വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

കഥ 45: യോര്‍ദ്ദാന്‍ നദി കടക്കുന്നു

കഥ 45: യോര്‍ദ്ദാന്‍ നദി കടക്കുന്നു

നോക്കൂ! ഇസ്രായേല്യര്‍ യോര്‍ദ്ദാന്‍ നദി കുറുകെ കടക്കുകയാണ്‌! എന്നാല്‍ നദിയിലെ വെള്ളം എവിടെപ്പോയി? അതു നല്ല മഴയുടെ സമയം ആയതുകൊണ്ട് കുറച്ചു മുമ്പുവരെ നദി നിറഞ്ഞൊഴുകുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വെള്ളമെല്ലാം പൊയ്‌പോയിരിക്കുന്നു! ചെങ്കടലില്‍ സംഭവിച്ചതുപോലെ ഇസ്രായേല്യര്‍ ഉണങ്ങിയ നിലത്തുകൂടെ നദി കുറുകെ കടക്കുകയാണ്‌. വെള്ളമെല്ലാം എവിടെപ്പോയി? നമുക്കു നോക്കാം.

യോര്‍ദ്ദാന്‍ നദി മുറിച്ചുകടക്കുന്ന ഇസ്രായേല്യര്‍

യോര്‍ദ്ദാന്‍ കടക്കാനുള്ള സമയമായപ്പോള്‍ യഹോവ യോശുവയെക്കൊണ്ട് ജനത്തോട്‌ ഇങ്ങനെ പറയിച്ചു: ‘പുരോഹിതന്മാര്‍ നിയമപെട്ടകം എടുത്തുകൊണ്ട് മുമ്പേ നടക്കണം. അവര്‍ നദിയിലേക്കു കാലെടുത്തു വെക്കുമ്പോള്‍ വെള്ളത്തിന്‍റെ ഒഴുക്കു നില്‍ക്കും.’

അതുകൊണ്ട് പുരോഹിതന്മാര്‍ നിയമപെട്ടകം എടുത്തുകൊണ്ട് ജനത്തിനു മുമ്പേ നടക്കുന്നു. എന്നിട്ട് അവര്‍ ആദ്യം നദിയിലേക്ക് ഇറങ്ങുന്നു. നല്ല ആഴവും ഒഴുക്കുമുള്ള നദിയാണ്‌ അത്‌. എന്നാല്‍ അത്ഭുതംതന്നെ! പുരോഹിതന്മാരുടെ കാല്‍ വെള്ളത്തില്‍ തൊട്ടതും അതിന്‍റെ ഒഴുക്കു നില്‍ക്കുന്നു. നദിയുടെ മുകള്‍ഭാഗത്തുനിന്നു വരുന്ന വെള്ളം യഹോവ തടഞ്ഞുനിറുത്തുന്നു. അങ്ങനെ കുറച്ചു കഴിയുമ്പോള്‍ നദിയില്‍ ഒട്ടും വെള്ളം ഇല്ലാതെയാകുന്നു!

നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍ ഉണങ്ങിക്കിടക്കുന്ന നദിയുടെ നടുക്കുപോയി നില്‍ക്കുന്നു. ചിത്രത്തില്‍ അവരെ കാണാന്‍ കഴിയുന്നുണ്ടോ? അവര്‍ അവിടെത്തന്നെ നില്‍ക്കെ, മുഴു ഇസ്രായേല്യരും ഉണങ്ങിയ നിലത്തുകൂടെ യോര്‍ദ്ദാന്‍ നദി കടക്കുന്നു!

എല്ലാവരും കടന്നുകഴിഞ്ഞപ്പോള്‍ യഹോവ യോശുവ മുഖാന്തരം ശക്തരായ 12 പുരുഷന്മാരോട്‌ ഇങ്ങനെ പറയുന്നു: ‘നദിയുടെ നടുവില്‍ പുരോഹിതന്മാര്‍ നിയമപെട്ടകവുമായി നില്‍ക്കുന്നിടത്തേക്കു പോയി 12 കല്ലുകള്‍ എടുക്കുക. അതു കൊണ്ടുവന്ന്, ഇന്നുരാത്രി നിങ്ങള്‍ തങ്ങുന്നിടത്തു വെക്കുക. ഭാവിയില്‍ നിങ്ങളുടെ മക്കള്‍ ഈ കല്ലുകള്‍ എന്താണ്‌ അര്‍ഥമാക്കുന്നതെന്നു ചോദിച്ചാല്‍, യഹോവയുടെ നിയമപെട്ടകം നദി കടന്നപ്പോള്‍ നദിയുടെ ഒഴുക്കു നിന്നുപോയ കാര്യം നിങ്ങള്‍ അവരോടു പറയണം. ഈ കല്ലുകള്‍ ആ അത്ഭുതത്തെ കുറിച്ചു നിങ്ങളെ ഓര്‍മിപ്പിക്കും!’ നദിയില്‍ പുരോഹിതന്മാര്‍ നിന്നിടത്തും യോശുവ 12 കല്ലുകള്‍ നാട്ടിവെച്ചു.

യോശുവ

അവസാനം യോശുവ നിയമപെട്ടകം ചുമന്നിരുന്ന പുരോഹിതന്മാരോട്‌, ‘യോര്‍ദ്ദാനില്‍നിന്നു കയറുവിന്‍’ എന്നു പറഞ്ഞു. അവര്‍ കയറിയ ഉടനെ വെള്ളം പഴയതുപോലെ ഒഴുകാന്‍ തുടങ്ങി.

യോശുവ 3:1-17; 4:1-18.ചോദ്യങ്ങള്‍

 • ഇസ്രായേല്യര്‍ക്ക് യോര്‍ദ്ദാന്‍ കടക്കാന്‍ കഴിയുമാറ്‌ യഹോവ എന്ത് അത്ഭുതമാണ്‌ പ്രവര്‍ത്തിക്കുന്നത്‌?
 • യോര്‍ദ്ദാന്‍ കടക്കുന്നതിന്‌ വിശ്വാസത്തിന്‍റെ ഏതു പ്രവൃത്തി ഇസ്രായേല്യര്‍ ചെയ്യേണ്ടതുണ്ട്?
 • നദീതടത്തില്‍നിന്ന് 12 വലിയ കല്ലുകള്‍ ശേഖരിക്കാന്‍ യഹോവ യോശുവയോടു പറഞ്ഞത്‌ എന്തിന്‌?
 • പുരോഹിതന്മാര്‍ യോര്‍ദ്ദാനില്‍നിന്നു കയറുന്ന ഉടനെ എന്തു സംഭവിക്കുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • യോശുവ 3:1-17 വായിക്കുക.

  ഈ വിവരണത്താല്‍ ചിത്രീകരിക്കപ്പെടുന്നതുപോലെ യഹോവയുടെ സഹായവും അനുഗ്രഹവും പ്രാപിക്കാന്‍ നാം എന്തു ചെയ്യേണ്ടതുണ്ട്? (യോശു. 3:13, 15; സദൃ. 3:5; യാക്കോ. 2:22, 26)

  ഇസ്രായേല്യര്‍ യോര്‍ദ്ദാന്‍ നദി കടന്ന് വാഗ്‌ദത്ത നാട്ടിലേക്കു പ്രവേശിക്കുമ്പോള്‍ യോര്‍ദ്ദാന്‍ നദിയുടെ അവസ്ഥ എന്ത്, ഇത്‌ യഹോവയുടെ നാമത്തെ മഹത്ത്വപ്പെടുത്തിയത്‌ എങ്ങനെ? (യോശു. 3:15; 4:18; സങ്കീ. 66:5-7)

 • യോശുവ 4:1-18 വായിക്കുക.

  യോര്‍ദ്ദാനില്‍നിന്ന് എടുത്ത്‌ ഗില്‍ഗാലില്‍ സ്ഥാപിച്ച 12 കല്ലുകള്‍ ഏത്‌ ഉദ്ദേശ്യം സാധിച്ചു? (യോശു. 4:4-7)