വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

കഥ 52: ഗിദെയോനും അവന്‍റെ 300 ആളുകളും

കഥ 52: ഗിദെയോനും അവന്‍റെ 300 ആളുകളും

ഇവിടെ എന്താണു സംഭവിക്കുന്നതെന്നു കണ്ടോ? ഇവരെല്ലാം ഇസ്രായേല്യ പടയാളികളാണ്‌. കുനിഞ്ഞു വെള്ളം കുടിക്കുന്ന ആ ആളുകളുടെ അടുത്തു നില്‍ക്കുന്നത്‌ ന്യായാധിപനായ ഗിദെയോനാണ്‌. അവര്‍ വെള്ളം കുടിക്കുന്നത്‌ എങ്ങനെയാണ്‌ എന്നു നോക്കി നില്‍ക്കുകയാണ്‌ അവന്‍.

ഓരോരുത്തരും വെള്ളം കുടിക്കുന്ന വിധം കണ്ടോ? ചിലര്‍ മുഖം വെള്ളത്തില്‍ മുട്ടിച്ചാണു കുടിക്കുന്നത്‌. എന്നാല്‍ അതിലൊരാള്‍ ചുറ്റും നടക്കുന്നതു കാണാന്‍ കഴിയുംവിധം വെള്ളം കൈകൊണ്ടു കോരിയാണു കുടിക്കുന്നത്‌. ഇതു വളരെ പ്രധാനമാണ്‌. എന്തുകൊണ്ടെന്നാല്‍ വെള്ളം കുടിക്കുമ്പോള്‍ പോലും ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ചു ശ്രദ്ധയുള്ളവരെ മാത്രമേ തിരഞ്ഞെടുക്കാവൂ എന്ന് യഹോവ ഗിദെയോനോടു പറഞ്ഞിരുന്നു. ബാക്കിയുള്ളവരെ തിരിച്ചയയ്‌ക്കാനും അവന്‍ പറഞ്ഞു. എന്തുകൊണ്ട് എന്നു നമുക്കു കാണാം.

ഇസ്രായേല്യര്‍ വീണ്ടും വളരെ കുഴപ്പത്തില്‍ അകപ്പെട്ടിരിക്കുകയാണ്‌. അവര്‍ യഹോവയെ അനുസരിക്കാതിരുന്നതാണു കാരണം. മിദ്യാനിലെ ജനങ്ങള്‍ അവരെ കീഴടക്കുകയും ദ്രോഹിക്കുകയും ചെയ്യുകയാണ്‌. അതുകൊണ്ട് ഇസ്രായേല്യര്‍ സഹായത്തിനായി യഹോവയോടു നിലവിളിക്കുകയും അവന്‍ അതു കേള്‍ക്കുകയും ചെയ്യുന്നു.

ഒരു സൈന്യത്തെ സംഘടിപ്പിക്കാന്‍ യഹോവ ഗിദെയോനോടു പറയുന്നു. അവന്‍ 32,000 യോദ്ധാക്കളെ സംഘടിപ്പിക്കുന്നു. എന്നാല്‍ ഇസ്രായേലിന്‍റെ ശത്രുസൈന്യത്തില്‍ 1,35,000 പടയാളികള്‍ ഉണ്ട്. എന്നിട്ടും യഹോവ ഗിദെയോനോടു പറയുന്നു: ‘നിന്നോടൊപ്പം വളരെ കൂടുതല്‍ ആളുകള്‍ ഉണ്ട്.’ യഹോവ എന്തുകൊണ്ടാണ്‌ അങ്ങനെ പറഞ്ഞത്‌?

യുദ്ധത്തില്‍ ജയിച്ചാല്‍ തങ്ങള്‍ സ്വന്ത ശക്തിയാലാണു ജയിച്ചതെന്ന് ഇസ്രായേല്‍ കരുതിയേക്കും എന്നതാണു കാരണം. ജയിക്കാന്‍ തങ്ങള്‍ക്കു യഹോവയുടെ സഹായം ആവശ്യമില്ലായിരുന്നെന്ന് അവര്‍ ചിന്തിച്ചേക്കാം. അതുകൊണ്ട് യഹോവ ഗിദെയോനോടു പറയുന്നു: ‘യുദ്ധത്തിനു പോകാന്‍ പേടിയുള്ള എല്ലാവരോടും തിരികെ പോകാന്‍ പറയുക.’ ഗിദെയോന്‍ അങ്ങനെ പറഞ്ഞപ്പോള്‍ 22,000 പേര്‍ വീട്ടിലേക്കു മടങ്ങി. ഇപ്പോള്‍ ആ 1,35,000 പേര്‍ക്കെതിരെ പൊരുതാന്‍ 10,000 പേര്‍ മാത്രമേ അവശേഷിച്ചിട്ടുള്ളൂ.

ഗിദെയോന്‍ തന്‍റെ ആളുകളെ പരീക്ഷിക്കുന്നു

എന്നാല്‍ യഹോവ പറയുന്നത്‌ എന്താണെന്നു കേള്‍ക്കൂ: ‘ഇപ്പോഴും നിന്നോടൊപ്പം ആവശ്യത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ട്.’ അതുകൊണ്ട് ഈ അരുവിയില്‍നിന്ന് അവരെക്കൊണ്ട് വെള്ളം കുടിപ്പിക്കാനും മുഖം വെള്ളത്തിലേക്കു കുനിച്ചു കുടിക്കുന്നവരെ തിരികെ അയയ്‌ക്കാനും യഹോവ ഗിദെയോനോടു പറയുന്നു. ‘വെള്ളം കുടിക്കുന്ന സമയത്തുപോലും ചുറ്റുപാടും നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്ന 300 പേരെ മാത്രം ഉപയോഗിച്ചുകൊണ്ട് ഞാന്‍ നിനക്കു വിജയം നല്‍കും,’ യഹോവ വാഗ്‌ദാനം ചെയ്യുന്നു.

യുദ്ധത്തിനുള്ള സമയമായി. ഗിദെയോന്‍ തന്‍റെ 300 പടയാളികളെ മൂന്നു കൂട്ടമായി തിരിക്കുന്നു. ഓരോരുത്തനും ഓരോ കാഹളവും ഒരു കുടവും അതിനുള്ളില്‍ ഒരു പന്തവും നല്‍കുന്നു. ഏകദേശം പാതിരാവാകുമ്പോള്‍ അവരെല്ലാവരും ശത്രുപാളയത്തിനു ചുറ്റും എത്തുന്നു. എന്നിട്ട്, ഒരേ സമയത്ത്‌ അവരെല്ലാവരും തങ്ങളുടെ കാഹളം ഊതുകയും കുടങ്ങള്‍ ഉടയ്‌ക്കുകയും ചെയ്‌തുകൊണ്ട് ‘യഹോവയുടെയും ഗിദെയോന്‍റെയും വാള്‍!’ എന്ന് ആര്‍ത്തുവിളിക്കുന്നു. ശബ്ദം കേട്ട് ഉണര്‍ന്ന ശത്രുസൈനികര്‍ ആകെ പേടിച്ചുവിറച്ച് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്നു. അവര്‍ നിലവിളിച്ചുകൊണ്ട് ഓടാന്‍ തുടങ്ങി. അങ്ങനെ ഇസ്രായേല്യര്‍ യുദ്ധവിജയം നേടി.

ന്യായാധിപന്മാര്‍ 6 മുതല്‍ 8 വരെയുള്ള അധ്യായങ്ങള്‍.ചോദ്യങ്ങള്‍

 • ഇസ്രായേല്യര്‍ എന്തു കുഴപ്പത്തിലാണ്‌ അകപ്പെട്ടിരിക്കുന്നത്‌, എന്തുകൊണ്ട്?
 • ഗിദെയോന്‍റെ സൈന്യത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ പുരുഷന്മാര്‍ ഉണ്ടെന്ന് യഹോവ പറയാന്‍ കാരണമെന്ത്?
 • പേടിയുള്ളവര്‍ തിരികെ പോകാന്‍ ഗിദെയോന്‍ പറഞ്ഞതിനുശേഷം എത്രപേര്‍ അവശേഷിക്കുന്നു?
 • ഗിദെയോന്‍റെ സൈനികരുടെ എണ്ണം യഹോവ വെറും 300 ആയി കുറച്ചത്‌ എങ്ങനെയെന്ന് ചിത്രം നോക്കി വിശദീകരിക്കുക.
 • ഗിദെയോന്‍ തന്‍റെ 300 പുരുഷന്മാരെ ക്രമീകരിക്കുന്നത്‌ എങ്ങനെ, ഇസ്രായേല്‍ യുദ്ധത്തില്‍ വിജയിക്കുന്നത്‌ എങ്ങനെ?

കൂടുതലായ ചോദ്യങ്ങള്‍

 • ന്യായാധിപന്മാര്‍ 6:36-40 വായിക്കുക.

  ഗിദെയോന്‍ യഹോവയുടെ ഹിതം ഉറപ്പാക്കിയത്‌ എങ്ങനെ?

  യഹോവയുടെ ഹിതം എന്തെന്ന് ഇന്നു നാം മനസ്സിലാക്കുന്നത്‌ ഏതു വിധത്തില്‍? (സദൃ. 2:3-6; മത്താ. 7:7-11; 2 തിമൊ. 3:16, 17)

 • ന്യായാധിപന്മാര്‍ 7:1-25 വായിക്കുക.

  ശ്രദ്ധക്കുറവു കാണിച്ചവരില്‍നിന്നു വ്യത്യസ്‌തരായി ജാഗ്രത പുലര്‍ത്തിയ 300 പേരില്‍നിന്ന് നമുക്ക് എന്തു പാഠമാണു പഠിക്കാനുള്ളത്‌? (ന്യായാ. 7:3, 6; റോമ. 13:11, 12; എഫെ. 5:15-17)

  300 പേര്‍ ഗിദെയോനെ നിരീക്ഷിച്ചു പഠിച്ചതുപോലെ നാം വലിയ ഗിദെയോനായ യേശുക്രിസ്‌തുവിനെ നിരീക്ഷിച്ചുകൊണ്ടു പഠിക്കുന്നത്‌ എങ്ങനെ? (ന്യായാ. 7:17; മത്താ. 11:29, 30; 28:19, 20; 1 പത്രൊ. 2:21)

  യഹോവയുടെ സംഘടനയില്‍ ഏതു സേവന പദവിയില്‍ നിയമിക്കപ്പെട്ടാലും അവിടെ സംതൃപ്‌തിയോടെ സേവിക്കാന്‍ ന്യായാധിപന്മാര്‍ 7:21 നമ്മെ സഹായിക്കുന്നത്‌ എങ്ങനെ? (1 കൊരി. 4:2; 12:14-18; യാക്കോ. 4:10)

 • ന്യായാധിപന്മാര്‍ 8:1-3 വായിക്കുക.

  ഗിദെയോന്‍, എഫ്രയീമ്യരുമായുണ്ടായ പ്രശ്‌നം പരിഹരിച്ച വിധത്തില്‍നിന്ന് ഒരു സഹോദരനുമായോ സഹോദരിയുമായോ ഉള്ള വ്യക്തിപരമായ ഭിന്നതകള്‍ പരിഹരിക്കുന്നതു സംബന്ധിച്ച് നമുക്ക് എന്തു പഠിക്കാനാകും? (സദൃ. 15:1; മത്താ. 5:23, 24; ലൂക്കൊ. 9:48)