വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 44: രാഹാബ് ഒറ്റുകാരെ ഒളിപ്പിക്കുന്നു

കഥ 44: രാഹാബ് ഒറ്റുകാരെ ഒളിപ്പിക്കുന്നു

ഈ പുരുഷന്മാര്‍ കുഴപ്പത്തില്‍ പെട്ടിരിക്കുകയാണ്‌. വേഗം പോയില്ലെങ്കില്‍ ഇവര്‍ കൊല്ലപ്പെടും. ഇവര്‍ ഇസ്രായേല്യ ഒറ്റുകാരാണ്‌. ഇവരെ രക്ഷപ്പെടാന്‍ സഹായിക്കുന്ന സ്‌ത്രീയുടെ പേര്‌ രാഹാബ്‌. യെരീഹോ പട്ടണത്തിന്‍റെ മതിലിന്മേലുള്ള ഒരു വീട്ടിലാണ്‌ അവള്‍ താമസിക്കുന്നത്‌. ഇവര്‍ കുഴപ്പത്തിലായത്‌ എങ്ങനെയെന്നു നമുക്കു നോക്കാം.

ഇസ്രായേല്യര്‍ യോര്‍ദ്ദാന്‍ കടന്ന് കനാന്‍ദേശത്തേക്കു പ്രവേശിക്കാനുള്ള സമയം ആയിരിക്കുകയാണ്‌. എന്നാല്‍ അങ്ങനെ ചെയ്യുന്നതിനു മുമ്പ് യോശുവ രണ്ട് ഒറ്റുകാരെ അയയ്‌ക്കുന്നു. അവന്‍ അവരോടു പറയുന്നു: ‘പോയി ദേശവും യെരീഹോ പട്ടണവും ഒറ്റുനോക്കുക.’

രാഹാബും ഒറ്റുകാരും

ഒറ്റുകാര്‍ യെരീഹോയില്‍ എത്തുമ്പോള്‍ രാഹാബിന്‍റെ വീട്ടിലേക്കു ചെല്ലുന്നു. എന്നാല്‍ ആരോ ചെന്ന് യെരീഹോയിലെ രാജാവിനോട്‌ ഉണര്‍ത്തിക്കുന്നു: ‘ദേശം ഒറ്റുനോക്കുന്നതിന്‌ ഈ രാത്രിയില്‍ രണ്ട് ഇസ്രായേല്യര്‍ എത്തിയിട്ടുണ്ട്.’ ഇതുകേട്ട് രാജാവ്‌ രാഹാബിന്‍റെ അടുത്തേക്ക് ആളുകളെ അയയ്‌ക്കുന്നു. അവര്‍ അവളോട്‌, ‘നിന്‍റെ വീട്ടിലുള്ള ആളുകളെ പുറത്തുകൊണ്ടുവരിക’ എന്നു കല്‍പ്പിക്കുന്നു. എന്നാല്‍ രാഹാബ്‌ ഒറ്റുകാരെ വീടിന്‍റെ മേല്‍ക്കൂരയില്‍ ഒളിപ്പിച്ചിരിക്കുകയാണ്‌. അവള്‍ പറയുന്നു: ‘ചില ആളുകള്‍ എന്‍റെ വീട്ടില്‍ വന്നിരുന്നു. പക്ഷേ അവര്‍ എവിടെ നിന്നുള്ളവരാണ്‌ എന്ന് എനിക്കറിയില്ല. ഇരുട്ടിത്തുടങ്ങിയപ്പോഴേക്കും, പട്ടണവാതില്‍ അടയ്‌ക്കുന്നതിനു മുമ്പ് അവര്‍ പോയി. വേഗം പോയാല്‍ നിങ്ങള്‍ക്ക് അവരെ പിടിക്കാം!’ അവര്‍ വേഗത്തില്‍ ആ പുരുഷന്മാരെ അന്വേഷിച്ചുപോയി.

അവര്‍ പോയിക്കഴിഞ്ഞ് രാഹാബ്‌ തിടുക്കത്തില്‍ മേല്‍ക്കൂരയിലേക്കു ചെല്ലുന്നു. ‘യഹോവ ദേശം നിങ്ങള്‍ക്കു തരുമെന്ന് എനിക്കറിയാം,’ അവള്‍ ഒറ്റുകാരോടു പറയുന്നു. ‘നിങ്ങള്‍ ഈജിപ്‌തില്‍നിന്നു പോരുമ്പോള്‍ അവന്‍ ചെങ്കടല്‍ വറ്റിച്ചതും സീഹോന്‍, ഓഗ്‌ എന്നീ രാജാക്കന്മാരെ നിങ്ങള്‍ കൊന്നതും ഞങ്ങള്‍ കേട്ടിരിക്കുന്നു. ഞാന്‍ നിങ്ങളോടു ദയ കാണിച്ചിരിക്കുന്നു. അതുകൊണ്ട് ദയവായി, എന്നോടും ദയ കാണിക്കുമെന്നു നിങ്ങള്‍ ഉറപ്പുതരണം. എന്‍റെ മാതാപിതാക്കളെയും സഹോദരങ്ങളെയും രക്ഷിക്കണം.’

തങ്ങള്‍ അങ്ങനെ ചെയ്യുമെന്ന് ഒറ്റുകാര്‍ ഉറപ്പുനല്‍കുന്നു. എന്നാല്‍ രാഹാബ്‌ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ‘ഈ ചുവന്ന ചരട്‌ വീടിന്‍റെ ജനാലയില്‍ കെട്ടുക. നിന്‍റെ ബന്ധുക്കളോടെല്ലാം നിന്‍റെ വീട്ടിലേക്കു വരാന്‍ പറയുക. ഞങ്ങള്‍ യെരീഹോവിലേക്കു തിരിച്ചുവരുമ്പോള്‍ ജനാലയ്‌ക്കല്‍ ഈ ചരടു കണ്ടാല്‍ ഇവിടെയുള്ള ആരെയും കൊല്ലുകയില്ല,’ ഒറ്റുകാര്‍ പറയുന്നു. അവര്‍ യോശുവയുടെ അടുത്ത്‌ എത്തുമ്പോള്‍ സംഭവിച്ചതെല്ലാം അവനോടു പറയുന്നു.

യോശുവ 2:1-24; എബ്രായര്‍ 11:31.ചോദ്യങ്ങള്‍

 • എവിടെയാണ്‌ രാഹാബ്‌ താമസിക്കുന്നത്‌?
 • ചിത്രത്തില്‍ കാണുന്ന രണ്ടു പുരുഷന്മാര്‍ ആരാണ്‌, അവര്‍ യെരീഹോയില്‍ എന്തിനു വന്നു?
 • യെരീഹോയിലെ രാജാവ്‌ രാഹാബിനോട്‌ എന്താണു കല്‍പ്പിക്കുന്നത്‌, അവള്‍ എന്തു മറുപടി നല്‍കുന്നു?
 • രാഹാബ്‌ ആ രണ്ടു പുരുഷന്മാരെ സഹായിക്കുന്നത്‌ എങ്ങനെ, തിരിച്ച് അവള്‍ എന്ത് ഉപകാരമാണു ചോദിക്കുന്നത്‌?
 • ഒറ്റുകാര്‍ രാഹാബിന്‌ എന്ത് ഉറപ്പാണു നല്‍കുന്നത്‌?

കൂടുതലായ ചോദ്യങ്ങള്‍

 • യോശുവ 2:1-24 വായിക്കുക.

  ഇസ്രായേല്യര്‍ യെരീഹോയ്‌ക്കെതിരെ വന്നപ്പോള്‍ പുറപ്പാടു 23:28-ല്‍ രേഖപ്പെടുത്തിയിരിക്കുന്ന യഹോവയുടെ വാഗ്‌ദാനം നിറവേറിയതെങ്ങനെ? (യോശു. 2:9-11)

 • എബ്രായര്‍ 11:31 വായിക്കുക.

  രാഹാബിന്‍റെ ദൃഷ്ടാന്തം വിശ്വാസത്തിന്‍റെ പ്രാധാന്യം എടുത്തുകാട്ടുന്നത്‌ എങ്ങനെ? (റോമ. 1:17; എബ്രാ. 10:39; യാക്കോ. 2:25)

കൂടുതല്‍ അറിയാന്‍

മക്കളെ പഠിപ്പിക്കുക

രാഹാബ്‌ യഹോയിൽ വിശ്വസിച്ചു

യെരീഹോ നശിപ്പിക്കപ്പെട്ടപ്പോൾ രാഹാബും വീട്ടുകാരും രക്ഷപ്പെട്ടത്‌ എങ്ങനെയെന്നു വായിച്ചറിയുക.