വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

കഥ 41: താമ്രസര്‍പ്പം

കഥ 41: താമ്രസര്‍പ്പം
മോശെയും താമ്രസര്‍പ്പവും

ആ വടിയില്‍ ഉയര്‍ത്തി നിറുത്തിയിരിക്കുന്ന സര്‍പ്പത്തെ കണ്ടിട്ട് അതിനു ജീവനുണ്ട് എന്നു തോന്നുന്നുണ്ടോ? എന്നാല്‍ അതിനു ജീവനില്ല. താമ്രം അഥവാ ചെമ്പുകൊണ്ട് ഉണ്ടാക്കിയ ഒരു പാമ്പാണത്‌. ആളുകള്‍ അതിനെ നോക്കി ജീവിച്ചിരിക്കേണ്ടതിന്‌ അതിനെ ആ വടിയില്‍ ഉയര്‍ത്തിനിറുത്താന്‍ യഹോവയാണു മോശെയോടു പറഞ്ഞത്‌. പക്ഷേ നിലത്തു കാണുന്ന മറ്റു പാമ്പുകള്‍ ജീവനുള്ളവയാണ്‌, കേട്ടോ. അവയുടെ കടിയേറ്റ്‌ ആളുകള്‍ക്ക് വയ്യാതായിരിക്കുന്നു. ഇങ്ങനെ സംഭവിച്ചത്‌ എന്തുകൊണ്ടാണെന്നോ?

ഇസ്രായേല്യര്‍ ദൈവത്തിനും മോശെക്കും എതിരെ സംസാരിച്ചതാണ്‌ ഇതിനു കാരണം. അവര്‍ ഇങ്ങനെ പരാതി പറഞ്ഞു: ‘ഈ മരുഭൂമിയില്‍ കിടന്ന് മരിക്കാന്‍ നിങ്ങള്‍ ഞങ്ങളെ ഈജിപ്‌തില്‍നിന്നു കൊണ്ടുവന്നത്‌ എന്തിന്‌? ഇവിടെ ആഹാരമില്ല, വെള്ളവുമില്ല. ഈ മന്നാ തിന്ന് ഞങ്ങള്‍ക്കു മടുത്തു.’

എന്നാല്‍ മന്നാ നല്ല ഭക്ഷണമാണ്‌. യഹോവ അത്ഭുതകരമായി അവര്‍ക്കു നല്‍കിയതാണ്‌ അത്‌. അത്ഭുതകരമായി അവന്‍ അവര്‍ക്കു വെള്ളവും കൊടുത്തു. പക്ഷേ ദൈവം തങ്ങള്‍ക്കു വേണ്ടി ചെയ്യുന്നതിനൊന്നും ജനം നന്ദിയുള്ളവരല്ല. അതുകൊണ്ട് ഇസ്രായേല്യരെ ശിക്ഷിക്കാന്‍ യഹോവ ഈ വിഷപ്പാമ്പുകളെ അയയ്‌ക്കുന്നു. പാമ്പുകടിയേറ്റ്‌ അവരില്‍ പലരും മരിക്കുന്നു.

പാമ്പുകള്‍ ഇസ്രായേല്യരെ കടിക്കുന്നു

ഒടുവില്‍ ആളുകള്‍ മോശെയുടെ അടുത്തേക്കു വരുന്നു. അവര്‍ പറയുന്നു: ‘യഹോവയ്‌ക്കും നിനക്കും എതിരെ സംസാരിക്കയാല്‍ ഞങ്ങള്‍ പാപം ചെയ്‌തിരിക്കുന്നു. ഇപ്പോള്‍ ഈ പാമ്പുകളെ അകറ്റേണ്ടതിന്‌ യഹോവയോടു പ്രാര്‍ഥിച്ചാലും.’

അതുകൊണ്ട് മോശെ ജനത്തിനുവേണ്ടി യഹോവയോടു പ്രാര്‍ഥിക്കുന്നു. അപ്പോള്‍ ഈ താമ്രസര്‍പ്പത്തെ ഉണ്ടാക്കി ഒരു വടിയില്‍ ഉയര്‍ത്തിനിറുത്താന്‍ യഹോവ മോശെയോടു പറയുന്നു. പാമ്പിന്‍റെ കടിയേല്‍ക്കുന്നവര്‍ക്ക് ആ താമ്രസര്‍പ്പത്തെ നോക്കിയാല്‍ രക്ഷപ്പെടാന്‍ കഴിയുമായിരുന്നു. യഹോവ പറഞ്ഞതുപോലെ തന്നെ മോശെ ചെയ്‌തു. പാമ്പുകടിയേല്‍ക്കുന്നവര്‍ താമ്രസര്‍പ്പത്തെ നോക്കുമ്പോള്‍ അവര്‍ക്കു സുഖമാകുന്നു.

ഇതില്‍നിന്ന് ഒരു പാഠം പഠിക്കാനുണ്ട്. ഒരു വിധത്തില്‍ പറഞ്ഞാല്‍ നമ്മളെല്ലാം, പാമ്പുകടിയേറ്റ ആ ഇസ്രായേല്യരെപ്പോലെ ആണ്‌. നമ്മളെല്ലാം മരിച്ചുകൊണ്ടിരിക്കുകയാണ്‌. നമുക്കു ചുറ്റും ഒന്നു കണ്ണോടിച്ചാല്‍ ആളുകള്‍ക്കു വയസ്സു ചെല്ലുന്നതും രോഗം പിടിപെടുന്നതും മരിക്കുന്നതും നമുക്കു കാണാന്‍ കഴിയും. ആദ്യ മനുഷ്യരായ ആദാമും ഹവ്വായും യഹോവയില്‍നിന്ന് അകന്നു പോയതുകൊണ്ടാണ്‌ അവരുടെ മക്കളായ നമുക്ക് ഇതെല്ലാം അനുഭവിക്കേണ്ടി വരുന്നത്‌. എന്നാല്‍ നമുക്ക് എന്നെന്നും ജീവിച്ചിരിക്കാന്‍ കഴിയേണ്ടതിന്‌ യഹോവ ഒരു കാര്യം ചെയ്‌തിരിക്കുന്നു.

യഹോവ തന്‍റെ പുത്രനായ യേശുക്രിസ്‌തുവിനെ ഭൂമിയിലേക്ക് അയച്ചു. യേശു കൊള്ളരുതാത്തവനാണെന്ന് പല ആളുകളും വിചാരിച്ചതുകൊണ്ട് അവര്‍ അവനെ ഒരു സ്‌തംഭത്തില്‍ തൂക്കിക്കൊന്നു. എന്നാല്‍ നമ്മെ രക്ഷിക്കാന്‍ യഹോവ യേശുവിനെ നല്‍കി. അവനെ നോക്കുമെങ്കില്‍, അവന്‍ പറയുന്നതെല്ലാം അനുസരിക്കുമെങ്കില്‍ നമുക്കു നിത്യജീവന്‍ കിട്ടും. ഇതിനെക്കുറിച്ചു നാം പിന്നീടു കൂടുതല്‍ പഠിക്കുന്നതായിരിക്കും.

സംഖ്യാപുസ്‌തകം 21:4-9; യോഹന്നാന്‍ 3:14, 15.ചോദ്യങ്ങള്‍

 • ചിത്രത്തില്‍ വടിയില്‍ ചുറ്റിയിരിക്കുന്നതായി കാണുന്നത്‌ എന്താണ്‌, അതിനെ അവിടെ സ്ഥാപിക്കാന്‍ യഹോവ മോശെയോടു പറഞ്ഞത്‌ എന്തിന്‌?
 • ദൈവം തങ്ങള്‍ക്കുവേണ്ടി ചെയ്‌ത കാര്യങ്ങളോട്‌ ജനം നന്ദിയില്ലായ്‌മ കാണിക്കുന്നത്‌ എങ്ങനെ?
 • ജനത്തെ ശിക്ഷിക്കാന്‍ യഹോവ വിഷപ്പാമ്പുകളെ അയയ്‌ക്കുമ്പോള്‍ ജനം മോശെയോട്‌ എന്താണ്‌ ആവശ്യപ്പെടുന്നത്‌?
 • ഒരു താമ്രസര്‍പ്പത്തെ ഉണ്ടാക്കാന്‍ യഹോവ മോശെയോടു പറയുന്നത്‌ എന്തുകൊണ്ട്?
 • ഈ കഥയില്‍നിന്ന് നമുക്ക് എന്താണു പഠിക്കാനുള്ളത്‌?

കൂടുതലായ ചോദ്യങ്ങള്‍

 • സംഖ്യാപുസ്‌തകം 21:4-9 വായിക്കുക.

  യഹോവയില്‍നിന്നുള്ള കരുതലുകളെ കുറിച്ചുള്ള ഇസ്രായേല്യരുടെ പരാതിപ്പെടല്‍ നമുക്ക് എന്തു മുന്നറിയിപ്പാണു നല്‍കുന്നത്‌? (സംഖ്യാ. 21:5, 6; റോമ. 2:4)

  പിന്നീടുള്ള നൂറ്റാണ്ടുകളില്‍ ഇസ്രായേല്യര്‍ താമ്രസര്‍പ്പത്തെ ഉപയോഗിച്ചത്‌ എങ്ങനെ, ഹിസ്‌കിയാ രാജാവ്‌ എന്തു നടപടി കൈക്കൊണ്ടു? (സംഖ്യാ. 21:9; 2 രാജാ. 18:1-4)

 • യോഹന്നാന്‍ 3:14, 15 വായിക്കുക.

  താമ്രസര്‍പ്പത്തെ ഒരു വടിയില്‍ ഉയര്‍ത്തിനിറുത്തിയത്‌ യേശുവിനെ ദണ്ഡനസ്‌തംഭത്തില്‍ തറച്ചു കൊന്നതിനെ നന്നായി ചിത്രീകരിച്ചത്‌ എങ്ങനെ? (ഗലാ. 3:13; 1 പത്രൊ. 2:24)