വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

കഥ 46: യെരീഹോയുടെ മതിലുകള്‍

കഥ 46: യെരീഹോയുടെ മതിലുകള്‍

യെരീഹോയുടെ മതിലുകള്‍ ഇടിഞ്ഞു വീഴുന്നതിന്‍റെ കാരണം എന്താണ്‌? കണ്ടിട്ട് അവിടെ ഒരു വലിയ ബോംബു വീണ ലക്ഷണമുണ്ടല്ലോ. പക്ഷേ അന്നൊന്നും ബോംബ്‌ ഇല്ലായിരുന്നു. തോക്കു പോലും ഇല്ലായിരുന്നു. ഇത്‌ യഹോവയുടെ മറ്റൊരു അത്ഭുതമാണ്‌! ഇതെങ്ങനെ സംഭവിച്ചെന്നു നമുക്കു നോക്കാം.

യെരീഹോയുടെ മതിലുകള്‍ ഇടിഞ്ഞു വീഴുന്നു

യഹോവ യോശുവയോട്‌ ഇങ്ങനെ പറയുന്നു: ‘നീയും നിന്‍റെ പടയാളികളും പട്ടണത്തിനു ചുറ്റും മാര്‍ച്ചു ചെയ്യണം. ദിവസവും ഒരു പ്രാവശ്യം വീതം ആറു ദിവസത്തേക്ക് അങ്ങനെ ചെയ്യണം. നിയമപെട്ടകവും എടുക്കണം. ഏഴു പുരോഹിതന്മാര്‍ കാഹളം ഊതിക്കൊണ്ട് അവര്‍ക്കു മുമ്പായി നടക്കണം.

‘ഏഴാം ദിവസം നിങ്ങള്‍ ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റണം. എന്നിട്ട് കാഹളം നീട്ടി ഊതണം. ഒപ്പം ഓരോരുത്തനും ഉച്ചത്തില്‍ ആര്‍പ്പിടുകയും വേണം. അപ്പോള്‍ മതിലുകള്‍ തകര്‍ന്നു വീഴും!’

യോശുവയും ജനവും യഹോവ പറയുന്നതുപോലെ തന്നെ ചെയ്യുന്നു. അവര്‍ പട്ടണത്തെ ചുറ്റുമ്പോള്‍ ആരും ഒരക്ഷരം പോലും മിണ്ടുന്നില്ല. അവരുടെ കാലൊച്ചയും കാഹളത്തിന്‍റെ ശബ്ദവും മാത്രമേ കേള്‍ക്കാനുള്ളൂ. യെരീഹോയിലുള്ള, ദൈവജനത്തിന്‍റെ ശത്രുക്കള്‍ ശരിക്കും പേടിച്ചു പോയിരിക്കണം. ഒരു ജനാലയില്‍നിന്നു തൂങ്ങിക്കിടക്കുന്ന ആ ചുവന്ന ചരട്‌ കണ്ടോ? അത്‌ ആരുടെ വീടാണ്‌? അതേ, രാഹാബ്‌ ഒറ്റുകാര്‍ പറഞ്ഞതുപോലെ തന്നെ ചെയ്‌തിരിക്കുന്നു. അവളും അവളുടെ വീട്ടുകാരും അകത്തിരുന്ന് പുറത്തു നടക്കുന്നതൊക്കെ നോക്കുകയാണ്‌.

യോശുവ

ഒടുവില്‍ ഏഴാം ദിവസം വന്നെത്തി. പട്ടണത്തെ ഏഴു പ്രാവശ്യം ചുറ്റിയശേഷം അവര്‍ കാഹളം ഊതുകയും പടയാളികള്‍ ആര്‍പ്പിടുകയും ചെയ്യുമ്പോള്‍ മതിലുകള്‍ തകര്‍ന്നു വീഴുന്നു. അപ്പോള്‍ യോശുവ പറയുന്നു: ‘പട്ടണത്തിലുള്ള എല്ലാവരെയും കൊന്നുകളഞ്ഞ് പട്ടണം ചുട്ടെരിക്കുക. അതിലുള്ളതെല്ലാം ചുട്ടെരിക്കുക. വെള്ളിയും സ്വര്‍ണവും ചെമ്പും ഇരിമ്പും മാത്രം എടുത്ത്‌ യഹോവയുടെ കൂടാരത്തിലേക്കു കൊടുക്കുക.’

രണ്ട് ഒറ്റുകാരോടു യോശുവ പറയുന്നു: ‘രാഹാബിന്‍റെ വീട്ടിലേക്കു പോയി, അവളെയും മുഴു കുടുംബത്തെയും പുറത്തു കൊണ്ടുവരിക.’ ഒറ്റുകാര്‍ വാഗ്‌ദാനം ചെയ്‌തിരുന്നതു പോലെ രാഹാബും കുടുംബവും സംരക്ഷിക്കപ്പെടുന്നു.

യോശുവ 6:1-25.ചോദ്യങ്ങള്‍

 • പടയാളികളും പുരോഹിതന്മാരും ആറു ദിവസത്തേക്ക് എന്തു ചെയ്യാനാണ്‌ യഹോവ പറഞ്ഞത്‌?
 • ഏഴാം ദിവസം ആ പുരുഷന്മാര്‍ എന്തു ചെയ്യണമായിരുന്നു?
 • ചിത്രത്തില്‍ കാണുന്നതുപോലെ, യെരീഹോയുടെ മതിലുകള്‍ക്ക് എന്തു സംഭവിക്കുന്നു?
 • എന്ത് ഉദ്ദേശ്യത്തിലാണ്‌ ഒരു ജനാലയില്‍നിന്ന് ചുവന്ന ചരട്‌ തൂക്കിയിട്ടിരിക്കുന്നത്‌?
 • പട്ടണത്തെയും അതിലെ ജനങ്ങളെയും എന്തു ചെയ്യാനാണ്‌ യോശുവ പടയാളികളോടു പറയുന്നത്‌, എന്നാല്‍ വെള്ളി, സ്വര്‍ണം, ചെമ്പ്, ഇരുമ്പ് എന്നിവ എന്തു ചെയ്യണമായിരുന്നു?
 • രണ്ട് ഒറ്റുകാരോട്‌ എന്തു ചെയ്യാനാണ്‌ ആവശ്യപ്പെട്ടത്‌?

കൂടുതലായ ചോദ്യങ്ങള്‍

 • യോശുവ 6:1-25 വായിക്കുക.

  ഇസ്രായേല്യര്‍ ഏഴാം ദിവസം യെരീഹോയ്‌ക്കു ചുറ്റും മാര്‍ച്ച് ചെയ്‌തത്‌, ഈ അന്ത്യനാളുകളില്‍ യഹോവയുടെ സാക്ഷികള്‍ ചെയ്യുന്ന പ്രസംഗവേലയോടു സമാനമായിരിക്കുന്നത്‌ എങ്ങനെ? (യോശു. 6:15, 16; യെശ. 60:22; മത്താ. 24:14; 1 കൊരി. 9:16)

  യോശുവ 6:26-ല്‍ രേഖപ്പെടുത്തിയ പ്രവചനം ഏകദേശം 500 വര്‍ഷം കഴിഞ്ഞ് നിവൃത്തിയായത്‌ എങ്ങനെ, ഇത്‌ യഹോവയുടെ വചനത്തെപ്പറ്റി നമ്മെ എന്തു പഠിപ്പിക്കുന്നു? (1 രാജാ. 16:34; യെശ. 55:11)