വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 50: ധൈര്യശാലികളായ രണ്ടു സ്ത്രീകള്‍

കഥ 50: ധൈര്യശാലികളായ രണ്ടു സ്ത്രീകള്‍

ഇസ്രായേല്യര്‍ കുഴപ്പത്തില്‍ അകപ്പെടുമ്പോള്‍ സഹായത്തിനായി യഹോവയോടു നിലവിളിക്കുന്നു. അവരെ നയിക്കുന്നതിന്‌ ധൈര്യശാലികളായ നേതാക്കളെ നല്‍കിക്കൊണ്ട് യഹോവ ഉത്തരമരുളുന്നു. ഈ നേതാക്കളെ ബൈബിളില്‍ ന്യായാധിപന്മാര്‍ എന്നാണു വിളിച്ചിരിക്കുന്നത്‌. യോശുവ ആയിരുന്നു ആദ്യത്തെ ന്യായാധിപന്‍. അവനുശേഷം വന്ന ചില ന്യായാധിപന്മാരായിരുന്നു ഒത്‌നിയേല്‍, ഏഹൂദ്‌, ശംഗര്‍ എന്നിവര്‍. എന്നാല്‍ ഇസ്രായേലിനെ സഹായിച്ച രണ്ടു പേര്‍ സ്‌ത്രീകളാണ്‌, ദെബോരായും യായേലും.

ദെബോരാ ബാരാക്കിനോടു സംസാരിക്കുന്നു

ദെബോരാ ഒരു പ്രവാചകിയാണ്‌. ഭാവിയില്‍ നടക്കാനിരിക്കുന്ന കാര്യങ്ങള്‍ യഹോവ അവളെ അറിയിക്കുന്നു; ആ കാര്യങ്ങള്‍ അവള്‍ ആളുകളോടു പറയുന്നു. അവള്‍ ഒരു ന്യായാധിപ കൂടെയാണ്‌. പര്‍വതപ്രദേശത്തുള്ള ഒരു പനയുടെ ചുവട്ടില്‍ അവള്‍ ഇരിക്കും. തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായം തേടി ആളുകള്‍ അവിടേക്കു ചെല്ലും.

ഈ സമയത്ത്‌ യാബീന്‍ ആണു കനാനിലെ രാജാവ്‌. അവന്‌ 900 യുദ്ധ രഥങ്ങള്‍ ഉണ്ടായിരുന്നു. വളരെ ശക്തമായ ഒരു സൈന്യമാണ്‌ അവന്‌ ഉണ്ടായിരുന്നത്‌. പല ഇസ്രായേല്യരെയും അവന്‍ ബലപ്രയോഗത്താല്‍ തന്‍റെ ദാസരാക്കിത്തീര്‍ത്തിരുന്നു. യാബീന്‍റെ സൈന്യാധിപന്‍ സീസെര ആയിരുന്നു.

ഒരു ദിവസം ദെബോരാ ന്യായാധിപനായ ബാരാക്കിനെ ആളയച്ചു വരുത്തുന്നു. അവള്‍ അവനോടു പറയുന്നു: ‘യഹോവ ഇങ്ങനെ പറയുന്നു: 10,000 പുരുഷന്മാരെയും കൂട്ടി താബോര്‍ മലയിലേക്കു ചെല്ലുക. അവിടെ സീസെരയെ ഞാന്‍ നിന്‍റെ മുമ്പാകെ വരുത്തും. അവന്‍റെയും സൈന്യത്തിന്‍റെയുംമേല്‍ ഞാന്‍ നിനക്കു വിജയം നല്‍കും.’

ബാരാക്ക് ദെബോരായോടു പറയുന്നു: ‘നീ എന്നോടൊപ്പം വരുമെങ്കില്‍ ഞാന്‍ പോകാം.’ ദെബോരാ അവനോടൊപ്പം പോകുന്നു. എന്നാല്‍ അവള്‍ അവനോടു പറയുന്നു: ‘വിജയത്തിന്‍റെ മഹത്വം നിനക്കു ലഭിക്കില്ല. എന്തെന്നാല്‍ യഹോവ സീസെരയെ ഒരു സ്‌ത്രീയുടെ കൈയില്‍ ഏല്‍പ്പിക്കും.’ അതു തന്നെയാണു സംഭവിക്കുന്നത്‌.

സീസെരയുടെ പടയാളികളെ നേരിടാന്‍ ബാരാക്ക് താബോര്‍ മലയില്‍നിന്നു താഴേക്കു ചെല്ലുന്നു. യഹോവ പെട്ടെന്ന് ഒരു വെള്ളപ്പൊക്കം വരുത്തുമ്പോള്‍ ശത്രു സൈന്യത്തില്‍ കുറെപ്പേര്‍ അതില്‍പ്പെട്ടു നശിക്കുന്നു. എന്നാല്‍ സീസെര രഥത്തില്‍നിന്ന് ഇറങ്ങി ഓടിപ്പോകുന്നു.

ബാരാക്ക്, യായേല്‍, സീസെര

കുറച്ചു കഴിഞ്ഞ് സീസെര യായേലിന്‍റെ കൂടാരത്തിലേക്കു വരുന്നു. അവള്‍ അയാളെ അകത്തേക്കു ക്ഷണിച്ച് കുടിക്കാന്‍ പാല്‍ കൊടുക്കുന്നു. പാല്‍ കുടിക്കുന്നതിന്‍റെ ഫലമായി അവന്‌ ഉറക്കം വരുന്നു. അവന്‍ നന്നായി ഉറങ്ങിക്കഴിയുമ്പോള്‍ യായേല്‍ കൂടാരത്തിന്‍റെ ഒരു കുറ്റി എടുത്ത്‌ ആ ദുഷ്ടന്‍റെ തലയില്‍ അടിച്ചു കയറ്റുന്നു. പിന്നീട്‌ ബാരാക്ക് വരുമ്പോള്‍ മരിച്ചുകിടക്കുന്ന സീസെരയെ അവള്‍ കാണിച്ചുകൊടുക്കുന്നു! ദെബോരാ പറഞ്ഞതു സത്യമായിത്തീര്‍ന്നതു കണ്ടോ?

ഒടുവില്‍ യാബീന്‍ രാജാവും കൊല്ലപ്പെടുന്നു. അങ്ങനെ ഇസ്രായേല്യര്‍ക്ക് വീണ്ടും കുറച്ചു കാലത്തേക്കു സമാധാനം ഉണ്ടാകുന്നു.

ന്യായാധിപന്മാര്‍ 2:14-22; 4:1-24; 5:1-31.ചോദ്യങ്ങള്‍

 • ന്യായാധിപന്മാര്‍ ആരായിരുന്നു? അവരില്‍ ചിലരുടെ പേരു പറയുക.
 • ദെബോരായ്‌ക്ക് എന്തു പ്രത്യേക പദവി ഉണ്ടായിരുന്നു, അതില്‍ എന്താണ്‌ ഉള്‍പ്പെട്ടിരുന്നത്‌?
 • യാബീന്‍ രാജാവും അവന്‍റെ സൈന്യാധിപനായ സീസെരയും ഇസ്രായേലിനെ ഭീഷണിപ്പെടുത്തിയപ്പോള്‍ യഹോവയില്‍നിന്നുള്ള ഏതു സന്ദേശം ദെബോരാ ന്യായാധിപനായ ബാരാക്കിനു നല്‍കി, വിജയത്തിനുള്ള ബഹുമതി ആര്‍ക്ക് ആയിരിക്കുമെന്നാണ്‌ അവള്‍ പറഞ്ഞത്‌?
 • താന്‍ ധൈര്യമുള്ളവള്‍ ആണെന്നു യായേല്‍ പ്രകടമാക്കിയത്‌ എങ്ങനെ?
 • യാബീന്‍ രാജാവിന്‍റെ മരണശേഷം എന്തു സംഭവിക്കുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • ന്യായാധിപന്മാര്‍ 2:14-22 വായിക്കുക.

  ഇസ്രായേല്യര്‍ യഹോവയുടെ കോപം തങ്ങളുടെമേല്‍ വരുത്തിവെച്ചത്‌ എങ്ങനെ, നമുക്ക് ഇതില്‍നിന്ന് എന്തു പഠിക്കാന്‍ കഴിയും? (ന്യായാ. 2:20; സദൃ. 3:1, 2; യെഹെ. 18:21-23)

 • ന്യായാധിപന്മാര്‍ 4:1-24 വായിക്കുക.

  ദെബോരായുടെയും യായേലിന്‍റെയും ദൃഷ്ടാന്തങ്ങളില്‍നിന്ന് ഇന്നത്തെ ക്രിസ്‌തീയ സ്‌ത്രീകള്‍ക്ക് വിശ്വാസത്തിന്‍റെയും ധൈര്യത്തിന്‍റെയും ഏതു പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും? (ന്യായാ. 4:4, 8, 9, 14, 21, 22; സദൃ. 31:30; 1 കൊരി. 16:13)

 • ന്യായാധിപന്മാര്‍ 5:1-31 വായിക്കുക.

  ബാരാക്കിന്‍റെയും ദെബോരായുടെയും വിജയഗീതം വരാനിരിക്കുന്ന അര്‍മഗെദോന്‍ യുദ്ധത്തെ സംബന്ധിച്ച ഒരു പ്രാര്‍ഥന എന്നനിലയില്‍ ബാധകമാകുന്നത്‌ എങ്ങനെ? (ന്യായാ. 5:3, 31; 1 ദിന. 16:8-10; വെളി. 7:9, 10; 16:16; 19:19-21)