. ആ പണമെല്ലാം കിട്ടാന്‍ ദലീല കൊതിച്ചു. അവള്‍ ശിംശോന്‍റെയോ ദൈവജനത്തിന്‍റെയോ യഥാര്‍ഥ ചങ്ങാതിയല്ല. അതുകൊണ്ട് അവള്‍ അവന്‍റെ ശക്തിയുടെ രഹസ്യം എന്തെന്നു ചോദിച്ചുകൊണ്ടേയിരുന്നു.

ദലീലയും ശിംശോനും

ഒടുവില്‍ ദലീല ശിംശോനില്‍നിന്ന് ആ രഹസ്യം ചോര്‍ത്തിയെടുത്തു. ‘എന്‍റെ മുടി ഒരിക്കലും മുറിച്ചിട്ടില്ല,’ അവന്‍ പറയുന്നു. ‘ഞാന്‍ ജനിച്ചപ്പോള്‍ത്തന്നെ നാസീര്‍ എന്ന ഒരു പ്രത്യേക വ്രതം അനുഷ്‌ഠിക്കാന്‍ ദൈവം എന്നെ തിരഞ്ഞെടുത്തു, ദൈവത്തിനുള്ള ഒരു പ്രത്യേക സേവനമാണ്‌ അത്‌. മുടി മുറിച്ചെടുത്താല്‍ എന്‍റെ ശക്തിയെല്ലാം ചോര്‍ന്നുപോകും.’

ഈ രഹസ്യം മനസ്സിലാക്കി കഴിഞ്ഞ് ദലീല ശിംശോനെ തന്‍റെ മടിയില്‍ കിടത്തി ഉറക്കുന്നു. എന്നിട്ട് ഒരാളെ വിളിച്ച് ശിംശോന്‍റെ മുടി മുറിപ്പിക്കുന്നു. ഉറക്കം ഉണരുമ്പോള്‍ ശിംശോന്‍റെ ശക്തിയെല്ലാം നഷ്ടപ്പെട്ടിരുന്നു. അപ്പോള്‍ ഫെലിസ്‌ത്യര്‍ വന്ന് അവനെ പിടികൂടുന്നു. അവര്‍ അവന്‍റെ രണ്ടു കണ്ണും കുത്തിപ്പൊട്ടിച്ച് അവനെ അടിമയാക്കുന്നു.

ശിംശോന്‍ തൂണുകള്‍ മറിച്ചിടുന്നു

ഒരു ദിവസം ഫെലിസ്‌ത്യര്‍ തങ്ങളുടെ ദേവനായ ദാഗോനെ ആരാധിക്കുന്നതിനായി ഒരു വലിയ ആഘോഷം ഒരുക്കുന്നു. ശിംശോനെ എല്ലാവരുടെയും മുമ്പില്‍ നിറുത്തി കളിയാക്കാനായി തടവറയില്‍നിന്നു പുറത്തു കൊണ്ടുവരുന്നു. ഈ സമയമായപ്പോഴേക്കും ശിംശോന്‍റെ മുടി വീണ്ടും വളര്‍ന്നിരുന്നു. തന്നെ കൈ പിടിച്ചു നടത്തുന്ന ബാലനോട്‌ ശിംശോന്‍ പറയുന്നു: ‘കെട്ടിടത്തെ താങ്ങി നിറുത്തുന്ന തൂണുകളില്‍ തൊടാവുന്നതുപോലെ എന്നെ നിറുത്തുക.’ ശക്തിക്കായി യഹോവയോടു പ്രാര്‍ഥിച്ചിട്ട് ശിംശോന്‍ തൂണുകളില്‍ പിടിച്ചുകൊണ്ട് ഇങ്ങനെ വിളിച്ചു പറയുന്നു: ‘ഫെലിസ്‌ത്യരോടൊപ്പം ഞാനും മരിക്കട്ടെ.’ ആ ആഘോഷത്തില്‍ 3,000 ഫെലിസ്‌ത്യര്‍ പങ്കെടുത്തിരുന്നു. ശിംശോന്‍ കെട്ടിടത്തിന്‍റെ തൂണുകള്‍ ശക്തിയോടെ പിടിച്ചു തള്ളുമ്പോള്‍ കെട്ടിടം തകര്‍ന്നു വീഴുന്നു. ആ ദുഷ്ട മനുഷ്യരെല്ലാം അതിനടിയില്‍പ്പെട്ട് മരിക്കുന്നു.

ന്യായാധിപന്മാര്‍ 13 മുതല്‍ 16 വരെയുള്ള അധ്യായങ്ങള്‍.



ചോദ്യങ്ങള്‍

  • ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ശക്തനായ മനുഷ്യന്‍റെ പേരെന്ത്, ആരാണ്‌ അവന്‌ അത്ര ശക്തി നല്‍കിയത്‌?
  • ചിത്രത്തില്‍ കാണാന്‍ കഴിയുന്നതുപോലെ ശിംശോന്‍ ഒരിക്കല്‍ വലിയ ഒരു സിംഹത്തെ എന്താണു ചെയ്‌തത്‌?
  • ചിത്രത്തില്‍ ശിംശോന്‍ ദലീലയോട്‌ എന്തു രഹസ്യം പറയുന്നതാണ്‌ നമ്മള്‍ കാണുന്നത്‌, ഇത്‌ ഫെലിസ്‌ത്യര്‍ അവനെ പിടിക്കുന്നതിലേക്കു നയിച്ചത്‌ എങ്ങനെ?
  • താന്‍ മരണമടഞ്ഞ ദിവസം ശിംശോന്‍ 3,000 ഫെലിസ്‌ത്യ ശത്രുക്കള്‍ മരിക്കാന്‍ ഇടയാക്കിയത്‌ എങ്ങനെ?

കൂടുതലായ ചോദ്യങ്ങള്‍

  • ന്യായാധിപന്മാര്‍ 13:1-14 വായിക്കുക.

    മക്കളെ വളര്‍ത്തിക്കൊണ്ടുവരുന്ന കാര്യത്തില്‍ മനോഹയും ഭാര്യയും മാതാപിതാക്കള്‍ക്ക് ഒരു നല്ല മാതൃക വെച്ചിരിക്കുന്നത്‌ എങ്ങനെ? (ന്യായാ. 13:8; സങ്കീ. 127:3; എഫെ. 6:4)

  • ന്യായാധിപന്മാര്‍ 14:5-9; 15:9-16 വായിക്കുക.

    ശിംശോന്‍ സിംഹത്തെ കൊന്നതും തന്നെ കെട്ടിയിരുന്ന പുതിയ കയറുകള്‍ പൊട്ടിച്ചതും കഴുതയുടെ താടിയെല്ലുകൊണ്ട് 1,000 പേരെ കൊന്നതും പോലെയുള്ള വിവരണങ്ങള്‍ യഹോവയുടെ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് എന്തു വെളിപ്പെടുത്തുന്നു?

    ഇന്ന് പരിശുദ്ധാത്മാവ്‌ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ? (ന്യായാ. 14:6; 15:14; സെഖ. 4:6; പ്രവൃ. 4:31)

  • ന്യായാധിപന്മാര്‍ 16:18-31 വായിക്കുക.

    മോശമായ സഹവാസം ശിംശോനെ പ്രതികൂലമായി ബാധിച്ചത്‌ എങ്ങനെ, ഇതില്‍നിന്നു നമുക്ക് എന്തു പഠിക്കാന്‍ കഴിയും? (ന്യായാ. 16:18, 19; 1 കൊരി. 15:33)