വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 40: മോശെ പാറയെ അടിക്കുന്നു

കഥ 40: മോശെ പാറയെ അടിക്കുന്നു

വര്‍ഷങ്ങള്‍ ഒന്നൊന്നായി കടന്നുപോകുന്നു. 10, 20, 30…ഇപ്പോള്‍ 39 വര്‍ഷമായി ഇസ്രായേല്യര്‍ മരുഭൂമിയില്‍ അലഞ്ഞു തിരിയുകയാണ്‌! എന്നാല്‍ ഈ നാളുകളിലെല്ലാം യഹോവ തന്‍റെ ജനത്തെ പരിപാലിക്കുന്നു. അവന്‍ അവര്‍ക്ക് കഴിക്കാന്‍ മന്നാ കൊടുക്കുന്നു. അവരെ വഴിനയിക്കാന്‍ പകല്‍ സമയത്ത്‌ അവന്‍ മേഘസ്‌തംഭവും രാത്രിയില്‍ അഗ്നിസ്‌തംഭവും അയയ്‌ക്കുന്നു. ഈ നാളുകളിലൊന്നും അവരുടെ ഉടുപ്പ് കീറിപ്പോകുകയോ കാല്‍ നീരുവെക്കുകയോ ചെയ്യുന്നില്ല.

അവര്‍ ഈജിപ്‌തുവിട്ടതിനു ശേഷമുള്ള 40-ാം വര്‍ഷത്തിലെ ആദ്യത്തെ മാസമാണിത്‌. ഇസ്രായേല്യര്‍ ഒരിക്കല്‍ക്കൂടി കാദേശില്‍ പാളയമടിക്കുന്നു. ഏകദേശം 40 വര്‍ഷം മുമ്പ് ഇവിടെവെച്ചാണ്‌ അവര്‍ കനാനിലേക്ക് 12 ഒറ്റുകാരെ അയച്ചത്‌. മോശെയുടെ സഹോദരിയായ മിര്യാം കാദേശില്‍വെച്ചു മരിക്കുന്നു. മുമ്പത്തെപ്പോലെതന്നെ ഇവിടെയായിരിക്കുമ്പോള്‍ ഒരു പ്രശ്‌നം തലപൊക്കുന്നു.

അവിടെയെങ്ങും ജനത്തിനു കുടിക്കാന്‍ വെള്ളം കിട്ടാനില്ല. അവര്‍ മോശെയോടു പരാതി പറയാന്‍ തുടങ്ങുന്നു: ‘ഞങ്ങള്‍ മരിച്ചെങ്കില്‍ നന്നായിരുന്നു. നീ ഈജിപ്‌തില്‍നിന്ന് എന്തിനാണു ഞങ്ങളെ ഒന്നും ഉണ്ടാകാത്ത ഈ പ്രദേശത്തേക്കു കൊണ്ടുവന്നത്‌? ഇവിടെ ധാന്യമില്ല, അത്തിപ്പഴമില്ല, മുന്തിരിയില്ല, മാതളനാരങ്ങയില്ല. കുടിക്കാന്‍ വെള്ളംപോലുമില്ല.’

മോശെ പാറമേല്‍ അടിക്കുന്നു

മോശെയും അഹരോനും പ്രാര്‍ഥിക്കാനായി സമാഗമന കൂടാരത്തിലേക്കു ചെന്നപ്പോള്‍ യഹോവ മോശെയോടു പറയുന്നു: ‘ജനത്തെ ഒന്നിച്ചു കൂട്ടുക. എന്നിട്ട് അവരെല്ലാം കാണ്‍കെ ആ പാറയോടു സംസാരിക്കുക. ജനത്തിനും മൃഗങ്ങള്‍ക്കും കുടിക്കാന്‍ മതിയായ വെള്ളം പാറയില്‍നിന്നു കിട്ടും.’

അങ്ങനെ മോശെ ജനത്തെ ഒരുമിച്ചുകൂട്ടി ഇങ്ങനെ പറയുന്നു: ‘കേള്‍ക്കൂ, നിങ്ങള്‍ക്കു ദൈവത്തില്‍ യാതൊരു വിശ്വാസവുമില്ല. അഹരോനും ഞാനും ഈ പാറയില്‍നിന്നു നിങ്ങള്‍ക്കു വെള്ളം തരണമോ?’ തുടര്‍ന്ന് മോശെ ഒരു വടികൊണ്ട് രണ്ടു പ്രാവശ്യം പാറയെ അടിക്കുന്നു. പാറയില്‍നിന്നു വെള്ളം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങുന്നു. അത്‌ ജനത്തിനും മൃഗങ്ങള്‍ക്കും കുടിക്കാന്‍ മതിയാവോളം ഉണ്ട്.

എന്നാല്‍ യഹോവ മോശെയോടും അഹരോനോടും ദേഷ്യപ്പെടുന്നു. എന്തുകൊണ്ടാണെന്ന് അറിയാമോ? മോശെയും അഹരോനും ജനത്തോട്‌ അവര്‍ പാറയില്‍നിന്നു വെള്ളം കൊടുക്കും എന്നു പറഞ്ഞതാണു കാരണം. വെള്ളം കൊടുത്തത്‌ ശരിക്കും യഹോവയായിരുന്നു. മോശെയും അഹരോനും സത്യം പറയാതിരുന്നതുകൊണ്ട് താന്‍ അവരെ ശിക്ഷിക്കാന്‍ പോകുകയാണെന്ന് യഹോവ പറയുന്നു. ‘നിങ്ങള്‍ എന്‍റെ ജനത്തെ കനാനിലേക്കു നയിക്കുകയില്ല,’ അവന്‍ പറയുന്നു.

ഇതു കഴിഞ്ഞ് ഇസ്രായേല്യര്‍ കാദേശില്‍നിന്നു പോകുന്നു. അധികം താമസിയാതെ അവര്‍ ഹോരെബ്‌ മലയില്‍ എത്തുന്നു. ആ മലയുടെ മുകളില്‍വെച്ച്, അഹരോന്‍ മരിക്കുന്നു. മരിക്കുമ്പോള്‍ 123 വയസ്സായിരുന്നു അവന്‌. ഇസ്രായേല്യര്‍ക്കെല്ലാം വളരെ സങ്കടമായി. 30 ദിവസം അവര്‍ അവനെച്ചൊല്ലി കരയുന്നു. അവന്‍റെ മകനായ എലെയാസാര്‍ ഇസ്രായേലിന്‍റെ അടുത്ത മഹാപുരോഹിതനാകുന്നു.

സംഖ്യാപുസ്‌തകം 20:1-13, 22-29; ആവര്‍ത്തനപുസ്‌തകം 29:4.ചോദ്യങ്ങള്‍

 • ഇസ്രായേല്യര്‍ മരുഭൂമിയില്‍ ആയിരിക്കുമ്പോള്‍ യഹോവ അവരെ പരിപാലിക്കുന്നത്‌ എങ്ങനെ?
 • കാദേശില്‍ പാളയമടിച്ചിരിക്കുമ്പോള്‍ ഇസ്രായേല്യര്‍ എന്തു പരാതി ഉന്നയിക്കുന്നു?
 • യഹോവ ഇസ്രായേല്യര്‍ക്കും അവരുടെ മൃഗങ്ങള്‍ക്കും വെള്ളം പ്രദാനം ചെയ്യുന്നത്‌ എങ്ങനെ?
 • ചിത്രത്തില്‍, തന്‍റെ നേര്‍ക്കുതന്നെ വിരല്‍ ചൂണ്ടിക്കൊണ്ടു നില്‍ക്കുന്ന പുരുഷന്‍ ആര്‌, അവന്‍ അങ്ങനെ ചെയ്യാന്‍ കാരണമെന്ത്?
 • യഹോവ മോശെയോടും അഹരോനോടും ദേഷ്യപ്പെടാന്‍ കാരണമെന്ത്, അവര്‍ക്ക് എന്തു ശിക്ഷ കിട്ടുന്നു?
 • ഹോരെബ്‌ മലയില്‍വെച്ച് എന്തു സംഭവിക്കുന്നു, ആരാണ്‌ ഇസ്രായേലിന്‍റെ മഹാപുരോഹിതനായി തീരുന്നത്‌?

കൂടുതലായ ചോദ്യങ്ങള്‍

 • സംഖ്യാപുസ്‌തകം 20:1-13, 22-29; ആവര്‍ത്തനപുസ്‌തകം 29:5 വായിക്കുക.

  യഹോവ മരുഭൂമിയിലായിരുന്ന ഇസ്രായേല്യര്‍ക്കു വേണ്ടി കരുതിയ വിധത്തില്‍നിന്നു നാം എന്തു പഠിക്കുന്നു? (ആവ. 29:4; മത്താ 6:31; എബ്രാ. 13:5; യാക്കോ. 1:17)

  ഇസ്രായേലിനു മുമ്പാകെ തന്നെ വിശുദ്ധീകരിക്കുന്നതില്‍ മോശെയും അഹരോനും വീഴ്‌ച വരുത്തിയതിനെ യഹോവ എങ്ങനെയാണു വീക്ഷിച്ചത്‌? (സംഖ്യാ. 20:12; 1 കൊരി. 10:12; വെളി. 4:11)

  യഹോവയില്‍നിന്നു കിട്ടിയ ശിക്ഷണത്തോടു മോശെ പ്രതികരിച്ച വിധത്തില്‍നിന്നു നമുക്ക് എന്തു പഠിക്കാന്‍ കഴിയും? (സംഖ്യാ. 12:3; 20:12, 27, 28; ആവ. 32:4; എബ്രാ. 12:7-11)