വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 42: ഒരു കഴുത സംസാരിക്കുന്നു

കഥ 42: ഒരു കഴുത സംസാരിക്കുന്നു

എപ്പോഴെങ്കിലും ഒരു കഴുത സംസാരിച്ചിട്ടുള്ളതായി കേട്ടിട്ടുണ്ടോ? ‘ഇല്ല, മൃഗങ്ങള്‍ക്കു സംസാരിക്കാന്‍ കഴിയില്ലല്ലോ’ എന്നു നിങ്ങള്‍ പറഞ്ഞേക്കാം. എന്നാല്‍ ഒരിക്കല്‍ ഒരു കഴുത സംസാരിച്ചതായി ബൈബിള്‍ പറയുന്നു. അത്‌ എങ്ങനെ സംഭവിച്ചെന്നു നമുക്കു നോക്കാം.

ദൈവദൂതന്‍

ഇസ്രായേല്യര്‍ കനാന്‍ദേശത്തിന്‍റെ അടുത്ത്‌ എത്തിയിരിക്കുകയാണ്‌. മോവാബ്യ രാജാവായ ബാലാക്കിന്‌ ഇസ്രായേല്യരെ പേടിയാണ്‌. അതുകൊണ്ട് അവന്‍ ബിലെയാം എന്നു പേരുള്ള കൗശലക്കാരനായ ഒരു മനുഷ്യനെ വിളിപ്പിക്കുന്നു. ബിലെയാം ഇസ്രായേല്യരെ ശപിക്കണം, ഇതാണ്‌ അവന്‍റെ ആവശ്യം. അങ്ങനെ ചെയ്‌താല്‍ ധാരാളം പണം അവനു നല്‍കാമെന്ന് ബാലാക്ക് പറയുന്നു. അതുകൊണ്ട് ബിലെയാം ബാലാക്കിനെ കാണാന്‍ തന്‍റെ കഴുതപ്പുറത്തു കയറി യാത്ര തിരിക്കുന്നു.

ബിലെയാം തന്‍റെ ജനത്തെ ശപിക്കാന്‍ യഹോവ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു ബിലെയാമിന്‍റെ വഴി തടയാന്‍ യഹോവ ഒരു ദൂതനെ അയയ്‌ക്കുന്നു. അവന്‍റെ കൈയില്‍ ഒരു നീണ്ട വാളുണ്ട്. ബിലെയാമിന്‌ ദൂതനെ കാണാന്‍ കഴിയുന്നില്ല, എന്നാല്‍ കഴുതയ്‌ക്കു കാണാം. അതുകൊണ്ട് കഴുത ദൂതനില്‍നിന്ന് അകന്നുപോകാന്‍ പലപ്രാവശ്യം ശ്രമിക്കുന്നു, ഒടുവില്‍ അത്‌ വഴിയില്‍ കിടക്കുന്നു. ബിലെയാമിന്‌ വളരെയധികം ദേഷ്യം വരുന്നു. അവന്‍ ഒരു വടികൊണ്ട് കഴുതയെ അടിക്കുന്നു.

അപ്പോള്‍ ആ കഴുത സംസാരിക്കുന്നത്‌ ബിലെയാം കേള്‍ക്കാന്‍ യഹോവ ഇടയാക്കുന്നു. ‘എന്നെ അടിക്കാന്‍മാത്രം ഞാന്‍ എന്താണു നിന്നോടു ചെയ്‌തത്‌?’ എന്നു കഴുത ചോദിക്കുന്നു.

ബിലെയാം കഴുതപ്പുറത്ത്

‘നീ എന്നെ വിഡ്‌ഢിയാക്കി,’ ബിലെയാം പറയുന്നു. ‘എന്‍റെ കയ്യില്‍ ഒരു വാള്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ നിന്നെ കൊന്നുകളഞ്ഞേനെ!’

‘ഇതിനു മുമ്പ് എപ്പോഴെങ്കിലും ഞാന്‍ ഇങ്ങനെ ചെയ്‌തിട്ടുണ്ടോ?,’ കഴുത ചോദിക്കുന്നു.

‘ഇല്ല,’ ബിലെയാം പറയുന്നു.

അപ്പോള്‍ കൈയില്‍ വാളുമായി വഴിയില്‍ നില്‍ക്കുന്ന ദൂതനെ ബിലെയാം കാണാന്‍ യഹോവ ഇടയാക്കുന്നു. ദൂതന്‍ പറയുന്നു, ‘നീ നിന്‍റെ കഴുതയെ അടിച്ചത്‌ എന്തിന്‌? ഇസ്രായേലിനെ ശപിക്കാന്‍ നീ പോകാന്‍ പാടില്ലാത്തതിനാല്‍ നിന്‍റെ വഴി മുടക്കാനാണു ഞാന്‍ വന്നിരിക്കുന്നത്‌. നിന്‍റെ കഴുത എന്നില്‍നിന്ന് അകന്നുപോയിരുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ കൊല്ലുമായിരുന്നു, പക്ഷേ കഴുതയെ ഞാന്‍ വെറുതെ വിടുമായിരുന്നു.’

ബിലെയാം പറയുന്നു, ‘ഞാന്‍ പാപം ചെയ്‌തിരിക്കുന്നു. നീ വഴിയില്‍ നില്‍ക്കുന്ന കാര്യം ഞാന്‍ അറിഞ്ഞില്ല.’ കടന്നുപോകാന്‍ ദൂതന്‍ ബിലെയാമിനെ അനുവദിക്കുമ്പോള്‍ അവന്‍ ബാലാക്കിന്‍റെ അടുത്തേക്കുള്ള യാത്ര തുടരുന്നു. അവന്‍ ഇസ്രായേലിനെ ശപിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ മൂന്നു പ്രാവശ്യം അവന്‍ ഇസ്രായേലിനെ അനുഗ്രഹിക്കാന്‍ യഹോവ ഇടയാക്കുന്നു.

സംഖ്യാപുസ്‌തകം 21:21-35; 22:1-40; 23:1-30; 24:1-25.ചോദ്യങ്ങള്‍

 • ബാലാക്ക് ആരാണ്‌, അവന്‍ ബിലെയാമിന്‌ ആളയയ്‌ക്കുന്നത്‌ എന്തുകൊണ്ട്?
 • ബിലെയാമിന്‍റെ കഴുത വഴിയില്‍ കിടക്കാന്‍ കാരണമെന്ത്?
 • കഴുത എന്തു പറയുന്നതാണ്‌ ബിലെയാം കേട്ടത്‌?
 • ഒരു ദൂതന്‍ ബിലെയാമിനോട്‌ എന്താണു പറയുന്നത്‌?
 • ബിലെയാം ഇസ്രായേലിനെ ശപിക്കാന്‍ ശ്രമിക്കുമ്പോള്‍ എന്തു സംഭവിക്കുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • സംഖ്യാപുസ്‌തകം 21:21-35 വായിക്കുക.

  അമോര്യ രാജാവായ സീഹോനെയും ബാശാന്‍ രാജാവായ ഓഗിനെയും ഇസ്രായേല്യര്‍ പരാജയപ്പെടുത്തുന്നത്‌ എന്തുകൊണ്ട്? (സംഖ്യാ. 21:21, 23, 33, 34)

 • സംഖ്യാപുസ്‌തകം 22:1-40 വായിക്കുക.

  ബിലെയാം ഇസ്രായേലിനെ ശപിക്കാന്‍ ശ്രമിക്കുന്നത്‌ എന്തുകൊണ്ട്, ഇതില്‍നിന്നു നമുക്ക് എന്തു പാഠങ്ങള്‍ പഠിക്കാം? (സംഖ്യാ. 22:16, 17; സദൃ. 6:16, 18; 2 പത്രൊ. 2:15, 16; യൂദാ 11)

 • സംഖ്യാപുസ്‌തകം 23:1-30 വായിക്കുക.

  ബിലെയാം യഹോവയുടെ ആരാധകനാണെന്ന മട്ടില്‍ സംസാരിച്ചെങ്കിലും അവന്‍റെ പ്രവൃത്തികള്‍ മറിച്ചു പ്രകടമാക്കിയത്‌ എങ്ങനെ? (സംഖ്യാ. 23:3, 11-14; 1 ശമൂ. 15:22)

 • സംഖ്യാപുസ്‌തകം 24:1-25 വായിക്കുക.

  ഈ ബൈബിള്‍വിവരണം യഹോവയുടെ ഉദ്ദേശ്യങ്ങളുടെ പൂര്‍ത്തീകരണത്തിലുള്ള നമ്മുടെ വിശ്വാസത്തെ ബലിഷ്‌ഠമാക്കുന്നത്‌ എങ്ങനെ? (സംഖ്യാ. 24:10; യെശ. 54:17)