വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

കഥ 47: ഇസ്രായേലില്‍ ഒരു കള്ളന്‍

കഥ 47: ഇസ്രായേലില്‍ ഒരു കള്ളന്‍
ആഖാന്‍ മോഷ്ടിച്ച സാധനങ്ങള്‍ ഒളിപ്പിക്കുന്നു

ഈ മനുഷ്യന്‍ തന്‍റെ കൂടാരത്തില്‍ കുഴിച്ചിടുന്നത്‌ എന്താണെന്നു നോക്കൂ! നല്ല ഭംഗിയുള്ള ഒരു ഉടുപ്പും ഒരു സ്വര്‍ണക്കട്ടിയും ഏതാനും കഷണം വെള്ളിയും. അയാള്‍ അത്‌ യെരീഹോ പട്ടണത്തില്‍നിന്ന് എടുത്തതാണ്‌. എന്നാല്‍ യെരീഹോയിലെ സാധനങ്ങളെല്ലാം എന്തു ചെയ്യാനാണ്‌ അവരോടു പറഞ്ഞിരുന്നതെന്ന് ഓര്‍മയുണ്ടോ?

അവര്‍ അവ നശിപ്പിച്ചു കളയേണ്ടിയിരുന്നു. സ്വര്‍ണവും വെള്ളിയും യഹോവയുടെ സമാഗമന കൂടാരത്തിലേക്കു കൊടുക്കണമായിരുന്നു. അതുകൊണ്ട് ഈ ആളുകള്‍ ദൈവത്തോട്‌ അനുസരണക്കേടു കാണിച്ചിരിക്കുകയാണ്‌. ദൈവത്തിനു കൊടുക്കേണ്ടിയിരുന്ന സാധനങ്ങള്‍ അവര്‍ മോഷ്ടിച്ചു വെച്ചിരിക്കുന്നു. ഈ മനുഷ്യന്‍റെ പേര്‌ ആഖാന്‍ എന്നാണ്‌. അയാളുടെ വീട്ടുകാരാണ്‌ കൂടെയുള്ളത്‌. എന്താണു സംഭവിക്കുന്നതെന്ന് നമുക്കു നോക്കാം.

ആഖാന്‍ ഈ സാധനങ്ങള്‍ എടുത്ത ശേഷം യോശുവ ഹായി പട്ടണം പിടിക്കാന്‍ പടയാളികളെ അയയ്‌ക്കുന്നു. എന്നാല്‍ യുദ്ധത്തില്‍ അവര്‍ പിടിക്കപ്പെടുന്നു. ചിലര്‍ കൊല്ലപ്പെടുന്നു, ബാക്കിയുള്ളവര്‍ ഓടിപ്പോകുന്നു. യോശുവയ്‌ക്ക് വളരെ സങ്കടമായി. അവന്‍ നിലത്ത്‌ കമിഴ്‌ന്നു കിടന്നുകൊണ്ട് യഹോവയോടു പ്രാര്‍ഥിക്കുന്നു: ‘ഞങ്ങള്‍ക്ക് ഇങ്ങനെ സംഭവിക്കാന്‍ നീ അനുവദിച്ചതെന്ത്?’

യഹോവ ഉത്തരം നല്‍കുന്നു: ‘എഴുന്നേല്‍ക്കുക! ഇസ്രായേല്‍ പാപം ചെയ്‌തിരിക്കുന്നു. നശിപ്പിച്ചു കളയുകയോ യഹോവയുടെ സമാഗമന കൂടാരത്തിലേക്കു കൊടുക്കുകയോ ചെയ്യേണ്ടിയിരുന്ന വസ്‌തുക്കള്‍ അവര്‍ എടുത്തിരിക്കുന്നു. അവര്‍ ഭംഗിയുള്ള ഒരു ഉടുപ്പ് മോഷ്ടിച്ച് ഒളിപ്പിച്ചു വെച്ചിരിക്കുന്നു. ആ കള്ളനെ കൊല്ലുകയും അവന്‍ മോഷ്ടിച്ച സാധനങ്ങള്‍ നശിപ്പിച്ചു കളയുകയും ചെയ്യാതെ ഞാന്‍ നിങ്ങളെ അനുഗ്രഹിക്കുകയില്ല.’ ആ ദുഷ്ടമനുഷ്യന്‍ ആരാണെന്നു താന്‍ കാണിച്ചു തരാമെന്നു യഹോവ യോശുവയോടു പറയുന്നു.

യോശുവ ജനത്തെ ഒരുമിച്ചു കൂട്ടുന്നു, യഹോവ ദുഷ്ടമനുഷ്യനായ ആഖാനെ കാണിച്ചു കൊടുക്കുന്നു. ആഖാന്‍ പറയുന്നു: ‘ഞാന്‍ പാപം ചെയ്‌തുപോയി. ഞാന്‍ ഭംഗിയുള്ള ഒരു ഉടുപ്പും ഒരു സ്വര്‍ണക്കട്ടിയും ഏതാനും കഷണം വെള്ളിയും കണ്ടു. എനിക്ക് വളരെ ഇഷ്ടം തോന്നിയതുകൊണ്ട് ഞാന്‍ അവ എടുത്തു. ഞാന്‍ അവ കൂടാരത്തിനുള്ളില്‍ കുഴിച്ചിട്ടിരിക്കുകയാണ്‌.’

ആ സാധനങ്ങളെല്ലാം കണ്ടെടുത്ത്‌ യോശുവയുടെ അടുക്കലേക്കു കൊണ്ടുവരുമ്പോള്‍ അവന്‍ ആഖാനോടു പറയുന്നു: ‘നീ ഞങ്ങളെ കുഴപ്പത്തിലാക്കിയത്‌ എന്തിന്‌? ഇപ്പോള്‍ യഹോവ നിന്‍റെമേല്‍ ദോഷം വരുത്തും!’ അപ്പോള്‍ ജനമെല്ലാം ആഖാനെയും കുടുംബത്തെയും കല്ലെറിഞ്ഞു കൊല്ലുന്നു. നമ്മുടെ സ്വന്തമല്ലാത്ത യാതൊന്നും നാം എടുക്കരുതെന്ന് ഇതു കാണിച്ചു തരുന്നില്ലേ?

അതു കഴിഞ്ഞ് ഇസ്രായേല്‍ വീണ്ടും ഹായിക്കു നേരെ യുദ്ധത്തിനു പോകുന്നു. ഇത്തവണ യഹോവ തന്‍റെ ജനത്തെ സഹായിക്കുന്നു, അവര്‍ യുദ്ധം ജയിക്കുന്നു.

യോശുവ 7:1-26; 8:1-29.ചോദ്യങ്ങള്‍

 • ഈ ചിത്രത്തില്‍, യെരീഹോയില്‍നിന്ന് എടുത്ത വിലപിടിപ്പുള്ള വസ്‌തുക്കള്‍ കുഴിച്ചിടുന്നത്‌ ആര്‌, അയാളെ സഹായിക്കുന്നവര്‍ ആരാണ്‌?
 • ആഖാന്‍റെയും കുടുംബത്തിന്‍റെയും പ്രവൃത്തി വളരെ ഗൗരവമുള്ളത്‌ ആയിരിക്കുന്നത്‌ എന്തുകൊണ്ട്?
 • ഹായിപട്ടണത്തിന്‌ എതിരെയുള്ള യുദ്ധത്തില്‍ ഇസ്രായേല്യര്‍ പരാജയപ്പെട്ടതിന്‍റെ കാരണം യോശുവ ആരാഞ്ഞപ്പോള്‍ യഹോവ എന്താണു പറഞ്ഞത്‌?
 • ആഖാനെയും കുടുംബത്തെയും യോശുവയുടെ അടുക്കല്‍ കൊണ്ടുവന്നതിനുശേഷം അവര്‍ക്ക് എന്തു സംഭവിക്കുന്നു?
 • ആഖാന്‌ ലഭിച്ച ശിക്ഷ നമ്മെ പഠിപ്പിക്കുന്ന പ്രധാനപ്പെട്ട പാഠം എന്ത്?

കൂടുതലായ ചോദ്യങ്ങള്‍

 • യോശുവ 7:1-26 വായിക്കുക.

  യോശുവയുടെ പ്രാര്‍ഥനകള്‍ സ്രഷ്ടാവിനോട്‌ അവനുള്ള ബന്ധത്തെക്കുറിച്ച് എന്തു വെളിപ്പെടുത്തി? (യോശു. 7:7-9; സങ്കീ. 119:145; 1 യോഹ. 5:14)

  ആഖാന്‍റെ ദൃഷ്ടാന്തം എന്താണു കാണിച്ചു തരുന്നത്‌, ഇത്‌ നമുക്ക് ഒരു മുന്നറിയിപ്പിന്‍ ദൃഷ്ടാന്തമായിരിക്കുന്നത്‌ എങ്ങനെ? (യോശു. 7:11, 14, 15; സദൃ. 15:3; 1 തിമൊ. 5:24; എബ്രാ. 4:13)

 • യോശുവ 8:1-29 വായിക്കുക.

  ഇന്ന് ക്രിസ്‌തീയ സഭയോടു നമുക്ക് വ്യക്തിപരമായി എന്ത് ഉത്തരവാദിത്വമാണ്‌ ഉള്ളത്‌? (യോശു. 7:13; ലേവ്യ. 5:1; സദൃ. 28:13)