വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 49: സൂര്യന്‍ നിശ്ചലമായി നില്‍ക്കുന്നു

കഥ 49: സൂര്യന്‍ നിശ്ചലമായി നില്‍ക്കുന്നു

യോശുവയെ നോക്കൂ. അവന്‍ എന്താണു ചെയ്യുന്നത്‌? ‘സൂര്യാ, നിശ്ചലമായി നില്‍ക്കൂ!’ എന്നു വിളിച്ചു പറയുകയാണ് അവന്‍. അപ്പോള്‍ സൂര്യന്‍ നിശ്ചലമായി നില്‍ക്കുന്നു. ഒരു ദിവസം മുഴുവനും അത്‌ ആകാശത്തിന്‍റെ നടുവില്‍ത്തന്നെ മാറാതെ നില്‍ക്കുന്നു. അങ്ങനെ സംഭവിക്കാന്‍ യഹോവ ഇടയാക്കുന്നു! എന്നാല്‍ സൂര്യന്‍ പ്രകാശിച്ചുകൊണ്ടേയിരിക്കാന്‍ യോശുവ ആഗ്രഹിക്കുന്നത്‌ എന്തുകൊണ്ടാണ്‌? നമുക്കു നോക്കാം.

സൂര്യന്‍

കനാനിലെ ദുഷ്ടരായ അഞ്ചു രാജാക്കന്മാര്‍ ഗിബെയോന്യരെ ആക്രമിച്ചപ്പോള്‍, അവര്‍ സഹായം ചോദിച്ചുകൊണ്ട് യോശുവയുടെ അടുത്തേക്ക് ഒരാളെ അയയ്‌ക്കുന്നു. ‘വേഗം വന്ന്, ഞങ്ങളെ രക്ഷിക്കൂ!’ അയാള്‍ പറയുന്നു. ‘മലമ്പ്രദേശത്തെ എല്ലാ രാജാക്കന്മാരും നിങ്ങളുടെ ദാസന്മാരായ ഞങ്ങളെ ആക്രമിക്കാന്‍ വന്നിരിക്കുന്നു.’

അതു കേട്ടയുടനെ യോശുവ തന്‍റെ പടയാളികളുമായി ഗിബെയോനിലേക്കു പുറപ്പെടുന്നു. രാത്രി മുഴുവന്‍ അവര്‍ യാത്ര ചെയ്യുന്നു. അവര്‍ വരുന്നതു കാണുമ്പോള്‍ ആ അഞ്ചു രാജാക്കന്മാരുടെ പടയാളികള്‍ പേടിച്ച് ഓടിപ്പോകാന്‍ തുടങ്ങുന്നു. അപ്പോള്‍ യഹോവ കന്മഴ പെയ്യിക്കുന്നു, ആകാശത്തുനിന്ന് വലിയ വലിയ മഞ്ഞുകട്ടകള്‍ വീഴാന്‍ തുടങ്ങുന്നു. യോശുവയുടെ പടയാളികളാല്‍ കൊല്ലപ്പെട്ടതിനെക്കാള്‍ കൂടുതല്‍ പടയാളികളെ കന്മഴ നശിപ്പിക്കുന്നു.

യോശുവ

എന്നാല്‍ സൂര്യന്‍ പെട്ടെന്നുതന്നെ അസ്‌തമിക്കാന്‍ പോകുകയാണ്‌. ഇരുട്ടു വീണുകഴിഞ്ഞാല്‍ അഞ്ചു രാജാക്കന്മാരുടെ പടയാളികളില്‍ പലരും രക്ഷപ്പെടും. അതുകൊണ്ടാണ്‌ യഹോവയോടു പ്രാര്‍ഥിച്ചിട്ട് ‘സൂര്യാ! നിശ്ചലമായി നില്‍ക്കൂ!’ എന്ന് യോശുവ പറയുന്നത്‌. സൂര്യന്‍ പ്രകാശിച്ചുകൊണ്ടിരിക്കവേ ഇസ്രായേല്യര്‍ യുദ്ധം ജയിക്കുന്നു.

ദൈവജനത്തെ ഒട്ടും ഇഷ്ടമില്ലാത്ത കുറെ ദുഷ്ട രാജാക്കന്മാര്‍കൂടെ കനാനില്‍ ഉണ്ട്. ദേശത്തെ 31 രാജാക്കന്മാരെ തോല്‍പ്പിക്കാന്‍ യോശുവയ്‌ക്കും സൈന്യത്തിനും ഏകദേശം ആറു വര്‍ഷം വേണ്ടിവരുന്നു. അതിനുശേഷം, ഇനിയും പ്രദേശം കിട്ടിയിട്ടില്ലാത്ത ഇസ്രായേല്യ ഗോത്രങ്ങള്‍ക്ക് യോശുവ കനാന്‍ദേശം വീതിച്ചു കൊടുക്കുന്നു.

കുറെ വര്‍ഷങ്ങള്‍ കടന്നു പോകുന്നു. 110-ാം വയസ്സില്‍ യോശുവ മരിക്കുന്നു. അവനും കൂട്ടുകാരും ജീവിച്ചിരിക്കുന്നിടത്തോളം കാലം ജനം യഹോവയെ അനുസരിക്കുന്നു. എന്നാല്‍ ഈ നല്ല മനുഷ്യരുടെ മരണത്തിനു ശേഷം, ജനം മോശമായ കാര്യങ്ങള്‍ ചെയ്യുകയും കുഴപ്പത്തില്‍ അകപ്പെടുകയും ചെയ്യുന്നു. അങ്ങനെ, അവര്‍ക്ക് ദൈവത്തിന്‍റെ സഹായം ശരിക്കും ആവശ്യമായി വരുന്നു.

യോശുവ 10:6-15; 12:7-24; 14:1-5; ന്യായാധിപന്മാര്‍ 2:8-13.ചോദ്യങ്ങള്‍

 • ചിത്രത്തില്‍ യോശുവ എന്തു വിളിച്ചുപറയുന്നതായാണു കാണുന്നത്‌, എന്തുകൊണ്ട്?
 • യഹോവ യോശുവയെയും അവന്‍റെ പടയാളികളെയും സഹായിക്കുന്നത്‌ എങ്ങനെ?
 • യോശുവ എത്ര ശത്രുരാജാക്കന്മാരെ പരാജയപ്പെടുത്തുന്നു, അതിന്‌ എത്ര കാലം വേണ്ടിവരുന്നു?
 • യോശുവ കനാന്‍ദേശത്തെ വിഭജിക്കുന്നത്‌ എന്തിന്‌?
 • യോശുവ എത്രാമത്തെ വയസ്സിലാണു മരിക്കുന്നത്‌, അതിനുശേഷം ജനത്തിന്‌ എന്തു സംഭവിക്കുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • യോശുവ 10:6-15 വായിക്കുക.

  ഇസ്രായേലിനുവേണ്ടി യഹോവ സൂര്യനും ചന്ദ്രനും അനങ്ങാതെ നില്‍ക്കാന്‍ ഇടയാക്കി എന്ന് അറിയുന്നത്‌, ഇന്ന് നമുക്ക് എന്തു ധൈര്യം പ്രദാനം ചെയ്യുന്നു? (യോശു. 10:8, 10, 12, 13; സങ്കീ. 18:3; സദൃ. 18:10)

 • യോശുവ 12:7-24 വായിക്കുക.

  കനാനിലെ 31 രാജാക്കന്മാരെ തോല്‍പ്പിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്‌ ആരായിരുന്നു, അത്‌ ഇന്നു നമുക്കു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്? (യോശു. 12:7; 24:11-13; ആവ. 31:8; ലൂക്കൊ. 21:9, 25-28)

 • യോശുവ 14:1-5 വായിക്കുക.

  ഇസ്രായേല്യ ഗോത്രങ്ങള്‍ക്കിടയില്‍ ദേശം വിഭജിക്കപ്പെട്ടത്‌ എങ്ങനെ, പറുദീസയിലെ ഓഹരി സംബന്ധിച്ച് ഇത്‌ എന്തു സൂചിപ്പിക്കുന്നു? (യോശു. 14:2; യെശ. 65:21; യെഹെ. 47:21-23; 1 കൊരി. 14:33)

 • ന്യായാധിപന്മാര്‍ 2:8-13 വായിക്കുക.

  ഇസ്രായേലില്‍ യോശുവ ചെയ്‌തതുപോലെ ഇന്ന് ആരാണ്‌ വിശ്വാസത്യാഗത്തെ തടയത്തക്കവിധം പ്രവര്‍ത്തിക്കുന്നത്‌? (ന്യായാ. 2:8, 10, 11; മത്താ. 24:45-47; 2 തെസ്സ. 2:3-6; തീത്തൊ. 1:7-9; വെളി. 1:1; 2:1, 2)