വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

കഥ 43: യോശുവ നേതാവാകുന്നു

കഥ 43: യോശുവ നേതാവാകുന്നു

ഇസ്രായേല്യരോടൊപ്പം കനാന്‍ദേശത്തേക്കു പോകാന്‍ മോശെ ആഗ്രഹിക്കുന്നു. അവന്‍ ചോദിക്കുന്നു: ‘യഹോവേ, അടിയന്‍ യോര്‍ദ്ദാന്‍ കടന്ന് ആ നല്ല ദേശം ഒന്നു കണ്ടുകൊള്ളട്ടെ.’ എന്നാല്‍ യഹോവ പറയുന്നു: ‘മതി! ഇക്കാര്യം ഇനി എന്നോടു പറയുകയേ വേണ്ട!’ യഹോവ അങ്ങനെ പറഞ്ഞത്‌ എന്തുകൊണ്ടായിരിക്കും?

മോശെ പാറയെ അടിച്ചപ്പോള്‍ സംഭവിച്ച കാര്യം ഓര്‍മയില്ലേ? ആ സമയത്ത്‌ മോശെയും അഹരോനും യഹോവയ്‌ക്കു പുകഴ്‌ച നല്‍കിയില്ല. പാറയില്‍നിന്നു വെള്ളം കൊടുത്തത്‌ യഹോവയാണെന്ന് അവര്‍ ജനത്തോടു പറഞ്ഞില്ല. അതുകൊണ്ടാണ്‌ കനാനിലേക്കു പോകാന്‍ അവരെ അനുവദിക്കില്ലെന്നു യഹോവ പറഞ്ഞത്‌.

അതുകൊണ്ട് അഹരോന്‍ മരിച്ച് കുറെ മാസങ്ങള്‍ കഴിഞ്ഞ് യഹോവ മോശെയോടു പറയുന്നു: ‘യോശുവയെ മഹാപുരോഹിതനായ എലെയാസാരിന്‍റെയും ജനത്തിന്‍റെയും മുമ്പാകെ നിറുത്തുക. അവിടെ എല്ലാവരുടെയും മുമ്പാകെ യോശുവയാണ്‌ അടുത്ത നേതാവ്‌ എന്നു പറയുക.’ ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം കണ്ടോ? യഹോവ പറഞ്ഞതുപോലെതന്നെ മോശെ ചെയ്യുന്നു.

മോശെ യോശുവയെ നേതാവായി പ്രഖ്യാപിക്കുന്നു

അപ്പോള്‍ യഹോവ യോശുവയോട്‌ ഇങ്ങനെ പറയുന്നു: ‘ബലപ്പെടുക, പേടിക്കരുത്‌. ഞാന്‍ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന കനാന്‍ നാട്ടിലേക്ക് ഇസ്രായേല്യരെ നീ നയിക്കും. ഞാന്‍ നിന്നോടു കൂടെയുണ്ട്.’

പിന്നീട്‌ മോവാബ്‌ ദേശത്തിലെ നെബോ മലയുടെ മുകളില്‍ കയറാന്‍ യഹോവ മോശെയോടു പറയുന്നു. അവിടെ നിന്നുകൊണ്ട് യോര്‍ദ്ദാന്‍ നദിയുടെ അപ്പുറത്തുള്ള സുന്ദരമായ കനാന്‍ദേശം മോശെ കാണുന്നു. യഹോവ പറയുന്നു: ‘അബ്രാഹാമിന്‍റെയും യിസ്‌ഹാക്കിന്‍റെയും യാക്കോബിന്‍റെയും മക്കള്‍ക്കു കൊടുക്കുമെന്നു ഞാന്‍ വാഗ്‌ദാനം ചെയ്‌ത ദേശം ഇതാണ്‌. അതു കാണാന്‍ ഞാന്‍ നിന്നെ അനുവദിച്ചിരിക്കുന്നു, പക്ഷേ അതില്‍ കടക്കാന്‍ ഞാന്‍ നിന്നെ അനുവദിക്കുകയില്ല.’

നെബോ മലയുടെ മുകളില്‍വെച്ചുതന്നെ മോശെ മരിക്കുന്നു. അവനു 120 വയസ്സായിരുന്നു. അപ്പോഴും അവനു നല്ല ആരോഗ്യവും കാഴ്‌ചശക്തിയും ഉണ്ടായിരുന്നു. ജനം അവന്‍റെ മരണത്തില്‍ സങ്കടപ്പെട്ടു കരയുന്നു. എന്നാല്‍ പുതിയ നേതാവായി യോശുവ ഉള്ളതില്‍ അവര്‍ സന്തുഷ്ടരാണ്‌.

സംഖ്യാപുസ്‌തകം 27:12-23; ആവര്‍ത്തനപുസ്‌തകം 3:23-29; 31:1-8, 14-23; 32:45-52; 34:1-12.ചോദ്യങ്ങള്‍

 • ചിത്രത്തില്‍, മോശെയുടെ കൂടെ നില്‍ക്കുന്ന രണ്ടുപേര്‍ ആരെല്ലാം?
 • യഹോവ യോശുവയോട്‌ എന്താണു പറയുന്നത്‌?
 • മോശെ നെബോ മലമുകളില്‍ കയറുന്നത്‌ എന്തുകൊണ്ട്, യഹോവ അവനോട്‌ എന്താണു പറയുന്നത്‌?
 • മോശെ മരിക്കുമ്പോള്‍ അവന്‌ എത്ര വയസ്സുണ്ട്?
 • ജനം ദുഃഖിക്കുന്നത്‌ എന്തുകൊണ്ട്, എന്നാല്‍ സന്തുഷ്ടരായിരിക്കാന്‍ അവര്‍ക്ക് എന്തു കാരണമുണ്ട്?

കൂടുതലായ ചോദ്യങ്ങള്‍

 • സംഖ്യാപുസ്‌തകം 27:12-23 വായിക്കുക.

  ഏതു ഭാരിച്ച നിയമനമാണ്‌ യോശുവയ്‌ക്ക് യഹോവയില്‍നിന്നു കിട്ടുന്നത്‌, തന്‍റെ ജനത്തിനുവേണ്ടിയുള്ള യഹോവയുടെ കരുതല്‍ ഇന്ന് പ്രകടമായിരിക്കുന്നത്‌ എങ്ങനെ? (സംഖ്യാ. 27:15-19; പ്രവൃ. 20:28; എബ്രാ. 13:7)

 • ആവര്‍ത്തനപുസ്‌തകം 3:23-29 വായിക്കുക.

  വാഗ്‌ദത്തനാട്ടില്‍ പ്രവേശിക്കാന്‍ യഹോവ മോശെയെയും അഹരോനെയും അനുവദിക്കാതിരുന്നത്‌ എന്തുകൊണ്ട്, നമുക്ക് ഇതില്‍നിന്ന് എന്തു പാഠം പഠിക്കാനുണ്ട്? (ആവ. 3:25-27; സംഖ്യാ. 20:12, 13)

 • ആവര്‍ത്തനപുസ്‌തകം 31:1-8, 14-23 വായിക്കുക.

  മോശെ യഹോവയില്‍നിന്നുള്ള ശിക്ഷണം താഴ്‌മയോടെ സ്വീകരിച്ചെന്ന് ഇസ്രായേലിനോടുള്ള അവന്‍റെ അവസാന വാക്കുകള്‍ വ്യക്തമാക്കുന്നത്‌ എങ്ങനെ? (ആവര്‍ത്തനപുസ്‌തകം 31:6-8, 23)

 • ആവര്‍ത്തനപുസ്‌തകം 32:45-52 വായിക്കുക.

  ദൈവവചനം നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കണം? (ആവ. 32:47; ലേവ്യ. 18:5; എബ്രാ. 4:12)

 • ആവര്‍ത്തനപുസ്‌തകം 34:1-12 വായിക്കുക.

  മോശെ യഹോവയെ ഒരിക്കലും നേരിട്ടു കണ്ടിട്ടില്ലെങ്കിലും ആവര്‍ത്തനപുസ്‌തകം 34:12 അവനു യഹോവയുമായിട്ടുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് എന്താണു സൂചിപ്പിക്കുന്നത്‌? (പുറ. 33:11, 20; സംഖ്യാ. 12:8)