വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 39: അഹരോന്‍റെ വടിയില്‍ പൂക്കള്‍ ഉണ്ടാകുന്നു

കഥ 39: അഹരോന്‍റെ വടിയില്‍ പൂക്കള്‍ ഉണ്ടാകുന്നു

കഴിക്കാന്‍ പാകമായ ബദാം കായ്‌കളും പൂക്കളും ഉള്ള ഈ വടി ഒന്നു നോക്കൂ. ഇത്‌ അഹരോന്‍റെ വടിയാണ്‌. ഈ പൂക്കളും കായ്‌കളും ഒരൊറ്റ രാത്രികൊണ്ട് ഉണ്ടായതാണ്‌! അത്‌ എങ്ങനെ സംഭവിച്ചു? നമുക്കു നോക്കാം.

മോശെ അഹരോന് തളിര്‍ത്ത വടി കൊടുക്കുന്നു

കുറേക്കാലമായി ഇസ്രായേല്യര്‍ മരുഭൂമിയില്‍ അലഞ്ഞുതിരിയുകയാണ്‌. മോശെ നേതാവായിരിക്കുന്നതോ അഹരോന്‍ മഹാപുരോഹിതനായിരിക്കുന്നതോ ചിലര്‍ക്ക് ഇഷ്ടമല്ല. അങ്ങനെയുള്ള ഒരാളാണ്‌ കോരഹ്‌. അതുപോലെ, ദാഥാനും അബീരാമും ജനത്തിന്‍റെ നേതാക്കളായ മറ്റ്‌ 250 പേരും ഈ കൂട്ടത്തില്‍പ്പെടുന്നു. ഇവരെല്ലാം കൂടി മോശെയുടെ അടുത്തുവന്ന് അവനോട്‌, ‘നീ ഞങ്ങള്‍ക്കു മീതെ നിന്നെത്തന്നെ ഉയര്‍ത്തിയിരിക്കുന്നതെന്ത്?’ എന്നു ചോദിക്കുന്നു.

മോശെ കോരഹിനോടും അവന്‍റെ ആളുകളോടും പറയുന്നു: ‘നാളെ രാവിലെ എല്ലാവരും ധൂപപാത്രത്തില്‍ ധൂപവര്‍ഗം നിറച്ച് യഹോവയുടെ സമാഗമന കൂടാരത്തിലേക്കു വരിക. യഹോവ ആരെ തിരഞ്ഞെടുക്കും എന്നു നമുക്കു കാണാം.’

പിറ്റേ ദിവസം കോരഹും അവനോടൊപ്പമുള്ള 250 പേരും സമാഗമന കൂടാരത്തിലേക്കു ചെന്നു. അവരെ നേതാക്കന്മാരാക്കാന്‍ ആഗ്രഹിച്ച വേറെയും ആളുകള്‍ ഉണ്ടായിരുന്നു അവരുടെ കൂടെ. യഹോവ ഇപ്പോള്‍ വളരെ കോപിഷ്‌ഠനാണ്‌. ‘ഈ ദുഷ്ട മനുഷ്യരുടെ കൂടാരങ്ങളില്‍നിന്നു ദൂരെ മാറുക’ എന്ന് മോശെ പറയുന്നു. ‘അവര്‍ക്കുള്ള യാതൊന്നിലും തൊടരുത്‌.’ ജനം അനുസരിക്കുന്നു. അവര്‍ കോരഹ്‌, ദാഥാന്‍, അബീരാം എന്നിവരുടെ കൂടാരങ്ങളില്‍നിന്ന് ദൂരെ മാറിനില്‍ക്കുന്നു.

ഇപ്പോള്‍ മോശെ പറയുന്നു: ‘യഹോവ ആരെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് ഇതിനാല്‍ നിങ്ങള്‍ മനസ്സിലാക്കും. ഭൂമി പിളര്‍ന്ന് ഈ ദുഷ്ട മനുഷ്യരെ വിഴുങ്ങിക്കളയും.’

മോശെ അതു പറഞ്ഞുതീര്‍ന്നതും ഭൂമി രണ്ടായി പിളരുന്നു. കോരഹിന്‍റെ കൂടാരവും എല്ലാ സാധനങ്ങളും, അതോടൊപ്പം ദാഥാനും അബീരാമും അവരോടു കൂടെയുണ്ടായിരുന്നവരും ഭൂമിക്കടിയിലേക്കു വീണുപോകുന്നു, ഭൂമി അവര്‍ക്കുമേല്‍ കൂടിച്ചേരുകയും ചെയ്യുന്നു. ഭൂമിക്കടിയിലേക്കു വീഴുന്ന ആളുകളുടെ നിലവിളി കേള്‍ക്കുമ്പോള്‍ ജനം വിളിച്ചു പറയുന്നു: ‘ഓടിക്കോളൂ! ഭൂമി നമ്മെയും വിഴുങ്ങിക്കളഞ്ഞേക്കാം!’

കോരഹും അവന്‍റെ 250 ആളുകളും ഇപ്പോഴും സമാഗമന കൂടാരത്തിനരികില്‍ നില്‍ക്കുകയാണ്‌. അതുകൊണ്ട് യഹോവ തീ അയച്ച് അവരെ ദഹിപ്പിച്ചു കളയുന്നു. യഹോവ അഹരോന്‍റെ മകനായ എലെയാസാരിനോട്‌ കൊല്ലപ്പെട്ടവരുടെ ധൂപപാത്രങ്ങള്‍ എടുത്ത്‌ അടിച്ചു പരത്തി അതുകൊണ്ട് യാഗപീഠം പൊതിയാന്‍ കല്‍പ്പിച്ചു. ഇത്‌, അഹരോനോ അവന്‍റെ പുത്രന്മാരോ അല്ലാതെ മറ്റാരും യഹോവയുടെ മുമ്പാകെ പുരോഹിതവേല ചെയ്യരുത്‌ എന്നതു സംബന്ധിച്ച് ഇസ്രായേല്യര്‍ക്കുള്ള ഒരു ഓര്‍മിപ്പിക്കല്‍ ആയിരിക്കുമായിരുന്നു.

എന്നാല്‍ താന്‍ പുരോഹിതന്മാരായി തിരഞ്ഞെടുത്തിരിക്കുന്നത്‌ അഹരോനെയും പുത്രന്മാരെയും ആണെന്നു കുറേക്കൂടെ വ്യക്തമാക്കാന്‍ യഹോവ ആഗ്രഹിക്കുന്നു. അതുകൊണ്ട് അവന്‍ മോശെയോടു പറയുന്നു: ‘ഇസ്രായേലിലെ ഓരോ ഗോത്രത്തലവനും അവന്‍റെ വടി കൊണ്ടുവരട്ടെ. ലേവി ഗോത്രത്തിനു വേണ്ടി അഹരോനും തന്‍റെ വടി കൊണ്ടുവരട്ടെ. ആ വടികളെല്ലാം എടുത്ത്‌ സമാഗമന കൂടാരത്തിനുള്ളില്‍ നിയമപെട്ടകത്തിനു മുമ്പില്‍ വെക്കുക. പുരോഹിതനായി ഞാന്‍ ആരെ തിരഞ്ഞെടുക്കുന്നുവോ അവന്‍റെ വടിയില്‍ പൂക്കള്‍ ഉണ്ടാകും.’

മോശെ അടുത്ത ദിവസം ചെന്നു നോക്കുമ്പോള്‍ അഹരോന്‍റെ വടിയില്‍ അതാ, പൂക്കളും കായ്‌കളും! അഹരോന്‍റെ വടിയില്‍ പൂക്കള്‍ ഉണ്ടാകാന്‍ യഹോവ ഇടയാക്കിയത്‌ എന്തുകൊണ്ടെന്ന് ഇപ്പോള്‍ മനസ്സിലായോ?

സംഖ്യാപുസ്‌തകം 16:1-49; 17:1-11; 26:10.ചോദ്യങ്ങള്‍

 • മോശെയുടെയും അഹരോന്‍റെയും അധികാരത്തിനെതിരെ ആരാണു മത്സരിക്കുന്നത്‌, അവര്‍ എന്താണു മോശെയോടു പറയുന്നത്‌?
 • കോരഹിനോടും അവന്‍റെ 250 അനുയായികളോടും എന്തു ചെയ്യാന്‍ മോശെ പറയുന്നു?
 • മോശെ ജനത്തോട്‌ എന്താണു പറയുന്നത്‌, അവന്‍ സംസാരിച്ചു തീരുമ്പോള്‍ എന്താണു സംഭവിക്കുന്നത്‌?
 • കോരഹിനും 250 അനുയായികള്‍ക്കും എന്തു സംഭവിക്കുന്നു?
 • അഹരോന്‍റെ പുത്രനായ എലെയാസാര്‍ മരിച്ചുപോയ പുരുഷന്മാരുടെ ധൂപപാത്രങ്ങള്‍കൊണ്ട് എന്തു ചെയ്യുന്നു, എന്തുകൊണ്ട്?
 • എന്തുകൊണ്ടാണ്‌ അഹരോന്‍റെ വടിയില്‍ പൂക്കള്‍ ഉണ്ടാകാന്‍ യഹോവ ഇടയാക്കുന്നത്‌? (ചിത്രം കാണുക.)

കൂടുതലായ ചോദ്യങ്ങള്‍

 • സംഖ്യാപുസ്‌തകം 16:1-49 വായിക്കുക.

  കോരഹും അവന്‍റെ അനുയായികളും എന്താണു ചെയ്‌തത്‌, അത്‌ യഹോവയ്‌ക്കെതിരെയുള്ള മത്സരമായിരുന്നത്‌ എന്തുകൊണ്ട്? (സംഖ്യാ. 16:9, 10, 18; ലേവ്യ. 10:1, 2; സദൃ. 11:2)

  കോരഹും 250 “സഭാപ്രധാനികളും” എന്തു തെറ്റായ വീക്ഷണമാണു നട്ടുവളര്‍ത്തിയത്‌? (സംഖ്യാ. 16:1-3; സദൃ. 15:33; യെശ. 49:7)

 • സംഖ്യാപുസ്‌തകം 17:1-11; 26:10 വായിക്കുക.

  അഹരോന്‍റെ വടി തളിര്‍ത്തത്‌ എന്തു സൂചിപ്പിച്ചു, അതു പെട്ടകത്തിനുള്ളില്‍ വെക്കാന്‍ യഹോവ നിര്‍ദേശിച്ചത്‌ എന്തുകൊണ്ട്? (സംഖ്യാ. 17:5, 8, 10)

  അഹരോന്‍റെ വടി ഒരു അടയാളമായി സൂക്ഷിച്ച സംഭവത്തില്‍നിന്നു നമുക്ക് ഏതു സുപ്രധാന പാഠം പഠിക്കാനാകും? (സംഖ്യാ. 17:10; പ്രവൃ. 20:28; ഫിലി. 2:14; എബ്രാ. 13:17)

കൂടുതല്‍ അറിയാന്‍

ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ കാർഡു​കൾ

അഹരോൻ ബൈബിൾ കാർഡ്‌

വാഗ്‌ദ​ത്ത​ദേ​ശത്ത്‌ കടക്കാൻ അഹരോ​നെ അനുവ​ദി​ക്കാ​തി​രു​ന്നത്‌ എന്തു​കൊണ്ട്?