വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

കഥ 51: രൂത്തും നവോമിയും

കഥ 51: രൂത്തും നവോമിയും

ബൈബിളില്‍ രൂത്ത്‌ എന്നു പേരുള്ള ഒരു പുസ്‌തകം ഉണ്ട്. ഇസ്രായേലില്‍ ന്യായാധിപന്മാര്‍ ഉണ്ടായിരുന്ന കാലത്തു ജീവിച്ചിരുന്ന ഒരു കുടുംബത്തിന്‍റെ കഥയാണ്‌ അത്‌. രൂത്ത്‌ മോവാബില്‍നിന്നുള്ള ഒരു ചെറുപ്പക്കാരിയാണ്‌, അവള്‍ ദൈവത്തിന്‍റെ ജനമായ ഇസ്രായേലില്‍നിന്നുള്ളവള്‍ അല്ല. എന്നാല്‍ സത്യദൈവമായ യഹോവയെക്കുറിച്ചു മനസ്സിലാക്കുമ്പോള്‍ അവള്‍ അവനെ അതിയായി സ്‌നേഹിക്കാന്‍ തുടങ്ങുന്നു. യഹോവയെക്കുറിച്ച് അറിയാന്‍ രൂത്തിനെ സഹായിച്ച പ്രായംചെന്ന ഒരു സ്‌ത്രീയാണ്‌ നവോമി.

നവോമി ഇസ്രായേല്യയാണ്‌. ഇസ്രായേലില്‍ ക്ഷാമം ഉണ്ടായ ഒരു കാലത്ത്‌ അവളും ഭര്‍ത്താവും രണ്ട് ആണ്‍മക്കളും കൂടെ മോവാബിലേക്കു മാറിത്താമസിച്ചതാണ്‌. മോവാബില്‍ വെച്ച് നവോമിയുടെ ഭര്‍ത്താവ്‌ മരിച്ചുപോയി. പിന്നീട്‌ നവോമിയുടെ മക്കള്‍ രൂത്ത്‌, ഓര്‍പ്പാ എന്നീ മോവാബ്യ പെണ്‍കുട്ടികളെ വിവാഹം കഴിച്ചു. എന്നാല്‍ ഏകദേശം 10 വര്‍ഷത്തിനു ശേഷം നവോമിയുടെ മക്കളും മരിച്ചു. നവോമിക്കും ആ രണ്ടു പെണ്‍കുട്ടികള്‍ക്കും എത്രമാത്രം സങ്കടം തോന്നിയിരിക്കണം! നവോമി ഇപ്പോള്‍ എന്തു ചെയ്യും?

ദൂരെയുള്ള തന്‍റെ സ്വന്തം ജനത്തിന്‍റെ അടുത്തേക്കു തിരിച്ചുപോകാന്‍ നവോമി തീരുമാനിച്ചു. രൂത്തും ഓര്‍പ്പായും അവളോടൊപ്പം കഴിയാന്‍ ആഗ്രഹിച്ചു. അതുകൊണ്ട് അവരും അവളോടൊപ്പം പോയി. എന്നാല്‍ അവര്‍ കുറച്ചു ദൂരം യാത്ര ചെയ്‌തു കഴിഞ്ഞപ്പോള്‍ നവോമി പെണ്‍കുട്ടികളുടെ നേരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: ‘നിങ്ങളുടെ സ്വന്തം വീട്ടിലേക്കു പോയി അമ്മമാരോടൊപ്പം കഴിയൂ.’

നവോമി ഇരുവരെയും ചുംബിച്ച് യാത്രയാക്കുന്നു. അപ്പോള്‍ അവര്‍ കരയാന്‍ തുടങ്ങുന്നു. കാരണം, നവോമിയെ അവര്‍ അത്രമാത്രം സ്‌നേഹിച്ചിരുന്നു. ‘ഇല്ല! ഞങ്ങള്‍ നിന്നോടൊപ്പം നിന്‍റെ ജനത്തിന്‍റെ അടുത്തേക്കു വരികയാണ്‌,’ അവര്‍ പറയുന്നു. എന്നാല്‍ നവോമി പിന്നെയും പറയുന്നു: ‘നിങ്ങള്‍ മടങ്ങിപ്പോകണം മക്കളേ, നിങ്ങളുടെ വീട്ടിലായിരിക്കും നിങ്ങള്‍ക്കു സുഖം.’ അപ്പോള്‍ ഓര്‍പ്പാ വീട്ടിലേക്കു തിരിച്ചു. എന്നാല്‍ രൂത്ത്‌ പോകുന്നില്ല.

നവോമി അവളോടു പറയുന്നു. ‘ഓര്‍പ്പാ പൊയ്‌ക്കഴിഞ്ഞു. നീയും അവളോടുകൂടെ വീട്ടിലേക്കു പോകൂ.’ എന്നാല്‍ രൂത്ത്‌ പറയുന്നു: ‘നിന്നെ വിട്ടുപോകാന്‍ എന്നെ നിര്‍ബന്ധിക്കരുതേ! നിന്നോടൊപ്പം വരാന്‍ എന്നെ അനുവദിക്കൂ. നീ പോകുന്നിടത്ത്‌ ഞാനും വരും, നീ എവിടെ താമസിക്കുന്നുവോ അവിടെ ഞാനും താമസിക്കും. നിന്‍റെ ജനം എന്‍റെയും ജനമായിരിക്കും, നിന്‍റെ ദൈവമായിരിക്കും എന്‍റെയും ദൈവം. നീ മരിക്കുകയും അടക്കപ്പെടുകയും ചെയ്യുന്നിടത്തായിരിക്കും ഞാനും മരിക്കുകയും അടക്കപ്പെടുകയും ചെയ്യുന്നത്‌.’ രൂത്ത്‌ ഇങ്ങനെ പറഞ്ഞശേഷം അവളെ തിരിച്ചയയ്‌ക്കാന്‍ നവോമി പിന്നെ ശ്രമിക്കുന്നില്ല.

ഒടുവില്‍ അവര്‍ ഇസ്രായേലില്‍ എത്തുന്നു. അവിടെ അവര്‍ താമസമാക്കുന്നു. രൂത്ത്‌ പെട്ടെന്നുതന്നെ വയലില്‍ വേല ചെയ്യാന്‍ പോയിത്തുടങ്ങുന്നു. അത്‌ ബാര്‍ലി കൊയ്‌ത്തിന്‍റെ സമയമാണ്‌. തന്‍റെ വയലില്‍നിന്നു ബാര്‍ലി ശേഖരിക്കാന്‍ ബോവസ്‌ എന്നു പേരുള്ള ഒരു മനുഷ്യന്‍ അവളെ അനുവദിക്കുന്നു. ബോവസിന്‍റെ അമ്മ ആരാണെന്ന് അറിയാമോ? യെരീഹോ പട്ടണത്തില്‍ താമസിച്ചിരുന്ന രാഹാബിനെ ഓര്‍മയില്ലേ? അവള്‍തന്നെ.

ഒരു ദിവസം ബോവസ്‌ രൂത്തിനോടു പറയുന്നു: ‘നിന്നെപ്പറ്റിയും നീ നവോമിയോടു ദയ കാണിച്ചതിനെക്കുറിച്ചും ഞാന്‍ കേട്ടിരിക്കുന്നു. നിന്‍റെ അപ്പനെയും അമ്മയെയും സ്വന്ത ദേശത്തെയും വിട്ട് മുമ്പ് അറിയാത്ത ഒരു ജനത്തോടൊപ്പം വസിക്കാന്‍ നീ എത്തിയതിനെക്കുറിച്ചും എനിക്ക് അറിയാം. യഹോവ നിനക്കു നന്മ വരുത്തട്ടെ!’

അപ്പോള്‍ രൂത്ത്‌ പറയുന്നു: ‘അങ്ങ് വളരെ ദയാലുവാണ്‌. എന്നോട്‌ ഇങ്ങനെ സംസാരിക്കയാല്‍ അങ്ങ് എനിക്ക് ആശ്വാസം കൈവരുത്തിയിരിക്കുന്നു.’ ബോവസ്‌ രൂത്തിനെ വളരെ ഇഷ്ടപ്പെടുന്നു, ഏറെ താമസിയാതെ അവര്‍ വിവാഹം കഴിക്കുകയും ചെയ്യുന്നു. ഇത്‌ നവോമിയെ എത്ര സന്തുഷ്ടയാക്കുന്നു! എന്നാല്‍ രൂത്തിന്‍റെയും ബോവസിന്‍റെയും ആദ്യത്തെ മകനായ ഓബെദ്‌ പിറക്കുമ്പോള്‍ നവോമിക്ക് അതിനെക്കാള്‍ സന്തോഷമാകുന്നു. പിന്നീട്‌ ഓബെദ്‌ ദാവീദിന്‍റെ വല്യപ്പനായിത്തീരുന്നു. ദാവീദിനെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ നാം പിന്നീട്‌ പഠിക്കും.

രൂത്തും നവോമിയും

രൂത്ത്‌ എന്ന ബൈബിള്‍ പുസ്‌തകം.ചോദ്യങ്ങള്‍

 • നവോമി മോവാബ്‌ ദേശത്ത്‌ എത്താനിടയായത്‌ എങ്ങനെ?
 • രൂത്തും ഓര്‍പ്പായും ആരാണ്‌?
 • സ്വന്തജനത്തിന്‍റെ അടുത്തേക്കു മടങ്ങിപ്പോകാന്‍ നവോമി പറയുമ്പോള്‍ രൂത്തും ഓര്‍പ്പായും എങ്ങനെ പ്രതികരിക്കുന്നു?
 • ബോവസ്‌ ആരാണ്‌, അവന്‍ രൂത്തിനെയും നവോമിയെയും സഹായിക്കുന്നത്‌ എങ്ങനെ?
 • ബോവസിനും രൂത്തിനും ജനിക്കുന്ന കുഞ്ഞിന്‍റെ പേരെന്ത്, നാം അവനെ ഓര്‍ക്കേണ്ടത്‌ എന്തുകൊണ്ട്?

കൂടുതലായ ചോദ്യങ്ങള്‍

 • രൂത്ത്‌ 1:1-17 വായിക്കുക.

  വിശ്വസ്‌ത സ്‌നേഹത്തിന്‍റെ ഹൃദ്യമായ ഏതു വാക്കുകളാണ്‌ രൂത്ത്‌ പറയുന്നത്‌? (രൂത്ത്‌ 1:16, 17)

  രൂത്തിന്‍റെ മാനസികഭാവം, ഇന്ന് ഭൂമിയിലുള്ള അഭിഷിക്ത ശേഷിപ്പിനോട്‌ ‘വേറെ ആടുകള്‍’ പുലര്‍ത്തുന്ന മനോഭാവത്തെ നന്നായി പ്രതിഫലിപ്പിക്കുന്നത്‌ എങ്ങനെ? (യോഹ. 10:16; സെഖ. 8:23)

 • രൂത്ത്‌ 2:1-23 വായിക്കുക.

  രൂത്ത്‌ ഇന്നത്തെ ചെറുപ്പക്കാരികള്‍ക്കു നല്ല ദൃഷ്ടാന്തം വെച്ചിരിക്കുന്നത്‌ എങ്ങനെ? (രൂത്ത്‌ 2:17, 18; സദൃ. 23:22; 31:15)

 • രൂത്ത്‌ 3:5-13 വായിക്കുക.

  ഒരു ചെറുപ്പക്കാരനെ വിവാഹം കഴിക്കുന്നതിനു പകരം, ബോവസിനെ വിവാഹം കഴിക്കാന്‍ രൂത്ത്‌ പ്രകടമാക്കിയ മനസ്സൊരുക്കത്തെ അവന്‍ എങ്ങനെയാണു വീക്ഷിച്ചത്‌?

  രൂത്തിന്‍റെ മനോഭാവം വിശ്വസ്‌ത സ്‌നേഹത്തെക്കുറിച്ച് നമ്മെ എന്തു പഠിപ്പിക്കുന്നു? (രൂത്ത്‌ 3:10, NW; 1 കൊരി. 13:4, 5)

 • രൂത്ത്‌ 4:7-17 വായിക്കുക.

  ഇന്ന് ക്രിസ്‌തീയ പുരുഷന്മാര്‍ക്ക് ബോവസിനെപ്പോലെ ആയിരിക്കാന്‍ കഴിയുന്നത്‌ എങ്ങനെ? (രൂത്ത്‌ 4:9, 10; 1 തിമൊ. 3:1, 12, 13; 5:8)