വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 53: യിഫ്താഹിന്‍റെ വാഗ്ദാനം

കഥ 53: യിഫ്താഹിന്‍റെ വാഗ്ദാനം
യിഫ്താഹിന്‍റെ മകള്‍

എപ്പോഴെങ്കിലും ഒരു വാക്കു കൊടുത്തിട്ട് അതു പാലിക്കാന്‍ നിങ്ങള്‍ക്കു ബുദ്ധിമുട്ടു തോന്നിയിട്ടുണ്ടോ? ഈ ചിത്രത്തില്‍ കാണുന്ന മനുഷ്യന്‍ അങ്ങനെയൊന്നു ചെയ്‌തു. അയാള്‍ ഇപ്പോള്‍ ഇത്രയധികം സങ്കടപ്പെടാനുള്ള കാരണവും അതുതന്നെയാണ്‌. ഇസ്രായേലിലെ ഒരു ധീര ന്യായാധിപനായ യിഫ്‌താഹ്‌ ആണ്‌ അത്‌.

ഇസ്രായേല്യര്‍ യഹോവയെ ആരാധിക്കുന്നതു നിറുത്തിക്കളഞ്ഞ ഒരു കാലത്താണ്‌ യിഫ്‌താഹ്‌ ജീവിച്ചിരുന്നത്‌. അവര്‍ വീണ്ടും യഹോവയ്‌ക്ക് ഇഷ്ടമില്ലാത്ത, മോശമായ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് അമ്മോന്യര്‍ അവരെ ഉപദ്രവിക്കാന്‍ യഹോവ അനുവദിക്കുന്നു. അപ്പോള്‍ ഇസ്രായേല്യര്‍ യഹോവയോടു നിലവിളിക്കുന്നു: ‘ഞങ്ങള്‍ നിന്നോടു പാപം ചെയ്‌തുപോയി. ദയവായി ഞങ്ങളെ രക്ഷിക്കേണമേ!’

യിഫ്താഹും അവന്‍റെ ആളുകളും

തങ്ങള്‍ ചെയ്‌ത തെറ്റായ കാര്യങ്ങളെ കുറിച്ച് ജനത്തിനു കുറ്റബോധം തോന്നുന്നു. വീണ്ടും യഹോവയെ ആരാധിച്ചുകൊണ്ട്, തെറ്റു ചെയ്‌തതില്‍ തങ്ങള്‍ക്കു സങ്കടം ഉണ്ടെന്ന് അവര്‍ കാണിക്കുന്നു. അതുകൊണ്ട് യഹോവ പിന്നെയും അവരെ സഹായിക്കുന്നു.

ദുഷ്ടരായ അമ്മോന്യര്‍ക്കെതിരെ പോരാടാന്‍ ജനങ്ങള്‍ യിഫ്‌താഹിനെ തിരഞ്ഞെടുത്തിരിക്കുകയാണ്‌. ഈ പോരാട്ടത്തില്‍ യഹോവ തന്നെ സഹായിക്കണമെന്ന് യിഫ്‌താഹ്‌ അതിയായി ആഗ്രഹിക്കുന്നു. അതുകൊണ്ട് അവന്‍ ഇങ്ങനെ വാഗ്‌ദാനം ചെയ്യുന്നു: ‘നീ എനിക്ക് അമ്മോന്യരുടെമേല്‍ വിജയം തന്നാല്‍, തിരികെ വീട്ടിലെത്തുമ്പോള്‍ എന്നെ എതിരേല്‍ക്കാന്‍ ആദ്യം വീട്ടില്‍നിന്നു പുറത്തു വരുന്ന ആളെ ഞാന്‍ നിനക്കു തരും.’

യഹോവ യിഫ്‌താഹിന്‍റെ വാഗ്‌ദാനം ശ്രദ്ധിക്കുന്നു, യുദ്ധത്തില്‍ വിജയിക്കാന്‍ അവനെ സഹായിക്കുകയും ചെയ്യുന്നു. യിഫ്‌താഹ്‌ വീട്ടിലേക്കു തിരികെ വരുമ്പോള്‍ അവനെ എതിരേല്‍ക്കാന്‍ പുറത്തേക്ക് ആദ്യം വരുന്നത്‌ ആരാണെന്ന് അറിയാമോ? അത്‌ അവന്‍റെ ഏക മകളാണ്‌. ‘അയ്യോ, എന്‍റെ മകളേ!’ യിഫ്‌താഹ്‌ കരയുന്നു. ‘ഞാനിത്‌ എങ്ങനെ സഹിക്കും? ഞാന്‍ യഹോവയ്‌ക്കു വാക്കു കൊടുത്തുപോയി. അതു തിരിച്ചെടുക്കാന്‍ എനിക്കാവില്ല.’

യിഫ്‌താഹിന്‍റെ മകള്‍ തന്‍റെ പിതാവിന്‍റെ വാഗ്‌ദാനത്തെ കുറിച്ചു കേള്‍ക്കുമ്പോള്‍ ആദ്യം അവള്‍ക്കും സങ്കടം തോന്നുന്നു. എന്തുകൊണ്ടെന്നാല്‍ അവള്‍ക്കു തന്‍റെ അപ്പനെയും കൂട്ടുകാരെയും വിട്ടു പോകേണ്ടിവരും. ശീലോവിലുള്ള സമാഗമന കൂടാരത്തിങ്കല്‍ യഹോവയെ സേവിച്ചുകൊണ്ട് അവള്‍ ഇനിയുള്ള കാലം മുഴുവനും ചെലവഴിക്കേണ്ടതുണ്ട്. അവള്‍ തന്‍റെ അപ്പനോടു പറയുന്നു. ‘നീ യഹോവയ്‌ക്കു വാക്കു കൊടുത്തിട്ടുണ്ടെങ്കില്‍ അതു പാലിക്കുകതന്നെ വേണം.’

അങ്ങനെ യിഫ്‌താഹിന്‍റെ മകള്‍ ശീലോവിലേക്കു പോകുന്നു. യഹോവയുടെ സമാഗമന കൂടാരത്തിങ്കല്‍ അവനെ സേവിച്ചുകൊണ്ട് അവള്‍ പിന്നീടുള്ള കാലം മുഴുവനും ചെലവഴിക്കുന്നു. ഇസ്രായേലിലെ സ്‌ത്രീകള്‍ എല്ലാ വര്‍ഷവും നാലു ദിവസം അവളുടെയടുത്തു പോകുമായിരുന്നു. അവിടെ അവര്‍ സന്തോഷത്തോടെ ഒന്നിച്ചു സമയം ചെലവഴിക്കും. യിഫ്‌താഹിന്‍റെ മകള്‍ യഹോവയുടെ വളരെ നല്ലൊരു ദാസി ആയതിനാല്‍ ആളുകള്‍ അവളെ വളരെയധികം സ്‌നേഹിക്കുന്നു.

ന്യായാധിപന്മാര്‍ 10:6-18; 11:1-40.ചോദ്യങ്ങള്‍

 • യിഫ്‌താഹ്‌ ആരാണ്‌, അവന്‍ ഏതു കാലത്താണു ജീവിച്ചിരുന്നത്‌?
 • യിഫ്‌താഹ്‌ യഹോവയോട്‌ എന്തു വാഗ്‌ദാനമാണു ചെയ്‌തത്‌?
 • അമ്മോന്യരുമായുള്ള യുദ്ധത്തില്‍ വിജയം നേടിയതിനുശേഷം വീട്ടിലെത്തിയ യിഫ്‌താഹ്‌ ദുഃഖിതനായിത്തീര്‍ന്നത്‌ എന്തുകൊണ്ട്?
 • പിതാവിന്‍റെ വാഗ്‌ദാനത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ യിഫ്‌താഹിന്‍റെ പുത്രി എന്താണു പറഞ്ഞത്‌?
 • ആളുകള്‍ യിഫ്‌താഹിന്‍റെ പുത്രിയെ സ്‌നേഹിക്കുന്നത്‌ എന്തുകൊണ്ട്?

കൂടുതലായ ചോദ്യങ്ങള്‍

 • ന്യായാധിപന്മാര്‍ 10:6-18 വായിക്കുക.

  യഹോവയോടുള്ള ഇസ്രായേല്യരുടെ അവിശ്വസ്‌തത സംബന്ധിച്ച രേഖ നമുക്ക് എന്തു മുന്നറിയിപ്പായി ഉതകേണ്ടതാണ്‌? (ന്യായാ. 10:6, 15, 16; റോമ. 15:4; വെളി. 2:10)

 • ന്യായാധിപന്മാര്‍ 11:1-11, 29-40 വായിക്കുക.

  യിഫ്‌താഹ്‌ തന്‍റെ പുത്രിയെ ഒരു “ഹോമയാഗ”മായി അര്‍പ്പിച്ചുവെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അത്‌ അവളെ അഗ്നിയില്‍ നരബലിയായി അര്‍പ്പിച്ചു എന്ന് അര്‍ഥമാക്കിയില്ല എന്ന് എങ്ങനെ അറിയാം? (ന്യായാ. 11:31; ലേവ്യ. 16:24; ആവ. 18:10, 12)

  ഏതു വിധത്തിലാണ്‌ യിഫ്‌താഹ്‌ തന്‍റെ പുത്രിയെ ഒരു യാഗമായി അര്‍പ്പിച്ചത്‌?

  യഹോവയോടു താന്‍ ചെയ്‌ത വാഗ്‌ദാനം സംബന്ധിച്ചുള്ള യിഫ്‌താഹിന്‍റെ മനോഭാവത്തില്‍നിന്ന് നമുക്ക് എന്തു പഠിക്കാന്‍ കഴിയും? (ന്യായാ. 11:35, 39; സഭാ. 5:4, 5; മത്താ. 16:24)

  മുഴുസമയ സേവനത്തിന്‍റെ പാത തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച് യിഫ്‌താഹിന്‍റെ പുത്രി ക്രിസ്‌തീയ ചെറുപ്പക്കാര്‍ക്ക് മികച്ച മാതൃകയായിരിക്കുന്നത്‌ എങ്ങനെ? (ന്യായാ. 11:36; മത്താ. 6:33; ഫിലി. 3:8)