വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 48: ബുദ്ധിയുള്ള ഗിബെയോന്യര്‍

കഥ 48: ബുദ്ധിയുള്ള ഗിബെയോന്യര്‍

കനാനിലെ മിക്ക പട്ടണങ്ങളും ഇസ്രായേല്യരോടു യുദ്ധം ചെയ്യാന്‍ ഒരുങ്ങുകയാണ്‌. യുദ്ധത്തില്‍ തങ്ങള്‍ക്കു ജയിക്കാനാകുമെന്ന് അവര്‍ വിശ്വസിക്കുന്നു. എന്നാല്‍ അടുത്തുള്ള പട്ടണമായ ഗിബെയോനിലെ ജനങ്ങള്‍ അങ്ങനെ വിചാരിക്കുന്നില്ല. ദൈവമാണ്‌ ഇസ്രായേല്യരെ സഹായിക്കുന്നത്‌ എന്ന് അവര്‍ വിശ്വസിക്കുന്നു. ദൈവത്തോടു യുദ്ധം ചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഗിബെയോന്യര്‍ എന്തു ചെയ്യുന്നുവെന്നോ?

തങ്ങള്‍ വളരെ ദൂരെയുള്ള ഒരു ദേശത്തുനിന്നു വരുന്നവരാണ്‌ എന്ന് ഇസ്രായേല്യരെ വിശ്വസിപ്പിക്കാന്‍ അവര്‍ തീരുമാനിക്കുന്നു. അവരില്‍ ചിലര്‍ പഴയ വസ്‌ത്രങ്ങളും തേഞ്ഞുപോയ ചെരിപ്പുകളും ഇടുന്നു. തങ്ങളുടെ കഴുതകളുടെമേല്‍ പഴയ ചാക്കുകള്‍ കയറ്റുന്നു. കുറെ ഉണങ്ങിയ അപ്പവും എടുക്കുന്നു. അവര്‍ യോശുവയുടെ അടുത്തു ചെന്ന് ഇങ്ങനെ പറയുന്നു: ‘നിങ്ങളുടെ മഹാ ദൈവമായ യഹോവയെക്കുറിച്ചു കേട്ട് ഞങ്ങള്‍ വളരെ ദൂരെയുള്ള ഒരു ദേശത്തുനിന്നു വരികയാണ്‌. അവന്‍ നിങ്ങള്‍ക്കുവേണ്ടി ഈജിപ്‌തില്‍ ചെയ്‌ത കാര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ കേട്ടിരിക്കുന്നു. അതുകൊണ്ട് ഞങ്ങളുടെ നേതാക്കന്മാര്‍, ഒരു യാത്രയ്‌ക്കുള്ള ഭക്ഷണവുമെടുത്ത്‌ നിങ്ങളുടെ അടുക്കല്‍ വന്ന്, “ഞങ്ങള്‍ നിങ്ങളുടെ ദാസന്മാര്‍ ആണ്‌. ഞങ്ങളോടു യുദ്ധം ചെയ്യുകയില്ലെന്നു നിങ്ങള്‍ ഉടമ്പടി ചെയ്യണം” എന്നു നിങ്ങളോട്‌ അപേക്ഷിക്കാന്‍ ഞങ്ങളോടു പറഞ്ഞിരിക്കുന്നു. വളരെ ദൂരം യാത്ര ചെയ്‌തതുകൊണ്ട് ഞങ്ങളുടെ വസ്‌ത്രം പഴകിയിരിക്കുന്നതും അപ്പം ഉണങ്ങിയിരിക്കുന്നതും നിങ്ങള്‍ക്കു കാണാമല്ലോ.’

യോശുവയും മറ്റു നേതാക്കളും ഗിബെയോന്യര്‍ പറയുന്നതു വിശ്വസിക്കുന്നു. അതുകൊണ്ട് അവരോടു യുദ്ധം ചെയ്യില്ലെന്ന് അവര്‍ ഉടമ്പടി ചെയ്യുന്നു. എന്നാല്‍ ഗിബെയോന്യര്‍ അടുത്തുതന്നെ താമസിക്കുന്നവരാണെന്ന് മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ മനസ്സിലാക്കുന്നു.

‘നിങ്ങള്‍ വളരെ ദൂരെ നിന്നാണു വരുന്നതെന്ന് ഞങ്ങളോടു പറഞ്ഞതെന്ത്?’ യോശുവ അവരോടു ചോദിക്കുന്നു.

ഗിബെയോന്യര്‍ ഉത്തരം പറയുന്നു: ‘നിങ്ങളുടെ ദൈവമായ യഹോവ ഈ കനാന്‍ദേശം മുഴുവനും നിങ്ങള്‍ക്കു തരുമെന്നു വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നു ഞങ്ങള്‍ കേട്ടിരുന്നു. അതുകൊണ്ട് നിങ്ങള്‍ ഞങ്ങളെ കൊന്നുകളയുമെന്നു ഞങ്ങള്‍ പേടിച്ചു.’ എന്നാല്‍ ഇസ്രായേല്യര്‍ അവര്‍ക്കു കൊടുത്ത വാക്കു പാലിക്കുന്നു. അവര്‍ ഗിബെയോന്യരെ കൊല്ലുന്നില്ല. പകരം അവരെ തങ്ങളുടെ ദാസന്മാരാക്കുന്നു.

ഗിബെയോന്യര്‍ ഇസ്രായേല്യരുമായി സമാധാനത്തിലായതില്‍ യെരൂശലേം രാജാവ്‌ കോപിക്കുന്നു. അവന്‍ മറ്റു നാലു രാജാക്കന്മാരോടു പറയുന്നു: ‘ഗിബെയോന്യരോടു യുദ്ധം ചെയ്യാന്‍ എന്നെ സഹായിക്കുക.’ ആ അഞ്ചു രാജാക്കന്മാര്‍ ചേര്‍ന്ന് ഗിബെയോന്യരെ ആക്രമിക്കുന്നു. ആ രാജാക്കന്മാരെ തങ്ങള്‍ക്കെതിരെ തിരിച്ചുകൊണ്ട് ഗിബെയോന്യര്‍ ഇസ്രായേല്യരുമായി ഉടമ്പടിയില്‍ ഏര്‍പ്പെട്ടത്‌ ബുദ്ധിയായിരുന്നോ? നമുക്കു നോക്കാം.

യോശുവ 9:1-27; 10:1-5.

യോശുവയും ഗിബെയോന്യരും


ചോദ്യങ്ങള്‍

 • ഗിബെയോനിലെ ആളുകള്‍ അടുത്തുള്ള കനാന്യ പട്ടണങ്ങളിലെ ആളുകളില്‍നിന്നു വ്യത്യസ്‌തരായിരിക്കുന്നത്‌ എങ്ങനെ?
 • ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ ഗിബെയോന്യര്‍ എന്താണു ചെയ്യുന്നത്‌, എന്തുകൊണ്ട്?
 • യോശുവയും മറ്റ്‌ ഇസ്രായേല്യ നേതാക്കന്മാരും ഗിബെയോന്യര്‍ക്ക് എന്തു വാഗ്‌ദാനമാണു നല്‍കുന്നത്‌, എന്നാല്‍ മൂന്നു ദിവസത്തിനുശേഷം അവര്‍ എന്തു മനസ്സിലാക്കുന്നു?
 • ഗിബെയോന്യര്‍ ഇസ്രായേല്യരുമായി സമാധാനം സ്ഥാപിച്ചു എന്ന് സമീപ പട്ടണങ്ങളിലെ രാജാക്കന്മാര്‍ കേള്‍ക്കുമ്പോള്‍ എന്തു സംഭവിക്കുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • യോശുവ 9:1-27 വായിക്കുക.

  ദേശത്തെ മുഴുവന്‍ നിവാസികളെയും നശിപ്പിക്കാന്‍’ യഹോവ ഇസ്രായേല്യരോടു കല്‍പ്പിച്ചിരിക്കെ, ഗിബെയോന്യരെ ഒഴിവാക്കി എന്നത്‌ അവന്‍റെ ഏതു ഗുണങ്ങള്‍ എടുത്തുകാട്ടുന്നു? (യോശു. 9:22, 24; മത്താ. 9:13; പ്രവൃ. 10:34, 35; 2 പത്രൊ. 3:9)

  ഗിബെയോന്യരോടു താന്‍ ചെയ്‌ത ഉടമ്പടിയോടു പറ്റിനില്‍ക്കുകവഴി ഇന്നത്തെ ക്രിസ്‌ത്യാനികള്‍ക്ക് അനുകരിക്കാന്‍ യോശുവ മെച്ചപ്പെട്ട മാതൃകവെച്ചത്‌ എങ്ങനെ? (യോശു. 9:18, 19; മത്താ. 5:37; എഫെ. 4:25)

 • യോശുവ 10:1-5 വായിക്കുക.

  ഇന്ന് മഹാപുരുഷാരം ഗിബെയോന്യരെ അനുകരിക്കുന്നത്‌ എങ്ങനെ, അങ്ങനെ അവര്‍ എന്തിന്‍റെ ലക്ഷ്യമായിത്തീരുന്നു? (യോശു. 10:4; സെഖ. 8:23; മത്താ. 25:35-40; വെളി. 12:17)